ജപമണികളിലൂടെ അമ്മമറിയത്തോടൊപ്പം: പതിനാലാം ദിവസം

ജിന്‍സി സന്തോഷ്‌

കാനായിലെ കല്യാണവിരുന്ന്. കുടുംബനാഥന്റെ നിസ്സഹായത കണ്ടറിയുന്ന അമ്മ മറിയം പരസ്നേഹത്തിന്റെ നിറവിൽ. ആ ഭവനത്തിനുണ്ടാകാവുന്ന അപമാനത്തിന്റെ ആഴം എത്രയെന്ന് മുന്നേ കണ്ട അവൾ, തന്റെ മകൻ ഈ കുറവ് പരിഹരിക്കാൻ പ്രാപ്തനാണെന്നു മനസ്സിലാക്കിയിരുന്നു.

താൻ സ്വന്തമാക്കിയ സ്നേഹം സമൃദ്ധമായി തന്റെ ജീവിതകൽഭരണിയിൽ നിന്നും മറ്റുള്ളവർക്ക് വിളമ്പാനും അവൾ ശ്രദ്ധിച്ചു. സ്നേഹം ഹൃദയത്തിനുള്ളിൽ സൂക്ഷിക്കേണ്ട വീഞ്ഞു മാത്രമല്ലെന്ന് അമ്മമറിയത്തോളം മറ്റാരും അറിഞ്ഞിട്ടില്ല. അതുകൊണ്ടല്ലേ അന്നവിടെ വീഞ്ഞു തീർന്നുപോയപ്പോൾ തന്റെ മകനെ സമീപിച്ചതും സ്നേഹസമൃദ്ധി പങ്കുവയ്ക്കാൻ പ്രേരിപ്പിച്ചതും.

ഇല്ലാത്തവന്റെ വല്ലായ്മയിൽ സന്തോഷിക്കുവാനല്ല, മറിച്ച് ഇല്ലാത്തവന്റെ വല്ലായ്മയിൽ സഹാനുഭൂതിയോടെ പ്രതികരിക്കാനും അവന്റെ വല്ലായ്മ തന്റേതും കൂടിയാക്കി തീർക്കണമെന്നും അമ്മമറിയം നമ്മെ പഠിപ്പിക്കുന്നു ഇവിടെ. അന്യന്റെ അടുപ്പിൽ തീ പുകഞ്ഞില്ലങ്കിലും എന്റെ അടുപ്പിലെ തീ കെടാതെയിരിക്കണം എന്ന്  ആഗ്രഹിക്കുന്നവർക്ക് മറിയം ഒരു വെല്ലുവിളിയാണ്.

ഏറ്റവും കരുണാദ്രമായ ഹൃദയത്തിനു പോലും പരിഹരിക്കാൻ കഴിയാത്ത ദൈവിക ഇടപെടലിന്റെ സാന്നിധ്യത്തിൽ മാത്രം പരിഹരിക്കാൻ കഴിയുന്ന എത്രയോ ജീവിതയാഥാർത്ഥ്യങ്ങളാണ് അനുദിനം നാം കണ്ടുമുട്ടുന്നത്. എല്ലാം നമ്മുടെ കൈകൾ കൊണ്ട് പരിഹരിക്കാനാവില്ല എന്ന് അറിഞ്ഞുകൊണ്ട് കരുണ യാചിക്കുന്നവനു വേണ്ടി ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥരാകാനുള്ള കഴിവ് ഒരു കൃപയാണ്.

പുതുവീഞ്ഞിന്റെ ലഹരിയിൽ കരുണ യാചിച്ചവൻ ആശ്വസിച്ച് ആനന്ദിക്കുമ്പോഴും തിരിച്ചൊന്നും പ്രതീക്ഷിക്കാതെ നിന്റെ പ്രാർത്ഥനകൾ കരയുന്ന മറ്റൊരുവനു വേണ്ടി ദൈവസന്നിധിയിൽ ഉയരട്ടെ. അങ്ങനെ കാരുണ്യത്തിന്റെ കവാടമാകണം നിന്റെ ഹൃദയം. ഒരു ദേവാലയ വാതിൽ പോലെ അത് എല്ലാവർക്കും വേണ്ടി തുറക്കപ്പെടട്ടെ.

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.