ക്യൂബയിലെ കാരുണ്യത്തിന്റെ അമ്മ 

ജപമാല മാരത്തോണിന്റെ 20-ാം ദിനത്തിൽ പരിശുദ്ധ പിതാവിനൊപ്പം ജപമാല സമർപ്പിക്കപ്പെടുമ്പോൾ ലോകമെമ്പാടുമുള്ള ഫാർമസിസ്റ്റുകളെയും ആരോഗ്യപ്രവർത്തകരെയുമാണ് ഇന്നേ ദിനം ഓർമ്മിക്കുന്നത്. മഹാമാരിയിൽ നമ്മുടെ ആരോഗ്യത്തിന് ഈ ഭൂമിയിൽ കാവൽ നിൽക്കുന്ന എല്ലാവരെയും സ്വർഗ്ഗീയമദ്ധ്യസ്ഥയുടെ മുൻപിൽ ഭരമേല്പിക്കാം. ക്യൂബയിലെ പരിശുദ്ധ ദൈവമാതാവിന്റെ ‘മൈനർ ബസിലിക്ക ഓഫ് ഔർ ലേഡി ഓഫ് ചാരിറ്റി ഓഫ് കോബ്രെ’ ദൈവാലയത്തിലാണ് പ്രത്യേക ജപമാല പ്രാർത്ഥന നടക്കുന്നത്. അത്ഭുതങ്ങൾ നിറഞ്ഞ ദൈവാലയത്തിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ രൂപത്തെക്കുറിച്ചുള്ള വിവരങ്ങളും ക്യൂബൻ ജനതയുടെ വിശ്വാസത്തിനും സംസ്കാരത്തിനും അടിത്തറയിട്ട ചില കാര്യങ്ങളുമാണ് ഇന്ന് ലൈഫ് ഡേയിൽ.

കടലിൽ നിന്ന് ലഭിച്ച പരിശുദ്ധ അമ്മയുടെ രൂപം

1682-ൽ കടൽ വെള്ളം വറ്റിച്ച് ഉപ്പുണ്ടാക്കുന്നതിനായി വെള്ളം ശേഖരിക്കുവാൻ ഉൾക്കടലിലേക്ക് മൂവർസംഘം യാത്ര തിരിച്ചു. മാംസ-സംസ്ക്കരണശാലയിലേക്കായിരുന്നു അവർക്ക് ഉപ്പ് ആവശ്യമായി വന്നത്. കപ്പലിലുണ്ടായിരുന്നത് സഹോദരങ്ങളായ രണ്ട് റെഡ് ഇന്ത്യന്‍സും ഒരു ആഫ്രിക്കൻ അടിമയായ ബാലനുമായിരുന്നു. റോഡറിഗോ, ജുവാൻ ഡി ഹൊയോസ്, ജുവാൻ മൊറേനോ എന്നിങ്ങനെയായിരുന്നു അവരുടെ പേരുകൾ.

യാത്രയിൽ ശക്തമായ കടൽക്ഷോഭവും കാറ്റും ഉണ്ടായി. അടിമബാലനായിരുന്ന ജുവാന്റെ കഴുത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ ഒരു ചെറിയ പതക്കം ഉണ്ടായിരുന്നു. അവൻ അതിൽ മുറുകെ പിടിക്കുകയും പരിശുദ്ധ അമ്മയോട് പ്രാർത്ഥിക്കുകയും ചെയ്തു. മൂന്നു പേരുടെയും അതിശക്തമായ പ്രാർത്ഥനയുടെ ഫലമായി കാറ്റ് ശമിക്കുകയും കടൽ ശാന്തമാകുകയും ചെയ്തു. പക്ഷേ, പെട്ടന്നു തന്നെ എന്തോ ഒരു വസ്തു വെള്ളത്തിനു മുകളിൽ ഒഴുകിവരുന്നത് അവരുടെ ദൃഷ്ടിയിൽപെട്ടു. തിര നയിച്ച അതേ ദിശയിൽ അവർ തുഴയുകയും ആ വസ്തുവിനരികെ എത്തുകയും ചെയ്തു. ആദ്യം ഒരു പക്ഷിയാണെന്നു തെറ്റിദ്ധരിച്ച അവർക്ക്, അതിനടുത്തെത്തിയപ്പോൾ അതൊരു പെൺകുട്ടിയുടെ രൂപമാണെന്നു മനസ്സിലായി. അവർ അത് വെള്ളത്തിൽ നിന്ന് എടുത്തു. സ്വർണ്ണദണ്ഡും പിടിച്ച് ഉണ്ണിയേശുവിനെ കൈകളിൽ പിടിച്ചു നിൽക്കുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ രൂപമാണ് അതെന്ന് അവർക്കു മനസ്സിലായി. വെള്ളത്തിൽ നിന്ന് എടുത്തതായിരുന്നെങ്കിൽ കൂടിയും അത് അല്പം പോലും നനഞ്ഞിട്ടില്ലായിരുന്നു. ആ രൂപത്തിന്റെ കൂടെ ഒരു ബോർഡും ഉണ്ടായിരുന്നു. “ഞാനാണ് കാരുണ്യത്തിന്റെ കന്യക” എന്നായിരുന്നു അതിൽ ആലേഖനം ചെയ്യപ്പെട്ടിരുന്നത്.

