പരിശുദ്ധ കന്യാമറിയം പാപികളുടെയും അമ്മയാണ്: ഫ്രാന്‍സിസ് പാപ്പാ

ലോകത്തിലെ ഏറ്റവും വലിയ പാപിക്കും പരിശുദ്ധ കന്യാമറിയത്തിന്റെ സ്നേഹം അനുഭവിക്കുവാന്‍ കഴിയും എന്ന് ഫ്രാന്‍സിസ് പാപ്പാ. ഒക്ടോബര്‍ പത്താം തിയതി ഇറ്റാലിയന്‍ ഭാഷയില്‍ പ്രസിദ്ധീകരണത്തിനു തയ്യാറാക്കിയ ‘ആവേ മരിയ’ എന്ന പുസ്തകത്തിലാണ് ഫ്രാന്‍സിസ് പാപ്പാ പരിശുദ്ധ മറിയത്തിന്റെ സ്നേഹത്തെക്കുറിച്ചു ചേര്‍ത്തിരിക്കുക.

“അഴിമതിക്കാരുടെ അമ്മയാകുവാന്‍ മറിയത്തിനു കഴിയില്ല. കാരണം അഴിമതിയിലൂടെ അവര്‍ തങ്ങളുടെ അമ്മയെ പോലും വില്‍ക്കാന്‍  തയ്യാറാകും. തങ്ങളുടേതായ എല്ലാം അവര്‍ മറ്റുള്ളവര്‍ക്ക് വില്‍ക്കും. സാമ്പത്തികമോ ബൗദ്ധികമോ രാഷ്ട്രീയമോ ആകട്ടെ ഇത്തരക്കാര്‍ സ്വന്തം ലാഭം മാത്രമേ നോക്കുകയുള്ളൂ” . പാപ്പാ പറഞ്ഞു.

‘ദൈവ പുത്രന്റെ മാതാവ് എന്ന നിലയില്‍ അസാധാരണമായ ജീവിതം നയിക്കാന്‍ മറിയത്തിനു കഴിയുമായിരുന്നു. എങ്കിലും അവയെല്ലാം മാറ്റിവച്ചു അവള്‍ സാധാരണ ഒരു സ്ത്രീയെപ്പോലെ ജീവിച്ചു. ഈ ലോകത്തിലെ ഏതു സ്ത്രീക്കും അനുകരിക്കാൻ കഴിയുന്ന ഒരു വ്യക്തിത്വമായി അവള്‍ മാറി. മറിയം സാധാരണക്കാരിയെ പോലെ കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി. ഭര്‍ത്താവിനെ ശുശ്രൂഷിച്ചു. ജോലി ചെയ്തു. മകനെ വളര്‍ത്തി. ജനങ്ങളുമായുള്ള സഹകരണത്തില്‍ ജീവിച്ചു. സമൂഹത്തിലെ ഉന്നതകുലജാതരായ ആളുകളുമായുള്ള ബന്ധത്തില്‍ നിന്ന് പാപത്തിലേയ്ക്ക് തിരിയാമായിരുന്നിട്ടും അവള്‍ അതിനെ എല്ലാം അതിജീവിച്ചു. പാപ്പാ ചൂണ്ടിക്കാട്ടി.

ഉന്നതകുലം എന്നുദ്ദേശിച്ചത് ഒരു സാമൂഹിക വിഭാഗത്തെയല്ല. മറിച്ചു ആത്മാവിന്റെ ഭാവത്തെയാണ് എന്ന് വ്യക്തമാക്കിയ പാപ്പാ മറിയത്തിന്റെ സംരക്ഷണം ഏറ്റവും പാപിയായ വ്യക്തിക്ക് പോലും ലഭിക്കും എന്നും അതിനായി അമ്മയോട് പ്രാര്‍ത്ഥിക്കണം എന്നും ഓര്‍മിപ്പിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.