നാം അറിയേണ്ട മദർ തേരേസാ: നവീൻ ചൗള

ഫാ. ജെയ്സൺ കുന്നേൽ

കുറച്ചു വർഷങ്ങൾക്ക്‌ മുമ്പ്, എതാനും ഗവേഷകർ കാനഡയിൽ മദർ തേരേസായെയും അവളുടെ കാരുണ്യ പ്രവർത്തികളെയും പൂർണ്ണമായി വിമർശിച്ച് ഒരു റിപ്പോർട്ട് പുറത്തിറക്കി, പിന്നിട് അവ മാധ്യമങ്ങൾക്ക് ലഭിച്ചു. ഹെയ്തി സേച്ഛാധിപതി Jean-Claude Duvalier, ആയുള്ള സംശയാസ്പദമായ ബന്ധം. ഗർഭനിരോധനം, ഗർഭഛിദ്രം, വിവാഹമോചനം തുടങ്ങിയ വിഷയങ്ങളിൽ സഭയുടെ ഔദ്യോഗിക പഠനങ്ങളോട് ചേർന്ന് മദർ എടുക്കുന്ന നിലപാടുകൾ, മദർ കൽക്കത്തയിൽ ഒരു ആശുപത്രി പടുത്തുയർത്താതെ രോഗികൾക്കും മരണാസന്നർക്കും അടിസ്ഥാനപരമായ ശുശ്രൂഷകൾമാത്രം നൽകി. കഥയിലെ ഏറ്റവും സുപ്രധാനമായ വിരോധാഭാസം പോലെ മദർ തേരേസാ രോഗിയായി കിടന്നപ്പോൾ ഈ ലോകത്തിലെ ഏറ്റവും നല്ല ചികത്സാരീതികളുടെ ഫലം അനുഭവിച്ചു തുടങ്ങിയവയാണ് അവർ ഉന്നയിച്ച ആരോപണങ്ങളിൽ ചിലത്.

ഈ ആരോപണങ്ങൾക്ക് ഉത്തരം നൽകുന്നതിനു മുമ്പ്, മദറിന്റെ ജീവിതത്തെയും അവളുടെ കാരുണ്യ പ്രവർത്തികളെയും ഞാനൊന്ന് ചുരിക്കി പ്രതിപാദിക്കട്ടെ. മദറിനു പതിനെട്ടു വയസ്സു മാത്രമേ ഉണ്ടായിരുന്നുള്ളു കേട്ടുകേൾവി മാത്രം ഉണ്ടായിരുന്ന ഇന്ത്യയിൽ പ്രേഷിത വേലക്കായി ഇറങ്ങിത്തിരിക്കുമ്പോൾ. യുഗ്ലോസ്ലാവിയൻ ഈശോസഭാ വൈദികരാണ് ഇന്ത്യയെക്കുറിച്ച് ആദ്യമായി അവളോട് പറഞ്ഞത്. ആ കൊച്ചുഗ്രാമത്തിൽ ഇന്ത്യയെക്കുറിച്ച് കേട്ടിരുന്നവർ പോലും ഉണ്ടായിരുന്നില്ല. 1910 ആഗസ്റ്റ് 26 ന് അൽബേനിയായിൽ ആഗ്നസ് ജനിച്ചു. വിശ്വാസത്തിന്റെയും, അനുകമ്പയുടെയും, നിശ്ചയദാർഡ്യത്തിന്റെയും വിത്തുകൾ ആഗ്നസിൽ പാകിയതും, പരിപോഷിപ്പിച്ചതും വിധവയായ അമ്മയായിരുന്നു. ഈ തീഷ്ണതയാണ് ലോറോറ്റോ കോൺവെന്റിൽ ചേരാൻ ആഗ്നസിനെ ആദ്യം അയർലണ്ടിൽ എത്തിച്ചതും, അവിടെ നിന്നു കപ്പൽമാർഗ്ഗം അതിവിദൂരതയിലുള്ള കൽക്കത്തയിലേക്ക് വരാനും പ്രചോദനമേകിയത്.

