പരിശുദ്ധ കന്യാമറിയം: സമകാലീന പശ്ചാത്തലത്തില്‍

ആമുഖം

‘ഒരു സ്വര്‍ണ്ണ നൂലിനറ്റം ഞാന്‍ നിന്‍ കരങ്ങളിലേകുന്നു
നീ അത് മാടിമാടി ഉരുട്ടിച്ചുറ്റണം
ജറുസലേം മതിലിനുമേല്‍ ചേര്‍ത്തു പണിതീര്‍ത്ത
സ്വര്‍ഗ്ഗകവാടത്തിനുള്ളിലേയ്ക്ക് അത് നിന്നെ നയിക്കും’ – വില്യം ബ്ലേക്ക്‌

കവിമൊഴി അനുസ്മരിപ്പിക്കുന്നതു പോലെ ‘ബലവശ്യമായ സ്വര്‍ഗ്ഗ’ കവാടത്തിനുള്ളില്‍ പ്രവേശിക്കാന്‍ ബലശൂന്യര്‍ക്ക് നല്‍കിയിരിക്കുന്ന സുവര്‍ണ്ണനൂലാണ് പരിശുദ്ധ കന്യകാമറിയം. അവളുടെ കരങ്ങളില്‍ പിടിച്ച് മുകളിലേയ്ക്ക് കയറാം.. പിടി വിടുവിച്ച് കുതറിയോടാം.. കണ്ടില്ലെന്നു നടിക്കാം.. ഒക്കെ നിന്റെ ഇഷ്ടം! പിടിച്ചവരൊക്കെ, ആ സുവര്‍ണ്ണനൂലിന്റെ മഹത്വം മനസ്സിലാക്കിയവരൊക്കെ ആ നൂലിനാല്‍ തങ്ങളെത്തന്നെ ബന്ധിതരാക്കി യഥാര്‍ത്ഥ സ്വാതന്ത്ര്യം നുകര്‍ന്നു. കാലം കാത്തുവച്ച അത്തരം മഹദ്‌വ്യക്തിത്വങ്ങള്‍ ലോകചരിത്രത്തിലും തിരുസഭാഹൃദയത്തിലും ചാലകശക്തികളായി മാറി. പിടി വിട്ടവരോ..? ഇരുണ്ടയുഗത്തിന്റെ വക്താക്കളായി.. ലോകമനഃസാക്ഷിക്കു മുമ്പില്‍ തീരാശാപങ്ങളായി.

മോക്ഷപ്രാപ്തിക്കായി പരിശുദ്ധ അമ്മയെ ആശ്രയിക്കണ്ടതിന്റെ ആവശ്യകതയെ കൗണ്‍സില്‍ പിതാക്കന്മാരും ഊന്നിപ്പറയുന്നു; ‘സ്വര്‍ഗ്ഗത്തില്‍ ആത്മശരീരങ്ങളോടെ മഹത്വീകൃതയായി കഴിയുന്ന ഈശോയുടെ അമ്മ, വരാനിരിക്കുന്ന ലോകത്തില്‍ പൂര്‍ത്തീകരിക്കപ്പെടാനിരിക്കുന്ന സഭയുടെ ഇക്കാലത്തിന്റെ പ്രതീകവും ആരംഭവുമാണ്. ഒപ്പം, ഈ ഭൂമിയില്‍ കര്‍ത്താവിന്റെ ദിവസം സമാഗതമാകുന്നതു വരെ (2 പത്രോ. 3:10) തീര്‍ത്ഥാടകരായ ദൈവജനത്തിന് പ്രത്യാശയുടെയും സ്വാസ്ഥ്യത്തിന്റെയും ഉറപ്പുള്ള അടയാളവുമാണ്’ (LG:68). അന്നെന്ന പോലെ ഇന്നും അമ്മ തന്റെ സാന്നിധ്യത്താല്‍ തന്റെ ഭക്തരെ കൈപിടിച്ചു നടത്തുമ്പോള്‍ അമ്മയില്‍ വിളങ്ങി നിന്നിരുന്ന സവിശേഷതലങ്ങളിലൂടെ നമുക്കൊന്ന് കണ്ണോടിക്കാം.

