മദര്‍ തെരേസയുടെ വിശുദ്ധിയെ കുറിച്ച് വൈദികന്റെ സാക്ഷ്യം

വീരോചിതമായ ഒട്ടേറെ പ്രവർത്തികൾ ജീവിതത്തിൽ കാഴ്ചവച്ച വ്യക്തിയാണ് വിശുദ്ധ മദർ തെരേസ. അഗതികളും പാവങ്ങളും രോഗികളുമായവർക്ക് മടുപ്പില്ലാതെ സേവനം ചെയ്തതും ലക്ഷക്കണക്കിനാളുകൾക്ക് സുവിശേഷത്തിന് സാക്ഷിയായതും അതിൽ ചിലതുമാത്രം. എന്നാൽ മദർ തെരേസയുടെ ഇത്തരം സേവനങ്ങളിൽ നിന്നെല്ലാം വേറിട്ടുനില്‍ക്കുന്ന മറ്റൊരു സ്വഭാവസവിശേഷത കൂടിയുണ്ടായിരുന്നു. മറ്റെല്ലാത്തിനേക്കാളും തന്നെ സ്പർശിച്ചത് അതാണെന്നാണ് മദറിനെ വിശുദ്ധ പദവിയിലേയ്ക്ക് ഉയർത്തുന്നതിന് മേൽനോട്ടം വഹിച്ച ഫാ. ബ്രെയാൻ കൊളോഡിയചെക്ക് പറയുന്നത്. ആത്മീയ അന്ധകാരത്തെക്കുറിച്ചുള്ള അനുഭവവും ദൈവത്താൽ ഉപേക്ഷിക്കപ്പെട്ടതായുളള തോന്നലുമായിരുന്നു അത്. ജീവിതത്തിന്റെ ബഹുഭൂരിപക്ഷം സമയങ്ങളിലും അതവരോടൊപ്പം ഉണ്ടായിരുന്നുതാനും.

ആത്മീയ അന്ധകാരം എന്ന ചിന്തയിൽ നിന്ന് ഉരുത്തിരിഞ്ഞ നിർമ്മലമായ ജീവിതവും അന്ധമായ വിശ്വാസവുമാണ് മദറിന്റെ ഏറ്റവും വലിയ വീരോചിത പ്രവർത്തി. 1989 ൽ മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി ഫാദേഴ്സ് എന്ന സഭാംഗമായ ഫാ. കൊളോഡിയചെക്ക് പറയുന്നു. അത്യഗാധവും ദീർഘവുമായ ഏകാന്തത അനുഭവിക്കുന്ന സമയത്തും അതുവകവയ്ക്കാതെ സഹജീവികളോട് മദർ ചെയ്തുകൊണ്ടിരുന്ന കാര്യങ്ങളാണ് വീരോചിതമായത്.

1910 ഓഗസ്റ്റ് 26 ന് ജനിച്ച ആഗ്നസ് എന്ന മദര്‍ തെരേസ തന്റെ പതിനേഴാമത്തെ വയസിലാണ് ‘സിസ്റ്റേഴ്‌സ് ഓഫ് ലൊറേറ്റോ’ എന്ന സന്ന്യാസ സഭയില്‍ ചേര്‍ന്നത്. എന്നാല്‍ അവിടെ നിന്നിറങ്ങി തെരുവുകളില്‍ ചെന്ന് അശരണര്‍ക്കായി ശുശ്രൂഷ ചെയ്യാനാണ് തന്നെ ദൈവം നിയോഗിച്ചിരിക്കുന്നതെന്ന് മനസിലാക്കിയ മദര്‍ അതുതന്നെ ചെയ്തു. 1950 ല്‍ ആദ്യ സന്ന്യാസിനീസഭ ആരംഭിച്ചു.പിന്നീട് 1968ലും 1976ലും 1979 ലുമൊക്കെയായി വൈദികര്‍ക്കും അത്മായര്‍ക്കുമുള്‍പ്പെടെ സജീവവും അല്ലാത്തതുമായ നിരവധി സന്ന്യാസമൂഹങ്ങള്‍ക്കും അവര്‍ രൂപംകൊടുത്തു. പാവങ്ങളില്‍ പാവങ്ങളായവര്‍ക്കുവേണ്ടിയാണ് ഓരോ സന്ന്യാസസമൂഹവും പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്.