20 വർഷം ലോറോറ്റോ മഠത്തിൽ ശുശ്രൂഷ ചെയ്ത സി. തേരേസാ, തന്റെ രണ്ടാം ദൈവവിളി സ്വീകരിച്ച് ഒരു കന്യകാസ്ത്രീ ആയി തന്നെ 1948 ൽ കൽക്കത്തയിലെ തെരുവോരങ്ങളിലേക്ക് ഇറങ്ങി. കന്യാകാലയത്തിന്റെ സുരക്ഷിത ഭിത്തി ഭേദിച്ച് കാരുണ്യത്തിന്റെ സ്നേഹ കൂടാരങ്ങൾ നിർമ്മിക്കാൻ ആദ്യം അനുമതി നൽകിയത് വത്തിക്കാനാണ്. 1948 ലെ ഇന്ത്യൻ വിഭജനത്തിന്റെ ദീനരോധനവും അസ്വസ്ഥനകളും, 1942- 1943 കളിലെ ബംഗ്ലാൾ പട്ടണിയോട് ചേർന്നപ്പോൾ സന്തോഷത്തിന്റെ നഗരം കണ്ണീരിന്റെ പര്യായമായി.

ഈ കണ്ണീർക്കടലിലേക്ക് 38 വയസുള്ള കരുണയുടെ മാലാഖ, പരമ്പരാഗത സഭാ വസ്ത്രം ഉപേക്ഷിച്ച്, തോട്ടിപ്പണിക്കാർ ധരിക്കുന്ന സാരിയും ധരിച്ച്, കൂട്ടിനാരുമില്ലാതെ, സഹായില്ലാതെ, സാമ്പത്തിക സുരക്ഷയില്ലാതെ പുഞ്ചിരിക്കുന്ന മുഖവുമായി, കാലെടുത്തു വയ്ക്കുമ്പോൾ അത് ഒരു ചരിത്രത്തിലേക്കായിരുന്നു, കരുണയുടെ സുവർണ്ണ ചരിത്രത്തിലേക്ക്.

രോഗങ്ങളുടെയും അനാഥത്വത്തിന്റെയും മരണത്തിന്റെയും നിലവിളികളാണ് (1948) ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് എന്തെങ്കിലു സംസാരിക്കുന്നതിനു മുമ്പ് അവളെ തേടി വന്നത്. സാധിക്കുന്നതിലപ്പുറം അവൾ ചെയ്തു. ഒരിക്കൽ മരണാസന്നനായി തെരുവിൽ കിടന്ന ഒരു മനുഷ്യനെ എടുത്തു കൊണ്ട് മദർ ആശുപത്രിയിലേക്ക് പോയി. മരിക്കാൻ പോകുന്ന ആ മനുഷ്യനു ആശുപത്രി അധികൃതർ കിടക്ക നിരസിച്ചു. ആ മനുഷ്യനു വേണ്ടി മദർ ആശുപത്രിക്ക് മുമ്പിൽ ധർണ നടത്തി, അവസാനം അധികൃതരുടെ മനസ്സലിഞ്ഞ് ഒരു കിടക്ക കിട്ടി. എതാനും മണിക്കൂറുകൾക്ക് ശേഷം ആ മനുഷ്യൻ മരിച്ചു. ഈ സംഭവമാണ് ആശുപത്രിക്കാർ നിരസിക്കുന്ന രോഗികളെ സംരക്ഷിക്കാൻ ഒരു ഇടം അന്വേഷിക്കാൻ മദറിനെ പ്രേരിപ്പിച്ചത്. അവിടെ സമാധാനത്തോടെ മനുഷ്യ മഹത്വത്തോടെ മരിക്കാൻ അവർക്ക് സാധിച്ചു. പല അധികാരികളുടെ മുമ്പിലും പാവങ്ങൾക്ക് വേണ്ടി അവൾ കെഞ്ചി. അവസാനം കൽക്കത്താ മുൻസിപ്പാലിറ്റിയിലെ ഒരു ഉദ്യോഗസ്ഥൻ കാളിഘട്ടിലെ അമ്പലത്തിനടുത്തുള്ള ഒരു തീർത്ഥാടക ഹാൾ മദറിനു നൽകി. ആശുപത്രികാർ നിരസിക്കുന്ന രോഗികളെയും മരണാസന്നരെയും അവിടെ കൊണ്ടുവരാൻ പോലീസ്- മുൻസിപ്പൽ ഉദ്യോഗസ്ഥരോട് മദർ അപേക്ഷിച്ചു.