പരിശുദ്ധ അമ്മ: ഈ കാലഘട്ടത്തിനുള്ള സിദ്ധൗഷധം

ആധുനികതയുടെ അതിപ്രസരത്താല്‍ ആത്മീയതയുടെ ആത്മാവില്‍ പോലും അന്ധകാരം ആക്രമണം നടത്തിയിരിക്കുന്ന ഈ സൈബര്‍ യുഗത്തില്‍, പത്രത്താളുകളിലും ന്യൂസ് ചാനലുകളിലും ആധിപത്യം ഉറപ്പിച്ചിരിക്കുന്ന കുരുന്നുകള്‍ ഉള്‍പ്പെടെയുള്ളവരുടെ ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ മനുഷ്യമനഃസാക്ഷിയില്‍ ചോദ്യഛിഹ്നമായി മാറിയിരിക്കുന്നു. ഭക്തിയും പ്രാര്‍ത്ഥനയും പണിയില്ലാത്തവന്റെ നേരമ്പോക്കുകളായി അധഃപതിക്കുമ്പോള്‍ റിയാലിറ്റി ഷോകളും, കമ്പ്യൂട്ടര്‍ ഗെയിമുകളും ഇല്ലെങ്കില്‍ നിര്‍ജ്ജീവമാകുന്ന കുടുംബാന്തരീക്ഷം. മാധ്യമങ്ങളുടെ മാസ്മരികതയില്‍ മത്തുപിടിച്ച മാനവന്‍, മനം മയക്കുന്ന മദ്യത്തിലും മദിരോത്സവത്തിലും മതിമറന്നാടുന്നു. കാലത്തിന്റെ കുത്തൊഴുക്ക് കണ്ട് കണ്ണീരൊഴുക്കാന്‍ മോനിക്കാമാരുടെ വംശം അറ്റുപോയിരിക്കുന്നു! വിരിച്ച കരങ്ങളുമായി മലമുകളില്‍ നില്‍ക്കാന്‍ ഇന്നിന്റെ മോശമാര്‍ക്ക് (പുറ. 17:11) കഴിയാതെ പോകുന്നു! ക്ഷയോന്മുഖമാകുന്ന ക്ഷമയുടെ പാഠങ്ങള്‍ പഠിപ്പിക്കാന്‍ അസൂന്താമാരുടെ സംഖ്യ പരിമിതമാകുന്നു! ഫലമോ..? ആത്മഹത്യകളും അരുംകൊലകളും ആക്രമണങ്ങളും അണുസ്‌ഫോടനങ്ങളും ആക്‌സിഡന്റുകളും. ഇതൊക്കെയല്ലേ ഇന്നിന്റെ ചില യാഥാര്‍ത്ഥ്യങ്ങള്‍..? ഇവിടെയാണ് കാലഘട്ടങ്ങളെ അതിലംഘിക്കുന്ന പരിശുദ്ധ അമ്മയുടെ സാന്നിധ്യത്തിന്റെ പ്രസക്തി ഉയരുക. പരിശുദ്ധ അമ്മയുടെ സ്‌ത്രൈണഭാവങ്ങള്‍ ഇന്നിന്റെ ആത്മീയശുഷ്‌കതയ്ക്കുള്ള ഒറ്റമൂലി തന്നെ.

പരിശുദ്ധ അമ്മ: സമര്‍പ്പിതര്‍ക്കൊരു മാതൃക

‘ഇതാ ഞാന്‍, കര്‍ത്താവിന്റെ ദാസി’ (ലൂക്കാ 1:38) എന്ന ഉടമ്പടി മൊഴിയിലൂടെ വ്രതജീവിതത്തിന്റെ തനിമയായ ദാരിദ്ര്യവും ബ്രഹ്മചര്യവും അനുസരണവും ഏറ്റുവാങ്ങിയ പരിശുദ്ധ അമ്മയെ സമര്‍പ്പിതരുടെ മാതൃക എന്നു വിളിക്കുന്നതില്‍ തെല്ലും അതിശയോക്തിയില്ല. വെല്ലുവിളികളും പ്രലോഭനങ്ങളും പ്രതിസന്ധികളും വിളിക്കാതെ വിരുന്നിനെത്തുമ്പോള്‍ വിളിച്ചവനോട് വിടപറഞ്ഞ് വാര്‍ത്തയായി മാറുന്ന സമര്‍പ്പിതരുടെ എണ്ണം പെരുകിവരുന്ന ഇന്നിന്റെ കാലഘട്ടത്തില്‍ വിളിച്ചവനോട് വിശ്വസ്തത പുലര്‍ത്തേണ്ടത് എങ്ങനെയെന്ന് കാണിച്ചുതരുന്നു പരിശുദ്ധ അമ്മയുടെ ജീവിതം.