വളരെയധികം സന്തോഷത്തോടെയും ഭക്തിയോടെയും അവർ ബരജാഗ്വായിലേക്ക് തിരികെ പോയി. ഡോൺ ഫ്രാൻസിസ്‌കോ സാഞ്ചേസ് ഡേ മോയ എന്ന ഗവണ്മെന്റ് ഉദ്യോഗസ്ഥന്റെ കൈകളിൽ ഈ രൂപം അവർ ഏൽപ്പിച്ചു. ഉടൻ തന്നെ പരിശുദ്ധ അമ്മയുടെ ബഹുമാനാർത്ഥം ഒരു ചാപ്പൽ നിർമ്മികയുകയും ആ രൂപം അവിടെ പ്രതിഷ്ഠിക്കുകയും ചെയ്തു.

ഒരു ദിവസം രാത്രിയിൽ റോഡറിഗോ ചാപ്പലിൽ പോകുവാൻ ഇടയായി. പക്ഷേ, രൂപത്തെ ചാപ്പലിൽ കണ്ടെത്തുവാൻ അയാൾക്ക് കഴിഞ്ഞില്ല. കൂട്ടുകാരെയും കൂട്ടി രാത്രി മുഴുവൻ അന്വേഷിച്ചെങ്കിലും രൂപം കണ്ടെത്താനായില്ല. പക്ഷേ, ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് പിറ്റേ ദിവസം രാവിലെ രൂപം വീണ്ടും ചാപ്പലിൽ എത്തിച്ചേർന്നു. എന്നാൽ ചാപ്പലിന്റെ വാതിലുകളെല്ലാം പൂട്ടിയിട്ടിയിരുന്നു എന്നുള്ളതാണ് ഏവരെയും അത്ഭുതപ്പെടുത്തിയത്. മൂന്നു തവണ ഈ സംഭവം ആവർത്തിച്ചപ്പോൾ അവര്‍ക്ക് മനസ്സിലായി, പരിശുദ്ധ അമ്മ അവിടെ ഇരിക്കുവാൻ ഇഷ്ടപ്പെടുന്നില്ലെന്ന്. അങ്ങനെ അവർ എൽ കോബ്രെയിലെ ദൈവാലയത്തിൽ എത്തിച്ചേർന്നു. വളരെ വലിയ രീതിയിലുള്ള വരവേൽപ്പായിരുന്നു അവിടെ അമ്മയ്ക്ക് ലഭിച്ചത്.

കുറച്ച് നാളുകൾക്കുശേഷം ജബ്ബാ എന്ന് പേരുള്ള ഒരു കൊച്ചുപെൺകുട്ടി പൂമ്പാറ്റകളെ പിന്തുടർന്ന് സിയറ മാസ്ട്ര കുന്നിലേക്ക് കയറുകയുണ്ടായി. അവിടെ അവൾ അവരുടെ ‘കാരുണ്യത്തിന്റെ കന്യക’യുടെ രൂപം കണ്ടു. പക്ഷേ, ആദ്യമൊന്നും ഒരു കൊച്ചുപെൺകുട്ടിയുടെ സാക്ഷ്യത്തെ ആരും കണക്കിലെടുത്തില്ല. എന്നാൽ പിന്നീട് അവിടെ ഒരു ദൈവാലയം നിർമ്മിക്കുകയും രൂപം അവിടെ പ്രതിഷ്ഠിക്കുകയും ചെയ്തു.