കാളിഘട്ടിലെ ഈ അഭയകേന്ദ്രത്തിൽ പല തവണ ഞാൻ പോയിട്ടുണ്ട്. ഒരിക്കൽ പോലും മദറിനോട് ഒരു ആശുപത്രി നിർമ്മിക്കുന്നതിനെപ്പറ്റി ആരാഞ്ഞട്ടില്ല’. കാരണം ആശുപത്രിയുടെ സ്ഥാപനം മദറിനെയും സിസ്റ്റേഴ്സിനേയും കെട്ടിയിടുന്നതു പോലെയാകും, അപ്പോൾ തെരുവിൽ വീഴുന്നവരെ ആരുസംരക്ഷിക്കും?
തെരുവിൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളെയും, രോഗികളെയും, വിടുകളിൽ അധികപ്പറ്റായ വൃദ്ധജനങ്ങളെയും, ആരും സമീപിക്കാൻ പോലും കൂട്ടാക്കാത്ത കുഷ്ഠരോഗികളെയും, എയ്ഡ്സ് രോഗികളെയും ആരു സംരക്ഷിക്കും? വഴിയോരങ്ങളിൽ നിരാശായരായി അലയുന്ന പാവങ്ങൾക്ക് വേണ്ടി നമ്മളിൽ എത്ര പേർ എന്തെങ്കിലും ചെയ്തട്ടുണ്ട്? മദറിനെയും അവളുടെ പ്രവൃത്തികളെയും വിമർശിക്കുന്നവർ ഈ പാവപ്പെട്ടവർക്കു വേണ്ടി ഒരു ചെറുവിരൽ പോലും അനക്കാത്തവരാണ്.

ഉത്തമയായ കത്തോലിക്കാ വിശ്വാസി ആയിരുന്നിട്ടും, മതവിശ്വാസങ്ങൾക്കതീതമായി എല്ലാവിധ ജനവിഭാഗങ്ങൾക്കും, അവൾ സംലഭ്യയായി. മതപരിവർത്തനം ഒരിക്കലും അവളുടെ ജോലിയായി അവൾ കണ്ടില്ല. അത് ദൈവിക പ്രവർത്തിയായിട്ടാണ് അവൾ മനസ്സിലാക്കിയത്.

ഒരിക്കൽ തെരുവുനായ്ക്കളുടെ ഇടയിൽ നിന്ന് മദർ ഒരു പെൺകുഞ്ഞിനെ രക്ഷിച്ച് തന്റെ ശിശുഭവനത്തിൽ കൊണ്ടുവന്നു. ഒരു പക്ഷേ ഭാവിയിൽ ഒരു ഹൈന്ദവ കുടുംബം അവളെ ദത്തെടുത്തേക്കാം എന്ന കാരണത്താൽ ഒരിക്കലും മതപരിവർത്തനത്തിനു മദർ സമ്മതിച്ചില്ല. മതപരിവർത്തനം ഒരിക്കലും മദറിന്റെ രഹസ്യ അജണ്ട ആയിരുന്നില്ല. 23 വർഷത്തെ മദറുമായുള്ള അടുത്ത ബന്ധത്തിൽ നിന്ന് എനിക്ക് പറയാൻ കഴിയും: ഒരിക്കൽ പോലും അവളുടെ മതം എന്റെ മതത്തേക്കാൾ ശ്രേഷ്ഠമാണന്നോ, അല്ലങ്കിൽ അത് രക്ഷയിലേക്കുള്ള എളുപ്പമാർഗ്ഗമാണന്നോ മദർ എന്നോടു പറഞ്ഞട്ടില്ല.

ഒരിക്കൽ പശ്ചിമ ബംഗാളിലെ അനിഷേധ്യ നേതാവും, നിരീശ്വരവാദിയും, കമ്യൂണിസ്റ്റുകാരനുമായിരുന്ന ജ്യോതി ബാസുവിനോട്, ദൈവവിശ്വാസിയായ മദർ തേരാസായെയും, താങ്കളെയും തമ്മിൽ ഒന്നിപ്പിക്കുന്ന പൊതു ഘടകം എന്താണന്നു ഞാൻ ചോദിച്ചപ്പോൾ ബാസു ഇങ്ങനെ മറുപടി നൽകി “ഞങ്ങൾ രണ്ടു പേരും പാവങ്ങളെ സ്നേഹിക്കുന്നു.”

