മദര്‍ തെരേസയുടെ കത്ത് നെഞ്ചോട് ചേര്‍ത്ത മലയാളി 

“തിരിച്ചു മറുപടി കിട്ടുമെന്നോനും പ്രതീക്ഷിച്ചില്ല. എന്നാല്‍ കിട്ടിയപ്പോള്‍ ഉള്ള സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയാത്തതായിരുന്നു ” പറയുന്നത് മാണി വി പോള്‍ എന്ന മലയാളിയാണ്. മദര്‍ തെരേസ അദ്ദേഹത്തിനയച്ച ഒരു കത്ത് ഇന്നും നിധി പോലെ സൂക്ഷിക്കുകയാണ് മാണി വി പോള്‍.

തിരുവനന്തപുരത്തെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ അനാഥാലയത്തിലെ ഒരു  സ്ഥിരം സന്ദർശകനായിരുന്നു മാണി. അത്യാവശ്യം വേണ്ട കാര്യങ്ങളൊക്കെ അവിടുത്തെ അന്തേവാസികൾക്കായി ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ സന്ദര്‍ശനങ്ങളുടെ ലക്ഷ്യം. അങ്ങനൊരു ദിവസം എത്തിയപ്പോഴാണ് മദർ വന്നിരുന്നുവെന്നും തന്നെ അന്വേഷിച്ചുവെന്നും അവിടുത്തെ മദർ സുപ്പിരിയര്‍ അറിയിച്ചത്. ഉടന്‍ തന്നെ നന്ദി അറിയിച്ചു കൊണ്ട് ഒരു കത്ത് മദറിനു പോസ്റ്റ്‌ ചെയ്തു. വൈകാതെ മാണിയെ തേടി ഒരു കത്ത് വന്നു. അത്ഭുതം! മദര്‍ തെരേസയുടെ മറുപടി എത്തിയിരിക്കുന്നു.

കത്തയച്ചതില്‍ സന്തോഷം ഉണ്ടെന്നും കല്‍ക്കട്ടയില്‍ വരണമെന്നും വരുമ്പോള്‍ താന്‍ അവിടെ ഉണ്ടെങ്കില്‍ തീര്‍ച്ചയായും കാണണം എന്നും മദര്‍ കത്തില്‍ എഴുതിയിരുന്നു. മാണിയുടെ പേരെടുത്തു അഭിസംബോധന ചെയ്തുകൊണ്ട് എഴുതിയ കത്തില്‍ മറ്റുള്ളവര്‍ക്ക് നന്മ ചെയ്യണം എന്നും മദര്‍ ഓര്‍മിപ്പിച്ചിരുന്നു. 1993-ലാണ് കത്ത് ലഭിക്കുന്നത്. ഈ കത്ത് ഇന്നും ഒരു നിധിപോലെ സൂക്ഷിക്കുകയാണ് മാണി വി പോള്‍. “ഞാൻ കരുതിയിരുന്നത് മദർ എല്ലാവർക്കും കത്തെഴുതുമായിരുന്നുവെന്നാണ്. എന്നാല്‍ ചുരുക്കം ചിലര്‍ക്ക് മാത്രമേ മദർ കത്തെഴുതിയിട്ടുള്ളൂവെന്ന് പിന്നീടാണ് അറിഞ്ഞത്. അതിലൊരാൾ ഞാനായതിനുള്ള നന്ദി ഞാന്‍ ഇപ്പോഴും പ്രാര്‍ഥനയില്‍ രേഖപ്പെടുത്തുന്നു,” അദ്ദേഹം പറഞ്ഞു.

മോട്ടിവേഷണല്‍ ട്രെയിനറായി ജോലിചെയ്യുന്ന ഇദ്ദേഹം നടിയും അവതാരകയുമായ പേളി മാണിയുടെ പിതാവാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.