1801 മെയ് 19-ന് എൽ കോബ്രെയുടെ ഭരണാധികാരിയായ ചാൾസ് നാലാമൻ രാജാവ് സ്പെയിനിൽ നിന്ന് ഒരു കൽപന പുറപ്പെടുവിച്ചു (അക്കാലത്ത് സ്‌പെയിനിന്റെ നാട്ടുരാജ്യമായിരുന്നു ക്യൂബ). എൽ കോബ്രെയിലുണ്ടായിരുന്ന ചെമ്പുഖനിയിൽ ജോലി ചെയ്തുകൊണ്ടിരുന്ന എല്ലാ അടിമകളെയും മോചിപ്പിക്കുവാനുള്ള തീരുമാനമായിരുന്നു അത്. ക്യൂബയുടെ ചരിത്രത്തിലെ തന്നെ വലിയൊരു അത്ഭുതമായിട്ടാണ് അതിനെ ക്യൂബന്‍ ജനത കണ്ടത്. മാതാവിന്റെ രൂപത്തിന്റെ ആഗമനോദ്ദേശ്യം പോലും അതായിരുന്നു എന്ന് അവർ ഉറപ്പിച്ചു. അതിനുശേഷം ചെമ്പുപാത്രങ്ങൾ വാങ്ങി, മാതാവിന്റെ അടുക്കൽ കൊണ്ടുവന്നു പ്രാർത്ഥിച്ചതിനുശേഷം മാത്രം വീട്ടിലേക്ക് കൊണ്ടുപോകുന്ന ഒരു പതിവ് അവർക്കിടയിൽ ആരംഭിച്ചു. പരിശുദ്ധ അമ്മ പ്രവർത്തിച്ച ആ വലിയ അത്ഭുതത്തിന്റെ സ്മരണാർത്ഥമാണ് അവർ ഇങ്ങനെ ചെയ്തുവരുന്നത്.

പിന്നീട് 16  ഇഞ്ച് ഉയരമുള്ള രൂപത്തെ വളരെ പ്രാധാന്യത്തോടെയാണ് ക്യൂബൻ ജനത കാണുന്നത്. തങ്ങളുടെ ജീവിതത്തിന്റെയും സംസ്കാരത്തിന്റെയും ആധാരമായ പരിശുദ്ധ അമ്മയെ നന്നായി അണിയിച്ചൊരുക്കിയിട്ടുണ്ട് അവർ. വെളുത്ത നിറത്തിലുള്ള രൂപമാണെങ്കിലും വെള്ളി നിറമുള്ള തുണിയിൽ  സ്വര്‍ണ്ണമുത്തുകളും കല്ലുകളും കൊണ്ടാണ് വസ്ത്രം നിർമ്മിച്ചിരിക്കുന്നത്. വലതു കൈയ്യിൽ സ്വർണ്ണദണ്ഡും ഇടതുകൈയിൽ ഉണ്ണിയേശുവുമുണ്ട്. ഉണ്ണിയേശുവിന്റെ വലതുകരം ലോകത്തെ അനുഗ്രഹിക്കുന്നു; ഇടതുകരത്തിൽ ഭൂഗോളം പിടിച്ചിരിക്കുന്നു. ചന്ദ്രക്കലയിൽ പാദമുറപ്പിച്ചിരിക്കുന്ന രൂപത്തിന് ഇരുവശവും കെരൂബുകളും ഉണ്ട്. സ്വർണ്ണ കിരീടവും തലയ്ക്കു ചുറ്റും ഹാലോയും ഉള്ള അമ്മയുടെ പിന്‍ഭാഗത്ത് ‘കൊടുംകാറ്റിനിടയിലും സാഗരത്തിന്റെ മുകളിലൂടെ നടന്ന കാരുണ്യത്തിന്റെ പരിശുദ്ധ കന്യക’ എന്ന് അർത്ഥം വരുന്ന ലത്തീൻ വാക്യം ആലേഖനം ചെയ്തിരിക്കുന്നു.