മദർ തേരേസായെ കുറിച്ചുള്ള എന്റെ ജീവചരിത്ര രചനയുടെ ഭാഗമായി മദറിനോടു ചോദിച്ചു, എന്തുകൊണ്ടാണ് കുപ്രസിദ്ധ നേതാക്കളെ പോലുള്ള Duvalier ൽ നിന്ന് പണം സ്വീകരിച്ചത്? മദറിന്റെ ഉത്തരം അർത്ഥവത്തായിരുന്നു “ഉപവി പ്രവർത്തിക്കാൻ എല്ലാവർക്കും അവകാശമുണ്ട്.” എനിക്ക് ആരെയും വിധിക്കാൻ അവകാശമില്ല, ദൈവത്തിനു മാത്രമേ അതിനവകാശമുള്ളു. ഞാൻ ശമ്പളമോ, സഭയുടെയോ, സർക്കാരിന്റെയോ ഫണ്ട് സ്വീകരിക്കുന്നില്ല. ഞാൻ പണം ചോദിച്ചു വാങ്ങിയിട്ടില്ല. പക്ഷേ ജനങ്ങൾക്ക് ദാനം ചെയ്യാനുള്ള അവകാശമുണ്ട്.”

ഇതിനിടയിൽ ദുവാലിയെറിനെപ്പറ്റി ഞാൻ പഠനം നടത്തി. ഹെയ്റ്റിയുടെ തലസ്ഥാനമായ പോർട്ട്-ഔ- പ്രിൻസിൽ (Port-au-Prince) ലോകത്തിലെ തന്നെ ഏറ്റവും ദരിദ്രമായ സ്ഥലങ്ങളിൽ ഒന്നായ, അവിടെ മദർ ഒരു മിഷൻ സ്റ്റേഷൻ തുടങ്ങി. മദർ തേരേസാ ഇവിടെ സന്ദർശനം നടത്തി മടങ്ങിയതിന്റെ പിറ്റേദിവസം ദുവാലിയറിന്റെ പുത്രഭാര്യ ഈ മിഷൻ കേന്ദ്രത്തിൽ പോവുകയും ആയിരം ഡോളർ സംഭാവന നൽകുകയും ചെയ്തു. പക്ഷേ മാധ്യമങ്ങൾ റിപ്പോർട് ചെയ്തത് പത്തുലക്ഷം ഡോളർ എന്നാണ്. ദാനം നൽകിയ വ്യക്തിക്ക് ഇത് സമാധാനം നൽകുന്നെങ്കിൽ അങ്ങനെ നിലനിൽക്കട്ടെ എന്നായിരുന്നു മദറിന്റെ മറുപടി.

മദറിന്റെ ആശുപത്രി വാസത്തെക്കുറിച്ച് ഞാൻ കുറച്ച് പറയട്ടെ.

