ജപമണികളിലൂടെ അമ്മമറിയത്തോടൊപ്പം: പത്താം ദിവസം

ജിന്‍സി സന്തോഷ്‌

സ്നേഹത്തെയും സഹനത്തെയും സംബന്ധിച്ച ആദ്യ പാഠപുസ്തകം അമ്മയാണ്. ക്രൂശിൽ നിന്നും മുഴങ്ങിയ ക്രിസ്തുവിന്റെ ഒടുവിലത്തെ നിലവിളിയായിരുന്നു “എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തിന് നീ എന്നെ കൈവെടിഞ്ഞു.” എന്നിട്ടും ഒരു നീണ്ട നിശബ്ധതക്കു ശേഷം ക്രിസ്തു ഇങ്ങനെ പറഞ്ഞു: “അങ്ങേ കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു.”

അവസാന മൊഴി പോൽ നെഞ്ചുരുക്കി ക്രിസ്തു ചൊല്ലിയ ഈ പ്രാർത്ഥന നമ്മുടെ നാട്ടിൽ, അമ്മമാർ കുരിശു വരക്കാനും, ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ എന്നൊക്കെ പഠിപ്പിക്കുന്നതു പോലെ യേശുവിന്റെ നാട്ടിൽ ഒരു യഹൂദ സ്ത്രീ തന്റെ മക്കളെ പഠിപ്പിക്കുന്ന ആദ്യ പ്രാർത്ഥനകളിലൊന്നാണ്. രാത്രിയിൽ ഉറങ്ങുന്നതിനു മുമ്പ് നിശ്ചയമായും കുഞ്ഞ് ഈ പ്രാർത്ഥന ചൊല്ലിയേ തീരൂ. ജീവിതത്തിൽ ദൈവം പോലും കൈവിട്ടോ എന്നു നിലവിളിക്കുന്ന ക്രിസ്തുവിന്റെ അധരങ്ങളിൽ അവസാന മൊഴിയായി പണ്ടെങ്ങോ മറിയം ചൊല്ലിക്കൊടുത്ത പ്രാർത്ഥനയാണ് കൂട്ടായെത്തുന്നത്.

ഇന്ന് നീ ചൊല്ലിക്കൊടുക്കുന്നതൊക്കെ നാളെ കുഞ്ഞ് അവഗണിച്ചേക്കാം. ജീവിതത്തിന്റെ ഏതോ വഴികളിൽ നാമും ചിലതെല്ലാം അവഗണിച്ചിട്ടുണ്ടല്ലോ. എന്നാൽ പൊള്ളുന്ന ഒരു പ്രതിസന്ധിഘട്ടത്തിൽ മക്കൾക്ക് കൂട്ടായി ഉണ്ടാവുക, മുലപ്പാലിനോടൊപ്പം നീ ചുരത്തുന്ന ചില മൂല്യങ്ങളും നീ പഠിപ്പിക്കുന്ന പ്രാർത്ഥനകളുമാണെന്ന് മറക്കാതിരിക്കുക.

കാൽവരിയിലെ കുരിശുമരണത്തോളം കൂട്ടു വരുന്നുണ്ട് ആ അമ്മ. മക്കളുടെ ഒടുക്കത്തെ മിടുപ്പു വരെ കൂടെയുള്ളവൾ. അതെ, പാതിവഴിയിൽ വിട്ടുപേക്ഷിക്കാത്ത ആ മനസ്സിന്റെ പേരാണ് ‘അമ്മ മനസ്സ്.’ ഉള്ളിൽ സ്നേഹത്തിന്റെ, ആദ്ധ്യത്മികതയുടെ താരാട്ടുപാട്ടുകൾ സൂക്ഷിക്കുന്ന അമ്മമാരേ, വചനവാഗ്ദാനം പ്രാപിക്കാൻ നിങ്ങൾക്കിടയാകട്ടെ. “വിശുദ്ധമായവ വിശുദ്ധിയോടെ ചെയ്യുന്നവർ വിശുദ്ധരാകും” (ജ്ഞാനം 6:10).

ജിന്‍സി സന്തോഷ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.