“പൊതുവെ ഒരാളെ വിശുദ്ധനോ വിശുദ്ധയോ ആയി പ്രഖ്യാപിക്കുമ്പോള്‍ അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ വീരോചിത പ്രവര്‍ത്തിയെ ആണ് പരിഗണിക്കുക. എന്നാല്‍ മദര്‍ തെരേസയുടെ കാര്യത്തില്‍ അവരുടെ ജീവിതം മുഴുവന്‍ വീരോചിതമായാണ് ജീവിച്ചത്. ഞാന്‍ സ്വയം കണ്ട് മനസിലാക്കിയതും മറ്റുള്ളവര്‍ പറഞ്ഞതിലൂടെ അറിഞ്ഞതുമാണത്”. ഫാ. കൊളോഡിയചക്ക് പറയുന്നു. വിളിക്കുള്ളിലെ വിളി തിരിച്ചറിഞ്ഞ് ലൊറോറ്റോ സഭയില്‍ നിന്നിറങ്ങി അമ്പത് വര്‍ഷത്തിലധികം മദര്‍ അനുഭവിച്ച ഏകാന്തതയും ഇരുളുമാണ് അവരുടെ ജീവിതത്തെ മഹത്ത്വരമാക്കിയത്. അവരുടേതായി നാം കണ്ടിട്ടുള്ള ചിത്രങ്ങളിലെല്ലാം നിറഞ്ഞ പുഞ്ചിരിയാണ് കാണുന്നതെങ്കിലും ഉള്ളില്‍ തീവ്രമായ ഒറ്റപ്പെടലും ദൈവത്തില്‍ നിന്നുള്ള മൗനവും അവഗണനയും അപ്പോഴെല്ലാം അവരെ വേട്ടയാടിയിരുന്നു.

“1957 ല്‍ തന്റെ ആത്മീയ ഗുരുവിന് അയച്ച കത്തില്‍ മദര്‍ ഇതെല്ലാം വ്യക്തമാക്കിയിട്ടുണ്ട്. തന്റെ പ്രാര്‍ത്ഥനയും നിലവിളിയും കേള്‍ക്കാന്‍ ആരുമില്ലാത്തതായാണ് മദര്‍ കത്തില്‍ പരിഭവപ്പെട്ടിരുന്നത്. എന്നാല്‍ മദറിനെ മനസിലാക്കിയിട്ടുള്ളവര്‍ക്ക് ഇതില്‍ നിന്ന് മനസിലായ ഒരു കാര്യമുണ്ട്. ഈശോയുടെ പീഡാനുഭവ വേളകളില്‍ അവിടുന്ന് അനുഭവിച്ച ഒറ്റപ്പെടലിലൂടെയും വേദനയിലൂടെയുമാണ് സ്വര്‍ഗ്ഗീയ പിതാവ് ആ സമയങ്ങളിലെല്ലാം മദറിനെ കടത്തിവിട്ടുകൊണ്ടിരുന്നത് എന്ന്. ആത്മീയാന്ധകാരത്തിന്റെ കാര്യം പറയുമ്പോഴെല്ലാം ആളുകള്‍ മദറിനെ ഉദാഹരണമാക്കുകയും ചെയ്തു. കാരണം വലിയ മിസ്റ്റിക്കുകള്‍ എല്ലാം അത്തരത്തില്‍ ആത്മീയാന്ധകാരം തങ്ങളുടെ ജീവിതതത്തില്‍ അനുഭവിച്ചവരാണല്ലോ. മിസ്റ്റിക്ക് ആയിരുന്നെങ്കിലും എളിയവരില്‍ എളിയവളായി ജീവിച്ച വ്യക്തിയാണ് മദര്‍ തെരേസ. അതായിരുന്നു അവരുടെ പ്രത്യേകതയും”. ഫാ കൊളോഡിയചക്ക് പറയുന്നു.

മിഷനറീസ് ഓഫ് ചാരിറ്റിയുടെ സുപ്പീരിയര്‍ ജനറലായി മദറിനെ തെരഞ്ഞെടുത്തപ്പോള്‍ അഭിനന്ദനങ്ങളുമായി തന്നെ സമീപിച്ചവരോട് മദര്‍ പറഞ്ഞതിങ്ങനെയാണ്…. “സ്ഥാനമാനങ്ങള്‍ക്ക് യാതൊരുവിലയുമില്ല. എനിക്ക് മദറായിരുന്നാല്‍ മതി. അതായത് അമ്മ”. ദൈവം തന്നെ പരിഗണിക്കുന്നതായി തോന്നിയിരുന്നില്ലെങ്കിലും ദൈവത്തിന്റെ വാത്സല്യത്തിലും സ്‌നേഹത്തിലും മദറിന് പൂര്‍ണ്ണ വിശ്വാസമായിരുന്നു. കരുണ എന്ന വാക്കിനേക്കാളും മദര്‍ വിശ്വസിച്ചിരുന്നതും പ്രഘോഷിച്ചിരുന്നതും ദൈവത്തിന്റെ വാത്സല്യത്തെയായിരുന്നു. കൊടുക്കുന്നതിലൂടെ മാത്രമേ നമുക്ക് തിരിച്ച് കിട്ടുകയുള്ളു എന്ന വിശ്വാസമാണ് മദറിനെ നയിച്ചുകൊണ്ടിരുന്നത്. അതുതന്നെയായിരുന്നു അവരുടെ പുണ്യപ്രവര്‍ത്തികളുടെ ആധാരവും. അതുകൊണ്ടാണ് പരസ്‌നേഹത്തിലൂടെ ദൈവസ്‌നേഹത്തിലേയ്ക്ക് മദര്‍ എത്തിച്ചേര്‍ന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