അബോര്‍ഷന് സമ്മതിക്കാതെ അമ്മ മരണത്തെ പുല്‍കി; ആ മകന്‍ ഇന്ന് പുരോഹിതന്‍

മുട്ടാര്‍ കുമരഞ്ചിറ ദേവാലയത്തില്‍ അന്ത്യവിശ്രമം കൊള്ളുന്ന അച്ചാമ്മ എന്ന അമ്മ, കേരള ജിയന്നയാണ്.

അബോര്‍ഷന്‍ എന്ന വാക്ക് നമ്മെ ഭയപ്പെടുത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ഒരു കുഞ്ഞിനെ ഗര്‍ഭാവസ്ഥയില്‍ നഷ്ടപ്പെട്ടാല്‍ നെഞ്ചു പൊട്ടുന്ന അമ്മമാരുമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് കഥ മാറി. അബോര്‍ഷന്‍ നിയമ വിധേയമാക്കണം എന്ന് പറയുന്നവരുടെ കൂടിയാണ് ഇന്നത്തെ ലോകം. തന്റെ കുഞ്ഞിന് മുന്നില്‍ തന്റെ ജീവന്‍ ഒന്നുമല്ല എന്ന് പ്രഖ്യാപിച്ച് ഭൂമിയില്‍ നിന്നും മറഞ്ഞുപോയ ഒരമ്മ നമ്മുടെ ഈ കൊച്ചുകേരളത്തിലുമുണ്ട്. അച്ചാമ്മ എന്നാണ് ആ അമ്മയുടെ പേര്.

പന്ത്രണ്ട് മക്കളായിരുന്നു അച്ചാമ്മയ്ക്ക്. അതില്‍ ഏറ്റവും ഇളയ കുഞ്ഞിനെ ഗര്‍ഭാവസ്ഥയില്‍ ആയിരിക്കുന്ന സമയത്താണ് അച്ചാമ്മയ്ക്ക് കാന്‍സര്‍ മൂര്‍ച്ഛിക്കുന്നത്. കുഞ്ഞിനെ മൂത്തമകള്‍ ലിസിക്കുട്ടിയെ ഏല്‍പിച്ചിട്ടായിരുന്നു അച്ചാമ്മയുടെ അന്ത്യയാത്ര. കുഞ്ഞനിയന് ഒരേ സമയം അമ്മയും ചേച്ചിയുമായി മറിയ കഥ ലിസിക്കുട്ടി ലൈഫ് ഡേയോട് പറഞ്ഞു. ”അമ്മ മരിക്കുമ്പോള്‍ ഞാന്‍ പ്രീഡിഗ്രിക്ക് പഠിക്കുകയാണ്. കുഞ്ഞിന് അന്ന് ആറുമാസം പ്രായം. അവനെ എന്റെ കയ്യില്‍ തന്നിട്ടാണ് അമ്മച്ചി പോയത്. ഞങ്ങള്‍ എല്ലാവരും തമ്മില്‍ ഒരു വയസ്സിന്റെ ഇളപ്പമേയുള്ളൂ. ഞങ്ങള്‍ പതിനൊന്ന് പേരും ചേര്‍ന്നാണ് അവനെ വളര്‍ത്തിയത്.” ലിസിക്കുട്ടിയും സഹോദരങ്ങളും ചേര്‍ന്ന് വളര്‍ത്തിയ ആ കുഞ്ഞ് ഇന്നൊരു വൈദികനാണ്: ഫാദര്‍ റെജി പുലിക്കോട്ടില്‍.