സെപ്റ്റംബർ എട്ടിന് തിരുനാൾ ആഘോഷിക്കുന്ന അമ്മയെ ക്യൂബയുടെ നാഥയായി, ബെനെഡിക്ട് XV-മന്‍ പാപ്പായാണ് പ്രഖ്യാപിച്ചത്. ക്യൂബയെ ദേശീയ തീർത്ഥാടനാലയമായി ഉയർത്തിയത് 1926-ലാണ്.

സുനീഷാ നടവയല്‍

മരിയൻ മാരത്തോൺ പ്രാർത്ഥന 20: നിയോഗം – ഫാർമസിസ്റ്റുകള്‍, ആരോഗ്യപ്രവർത്തകര്‍

1. തിരി കൊളുത്തുക

(പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുസ്വരൂപത്തിന്റെ മുമ്പിലോ ഛായചിത്രത്തിന്റെ മുമ്പിലോ തിരി കത്തിച്ചു കൊണ്ട് ആരംഭിക്കുക)

2. തിരുവചന ഭാഗം വായന: ലൂക്കാ 18: 1-8 (വി. ലൂക്കാ സുവിശേഷം പതിനെട്ടാം അദ്ധ്യായം ഒന്നു മുതൽ എട്ടു വരെയുള്ള തിരുവചന ഭാഗം വായിക്കുക).

ഭഗ്‌നാശരാകാതെ എപ്പോഴും പ്രാര്‍ഥിക്കണം എന്നു കാണിക്കാന്‍ യേശു അവരോട്‌ ഒരു ഉപമ പറഞ്ഞു: ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ മാനിക്കുകയോ ചെയ്യാത്ത ഒരു ന്യായാധിപന്‍ ഒരു പട്ടണത്തില്‍ ഉണ്ടായിരുന്നു. ആ പട്ടണത്തില്‍ ഒരു വിധവയും ഉണ്ടായിരുന്നു. അവള്‍ വന്ന്‌ അവനോട്‌, എതിരാളിക്കെതിരേ എനിക്കു നീതി നടത്തിത്തരണമേ എന്ന് അപേക്ഷിക്കുമായിരുന്നു. കുറേ നാളത്തേക്ക്‌ അവന്‍ അതു ഗൗനിച്ചില്ല. പിന്നീട്‌, അവന്‍ ഇങ്ങനെ ചിന്തിച്ചു: ഞാന്‍ ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ മാനിക്കുകയോ ചെയ്യുന്നില്ല. എങ്കിലും ഈ വിധവ എന്നെ ശല്യപ്പെടുത്തുന്നതുകൊണ്ടു ഞാന്‍ അവള്‍ക്കു നീതി നടത്തിക്കൊടുക്കും. അല്ലെങ്കില്‍, അവള്‍ കൂടെക്കൂടെ വന്ന്‌ എന്നെ അസഹ്യപ്പെടുത്തും.

കര്‍ത്താവ്‌ പറഞ്ഞു: നീതിരഹിതനായ ആ ന്യായാധിപന്‍ പറഞ്ഞത് എന്തെന്ന്‌ ശ്രദ്ധിക്കുവിന്‍. അങ്ങനെയെങ്കില്‍, രാവും പകലും തന്നെ വിളിച്ചു കരയുന്നതന്റെ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കു ദൈവം നീതി നടത്തിക്കൊടുക്കുകയില്ലേ? അവിടുന്ന്‌ അതിനു കാലവിളംബം വരുത്തുമോ? അവര്‍ക്കു വേഗം നീതി നടത്തിക്കൊടുക്കും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. എങ്കിലും, മനുഷ്യപുത്രന്‍ വരുമ്പോള്‍ ഭൂമിയില്‍ വിശ്വാസം കണ്ടെത്തുമോ?

3. വിചിന്തനം പങ്കുവയ്ക്കുക

(വചനവായനയ്ക്കു ശേഷം അല്പം നിശബ്ദ വിചിന്തനത്തിനുള്ള സമയം അനുവദിക്കുക. കാർമ്മികൻ താഴെ പറയുന്നതോ തത്തുല്യമായ മറ്റെതെങ്കിലും വ്യഖ്യാനം നൽകുക.)

