അമ്മ വിചാരങ്ങൾ: 05

മറിയമേ, രക്ഷയുടെ വഴിയിലൂടെ എന്നെ നയിക്കണമേ. Angelic Doctor അഥവാ മാലാഖ പോലുള്ള വേദപാരംഗതൻ എന്ന് അറിയപ്പെടുന്ന വി. തോമസ് അക്വീനാസിന്റെ (1225-1274) പരിശുദ്ധ മറിയത്തോടുള്ള ഭക്തിസാന്ദ്രമായ പ്രാർത്ഥനയാണ് ഇന്നത്തെ അമ്മ വിചാരം.

ഏറ്റവും അനുഗ്രഹീതയും മാധുര്യമുള്ളവളുമായ കന്യകാമറിയമേ, ദൈവമാതാവേ, എല്ലാ ആർദ്രതയാലും നിറഞ്ഞവളേ, അത്യുന്നതനായ രാജാവിന്റെ മകളേ, മാലാഖമാരുടെ മാതാവേ, എല്ലാ വിശ്വസ്തരുടെയും അമ്മേ, ഈ ദിനത്തിലും എന്റെ ജീവിതത്തിലെ എല്ലാ ദിവസങ്ങളിലും ഞാൻ എന്നെത്തന്നെ അങ്ങയുടെ കരുണാർദ്ര ഹൃദയത്തിനു എന്റെ ശരീരവും ആത്മാവും എന്റെ എല്ലാ പ്രവൃത്തികളും ചിന്തകളും തീരുമാനങ്ങളും ആഗ്രഹങ്ങളും വാക്കുകളും പ്രവൃത്തികളും എന്റെ മുഴുവൻ ജീവിതവും മരണവും ഭരമേൽപ്പിക്കുന്നു. അങ്ങനെ നിന്റെ സഹായത്താൽ, നിന്റെ പ്രിയപ്പെട്ട പുത്രന്റെ ഹിതപ്രകാരം എല്ലാം സംഭവിക്കട്ടെ. ലോകത്തിന്റെയും ജഡത്തിന്റെയും പിശാചിന്റെയും പ്രലോഭനങ്ങളെ ചെറുത്തുനിൽക്കാനുള്ള കൃപ അങ്ങയുടെ പ്രിയപുത്രനും ഞങ്ങളുടെ രക്ഷകനുമായ കർത്താവായ ഈശോമിശിഹായിൽ നിന്ന് എനിക്കു വേണ്ടി യാചിക്കണമേ.

എന്റെ പരമ പരിശുദ്ധയായ മാതാവേ, യഥാർത്ഥ അനുസരണവും ഹൃദയവിനയവും എനിക്ക് നേടിത്തരണമേ എന്ന് ഞാൻ നിന്നോട് അപേക്ഷിക്കുന്നു. അതുവഴി എന്റെ സ്രഷ്ടാവിന്റെ കൃപയും സഹായവും നിന്റെ വിശുദ്ധ പ്രാർത്ഥനകളും കൂടാതെ, പാപിയും ദയനീയവും ദുർബലനും ശക്തിയില്ലാത്തവനുമാണ് ഞാൻ എന്ന് സ്വയം മനസ്സിലാക്കട്ടെ.

ഏറ്റവും മാധുര്യമുള്ള അമ്മേ, എന്റെ ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്ന്, നിന്റെ ഏറ്റവും പരിശുദ്ധനായ പുത്രനും, നമ്മുടെ കർത്താവുമായ ഈശോമിശിഹായെ സ്നേഹിക്കാനും, അവനുശേഷം, മറ്റെല്ലാവർക്കും ഉപരിയായി നിന്നെ സ്നേഹിക്കാനും എനിക്കു കൃപ തരണമേ. സ്വർഗ്ഗരാജ്ഞി, എപ്പോഴും എന്റെ ഹൃദയത്തിൽ നിൻ്റെ ഏറ്റവും മാധുര്യമുള്ള പുത്രനോട് ഭയവും സ്നേഹവും നിലനിർത്താൻ എന്നെ പഠിപ്പിക്കണമേ.

എന്റെ ജീവിതാവസാനത്തിൽ, സ്വർഗ്ഗത്തിന്റെ കവാടവും പാപികളുടെ വക്താവുമായ നീ നിന്റെ മഹത്തായ ഭക്തിയാലും കരുണയാലും എന്നെ സംരക്ഷിക്കുകയും നിന്റെ പുത്രന്റെ അനുഗ്രഹീതവും മഹത്വപൂർണ്ണവുമായ പീഡാനുഭവത്താലും നിന്റെ മദ്ധ്യസ്ഥതയാലും എന്റെ എല്ലാ പാപങ്ങളിൽ നിന്നും മോചനം നൽകുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. ദൈവമാതാവേ, നിന്നിലും നിന്റെ പുത്രനിലുമുള്ള സ്നേഹത്തിലും ഞാൻ മരിക്കുമ്പോൾ, രക്ഷയുടെയും അനുഗ്രഹത്തിന്റെയും വഴിയിൽ എന്നെ നയിക്കേണമേ. ആമ്മേൻ.

പ്രാർത്ഥിക്കാം

മറിയമേ, എന്റെ അമ്മേ, ദൈവത്തിനു നീ സമ്പൂർണ്ണമായി സമർപ്പിച്ചതു പോലെ യാതൊന്നും പിടിച്ചുവയ്ക്കാതെ എന്നെത്തന്നെ മുഴുവനായും ഈശോക്കായി സമർപ്പിക്കാൻ എന്നെ പരിശീലിപ്പിക്കണമേ. ദൈവകാരുണ്യത്തിൽ എന്നെ സ്വീകരിക്കാനും ദൈവകൃപയിൽ എന്നെ സംരക്ഷിക്കാനും നിന്റെ പ്രിയപുത്രനോടു എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ.

ഫാ. ജയ്സൺ കുന്നേൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.