അമ്മ വിചാരങ്ങൾ: 01

മറിയത്തിൽ, സ്വർഗ്ഗം ഭൂമിയെ ആലിംഗനം ചെയ്തു. ക്ലെയർവോയിലെ വി. ബർണാഡിന്റെ (St. Bernard of Clairvaux) ഒരു മരിയൻ പ്രാർത്ഥനയാണ് അമ്മ വിചാരത്തിലെ ആദ്യ ദിനത്തിലെ ചിന്താവിഷയം. മറിയത്തിന്റെ ഉദരത്തിൽ ദൈവപുത്രൻ മനുഷ്യനായപ്പോൾ സ്വർഗ്ഗം ഭൂമിയെ ആശ്ലേഷിച്ചതും അതിന്റെ ഫലങ്ങളുമാണ് ഈ പ്രാർത്ഥന.

മറിയമേ, ഞങ്ങളുടെ അമ്മേ, ജീവിക്കുന്ന ദൈവത്തിന്റെ ഏറ്റവും പരിശുദ്ധ ദൈവാലയമായി ലോകം മുഴുവൻ നിന്നെ ആദരിക്കുന്നു. നിന്നിൽ ലോകത്തിന്റെ രക്ഷ ഉദയം ചെയ്തു. നിന്നിൽ നിന്ന് മനുഷ്യശരീരം സ്വീകരിക്കുന്നതിൽ ദൈവപുത്രൻ സന്തോഷിച്ചു. ആദത്തിന്റെയും ഹവ്വായുടെയും അനുസരണക്കേടിൽ സ്വർഗ്ഗത്തിനും ഭൂമിക്കുമിടയിൽ ഉയർത്തപ്പെട്ട തടസ്സം, വെറുപ്പിന്റെ മതിൽ നീ തകർത്തെറിഞ്ഞു.

ദൈവത്വവും മനുഷ്യത്വവും ദൈവമനുഷ്യനായ ഒരു വ്യക്തിയിൽ ഐക്യപ്പെട്ടപ്പോൾ, നിന്നിൽ സ്വർഗ്ഗം ഭൂമിയെ ആശ്ലേഷിച്ചു. ദൈവമാതാവേ, ഞങ്ങൾ നിന്റെ സ്തുതികീർത്തനങ്ങൾ ആലപിക്കുന്നു. ഞങ്ങൾക്ക് നിന്നെ ഇനിയും സ്തുതിക്കേണ്ടതുണ്ട്. ഞങ്ങളുടെ വാക്കുകൾ നിന്നെ ബഹുമാനിക്കാൻ ദുർബലമാണ്. നിന്റെ മഹിമകൾ പാടിവാഴ്ത്താൻ ഒരു നാവും പര്യാപ്തമല്ല.

മറിയമേ, ഏറ്റവും ശക്തയും പരിശുദ്ധയും സ്നേഹയോഗ്യവുമായവളേ, നിന്റെ നാമം ഞങ്ങൾക്ക് പുതുജീവൻ നൽകുന്നു. നിന്നെക്കുറിച്ചുള്ള ചിന്ത പോലും നിന്റെ ഭക്തരുടെ ഹൃദയങ്ങളിൽ സ്നേഹം വിളബംരം ചെയ്യുന്നു.

പ്രാർത്ഥിക്കാം

അവതരിച്ച വചനത്തിന്റെ മാതാവേ, ആദിപാപത്തിന്റെ കളങ്കമില്ലാത്ത മറിയമേ, നീ സുന്ദരിയാണ്. നിന്റെ വസ്ത്രം മഞ്ഞു പോലെ വെൺമയുള്ളതും നിന്റെ മുഖം സൂര്യനെപ്പോലെ പ്രഭ വിതറുന്നതുമാണ്. നീ ജറുസലേമിന്റെ മഹത്വവും ഇസ്രായേലിന്റെ ആനന്ദവും ഞങ്ങളുടെ മഹത്വത്തിന്റെ ഉറവിടവുമാണല്ലോ. നിന്നിൽ, സ്വർഗ്ഗവും ഭൂമിയും ആലിംഗനം മഹാദിനത്തിനായി ഒരുങ്ങുമ്പോൾ ഞങ്ങളുടെ ഹൃദയങ്ങളെയും നീ പവിത്രീകരിക്കണമേ.

ഫാ. ജയ്സൺ കുന്നേൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.