പ്രിയ സഹോദരീ സഹോദരന്മാരേ, പകർച്ചവ്യാധിയുടെ സമയം നമ്മുടെ ജീവിതത്തെ സാരമായി ബാധിച്ചു. പരീക്ഷണങ്ങളുടെ ഈ സമയം വിശ്വാസത്തിനു സാക്ഷ്യം വഹിക്കുവാനും പ്രത്യാശ പരിപോഷിപ്പിക്കുവാനും ആത്മീയവും ശാരീരികവുമായ കാരുണ്യപ്രവർത്തങ്ങളിൽ ഏർപ്പെടാനുമുള്ള നല്ല അവസരമാണ്.

പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതിന്നാലും മരണസമയത്തും ശവസംസ്കാര ശുശ്രൂഷയിൽ പോലും അവരോടൊപ്പം സന്നിഹിതരായാൽ കഴിയാത്തതിന്റെ തീവ്രദുഃഖം നമ്മളിൽ ചിലരിൽ തങ്ങിനിൽക്കുന്നു. കുടുബപരവും സാമൂഹികവുമായ ബന്ധങ്ങൾ കഠിനമായ പരീക്ഷണങ്ങൾക്കു വിധേയമായി. സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും കുടുബങ്ങളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്നു. ഈ അനുഭവങ്ങളിൽ, ആദിമ ക്രൈസ്തവസമൂഹം എന്തു ചെയ്തു എന്ന്  അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽ മനോഹരമായി വിവരിച്ചിരിക്കുന്നു. “സഭ അവനുവേണ്ടി ദൈവത്തോടു തീക്ഷ്ണമായി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു” (അപ്പ. പ്രവ. 12:5). നമ്മുടെ യാചനകൾ കേൾക്കാനായി ദൈവസന്നിധിയിലേക്കു നമ്മുടെ പ്രാർത്ഥനകൾ ഉയർത്താം.

4. പരിശുദ്ധ മാതാവിന്റെ സ്തുതിക്കായുള്ള ഒരു ഗാനം ആലപിക്കുക

5. ജപമാല പ്രാർത്ഥന ചൊല്ലുക

നമ്മൾ ഇപ്പോൾ കത്തിച്ച തിരി മഹാവ്യാധിയുടെ അവസാനത്തിനായി പ്രാർത്ഥിക്കാൻ നമ്മൾ വിളിക്കപ്പെട്ടിരിക്കുന്നു എന്നു ഓർമ്മപ്പെടുത്തുന്നു. ഈ പ്രാർത്ഥനാലയത്തിൽ ജാഗ്രതയോടെ വ്യാപരിക്കാൻ എല്ലാവരെയും ക്ഷണിക്കുന്നു. ശരീരികമായി സന്നിഹിതമാകാൻ കഴിയില്ലങ്കിലും ആത്മീയമായി സ്വഭവനങ്ങളിലും ജോലിസ്ഥലങ്ങളിലും ഇടവക സമൂഹങ്ങളിലും ഇരുന്നുകൊണ്ട് ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തോടു ഈ പരീക്ഷണകാലങ്ങൾ അതിജീവിക്കാനായി നമുക്കു മദ്ധ്യസ്ഥം തേടാം.

നമുക്കു പ്രാർത്ഥിക്കാം

ഓ പരിശുദ്ധ ദൈവമാതാവേ, ഞങ്ങൾ നിന്റെ സംരക്ഷണം തേടി നിന്റെ പക്കൽ വരുന്നു. ഓ ഭാഗ്യവതിയും മഹത്വപൂർണ്ണയുമായ കന്യകയേ, ഞങ്ങളുടെ ആവശ്യങ്ങളിൽ ഞങ്ങളുടെ അപേക്ഷകളെ നീ തള്ളിക്കളയരുതേ. എല്ലാ അപകടങ്ങളിൽ നിന്നും ഞങ്ങളെ വിടുവിപ്പിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും. ആമ്മേൻ

പ്രിയ സഹോദരീസഹോദരന്മാരെ, പരിശുദ്ധ പിതാവിനോടുള്ള  ഐക്യത്തിൽ വലിയ പരീക്ഷണങ്ങളുടെ ഈ നാളുകളിൽ ആദിമ ക്രൈസ്തവസമൂഹങ്ങളെപ്പോലെ പരിശുദ്ധ കന്യകാമറിയത്തിന്റെ മദ്ധ്യസ്ഥതയിലൂടെ നമ്മളെ അലട്ടുന്ന കോവിഡ് എന്ന മഹാവ്യാധി അവസാനിക്കുന്നതിനായി നമ്മുടെ പ്രാർത്ഥനകള ദൈവസന്നിധിയിലേക്ക് ഉയർത്താം.

