ജപമണികളിലൂടെ അമ്മമറിയത്തോടൊപ്പം: ഇരുപത്തിരണ്ടാം ദിവസം

ജിന്‍സി സന്തോഷ്‌

മകന്റെ തോളിൽ മരക്കുരിശ്, അമ്മയുടെ മനസ്സിൽ വ്യാകുലക്കുരിശ്, സമർപ്പിതർ ഇരുവരും കൊലക്കളത്തിലേക്ക്, കുരിശിൽ തറയ്ക്കപ്പെടാൻ മകൻ കാൽവരിയിലേയ്ക്ക്, മകനു പകരം മക്കളെ ഏറ്റെടുക്കാൻ അമ്മ കുരിശിൻചുവട്ടിലേക്ക്…

കാൽവരിയിലേക്കുള്ള കുരിശുയാത്രയിൽ, ജെറുസലേം വീഥിയിൽ, മാതൃത്വത്തിന്റെ സ്വഭാവിക വികാരങ്ങളാൽ അമ്മ മറിയം പലവട്ടം കാലിടറിയിട്ടുണ്ടാകും. എന്നാലും തളർന്നുവീഴാതെ മോഹാലസ്യത്തിലമരാതെ അവളുടെ ഹൃദയമന്ത്രം, “എന്റെ മകനേ, ഞാൻ നിന്നോടു കൂടെയുണ്ട്.”

കുരിശും വഹിച്ചുകൊണ്ടുള്ള കാൽവരി യാത്രയിൽ അമ്മയുടെ സാന്നിധ്യം
ക്രിസ്തുവിന് തളരാതിരിക്കാൻ വലിയ കരുത്തേകി. കുരിശുമായി വീണുപോയ മകനോട് മാത്രമല്ല ജീവിതവഴികളിൽ, സഹനവേളകളിൽ വീണുപോകുന്നവരോടൊക്കെ അമ്മയ്ക്ക് പറയാനുള്ള ഹൃദയമന്ത്രം, “മകനേ, മകളേ, അമ്മയുണ്ട് കൂടെ” എന്നു തന്നെയാണ്.

പരിശുദ്ധ മറിയത്തോടൊപ്പം യാത്ര ചെയ്യുവിൻ എന്നാണ് ക്രിസ്തു മാനവരാശിയോട് സൗമ്യമായി വചനത്തിലൂടെയും വിശുദ്ധരിലൂടെയുള്ള സന്ദേശങ്ങൾ വഴിയും മന്ത്രിച്ചുകൊണ്ടിരിക്കുന്നത്. ഈ സ്വരം ഗൗരവമായി ഏറ്റെടുത്തവരാരും ജീവിതയാത്രയിൽ കാൽ വഴുതി വീണിട്ടില്ല; വഴിയറിയാതെ നിന്നിട്ടില്ല; ഇരുളിൽ തപ്പിത്തടഞ്ഞിട്ടില്ല.

ജീവിതയാത്രയിൽ വിരൽത്തുമ്പു പിടിക്കാനും കൂടെ കൂട്ടാനും നീ ആഗ്രഹിക്കേണ്ടത് അമ്മമറിയത്തെയാണ്. അവൾ നിന്റെ വിരൽത്തുമ്പുകൾ ചേർത്തുപിടിക്കും; നിന്റെ യാത്രകളെ സ്വർഗ്ഗീയ യാത്രകളാക്കി മാറ്റുകയും ചെയ്യും. അവളെ കൂടെ കൂട്ടിയവരെല്ലാം രക്ഷകന്റെ നെഞ്ചിന്റെ താളവും രക്ഷയുടെ പറുദീസയും സ്വന്തമാക്കിയിട്ടുണ്ട്.

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.