നമ്മുടെ അമ്മമാർ എത്ര ദിവസം വിശ്രമിച്ചിട്ടുണ്ടാകും?

ഫാ. ജെൻസൺ ലാസലെറ്റ്
ഫാ. ജെൻസൺ ലാസലെറ്റ്

അയൽവീട്ടിലെ ചേച്ചിക്ക് കടുത്ത പനിയാണെന്നറിഞ്ഞപ്പോൾ കാണാൻ ചെന്നതായിരുന്നു. വിശ്രമിക്കുകയായിരുന്ന ചേച്ചി എന്നെ കണ്ടതേ എഴുന്നേറ്റുവന്നു.

ഞാൻ ചേച്ചിയോടു ചോദിച്ചു: “കഞ്ഞി കുടിച്ചുവോ?”

“ഉവ്വ്” എന്നവർ മറുപടി നൽകി.

ഞാൻ തുടർന്നു: “അപ്പോൾ ആരാണ് കഞ്ഞിയും കറിയുമൊക്കെ വയ്ക്കുന്നത്?”

ഒരു ചെറുചിരിയോടെ അവർ പറഞ്ഞു: “ഞാൻ തന്നെയാണച്ചാ. ഞങ്ങൾ അമ്മമാർക്ക് എന്ത് അസുഖമാണെങ്കിലും എഴുന്നേറ്റുനിൽക്കാൻ കെല്പുണ്ടെങ്കിൽ ഞങ്ങൾ എഴുന്നേൽക്കും. എന്തെന്നാൽ ഞങ്ങൾ എഴുന്നേറ്റില്ലെങ്കിൽ എങ്ങനെയാണ് അടുപ്പ് പുകയുക? അതിനുള്ള ശക്തി തമ്പുരാൻ നൽകും. ഞാനിന്ന് കഞ്ഞീം കറിയും വച്ച് കെട്ട്യോനേം മക്കളേം പറഞ്ഞയച്ചതിനുശേഷം ദാ, ഒരു പാരസെറ്റമോൾ കഴിച്ച്, ഇത്തിരി വിക്സും പുരട്ടി ഇപ്പോൾ ഒന്ന് കിടന്നതേയുള്ളൂ. തമ്പുരാൻ കൂടെയുള്ളപ്പോൾ
അവിടുന്ന് തരും ശക്തി.”

ആ സ്ത്രീ പറഞ്ഞത് എത്ര വലിയ സത്യമാണ്? വയ്യെന്നു പറഞ്ഞ് ഭക്ഷണം വയ്ക്കാതെ നമ്മുടെ അമ്മമാർ എത്ര ദിവസം വിശ്രമിച്ചിട്ടുണ്ടായിരിക്കും? പ്രത്യേകിച്ച്
കൂലിപ്പണിക്ക് പോകുന്നവരും കലാലയങ്ങളിലും ബാങ്കുകളിലും ഹോസ്പിറ്റലുകളിലുമെല്ലാം ജോലിക്കു പോകുന്ന കുടുംബിനികളും എന്തുമാത്രം പണി ചെയ്തിട്ടാണ് വീടുവിട്ടിറങ്ങുന്നത്?

ഡൽഹിയിലുള്ള എന്റെ ഒരു ബന്ധുവിന്റെ വീട്ടിൽ ഒരിക്കൽ പോകാനിടയായി.
ഭാര്യയും ഭർത്താവും ജോലിക്കാരാണ്. അവർ ഒരുമിച്ചുണരും, രാവിലെ 4 മണിക്ക്. കൂക്കിംഗ് എല്ലാം കഴിഞ്ഞ് മക്കൾക്കുള്ള ഭക്ഷണവും റെഡിയാക്കി വച്ച് 8 മണിയോടു കൂടി ജോലിക്കു പോകും. ജോലി കഴിഞ്ഞ് തിരിച്ചെത്തിയാലോ? വീണ്ടും പണി തന്നെ പണി. എന്നിട്ടവർ കിടക്കുന്നതോ? രാത്രി12 മണിക്കും!

സത്യത്തിൽ ക്രിസ്തുവിന്റെ ഈ വചനമല്ലേ അങ്ങനെയുള്ളവർക്ക് ശക്തി നൽകുന്നത്?
“അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം” (മത്തായി 11:28).

നമ്മുടെ അമ്മമാർക്കും അപ്പന്മാർക്കുമൊക്കെ ഇങ്ങനെ അദ്ധ്വാനിക്കാൻ കഴിയുന്നത് അവരുടെ ശക്തി കൊണ്ടാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? ഞാൻ വിശ്വസിക്കുന്നില്ല. ക്രിസ്തുവിന്റെ അദൃശ്യമായ ഒരു കരം അവരെ താങ്ങിനിർത്തുന്നുണ്ട്. അതല്ലെങ്കിൽ എങ്ങിനെയാണ് ഇങ്ങനെ മടുപ്പു തോന്നാതെ,  തോന്നിയാലും പ്രകടിപ്പിക്കാതെ അദ്ധ്വാനിക്കാൻ നമ്മുടെ അമ്മമാർക്കും അപ്പന്മാർക്കും കഴിയുന്നത്..?

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.