അഞ്ചു ഭാഷകളില്‍ പ്രാവീണ്യം നേടിയ വിശുദ്ധ 

തോളില്‍ ഒരു സഞ്ചിയും കൈ വിരലുകളില്‍ കോര്‍ത്തിട്ട ജപമാലയുമായി ലോകം കീഴടക്കിയ ഒരു സാധാരണക്കാരി. ചിരി മായാത്ത മുഖവുമായി അനേകം പാവങ്ങളെ ജീവിതത്തിലേയ്ക്ക് കൈപിടിച്ച് കയറ്റാനായി കൊല്‍ക്കത്തയുടെ തെരുവുകളിലേയ്ക്ക് ദൈവം അയച്ച മാലാഖ, സേവനത്തിന്റെ മഹത്തായ മാതൃക നല്‍കി കടന്നുപോയ ആ കന്യാസ്ത്രിയെ ലോകം ‘കല്‍ക്കട്ടയുടെ അമ്മ’ എന്ന് സ്നേഹപൂര്‍വ്വം വിളിച്ചു. ഇതു മദര്‍ തെരേസ. ജന്മം കൊണ്ട് ഇന്ത്യക്കാരി അല്ലാതിരുന്നിട്ടും കര്‍മ്മം കൊണ്ട് ഇന്ത്യക്കാരുടെ കണ്ണീരോപ്പിയവള്‍.

മദര്‍ തെരേസയെക്കുറിച്ച് ഒരുപാട് കാര്യങ്ങള്‍ നാം കേട്ടിട്ടുണ്ട്. നന്മയുടെ നറുമണം കല്‍ക്കട്ടയിലെ തെരുവുകളില്‍ വിതരിയ മദര്‍ തെരേസ അഞ്ചു ഭാഷകളില്‍ പ്രാവിണ്യം നേടിയിരുന്നു. ഇതു പലര്‍ക്കും പുതിയ അറിവായിരിക്കാം. ഇനി അത് ഏതൊക്കെ എന്നല്ലേ ? പറയാം. മദര്‍ തെരേസ ജനിച്ചത് അല്‍ബേനിയയില്‍ ആയിരുന്നു. അതിനാല്‍ തന്നെ അല്‍ബേനിയന്‍ ഭാഷ മദറിനു ചെറുപ്പകാലം മുതല്‍ അറിയാമായിരുന്നു. കൂടാതെ ദക്ഷിണ സ്ലേവിക് ഭാഷകളില്‍ ഒന്നായ സെർബോ-ക്രൊയേഷ്യൻ ഭാഷ മദര്‍ തെരേസയ്ക്ക് അറിയാമായിരുന്നു.

വിവിധ സ്ഥലങ്ങളില്‍ ഉള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും അതിനായി നടത്തിയ യാത്രകളും ആളുകളുമായുള്ള ഇടപെടലുകളും മദറിന്റെ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ ഉള്ള പ്രാവിണ്യം വര്‍ദ്ധിക്കുന്നതിനു കാരണമായി. ഒടുവില്‍ കല്‍ക്കട്ടയിലെ വേദനിക്കുന്ന ആളുകളിലേയ്ക്ക് എത്തിയ മദര്‍ ബംഗാളി ഭാഷയും സ്വായത്തമാക്കി. സാധാരണക്കാരുടെ ഇടയില്‍ അവരുടെ ഭാഷ തന്നെ ഉപയോഗിക്കുവാന്‍ മദര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതിനാല്‍ തന്നെ, അവരോടുള്ള തന്റെ സാമിപ്യം കൂടുതല്‍ പ്രകടിപ്പിക്കുവാന്‍ തന്നെയാണ് മദര്‍ ഈ വഴി സ്വീകരിച്ചത്.

ഇത്രയധികം അറിവും അനുഭവ സമ്പത്തും ഉള്ള വ്യക്തിയാണ് തെരുവുകളില്‍ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടവര്‍ക്കായി ജീവിതം മാറ്റി വെച്ചത്. അവരുടെ മുറിവുകള്‍ വെച്ചുകെട്ടാനായി അവരെക്കാള്‍ താഴ്ന്നു കൊടുത്തത്. അവര്‍ക്കായി സമ്പന്നരുടെ മുന്നില്‍ കൈനീട്ടി ആക്ഷേപങ്ങളും അധിക്ഷേപങ്ങളും ഏറ്റുവാങ്ങിയത്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.