1994 ൽ ഡൽഹിയിൽ ഒരു അവാർഡ് സ്വീകരിക്കാൻ എത്തിയപ്പോൾ മദർ രോഗബാധിതയായി. നല്ല പനിയും, ഉദരസംബന്ധമായ പ്രശ്നങ്ങളും മദറിനെ അലട്ടി. മദറിന്റെ ആഗ്രഹത്തിനു വിപരീതമായി ഞാൻ മദറിനെ ഡൽഹിയിലുള്ള ഒരു നല്ല ആശുപത്രിയിൽ അഡ്മിറ്റാക്കി. എകദേശം ഒരാഴ്ചയോളം മദർ അവിടെ കിടന്നു. ഹൃദയ സംബന്ധമായ രോഗങ്ങളും മദറിനുണ്ടായിരുന്നു. സത്യത്തിൽ ഒരു ശസ്ത്രക്രിയക്ക് ഡോക്ടർമാർ മുതിർന്നില്ല, കാരണം മദർ അവരുടെ കരങ്ങളിൽ കിടന്നു മരിക്കാൻ അവർ ഒരിക്കലും ആഗ്രഹിച്ചില്ല. മദറും തന്റെ മരണം മുമ്പിൽ കണ്ട് തനിക്കു പ്രിയപ്പെട്ട കൽക്കത്തയിലേക്ക് തിരികെ കൊണ്ടുപോകാൻ എന്നോടു ആവശ്യപ്പെട്ടു. പക്ഷേ അതിനു പറ്റിയ ആരോഗ്യനിലയിലായിരുന്നില്ല മദർ. മോബൈൽ ഫോൺ ഇല്ലാതിരുന്ന അക്കാലത്ത്, ആശുപത്രിയുടെ അന്വേഷണ മുറി മദറിന്റെ വിശേഷങ്ങൾ അറിയുവാനുള്ള ഫോൺ വിളികളാൽ നിറഞ്ഞുനിന്നു. രാഷ്ട്രപതി ഭവനിൽ നിന്നും പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള അനുദിന ഫോൺ കോളുകൾക്കു പുറമേ, വൈറ്റ് ഹൗസ്, വത്തിക്കാൻ, ഒട്ടുമിക്ക യുറോപ്യൻ രാഷ്ട്രതലവന്മാർ അംബാസിഡൻമാർ എന്നിവരുടെ ഫോൺ കോളുകൾ ഞാൻ അറ്റൻഡ് ചെയ്തു. വിദഗ്ദ ചികത്സക്കായി ലോകത്ത് എവിടെ വേണമെങ്കിലും പോകാൻ അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു സഹായം വാഗ്ദാനം ചെയ്തു. അവസാനം പൂർണ്ണമായി സുഖപ്പെടാതെ തന്നെ, സിസ്റ്റേഴ്സ് മദറിനെ കൽക്കട്ടയിലേക്ക് കൊണ്ടുപോയി. ഇതു പോലെയുള്ള മറ്റു നിരവധി ഉദാഹരണങ്ങളും എനിക്കറിയാം. ഇതിൽ എതെങ്കിലും ഒരു യാഥാർത്യം കനേഡിയൻ ഗവേഷകർ മനസ്സിലാക്കിയിരുന്നെങ്കിൽ, ഇത്ര ഹൃദയശൂന്യമായി അഗതികളുടെ അമ്മയെ അവർ ചിത്രികരിക്കില്ലായിരുന്നു.

മദറിന്റെ ജീവിതകാലത്ത് ചിലപ്പോഴൊക്കെ മദറിനെ ആത്മീയ സാമ്രാജ്യവാദി (religious imperialist) ആയി ചിത്രീകരിച്ചട്ടുണ്ട്. ഭ്രൂണഹത്യ, ജനനനിയന്ത്രണം തുടങ്ങിയവയെക്കുറിച്ചുള്ള സഭാപ്രബോധനങ്ങളുടെ ഉത്തമ വിശ്വസ്ഥയായി മദർ നിലകൊണ്ടതുകൊണ്ടാണിത്. ജോൺ പോൾ രണ്ടാമൻ മാർപാപ്പായുമായുള്ള അടുപ്പം മൂലം സെന്റ് പീറ്റേഴ്‌സ് ബസിലിക്കായുടെ തൊട്ടടുത്തു തന്നെ റോമിലെ അനാഥർക്കും, പട്ടിണി പാവങ്ങൾക്കും, ദിവസേന വൈകുന്നേരം 6 മണിക്ക് ഭക്ഷണം ലഭിക്കുന്ന സംവിധാനം മദർ തേരേസാ ഏർപ്പെടുത്തി. തന്റെ അചഞ്ചലമായ പരിശ്രമത്താൽ, ദുർബലയായ ഈ കന്യാസ്ത്രി, സംശയരഹിതേ ലോകത്തിലെ ഏറ്റവും ആദരിക്കപ്പെട്ട വ്യക്തി, സഭയുടെ അടിസ്ഥാനപരമായ ദൗത്യം എന്താണെന്ന് നിരന്തരം ഓർമ്മിക്കുന്നു.

നവീൻ ചൗള, മദർ തേരേസായുടെ ജീവചരിത്രരചിതാവും, ഭാരതത്തിന്റെ മുൻ (Chief Election Commissioner) മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷനറുമാണ്.

ഫാ. ജെയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.