കാലിത്തൊഴുത്തിലും കാനായിലും കാല്‍വരിയിലുമൊക്കെ കാലിടറാതെ നില്‍ക്കാന്‍ കരുത്ത് പകര്‍ന്നത് കാലങ്ങള്‍ക്കപ്പുറം അമ്മ നല്‍കിയ സമര്‍പ്പണമൊഴികളുടെ ഉള്‍ക്കരുത്ത് ഒന്ന് മാത്രമായിരുന്നു. ഒപ്പം, ‘ദൈവത്തിനൊന്നും അസാധ്യമല്ല’ (ലൂക്ക 1:38) എന്ന ഉന്നതത്തില്‍ നിന്നുള്ള ഉടയവന്റെ ഓര്‍മ്മപ്പെടുത്തലും. ‘ഭൂമി കുലുങ്ങി, പാറകള്‍ പിളര്‍ന്നു’ (മത്തായി 27:51) ‘ഭൂമിയിലെങ്ങും അന്ധകാരം വ്യാപിച്ചു’ (മത്തായി 27:46) ഈശോയുടെ കുരിശിലെ ബലിയര്‍പ്പണവേദിയില്‍ പ്രപഞ്ചത്തിനുണ്ടായ മാറ്റം. ഇന്നിന്റെ ലോകത്തും ഇതേ സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ അതിനുള്‍പ്പൊരുള്‍ ക്രിസ്തു ഇന്നും ക്രൂശിക്കപ്പെടുന്നു എന്നു തന്നെ. ഇവിടെ, കുരിശിന്റെ ചുവട്ടില്‍ പരിശുദ്ധ അമ്മ ചേര്‍ന്നുനിന്ന് പുത്രന്റെ നിയോഗങ്ങള്‍ക്ക് കരുത്ത് പകര്‍ന്നതുപോലെ കുരിശിന്‍ചുവട്ടില്‍ നിന്നുകൊണ്ട് ആത്മീയമാതൃത്വത്തിന്റെ ഫലങ്ങള്‍ ശേഖരിക്കേണ്ടവരാണ് സമര്‍പ്പിതര്‍.

പരിശുദ്ധ അമ്മ: വചനം ജീവിച്ചവള്‍

ആദിമുതലേ വചനത്തെ ഹൃദയത്തില്‍ കോരിനിറച്ച പരിശുദ്ധ അമ്മ, സമയത്തിന്റെ പൂര്‍ത്തിയില്‍ വചനത്തെ ഉദരത്തിലും കാത്തുവച്ചു. സദാ വചനം മിഴിയിലും മൊഴിയിലും നിറഞ്ഞുനിന്ന അവള്‍ സന്തോഷ-സന്താപങ്ങളിലും വിജയ-പരാജയങ്ങളിലും വചനം ഏറ്റുപാടി ജീവിതത്തിന്റെ സമതോലനം നിലനിര്‍ത്തി. വചനത്തോട് ഏറ്റവുമടുത്ത് സഹവസിച്ച വ്യക്തിയും വചനമായ ദൈവത്തിന്റെ മനുഷ്യജീവിത രഹസ്യങ്ങളുടെ സജീവസാക്ഷിയും പങ്കാളിയുമായിരുന്നു അവള്‍. വചനത്തിന്റെ മുപ്പത് വര്‍ഷത്തെ രഹസ്യജീവിതത്തിന്റെ ചുരുളുകള്‍ അമ്മയുടെ മുന്നിലാണ് ഇതള്‍വിടര്‍ന്നത്.