അച്ചാമ്മയുടെ മാറിടത്തിലായിരുന്നു ആദ്യം കാന്‍സര്‍ മുഴയുടെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടത്. അത് നീക്കം ചെയ്ത ഡോക്ടര്‍ അച്ചാമ്മയ്ക്ക് ഒരു മുന്നറിയിപ്പ് നല്‍കി. ഇനിയൊരു ഗര്‍ഭധാരണം പാടില്ല. എന്നാല്‍ ദൈവത്തിന്റെ പദ്ധതി മറ്റൊന്നായിരുന്നു. അച്ചാമ്മയുടെ ഉദരത്തില്‍ പന്ത്രണ്ടാമത്തെ കുഞ്ഞ് ഉരുവായി. ഗര്‍ഭാവസ്ഥയില്‍ ആയിരിക്കുന്ന സമയത്ത് അവര്‍ക്ക് കാന്‍സര്‍ വീണ്ടും കൂടി. ഗര്‍ഭഛിദ്രത്തിലൂടെ മാത്രമേ രക്ഷപ്പെടൂ എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തി. എന്നാല്‍ തന്റെ കുഞ്ഞിനെ നശിപ്പിച്ചിട്ട് തനിക്ക് ജീവിക്കണ്ട എന്ന തീരുമാനത്തില്‍ അച്ചാമ്മ ഉറച്ചുനിന്നു. ഡോക്ടര്‍മാരുടെയും ബന്ധുക്കളുടെയും നിര്‍ബന്ധത്തിന് അവര്‍ വഴങ്ങിയില്ല. പന്ത്രണ്ട് മക്കള്‍ക്ക് ജന്മം നല്‍കുക എന്നത് ദൈവം തനിക്ക് നല്‍കിയ നിയോഗമായി കരുതി അവര്‍ പ്രതിസന്ധികളിലൂടെ മുന്നോട്ട് പോയി. ദൈവത്തിന്റെ പദ്ധതിക്ക് തന്റെ കുഞ്ഞിനെ സമര്‍പ്പിക്കാനാണ് ആ അമ്മ തീരുമാനിച്ചത്.

അങ്ങനെ പന്ത്രണ്ടാമനായി ഒരാണ്‍കുഞ്ഞ് പിറന്നു. ”എട്ടാം മാസത്തിലാണ് അവന്‍ ജനിച്ചത്. പക്ഷെ പൂര്‍ണ്ണ ആരോഗ്യവാനായിരുന്നു. ആ സമയത്ത് അമ്മച്ചി വേദന കൊണ്ട് പുളയുന്ന അവസരം വരെ ഉണ്ടായിട്ടുണ്ട്. അമ്മച്ചിയെയും കുഞ്ഞിനെയും നോക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു, അങ്ങനെ ഞാന്‍ അവന് അമ്മയും ചേച്ചിയുമായി.” ഒന്നു നിര്‍ത്തി ലിസിക്കുട്ടി ഓര്‍ത്തു പറഞ്ഞു, ”ആരോടും ദേഷ്യപ്പടുകയോ പരാതിപ്പെടുകയോ ചെയ്തിട്ടില്ല ഞങ്ങളുടെ അമ്മച്ചി. കിടപ്പിലായപ്പോഴും എന്റെ കുഞ്ഞുങ്ങളെ തമ്പുരാന്‍ നോക്കിക്കൊള്ളും എന്നായിരുന്നു അമ്മച്ചിയുടെ പറച്ചില്‍. പരാതിയോ പരിഭവങ്ങളോ ആരോടും ഇല്ല. മറ്റുള്ളവരെ സഹായിക്കാനും അവര്‍ക്ക് എന്തെങ്കിലും കൊടുക്കാനും അമ്മച്ചിക്ക് നല്ല ഉത്സാഹമായിരുന്നു. അതേ സ്വഭാവമാണ് റെജിയച്ചനും. എപ്പോഴും അച്ചന്റെ മുഖത്ത് ഒരു ചിരിയുണ്ടാകും.” ലിസിക്കുട്ടി റെജിയച്ചനെക്കുറിച്ച് പറഞ്ഞു.

അച്ചനാകാന്‍ തീരുമാനിച്ചത്

ഒരു പുരോഹിതനാകണമെന്ന് അദ്ദേഹം ചിന്തിച്ചിട്ട് കൂടിയിയുണ്ടാവില്ല എന്ന് ലിസിക്കുട്ടി പറയുന്നു. ”ഒരു ദിവസം സ്‌കൂളില്‍ പോകുന്ന വഴിക്ക് ഒരു ഡോണ്‍ബോസ്‌കോയുടെ പടം കിട്ടി, കൂടെ ഒരു നോട്ടീസും. അത് വായിച്ച് കഴിഞ്ഞപ്പോഴാ അവന് അച്ചനാകണമെന്ന് തോന്നിയത്.” റെജിയച്ചന്‍ പുരോഹിതനായത് ഇങ്ങനെയെന്ന് ലിസിക്കുട്ടി. എസ്ഡിബി സഭയിലെ പുരോഹിതനാണ് ഇപ്പോള്‍ ഫാദര്‍ റെജി പുലിക്കോട്ട്. ലൈഫ് ഡേയോട് അച്ചനും സംസാരിച്ചു. എല്ലാവര്‍ഷവും അമ്മയുടെ കബറിടത്തിങ്കല്‍ റെജിയച്ചന്‍ പ്രാര്‍ത്ഥനയോടെ എത്തും. വൈദികരെയും സിസ്റ്റേഴ്‌സിനെയും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന ഒരമ്മയായിരുന്നു അച്ചാമ്മ. ദൈവപദ്ധതിയാല്‍ ജന്മം നല്‍കിയ ആ മകന്‍ തന്റെ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ ദൈവത്തിന്റെ  പദ്ധതികള്‍ക്ക് ഒപ്പം നില്‍ക്കുന്നു. മുട്ടാര്‍ കുമരഞ്ചിറ ദേവാലയത്തില്‍ തന്റെ ദൗത്യം പൂര്‍ത്തിയാക്കി അച്ചാമ്മ എന്ന അമ്മ അന്ത്യവിശ്രമം കൊള്ളുന്നു. കേരള ജിയന്ന എന്നാണ് അച്ചാമ്മ എന്ന അമ്മയെ സഭ വിളിക്കുന്നത്.