ഇന്നേ ദിനം പ്രത്യേകമായി, അൾജീരിയയിലെ ഔർ ലേഡി ഓഫ് ആഫ്രിക്കയിലേക്ക് പ്രതീക്ഷ നഷ്ടപ്പെട്ട എല്ലാവരെയും സമർപ്പിച്ചു നമുക്കു പ്രാർത്ഥിക്കാം. പരിശുദ്ധ കന്യകാമറിയത്തിന്റെ ചിത്രത്തിനു മുമ്പിൽ എരിയുന്ന ഈ തിരികൾ നമ്മുടെ അന്ധകാരത്തിന്റെ നിമിഷങ്ങളെ പ്രകാശിപ്പിക്കുകയും വെളിച്ചത്തിന്റെ പുതിയ അരുണോദയത്തിലേക്കു നമ്മുടെ ജീവിതങ്ങളെ പരിവർത്തനം ചെയ്യുകയും ചെയ്യട്ടെ.

(ഇപ്പോൾ നമുക്കു ജപമാല പ്രാർത്ഥന ജപിക്കാം. ജപമാലയുടെ അവസാനം ലുത്തിനിയാ, മരിയൻ ഗീതങ്ങൾ എന്നിവ  പാടാവുന്നതാണ്.)

6. പ്രാർത്ഥന

ഓ പരിശുദ്ധ ദൈവമാതാവേ, ഞങ്ങൾ നിന്റെ സംരക്ഷണം തേടി വരുന്നു. ലോകം മുഴുവൻ കഷ്ടപ്പാടുകൾക്കും ഉത്കണ്ഠകൾക്കും ഇരയായിരിക്കുന്ന ഈ ദാരുണസാഹചര്യത്തിൽ ദൈവമാതാവും ഞങ്ങളുടെ അമ്മയുമായ നിന്റെ പക്കലേക്കു ഞങ്ങൾ ഓടിവരുകയും നിന്റെ സംരക്ഷണത്തിൽ അഭയം തേടുകയും ചെയ്യുന്നു.

കന്യകാമറിയമേ, കോറോണ വൈറസ് തീർക്കുന്ന പകർച്ചവ്യാധിക്കിടയിൽ നിന്റെ കരുണയുള്ള കണ്ണുകൾ ഞങ്ങളുടെ നേരേ തിരിക്കണമേ. അസ്വസ്ഥരായവരെയും പ്രിയപ്പെട്ടവരുടെ വേർപാടു മൂലം വിലപിക്കുന്നവരെയും ആശ്വസിപ്പിക്കണമേ. പ്രിയപ്പെട്ടവരുടെ രോഗം മൂലം ആകുലചിത്തരായിരിക്കുന്നവരോടും രോഗം പടരാതിരിക്കാൽ പ്രിയപ്പെട്ടവരിൽ നിന്ന് അകന്നു  നിൽക്കുന്നവരോടും നീ ചേർന്നുനിൽക്കണമേ. ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങളാലും സമ്പദ്വ്യവസ്ഥയും തൊഴിലില്ലായ്മയും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളാൽ വിഷമിക്കുന്നവരിൽ നീ പ്രത്യശ നിറയ്ക്കണമേ.