സാധാരണഗതിയില്‍ മനസ്സിലാവാത്ത വചനങ്ങള്‍ പോലും മറിയം ഹൃദയത്തില്‍ സംഗ്രഹിച്ച് ഉരുവിട്ട് തന്റെ ഹൃദയം വചനം വിളയുന്ന വയലാക്കി രൂപാന്തരപ്പെടുത്തി. വചനത്താല്‍ ഹൃദയം നിറയുമ്പോള്‍ പരിശുദ്ധാത്മാവിനാല്‍ അവര്‍ പൂരിതയാക്കപ്പെടും എന്നതിന് മറ്റൊരു തെളിവ് ഇനി ആവശ്യമില്ല. പ്രതിസന്ധികളും വെല്ലുവിളികളും വട്ടമിട്ടുപറന്ന ജീവിതസമസ്യയ്ക്കു മുമ്പില്‍ തളരാതെ, പതറാതെ മുന്നേറാന്‍ അമ്മയെ സഹായിച്ചത് ഈ വചനത്തിന്റെ നിറവ് തന്നെ. പരിശുദ്ധ അമ്മ വചനത്തോടൊപ്പം ജീവിക്കുക മാത്രമല്ല ചെയ്തത്, വചനം ജീവിക്കുക കൂടി ചെയ്തു. അതാണ് അമ്മയുടെ മഹത്വത്തിന് നിദാനവും.

പരിശുദ്ധ അമ്മ: സഹനജീവിതങ്ങള്‍ക്ക് ഉത്തേജനം

ഇതെന്താ ഇങ്ങനെ..? എനിക്കു മാത്രം എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു..? സഹനജീവിതം പിന്തുടരുന്നവരുടെ അധരങ്ങളിലുയരുന്ന പതിവ് ചോദ്യം. മറുചോദ്യമുതിര്‍ക്കാതെ ദൈവഹിതമായി ദൈവികപദ്ധതിയുടെ പൂര്‍ത്തീകരണമായി സഹനത്തെ ഏറ്റുവാങ്ങുന്നവരുടെ എണ്ണം പരിമിതമായിരിക്കുന്ന ഈ കാലഘട്ടത്തില്‍ സഹനത്തെ സഹര്‍ഷം സ്വാഗതം ചെയ്ത പരിശുദ്ധ അമ്മയുടെ ജീവിതം, കണ്ണീരിലും മഴവില്ല് കാണുവാന്‍ ഉള്‍ക്കരുത്തേകുന്നു.

ദൈവത്തിന്റെ വെളിപാടുകളോട് ‘അതെ’ എന്ന് പ്രത്യുത്തരിച്ചപ്പോള്‍ എല്ലാ നൊമ്പരങ്ങള്‍ക്കും മുമ്പില്‍ അവള്‍ ശിരസ്സ് നമിക്കുകയായിരുന്നു. ദര്‍ശനങ്ങള്‍, ഭീഷണികള്‍, പരിഹാസങ്ങള്‍, സംശയങ്ങള്‍, തിരസ്‌കരണങ്ങള്‍, പട്ടിണി, പലായനം, വേര്‍പിരിയല്‍, ഒറ്റപ്പെടല്‍.. ഇങ്ങനെ ഹൃദയത്തെ ഭേദിച്ച വാളുകളെല്ലാം അവള്‍ മൗനത്തിന്റെ-വിശ്വാസത്തിന്റെ- പ്രാര്‍ത്ഥനയുടെ ആയുധങ്ങള്‍ കൊണ്ട് നേരിട്ട് വിജയം ഉറപ്പിച്ചു.

കാല്‍വരി, പരിശുദ്ധ അമ്മയ്ക്ക് സഹനത്തിന്റെ കൊടുമുടി തന്നെയായിരുന്നു. എന്നാല്‍, സഹനം ഒരു കൂദാശയാണ്. ദൈവാനുഗ്രഹത്തിന്റെ പനിനീര്‍ ഒഴുകുന്ന വഴിയാണ്. അര്‍ഹിക്കാത്ത ക്ലേശങ്ങള്‍ രക്ഷാകരമൂല്യം ഉള്‍ക്കൊള്ളുന്നവയാണ് എന്ന തിരിച്ചറിവുണ്ടായിരുന്ന അവള്‍ സഹനങ്ങളെ രക്ഷാകരമാക്കി തീര്‍ത്ത് സഹരക്ഷകയായി. നൊമ്പരങ്ങള്‍ ഉള്ളിലൊതുക്കി പുത്രന്റെ നിയോഗങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന പരിശുദ്ധ അമ്മ, ഇന്നും തന്റെ ജൈത്രയാത്ര തുടരുന്നു സഹനജീവിതത്തില്‍ ഭാഗഭാക്കാകുന്നവരോടൊപ്പം.

