ജപമണികളിലൂടെ അമ്മമറിയത്തോടൊപ്പം: മുപ്പത്തിയൊന്നാം ദിവസം

ജിന്‍സി സന്തോഷ്‌

യഹൂദ സഭ സാക്ഷിപ്പെട്ടകത്തിൽ ന്യായപ്രമാണം അടങ്ങിയ കല്പലകളും അഹറോന്റെ തളിർത്ത വടിയും മരുഭൂമിയിൽ വർഷിച്ച മന്നായും സൂക്ഷിച്ചിരുന്നതു പോലെ (ഹെബ്ര. 9:4) മിശിഹായെ ഉദരത്തിൽ കാത്തുസൂക്ഷിച്ച മറിയത്തിന് ‘സാക്ഷി പെട്ടകം’  (വാഗ്ദാന പേടകം) എന്ന വിശേഷണമുണ്ടായി.

വാഗ്ദാനപേടകം വീണ്ടെടുക്കാനായി യൂദയായിലെ മലഞ്ചെരിവിലൂടെ തിടുക്കത്തിൽ യാത്ര പുറപ്പെട്ട ദാവീദ് രാജാവ്, യൂദയായിലെ മലഞ്ചെരിവിലൂടെ എലിസബത്തിനെ സന്ദർശിക്കാൻ തിടുക്കത്തിൽ യാത്ര പുറപ്പെട്ട പരിശുദ്ധ അമ്മ, വാഗ്ദാനപേടകത്തിനു നേരെ കൈനീട്ടി പേടകത്തെ സ്പർശിച്ച ഉസ്സാ ദൈവകോപത്താൽ മരണപ്പെട്ടപ്പോൾ ദാവീദ് പറഞ്ഞു: “എന്റെ കർത്താവിന്റെ പേടകം എന്റെ അടുത്തു വന്നാൽ എനിക്ക് എന്തു സംഭവിക്കും?” ദാവീദും വാഗ്ദാനപേടകവും മൂന്നു മാസം ഹിത്യനായ ഓബദ് ഏദോമിന്റെ വീട്ടിൽ കഴിഞ്ഞു (2 സാമു. 6:9 ,11). പുതിയ നിയമത്തിലെ വാഗ്ദാനപേടകമായ പരിശുദ്ധ മറിയത്തെ കണ്ടപ്പോൾ എലിസബത്ത് ഉദ്ഘോഷിച്ചു: “എന്റെ കർത്താവിന്റെ അമ്മ എന്റെ അടുത്ത് വരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെ നിന്ന്?” മറിയം അവിടെ മൂന്നു മാസം താമസിച്ചു.

ഫിലിസ്ത്യരെ തോല്പിച്ച് കർത്താവിന്റെ വാഗ്ദാനപേടകം വീണ്ടെടുത്ത ദാവീദ് വാഗ്ദാനപേടകത്തിനു മുന്നിൽ അർദ്ധനഗ്നനായി നൃത്തം ചെയ്തു. “ദാവീദ്‌ കര്‍ത്താവിന്റെ മുന്‍പാകെ സര്‍വശക്തിയോടും കൂടെ നൃത്തം ചെയ്‌തു. ചണനൂല്‍ കൊണ്ടുള്ള ഒരു അരക്കച്ച മാത്രമേ അവന്‍ ധരിച്ചിരുന്നുള്ളൂ” (2 സാമു. 6:14). വാഗ്ദാനപേടകമായ പരിശുദ്ധ അമ്മയുടെ മുന്നിൽ സ്നാപകയോഹന്നാൻ എലിസബത്തിന്റെ ഉദരത്തിൽ (നഗ്നനായി) കുതിച്ചുചാടി നൃത്തം ചെയ്തു.

“മറിയം! നിന്റെ സ്തുതികൾ വർദ്ധിപ്പിക്കാൻ എനിക്കെങ്ങനെ കഴിയും? നീ കളങ്കരഹിതയും അമലോത്ഭവയും മാതാക്കളുടെ മഹത്വവുമാണല്ലോ. പരിശുദ്ധ കന്യകാമാതാവേ, നീ സ്ത്രീകളിൽ അനുഗ്രഹീതയാകുന്നു. നിന്റെ നിഷ്കളങ്കതയും കന്യാത്വവും സ്തുത്യർഹമാണല്ലോ. ആദത്തിന്റെ ശാപത്തിന് നീ അന്ത്യം കുറിച്ചു. ഹവ്വയുടെ ബാധ്യത നീ പരിഹരിച്ചു. നീ നോഹയുടെ പെട്ടകം ആകുന്നു” (വി. താരാസിയൂസ്).

യഹോവയുമായി വിവാഹനിശ്ചയം ചെയ്യപ്പെട്ടിരുന്ന ഇസ്രായേലിനെ പോലെ, പുതിയനിയമ സഭയും ദൈവവുമായുള്ള ഉടമ്പടിയിലാണ് (1 കോറി 11:2). അവൾ വിശ്വസ്തയും കന്യകയും മണവാട്ടിയുമാണ്. എന്നാൽ പരിശുദ്ധ മറിയം അതിൽ ഒരുപടി കൂടി മുൻപോട്ട് കടന്നിരിക്കുന്നു. അവൾ മണവാട്ടിയും കന്യകയും അതേ സമയം തന്നെ ദൈവപുത്രന്റെ അമ്മയുമാകുന്നു. മറിയം പരിശുദ്ധയും അമലോത്ഭവയും സ്വർഗീയരാജ്ഞിയും സ്വർഗത്തിന്റെ വാഗ്ദാനപേടകവുമത്രേ.

രക്ഷാകരചരിത്രത്തിന്റെ അവസാനഘട്ടത്തിൽ സഭ എന്തായിരിക്കും എന്നതിന്റെ മുൻ പ്രതിരൂപം കൂടിയാണ് പരിശുദ്ധ അമ്മ മറിയം. നമ്മുടെ വിശ്വാസ സത്യങ്ങൾക്ക് തിരുവെഴുത്തുകളിൽ നിന്ന് വ്യക്തതയുണ്ടാകട്ടെ.

ജിന്‍സി സന്തോഷ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.