അമ്മ വിചാരങ്ങൾ: 06

ദൈവപുത്രാ, നിന്റെ അമ്മയെ സ്തുതിക്കാൻ എന്നെ സഹായിക്കണമേ. കത്തോലിക്കാ സഭയിൽ മറിയത്തിന്റെ സ്വർഗ്ഗാരോപണത്തിന്റെ വേദപാരംഗതൻ (Doctor of Assumption) എന്ന് അറിയപ്പെടുന്ന വിശുദ്ധനാണ് ഏഴ്, എട്ട് നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്ന ദമാസ്കസിലെ വി. യോഹന്നാൻ (C.676- 744). പരിശുദ്ധ കന്യകാമറിയത്തെ സ്തുതിക്കാൻ നമുക്ക് എന്തെങ്കിലും അപര്യാപ്തത തോന്നുന്നെങ്കിൽ നമ്മളെ സഹായിക്കാൻ പരിശുദ്ധ മറിയത്തിന്റെ മകനോട് ആവശ്യപ്പെടണം എന്നാണ് വി. യോഹന്നാൻ പറയുന്നത്.

ഓ പരിശുദ്ധ രാജ്ഞി, എന്താണ് ഞങ്ങൾ പറയേണ്ടത്? എന്തു വാക്കുകളാണ് ഞങ്ങൾ ഉപയോഗിക്കേണ്ടത്? പരിശുദ്ധവും മഹത്വമേറിയതുമായ അങ്ങയുടെ ശിരസ്സിന് എന്തു സ്തുതിയാണ് ഞങ്ങൾ ചൊരിയേണ്ടത്? നല്ല ദാനങ്ങളുടെയും സമ്പത്തിന്റെയും മാതാവേ, മനുഷ്യരാശിയുടെ അഭിമാനമേ, ‘എല്ലാ സൃഷ്ടികളും നിന്നിലൂടെ അനുഗ്രഹിക്കപ്പെട്ടപ്പോൾ നീ എല്ലാ സൃഷ്ടികളുടെയും മഹത്വമായി. സകല സൃഷ്ടികൾക്കും മുമ്പുള്ള ആദ്യജാതനും എന്നാൽ സൃഷ്ടിക്കപ്പെടാത്തവനുമായവൻ നിന്നിൽ നിന്നു ജനിച്ചു. അദൃശ്യനായവനെ നീ മുഖാഭിമുഖം ദർശിച്ചു.

അവതരിച്ച ദൈവവചനമേ, മന്ദത്തിലായ എന്റെ അധരങ്ങളെ തുറക്കുകയും ഞങ്ങളുടെ സംസാരത്തിന് നിന്റെ സമ്പന്നമായ അനുഗ്രഹം നൽകുകയും ചെയ്യണമേ. മുക്കുവന്മാരെ വാഗ്മികളും അജ്ഞരായവരെ അമാനുഷിക ജ്ഞാനമുള്ളവരുമാക്കിയ നിന്റെ ആത്മാവിനാൽ ഞങ്ങളെ ജ്വലിപ്പിക്കണമേ. എങ്കിൽ മാത്രമേ ഞങ്ങളുടെ ദുർബലമായ സ്വരങ്ങൾക്ക് നിന്റെ പ്രിയപ്പെട്ട അമ്മക്ക് സ്തുതികൾ പാടാനാവൂ. പുരാതന വംശത്തിൽ നിന്ന് ദൈവപിതാവിന്റെ പ്രീതി വഴി തിരഞ്ഞെടുക്കപ്പെട്ടവളാണ് നീ.

ദൈവപുത്രാ, നീ പിതാവിൽ നിന്ന് നിത്യതയിൽ ജനിച്ച് കാലത്തിന്റെ പൂർണ്ണതയിൽ മറിയത്തിലൂടെ ഞങ്ങളുടെ രക്ഷയും നീതിയും വീണ്ടടുപ്പും ജീവന്റെ ജീവനും വെളിച്ചത്തിന്റെ വെളിച്ചവുമായി നീ ലോകത്തിൽ അവതരിച്ചു.

പ്രാർത്ഥിക്കാം

മറിയമേ, നിന്റെ കൃപയുടെ മുൻനിഴലായ എന്റെ കർത്താവിന്റെ വാക്കുകളിൽ ഞാൻ നിന്നെ സ്തുതിക്കട്ടെ. “പല സ്‌ത്രീകളും തങ്ങളുടെ കഴിവുകള് പ്രകടിപ്പിച്ചിട്ടുണ്ട്‌; എന്നാല്, നീ അവരെയെല്ലാം അതിശയിക്കുന്നു” (സുഭാ. 31:29).

ഫാ. ജയ്സൺ കുന്നേൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.