പരിശുദ്ധ അമ്മ: നിത്യസഹായിക

ജീവിതം സേവനത്തിന്റെ ശ്രീകോവിലില്‍ അര്‍പ്പിച്ച ഒരു യഥാര്‍ത്ഥ കര്‍മ്മയോഗിയായിരുന്നു പരിശുദ്ധ അമ്മ. വിശ്വവിശാലമായ മനുഷ്യസ്‌നേഹത്തില്‍ നിന്നും ദൈവസ്‌നേഹത്തില്‍ നിന്നും ഉറവെടുത്തവയായിരുന്നു അമ്മയുടെ കര്‍മ്മപരിപാടികള്‍. പരനന്മയ്ക്കായി പരിത്യാഗം വരിക്കുന്നവനാണ് ദൈവം എന്ന യാഥാര്‍ത്ഥ്യബോധം അമ്മയുടെ സന്തതസഹചാരിയായിരുന്നു. മറ്റുള്ളവരിലേയ്ക്കുള്ള തുറവി അമ്മയുടെ പ്രകൃതമായിരുന്നു. അന്യരുടെ ആവശ്യങ്ങളിലേയ്ക്ക് തുറന്നിരിക്കുന്ന ഒരു ഉള്‍ക്കണ്ണ് അമ്മയ്‌ക്കെപ്പോഴും ഉണ്ടായിരുന്നു. അതുകൊണ്ടാണല്ലോ ഗര്‍ഭിണിയായ ഇളയമ്മയുടെ പക്കലും കാനായിലെ കല്‍ഭരണികളുടെ മധ്യത്തിലും അമ്മയുടെ സാന്നിധ്യം നിറവീഞ്ഞായി പകര്‍ന്നത്.

ഹെബ്രായ ലേഖനത്തില്‍ തന്റെ ശരീരമാകുന്ന വിരിയിലൂടെ ദൈവരാജ്യ പ്രവേശനത്തിനുള്ള വഴി തുറന്ന ക്രിസ്തുവിനെ നാം കണ്ടുമുട്ടുന്നു. ക്രിസ്തുവിന്റെ ശരീരം, അത് മറിയത്തിന്റെ ശരീരം കൂടിയാണ്. പരിശുദ്ധ അമ്മയോടുള്ള ഭക്തി യേശുവാകുന്ന വിരിയില്‍ ആശ്രയിച്ച് സ്വര്‍ഗ്ഗരാജ്യ പ്രവേശനം സുഗമമാക്കുന്നു. കരങ്ങള്‍ കൊണ്ട് കാരുണ്യപ്രവൃത്തികള്‍ ചെയ്ത്, മനസ്സ് കൊണ്ട് നന്മ വിചാരിച്ച്, സാമീപ്യവും സഹവര്‍ത്തിത്വവും കൊണ്ട് പ്രോത്സാഹനവും, താങ്ങും തണലുമായി മാറാന്‍ അമ്മയുടെ ജീവിതം നമുക്ക് ഉത്തേജനം ഏകുന്നു. ഇന്നും അനേകര്‍ക്ക് സാന്ത്വനസ്പര്‍ശവുമായി അമ്മ നമ്മോടുകൂടെ ആയിരിക്കുന്നു. പലയിടങ്ങളിലും അതിന് തെളിവുകള്‍ നല്‍കിക്കൊണ്ട് അമ്മ പ്രത്യക്ഷപ്പെടുന്നു.

പരിശുദ്ധ അമ്മ: വിശുദ്ധരുടെ മുന്‍ഗാമി

പലതും നല്‍കിയും സ്വീകരിച്ചും നാം ഒരിക്കല്‍ മാത്രം കടന്നുപോകുന്ന ജീവിതമാകുന്ന വഴിത്താരിയില്‍ നമ്മുടെ കാല്‍പ്പാടുകള്‍ കണ്ട് അനേകര്‍ നമ്മെ അനുഗമിക്കുമ്പോള്‍ നമുക്കു മുമ്പേ കടന്നുപോയവര്‍ അവശേഷിപ്പിച്ച കാല്‍പാദങ്ങള്‍ ശാശ്വതസ്മാരകം പോലെ നമുക്ക് വഴികാട്ടിയാവുന്നു. ഇതൊരു പ്രപഞ്ചസത്യം. ഉദാത്തമായ മാതൃകയുടെ കാല്‍പ്പാടുകള്‍ സമ്മാനിച്ച് നമുക്കു മുന്നേ കടന്നുപോയ പരിശുദ്ധ അമ്മ നല്‍കിയ സ്മാരകം അന്നും ഇന്നും എന്നും ഏവര്‍ക്കും വഴികാട്ടി തന്നെ.