ദൈവമാതാവും ഞങ്ങളുടെ അമ്മയുമായ മറിയമേ, ഈ മഹാവ്യാധി അവസാനിക്കുവാനും പ്രത്യാശയും സമാധാനവും പുതുതായി ഉദയം ചെയ്യുവാനും കരുണയുള്ള പിതാവായ ദൈവത്തോടു ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ. രോഗികളുടെയും അവരോടു ബന്ധപ്പെട്ട കുടുംബങ്ങളുടെയും ആശ്വാസത്തിനും അവരുടെ ഹൃദയങ്ങളിൽ ആത്മവിശ്വാസത്തിന്റെയും പ്രത്യാശയുടെയും കിരണങ്ങൾ വിരിയുവാനും കാനായിൽ നിന്റെ ദിവ്യസുതനോടു അപേക്ഷിച്ചതുപോലെ ഞങ്ങൾക്കു വേണ്ടിയും പ്രാർത്ഥിക്കണമേ. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനായി അപകടസാധ്യതകളൾ നിറഞ്ഞ അത്യാഹിതവിഭാഗങ്ങളിൽ മുൻനിരയിൽ ശുശ്രൂഷ ചെയ്യുന്ന ഡോക്ടർമാരെയും നേഴ്സുമാരെയും ആരോഗ്യപ്രവർത്തകരെയും സന്നദ്ധപ്രവർത്തകരെയും  സംരക്ഷിക്കണമേ. അവരുടെ വീരോചിതമായ പരിശ്രമങ്ങളെ സഹായിക്കുകയും അവർക്ക് ആരോഗ്യവും മഹാമനസ്കതയും ശക്തിയും നൽകുകയും ചെയ്യണമേ.

ദുഃഖിതരുടെ ആശ്വാസമായ മറിയമേ, ദുരിതത്തിലകപ്പെട്ടിരിക്കുന്ന നിന്റെ എല്ലാ മക്കളെയും ആശ്വസിപ്പിക്കുകയും ദൈവം തന്റെ സർവ്വശക്തമായ കരം നീട്ടി ഭയാനകമായ ഈ പകർച്ചവ്യാധിയിൽ നിന്നു മോചനം നൽകുന്നതിനായി ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യണമേ. അതുവഴി സാധാരണ ജീവിതത്തിലേക്കു ഞങ്ങൾ മടങ്ങിവരട്ടെ. രക്ഷയുടെയും പ്രത്യാശയുടെയും അടയാളമായി ഞങ്ങളുടെ ജീവിതയാത്രയിൽ വിളങ്ങിശോഭിക്കുന്ന മാധുര്യവും സ്നേഹവും കരുണയും നിറഞ്ഞ പരിശുദ്ധ അമ്മേ, ഞങ്ങളെത്തന്നെ നിനക്കു ഞങ്ങൾ  ഭരമേല്പിക്കുന്നു. ആമ്മേൻ

7. സമാപന പ്രാർത്ഥന

പ്രിയ സഹോദരീസഹോദരന്മാരെ, ഇന്നേ ദിനം പരിശുദ്ധ കന്യകാമറിയത്തിന്റെ കരങ്ങളിലൂടെ പ്രത്യേകമായി ഫാർമസിസ്റ്റുകള്‍, ആരോഗ്യപ്രവർത്തകര്‍ എന്നിവരെ നാം ദൈവത്തിനു സമർപ്പിച്ചുവല്ലോ. നമ്മുടെ യാചനകൾ അവിടുന്നു ശ്രവിക്കുകയും അവ സാധിച്ചുതരുകയും ചെയ്യട്ടെ.

8. എത്രയും ദയയുള്ള മാതാവേ എന്ന പ്രാർത്ഥന

എത്രയും ദയയുള്ള മാതാവേ/ നിന്റെ സങ്കേതത്തില്‍ ഓടിവന്ന്‌‌/ നിന്റെ സഹായം തേടി/ നിന്റെ മാദ്ധ്യസ്ഥം അപേക്ഷിച്ചവരില്‍/ ഒരുവനെയെങ്കിലും/ നീ ഉപേക്ഷിച്ചതായി കേട്ടിട്ടില്ല/ എന്ന്‌ നീ ഓര്‍ക്കണമെ. കന്യകളുടെ രാജ്ഞിയായ കന്യകേ/ ദയയുള്ള മാതാവേ/ ഈ വിശ്വാസത്തില്‍ ധൈര്യപ്പെട്ടു/ നിന്റെ തൃപ്പാദത്തിങ്കല്‍/ ഞാന്‍ അണയുന്നു‍. വിലപിച്ചു കണ്ണുനീര്‍ ചിന്തി/ പാപിയായ ഞാന്‍/ നിന്‍റെ ദയാധിക്യത്തെ കാത്തുകൊണ്ട്‌/ നിന്റെ സന്നിധിയില്‍/ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍ മാതാവേ/ എന്‍റെ അപേക്ഷ ഉപേക്ഷിക്കാതെ/ ദയാപൂര്‍വ്വം കേട്ടരുളേണമെ, ആമ്മേന്‍.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.