ജപമണികളിലൂടെ അമ്മമറിയത്തോടൊപ്പം: ഇരുപത്തിയൊന്നാം ദിവസം

ജിന്‍സി സന്തോഷ്‌

‘പാഷൻ ഓഫ് ദ ക്രൈസ്റ്റ്’ എന്ന ചിത്രത്തിലെ ഒരു രംഗം മാതാവിനെക്കുറിച്ച്  ധ്യാനിക്കുമ്പോഴൊക്കെ എന്റെ മനസ്സിൽ തെളിഞ്ഞുവരാറുണ്ട്. പ്രഹരങ്ങൾക്കൊടുവിൽ ഒരു രാത്രി മുഴുവൻ പ്രത്തോറിയത്തിന്റെ കൽത്തളങ്ങളിൽ എവിടെയോ ഒരു കിടങ്ങിൽ ബന്ധിതനായി തൂങ്ങിക്കിടക്കുന്ന ക്രിസ്തു. ശിക്ഷിച്ചാനന്ദിച്ചവരൊക്കെ വിശ്രമിക്കാൻ പോയ നേരം. തിരുരക്ത ഗന്ധവും വേദനയാൽ പുളയുന്ന അവന്റെ നെടുവീർപ്പുകളും തിരിച്ചറിഞ്ഞ് അടക്കപ്പെട്ട കിടങ്ങിനു മുകൾപ്പരപ്പിൽ തല ചേർത്ത് മകന്റെ ഹൃദയത്തുടിപ്പിനും  ശ്വാസനിശ്വാസങ്ങൾക്കും കാതോർക്കുന്ന അമ്മ. അമ്മയുടെ പദചലനങ്ങളെയും ഹൃദയവ്യഥയുടെ ആഴത്തെയും തിരിച്ചറിയുന്ന മകൻ… നിറമിഴികളോടെയല്ലാതെ ഞാൻ ഈ രംഗം ധ്യാനിച്ചിട്ടില്ല, ഇതുവരെ.

ഇത് എഴുതുമ്പോഴും മാതൃ-പുത്രബന്ധത്തിന്റെ മഹത്വം മനസ്സിലാക്കാൻ തക്ക വികാരസമുദ്രത്തിന്റെ പൂർണ്ണരൂപമാണ് അവിടെ ഒറ്റ ഫ്രെയിമിൽ അവതരിപ്പിക്കുന്നത്. സഹനാനുഭവങ്ങളിൽ പോലും മാതൃസ്നേഹപാരമ്യത്തിന്റെ വർണ്ണശബളത ആവോളം വാരിവിതറാൻ അമ്മമറിയത്തിനു സാധിച്ചു. ഒരു സങ്കടവേനലിനും അവളെ ഇല്ലായ്മ ചെയ്യാനാവില്ലന്നതാണ് വാസ്തവം. മിഴി നിറയുമ്പോൾ, മനമിടറുമ്പോൾ ‘അമ്മേ’ എന്ന് ഉള്ളു തുറന്നു വിളിച്ചാൽ വിളി കേൾക്കുന്ന ഒരമ്മ നമുക്കുണ്ടെന്നതാണ് ഒരു ക്രിസ്ത്യാനിയുടെ സ്വകാര്യ അഹങ്കാരം.

നിന്റെ അലച്ചിലുകൾ, ഒറ്റപ്പെടലുകൾ, ജീവിതയാത്രയിലെ സഹനയാമങ്ങളിലെല്ലാം
അമ്മയുടെ അരികെ ശാന്തമായിരിക്കുക. അവൾ നിന്നെ മാറോട് ചേർക്കും. അവൾ സ്വന്തമാക്കിയ കൃപയുടെ നീർച്ചാലുകൾ നിന്നിലേക്ക് ഒഴുക്കും. പിന്നെ നിന്റെ ജീവിതം ഒരു നിറബലിയായി അവൾ മകനു സമർപ്പിക്കും. അവളുടെ സ്നേഹവലയത്തിൽ നിന്നും സ്വതന്ത്രനാവാൻ പിന്നെ നീ ആഗ്രഹിക്കില്ല.

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.