വിശുദ്ധ ജിയന്നയെക്കുറിച്ച്

1922-ല്‍ ഇറ്റലിയിലെ മഗേന്തയിലാണ് ജിയേന്ന ബെരേറ്റ എന്ന യുവതി ജനിച്ചത്. കത്തോലിക്കാ വിശ്വാസത്തിലധിഷ്ഠിതമായ ഒരു കുടുംബമായിരുന്നു അവളുടേത്. മാതാപിതാക്കളുടെ പതിമൂന്ന് മക്കളില്‍ പത്താമെത്തെ മകളായിരുന്നു ജിയേന്ന. എന്നാല്‍ അവളുടെ സഹോദരങ്ങളില്‍ എട്ട് പേര്‍ മാത്രമേ ജീവിച്ചിരുന്നുള്ളൂ. ബാക്കിയുള്ളവര്‍ ചെറുപ്പത്തില്‍ മരിച്ചുപോയി.

ജിയേന്ന ബെരേറ്റ
ജിയേന്ന ബെരേറ്റ

ഒരു ഡോക്ടറാകാനാണ് ജിയന്ന ആഗ്രഹിച്ചത്. അങ്ങനെ അവള്‍ ശിശുപരിചരണ വിദഗ്ദധയായ ഡോക്ടറായി. പാവപ്പെട്ട സ്ത്രീകളെയും കുഞ്ഞുങ്ങളെയും സംരക്ഷിക്കാനാണ് തന്റെ ജീവിതം അവള്‍ വിനിയോഗിച്ചത്. 1954-ല്‍ പിയട്രോ മേല്ലേ എന്ന എഞ്ചിനീയറെ ജിയന്ന വിവാഹം ചെയ്തു. അവര്‍ക്ക് മൂന്ന് കുട്ടികള്‍ ജനിച്ചു. നാലാമത്തെ കുട്ടിയെ ഗര്‍ഭം ധരിച്ച സമയത്താണ് ജിയന്നയ്ക്ക് ശാരീരികമായ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നത്. ഗര്‍ഭപാത്രത്തില്‍ സംഭവിച്ച മുഴയായിരുന്നു പ്രശ്‌നം. ഒന്നുകില്‍ അബോര്‍ഷന്‍, അല്ലെങ്കില്‍ മുഴ നീക്കം ചെയ്യുക, അതല്ലെങ്കില്‍ ഗര്‍ഭപാത്രം പൂര്‍ണ്ണമായി നീക്കം ചെയ്യുക. മുഴ നീക്കം ചെയ്യാനാണ് ജിയന്ന തീരുമാനിച്ചത്. കാരണം കുഞ്ഞിന്റെ ജീവനായിരുന്നു ആ അമ്മയ്ക്ക് പ്രധാനം. അങ്ങനെ വേദനകളുടെയും പ്രതിസന്ധികളുടെയും നടുവിലൂടെ ജിയന്ന  അവളുടെ നാലാമത്തെ കുഞ്ഞിന്  ജന്മം നല്‍കി. ഏഴ് ദിവസങ്ങള്‍ മാത്രമേ പിന്നീട്  അവള്‍ ജീവിച്ചുള്ളൂ.  തന്റെ കുഞ്ഞിന് വേണ്ടി പൊരുതിയ വിശുദ്ധ ജീയന്നയുടെ അതേ വഴിയിലൂടെയാണ് അച്ചാമ്മ സഞ്ചരിച്ചത്. അതിനാല്‍ അച്ചാമ്മ എന്ന അമ്മ ‘കേരള ജിയന്ന’ എന്ന പേരിന് സര്‍വ്വഥാ യോഗ്യയാണ്.

സുമം തോമസ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.