ജപമണികളിലൂടെ അമ്മമറിയത്തോടൊപ്പം: പതിനേഴാം ദിവസം

ജിൻസി സന്തോഷ്

യേശുവിന്റെ പ്രബോധനങ്ങളിലും അത്ഭുതപ്രവർത്തികളിലും വിസ്മയംപൂണ്ട ജനത്തിന്റെ മധ്യേനിന്ന് പെണ്ണൊരുവള്‍ പ്രവചിച്ചു, “നിന്നെ വഹിച്ച ഉദരവും നിന്നെ പാലൂട്ടിയ മുലകളും ഭാഗ്യമുള്ളവ” (ലൂക്കാ 11: 27-28).

“കണ്ടാലും, ഇപ്പോൾ മുതൽ എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്നു വാഴ്ത്തും” എന്ന, തന്നെക്കുറിച്ചുള്ള മറിയത്തിന്റെ പ്രവചനം അവളുടെ കാലത്തുതന്നെ നിറവേറി. മനുഷ്യന്റെ മുന്നിൽ കുനിയാതെ ദൈവതിരുമുമ്പിൽ തലചായ്ച്ച പുണ്യവതി. അവൾ ദൈവത്തെ ജീവനുതുല്യം സ്നേഹിക്കുകയും ദൈവത്തിനുവേണ്ടി വചനമനുസരിച്ച് നിലകൊള്ളുകയും ചെയ്തുവെന്ന ഒറ്റക്കാരണത്താലാണ് അവൾ ഭാഗ്യവതിയായത്.

മഹാപരിശുദ്ധനായ ദൈവത്തെ കേവലം ഒരു മനുഷ്യസ്ത്രീ ഒൻപതുമാസം ഉദരത്തിൽ വഹിക്കുകയും പാലൂട്ടിവളർത്തുകയും ചെയ്യുക എന്നത് മഹാത്ഭുതം തന്നെ. മറിയം മനുഷ്യരുടെ പ്രീതിസമ്പാദിക്കാനുള്ള തത്രപ്പാടിൽ ഒരിക്കലും മുഴുകിയിരുന്നില്ല. അങ്ങനെയൊരു വിചാരം അവളിലുണ്ടായിരുന്നെങ്കിൽ ആ ദിവ്യഗർഭത്തിന് അവൾ സമ്മതം മൂളുമായിരുന്നില്ല. അംഗീകാരത്തിനും പ്രശസ്തിക്കുംവേണ്ടി പരസ്യങ്ങളുടെ വിവിധ ഭാവമുഖങ്ങൾ പരതുന്ന ഇക്കാലഘട്ടത്തിന് മറിയം ഒരു വെല്ലുവിളി തന്നെയാണ്.

“ആത്മപ്രശംസ ചെയ്യരുത്. മറ്റുള്ളവർ നിന്നെ പ്രശംസിക്കട്ടെ. അന്യന്റെ നാവാണ്, നിന്റെ നാവല്ല അത് ചെയ്യണ്ടത്” (സുഭാ. 27:2).

ജിന്‍സി സന്തോഷ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.