ജപമണികളിലൂടെ അമ്മമറിയത്തോടൊപ്പം: ഇരുപത്തിയേഴാം ദിവസം

ജിന്‍സി സന്തോഷ്‌

മറിയം മൂന്നാം വയസ്സു മുതൽ വിവാഹപ്രായം എത്തുംവരെ ജെറുസലേം ദേവാലയത്തിൽ ശുശ്രൂഷ ചെയ്തു ജീവിച്ച ഒരു സാധാരണ പെൺകുട്ടിയായിരുന്നു. അനാഥത്വത്തിന്റെ വേലിയേറ്റങ്ങൾ നിറഞ്ഞ ബാല്യം, അനാഥയുടേതു പോലെയുള്ള വിവാഹം, ശാരീരികശുദ്ധിയിൽ സംശയിച്ച് ഭർത്താവിനാൽ രഹസ്യമായി ഉപേക്ഷിക്കപ്പെടുന്ന അഗ്നിപരീക്ഷ, നിറവയറോടെയുള്ള ബേത്‌ലഹേം യാത്ര, അവിടെ സ്വന്തബന്ധുക്കളാൽ പോലും തിരസ്ക്കരിക്കപ്പെട്ട രാത്രി, കാലിത്തൊഴുത്തിന്റെ ദാരിദ്ര്യത്തിൽ ഒരു വയറ്റാട്ടിയുടെ പോലും സഹായം ലഭിക്കാതെ കടിഞ്ഞൂൽ പ്രസവം, ഏകമകനെ നാല്പതാം നാൾ ദൈവത്തിനു സമർപ്പിച്ചപ്പോൾ കിട്ടിയ വാഗ്ദാനം – തന്റെ ഹൃദയത്തിലൂടെ കടക്കാനിരിക്കുന്ന വ്യാകുലവാളിനെക്കുറിച്ച്, പ്രസവിച്ച് ദിവസങ്ങൾക്കുള്ളിൽ കൈക്കുഞ്ഞുമായി നീളുന്ന വാൾത്തലപ്പുകളിൽ നിന്ന് പ്രാണൻ പൊള്ളും പലായനങ്ങൾ, ഈജിപ്തിലെ പ്രവാസജീവിതം, പന്ത്രണ്ടാം വയസ്സിൽ മകനെ കാണാതായതിന്റെ വിവരിക്കാനാകാത്ത വേദന, അകാലത്തിൽ ഭർത്താവിന്റെ മരണം, വൈധവ്യം, ഏകമകൻ മുപ്പത്തിമൂന്നാം വയസ്സിൽ പീഡകൾ ഏൽക്കുമ്പോൾ അവന്റെ രക്തം ഒഴുകി തളംകെട്ടിയ വഴിയിലൂടെ ഇടറിയ പാദങ്ങളോടെ കാൽവരി യാത്ര, ഒടുവിൽ മകന്റെ വികൃതമായ ശവശരീരം മടിയിൽ കിടത്തി വ്യാകുലവാളാൽ അവൾ പിളർക്കപ്പെട്ടു.

ബാല്യം മുതലേ തുടങ്ങുന്ന വ്യാകുലങ്ങൾ അവളുടെ ജീവിതാവസാനം വരെ
ഒരു നിഴൽ പോലെ കൂടെയുണ്ടായിരുന്നു. ഒറ്റനോട്ടത്തിൽ കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും അവൾക്കു ലഭിച്ച ജീവിതം വലിച്ചെറിയാനോ, തല്ലിത്തകർക്കാനാ ഒരിക്കൽ പോലും അവൾ മുതിർന്നില്ല. സർവ്വംസഹയായ ഭൂമിയെപ്പോലെ, എല്ലാം ഏറ്റെടുക്കാൻ തയ്യാറായി നിൽക്കുന്ന കുഞ്ഞാടിനെപ്പോലെ അവൾ സഹനങ്ങളിൽ നിന്നും ഒളിച്ചോടാതെ നിലകൊണ്ടു.

ജീവിക്കാനുള്ള സാധ്യതകൾ ഇനിയും തീർന്നുപോയിട്ടില്ല എന്നു തന്നെയാണ് അമ്മ മറിയത്തിന്റെ എക്കാലത്തെയും വാദം. സഹനവേളകളിൽ നിന്ന് ഒളിച്ചോടുന്നവരെല്ലാം ജീവിതത്തെ നേരിടാൻ ഭയക്കുന്നവരാണെന്ന് മറിയം അവളുടെ ജീവിതത്തിലൂടെ നമ്മെ പഠിപ്പിക്കുന്നു. ഉടയാത്ത സ്വപ്നങ്ങളില്ല, വാടാത്ത പൂക്കളുമില്ല. എങ്കിലും അവയ്ക്കെല്ലാമപ്പുറം സ്വപ്നങ്ങൾക്ക് ചിറകു മുളയ്ക്കുന്ന കാലവും വാടിയ ചെടികൾ വീണ്ടും തളിർക്കുന്ന നേരവും അതിവിദൂരത്തല്ലെന്നാണ് മറിയത്തിന്റെ നിരന്തരമായ ഓർമ്മപ്പെടുത്തൽ.

എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട് ജീവിതം വലിച്ചെറിയാൻ കാത്തുനിൽക്കുകയാണ്
നീയെങ്കിൽ ഇനി വൈകരുത്. ആ അമ്മയുടെ അടുത്തേക്കു നീ ചെല്ലണം. അവൾ നിന്നെ മാറോടു ചേർക്കും. നിന്റെ മൂർദ്ധാവിൽ ചുംബിക്കും. ഒളിച്ചോടലുകൾ അവസാനിപ്പിച്ച് ജീവിതം എന്താണെന്ന് പഠിക്കുകയും അവളോടൊപ്പം ആർക്കും ചുവടു വയ്ക്കാനാവാത്ത ആത്മാവിന്റെ വിശുദ്ധ വീഥികളിലേക്ക് നീ നടന്നടുക്കുകയും ചെയ്യും.

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.