ഇന്ത്യയെ തേടിയെത്തിയ വിശുദ്ധ 

ഒരിക്കൽ ഒരു മുസ്ലീം സഹോദരിയെ ശുശ്രൂഷിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു മദർ തെരേസ. ആ സ്ത്രീ പതിയെ മദറിന്റെ കരം പിടിച്ചു. എന്നിട്ട് പറഞ്ഞു “ഞാൻ മരിക്കാൻ നേരം മദർ എന്റെ അടുത്തു വരണം. കാരണം എനിക്ക് ദൈവത്തോട് ചേർന്നിരുന്ന് മരിക്കണം.” ദൈവ സ്നേഹത്തിന്റെ ആഴവും വ്യാപ്തിയും ഇത്രത്തോളം മനുഷ്യന് മനസിലാക്കി കൊടുക്കുവാൻ മറ്റാർക്കും കഴിഞ്ഞിട്ടുണ്ടാവില്ല. പാവങ്ങളെ തേടി കടൽ കടന്നു അന്യനാട്ടിലെത്തി. അവർക്കായി മഠത്തിന്റെ വേലികൾ തകർത്തു.

 പാവങ്ങൾക്കായി ജീവിതം മാറ്റി വയ്ക്കാനുള്ള മദറിന്റെ ആഗ്രഹം ഒരു നിമിഷം കൊണ്ട് ഉണ്ടായതല്ല. ചെറുപ്പം മുതൽ മദറിനൊപ്പം വളർന്നു വന്ന ആഗ്രഹമായിരുന്നു അത്. ചെറിയ കുട്ടിയായിരിക്കുമ്പോൾ തന്നെ പള്ളിയിൽ ധാരാളം സമയം ചിലവഴിക്കുമായിരുന്നു ആഗ്നസ്, ഇടവക കാര്യങ്ങളിലും വളരെ ഉത്സാഹത്തോടെ  പങ്കെടുത്തിരുന്നു. സഹായം അഭ്യർത്ഥിച്ചു വരുന്ന ആരേയും തിരിച്ചയക്കാൻ ആഗ്നസിനു കഴിഞ്ഞിരുന്നില്ല. തന്റെ മുന്നിൽ എത്തുന്ന ഓരോ വ്യക്തിക്കും തന്നാൽ ആവും വിധം സഹായങ്ങൾ നൽകുവാൻ ആഗ്നസ് ശ്രദ്ധിച്ചിരുന്നു. ബാല്യകാലത്ത് മിഷണറിമാരുടെയും മറ്റും സേവന പ്രവർത്തനങ്ങളെക്കുറിച്ചുള്ള കഥകൾ കേൾക്കാൻ ആഗ്നസ് അതീവ താല്പര്യം പ്രകടിപ്പിച്ചിരുന്നു.

അങ്ങനെ ഇരിക്കുമ്പോഴാണ് ഇന്ത്യയെക്കുറിച്ചു ആഗ്നസ് അറിയുന്നത്. ഇന്ത്യ ഒരു ദരിദ്ര രാജ്യമാണ് എന്നും അവിടെ ഉള്ള ആളുകൾ വളരെ കഷ്ടതയിലാണെന്നും അവൾക്കു അറിയാമായിരുന്നു.  ബംഗാളിലെ പാവപ്പെട്ട ജനങ്ങളെക്കുറിച്ചും, അവിടുത്തെ ജാതി സമ്പ്രദായത്തെക്കുറിച്ചും ഒക്കെയുള്ള അറിവുകൾ ആഗ്നസിനു ലഭിച്ചത് ഇന്ത്യയിൽ പ്രേഷിത പ്രവർത്തനത്തിന് പോയ ഒരു വൈദികന്റെ കത്തിൽ നിന്നുമാണ്. അവിടുത്തെ അവസ്ഥകൾ മനസിലാക്കിയ ആഗ്നസ് ഇന്ത്യയിലേക്ക് പോകുവാൻ അതിയായി ആഗ്രഹിച്ചു. പതിനെട്ടാം വയസിൽ വീടുവിട്ട ആഗ്നസ് സിസ്റ്റേഴ്സ് ഓഫ് ലൊറേറ്റോ എന്ന സന്യാസിനി സഭയിൽ ചേർന്നു. അപ്പോഴും ഇന്ത്യയിൽ എത്തണം എന്ന് അതിയായി ആഗ്രഹിച്ചു. അങ്ങനെ ഇരിക്കുമ്പോഴാണ് ലോറെറ്റോ ആശ്രമം തങ്ങളുടെ ഇന്ത്യയിലുള്ള സ്കൂളുകളിൽ അദ്ധ്യാപകരാകാൻ താൽപര്യമുള്ളവരെ  അന്വേഷിക്കുന്നത്. ഇതറിഞ്ഞ ആഗ്നസ് തന്റെ സമ്മതവും ആഗ്രഹവും അവരെ അറിയിച്ചു. അങ്ങനെ അവൾ ഇന്ത്യയിലെത്തി.

ഇവിടുത്തെ ജനങ്ങളുടെ അവസ്ഥ താൻ ഇതുവരെ അറിഞ്ഞതിലും പരിതാപകരമായിരുന്നു എന്നു ആഗ്നസിനു മനസിലായി. അദ്ധ്യാപകവൃദ്ധിയിൽ തെരേസ സംതൃപ്തയായിരുന്നെങ്കിലും കൊൽക്കത്തയിൽ തനിക്കു ചുറ്റും നിറഞ്ഞു നിന്ന ദരിദ്ര ജീവിതങ്ങൾ അവരുടെ മനസ്സിനെ അസ്വസ്ഥമാക്കി. അവർക്കായി പ്രവർത്തിക്കുകയാണ് തന്നെക്കുറിച്ചുള്ള ദൈവിക പദ്ധതി എന്ന് തിരിച്ചറിഞ്ഞ മദർ ലൊറെറ്റോ സഭ വിട്ടിറങ്ങി. കൊൽക്കത്തയുടെ തെരുവുകളിലേയ്ക്ക് ഇറങ്ങി. കലാപം വരുത്തിയ മുറിവുകളിൽ ദൈവ സ്നേഹം പകർന്നു. ആ മുറിവുകൾ വെച്ച് കെട്ടി. വേദനിക്കുന്നവർക്കായി രാപ്പകലില്ലാതെ ഓടി നടന്ന മദറിന്റെ മാതൃക അനുകരിച്ചു ധാരാളം ആളുകൾ എത്തി. അവർക്കായി മിഷനറീസ് ഓഫ് ചാരിറ്റി എന്ന സന്യാസ സമൂഹം സ്ഥാപിച്ചു.

അങ്ങനെ ഇന്ത്യക്കാരിയല്ലാതിരുന്ന മദർ തെരേസ ഇന്ത്യക്കാരുടെ, കൊൽക്കത്തയുടെ വിശുദ്ധയായി. ഇന്ത്യയിലെ വേദനിക്കുന്നവരെ തേടി എത്തിയ വിശുദ്ധ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.