ആകാശം അളക്കുന്ന അഴക്

സി. തെരേസ് SABS

അകലങ്ങളിലായിരുന്നു അവളുടെ മിഴികള്‍. ഓളത്തിന്റെ സുഖത്തില്‍ നിന്നും ഉയര്‍ന്നുയര്‍ന്ന് പറക്കുന്ന, കൂടെ പറക്കാന്‍ സഹജീവികളെ സൗമ്യമായി പ്രേരിപ്പിക്കുന്ന കടല്‍ക്കിളിയെപ്പോലെ ഒരു ജന്മം. വിശുദ്ധ മൗനത്തിന്റെ അഗ്നിസാക്ഷി – മദര്‍ മേരി ഷന്താള്‍. ദിവ്യകാരുണ്യ ആരാധനാ സന്യാസിനീ സമൂഹത്തിന്റെ സഹസ്ഥാപകയും പ്രഥമാംഗവും.

1880 ഡിസംബര്‍ 23-ന് ചമ്പക്കുളം വല്ലയില്‍ കുടുംബത്തില്‍ തുടങ്ങി 1972 മെയ് 25-ന് അതിരമ്പുഴ ആരാധനാമഠത്തില്‍ അന്ത്യം കുറിച്ച ദൈവദാസി ഷന്താളമ്മയുടെ യാത്രാവഴികള്‍ക്ക് വിശുദ്ധിയുടെ പരിമളം. യുദ്ധാനന്തര കെടുതികള്‍ കൊണ്ട് പൊറുതിമുട്ടിയ ജനങ്ങള്‍ക്കിടയില്‍ കാരുണ്യത്തിന്റെ മഴപ്പെയ്ത്തായി സ്വയം പെയിതിറങ്ങിയവള്‍. ദാനം കൊണ്ട് ജീവിതം തന്നെ അലങ്കരിച്ചവള്‍. സഹനം കൊണ്ട് ജീവിതത്തെ വിശുദ്ധീകരിച്ചവള്‍, മൗനം കൊണ്ട് ജിവിതത്തെ കടഞ്ഞെടുത്തവള്‍… ഇതൊക്കെയായിരുന്നു ഷന്താളമ്മ. അപരന്റെ നെഞ്ചുരുക്കങ്ങളിലേയ്ക്ക് കടന്നുചെല്ലാനുള്ള സെന്‍സിറ്റിവിറ്റി ഷന്താളമ്മയെ വ്യത്യസ്തയാക്കി. കാറ്റിലണഞ്ഞു പോകാതെ പല നാളങ്ങളും അവള്‍ കാത്തുസൂക്ഷിച്ചു. തന്റെ ചുറ്റുമുള്ളവരുടെ ദുരിതകാണ്ഡങ്ങളിലേയ്ക്കാണ് അവളുടെ മനസ്സ് പറന്നത്.

ഇതിഹാസങ്ങളില്‍ കണ്ടുമുട്ടുന്ന കര്‍ണ്ണന്‍, തന്റെ ജീവന്‍ പൊതിഞ്ഞുസൂക്ഷിച്ചിരുന്ന കവചകുണ്ഡലങ്ങള്‍ ദാനം ചെയ്ത് മരണത്തിലേയ്ക്ക് ഇറങ്ങിപ്പോകുന്ന രംഗം കണ്ണു നനയാതെ വായിച്ചു തീര്‍ക്കാനാവില്ല. അതുപോലെ, പരിസരങ്ങളില്‍ നിന്നും പരിക്കേറ്റിട്ടും അവയൊക്കെ ക്രിസ്തുവിന്റെ തിരുമുറിവുകളാണെന്ന അകക്കാഴ്ച്ചയില്‍ സ്വയം മറന്ന് കൊടുത്തുകൊണ്ടിരുന്ന അലിവുള്ള മാലാഖ – അതായിരുന്നു ഷന്താളമ്മ.

ജീവിതത്തിന്റെ വസന്തകാലം മുഴുവന്‍ കണ്ണീര്‍പ്പാടങ്ങളിലൂടെ അലയേണ്ടിവന്ന ഷന്താള്‍, അപവാദങ്ങള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കും മുന്നില്‍ ഒരു മുനിയെപ്പോലെ കാണപ്പെട്ടു. ജീവിതത്തെ മുഴുവന്‍ പ്രകാശിപ്പിക്കാനുള്ള വെട്ടം അവളുടെ ഉള്ളിലുണ്ടായിരുന്നു എന്നുവേണം കരുതാന്‍.

രാത്രിയാമങ്ങളില്‍ അവള്‍ സക്രാരിയെ ആലിംഗനം ചെയ്ത് പ്രാര്‍ത്ഥനാനിരതയാകും. പകല്‍യാത്രയ്ക്കുള്ള ശക്തിയും ചൈതന്യവും ഇവിടെ നിന്നും അവള്‍ സ്വന്തമാക്കിയിരുന്നു. പ്രാണനില്‍ മുറിവേല്‍ക്കാതെ ആര്‍ക്കും ഈ ഭൂമിയെ വിട്ടുപിരിയാനാവില്ല. അഗാധമായ ജ്ഞാനമുള്ളവര്‍ക്കേ സഹനത്തിന്റെ പൊരുള്‍ മനസ്സിലാക്കാന്‍ കഴിയൂ. ഷന്താളമ്മ അത് തിരിച്ചറിഞ്ഞു, മുറിവുകളില്‍ നിന്നും പുറപ്പെടുന്ന കൃപയുടെ പ്രകാശത്തെക്കുറിച്ച്…

2018 ആഗസ്റ്റ് 4-ന് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഈ സഹനദാസിയെ ‘ദൈവദാസി’ ആയി പ്രഖ്യാപിച്ചു. നമുക്കും പ്രണമിക്കാം ഈ വിശുദ്ധജന്മത്തെ…

സി. ഡോ. തെരേസ് ആലഞ്ചേരി, SABS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