സഭാചരിത്രത്തില്‍ പുളകച്ചാര്‍ത്തായി മാറിയ ഏത് വിശുദ്ധജീവിതം പരിശോധിച്ചാലും ഇതൊരു നഗ്നസത്യം മാത്രം. വി. കൊച്ചുത്രേസ്യായും, വി. അല്‍ഫോന്‍സ് ലിഗോരിയും, വി. ബര്‍ണ്ണാദും, വി. ഡൊമിനിക്കും എല്ലാം അവരില്‍ ഏതാനും ചില ഉദാഹരണങ്ങളാണ്. ഒരു കുഞ്ഞിന്റെ നിഷ്‌കളങ്കതയോടെ സദാ ദൈവത്തിലാശ്രയിച്ച് മുന്നേറിയ വി. കൊച്ചുത്രേസ്യാ പറയുന്നു: ‘ഞാന്‍, പരിശുദ്ധ അമ്മയെക്കാള്‍ ഭാഗ്യവതിയാണ്. കാരണം, എനിക്ക് അമ്മേ എന്നുവിളിക്കാന്‍ സ്വര്‍ഗ്ഗത്തില്‍ ഒരു അമ്മയുണ്ട്. പരിശുദ്ധ ജനനിക്ക് അങ്ങനെയൊരു സൗഭാഗ്യം സിദ്ധിച്ചിട്ടില്ലല്ലോ..?’ അതെ. എല്ലാ വിശുദ്ധര്‍ക്കും ഈ സൗഭാഗ്യം നല്‍കിക്കൊണ്ട് സകല വിശുദ്ധരുടെയും മുന്‍ഗാമിയായി അവള്‍ സ്വര്‍ഗ്ഗത്തില്‍ വിരാജിക്കുന്നു. സ്വര്‍ഗ്ഗവാസികള്‍ക്കു മാത്രമല്ല, ഭൂവാസികളുടെയും അമ്മയും ആശ്രയവും അഭയവുമായി.

പരിശുദ്ധ അമ്മ: പ്രകൃതിയുടെ ഉപാസക

പ്രകൃതിയെ വികൃതമാക്കുന്ന ആധുനിക തലമുറയ്ക്ക് ചോദ്യചിഹ്നമായി നില്‍ക്കുന്നു പ്രകൃതിയെ സാധനപാഠമാക്കിയ പരിശുദ്ധ അമ്മയുടെ ജീവിതം. ആട്ടിടയരെ മാലാഖവൃന്ദം മംഗളവാര്‍ത്ത അറിയിച്ചപ്പോള്‍ പാതിരാവെങ്കിലും പകല്‍ പോലെ പ്രകാശം വ്യാപരിച്ചതും, കാല്‍വരിയിലെ ബലിവേദിയില്‍ തന്റെ പുത്രന്‍ സ്വജീവന്‍ ഹോമിച്ചപ്പോള്‍ മദ്ധ്യാഹ്നമെങ്കിലും ഇരുള്‍ പടര്‍ന്നതും കണ്ട പരിശുദ്ധ അമ്മയ്ക്ക് ഉറപ്പുണ്ടായിരുന്നു പ്രപഞ്ചത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കുന്നവന്‍ ഉടയവനാണെന്ന്. പ്രാക്കളും ചങ്ങാലികളുമമൊക്കെ അവളുടെ ചങ്ങാതികളായതില്‍ അത്ഭുതത്തിന് വകയില്ല. കാരണം, അവള്‍ അത്രമേല്‍ പ്രകൃതിയോട് ഇണങ്ങിച്ചേര്‍ന്നവളായിരുന്നുവെന്ന് പണ്ഡിതമൊഴികള്‍ സാക്ഷ്യപ്പെടുത്തുന്നു.

താന്‍ സൃഷ്ടിച്ചവയൊക്കെയും നല്ലതെന്നു വിലയിരുത്തിയ ഉടയവന്റെ കണ്ണുകളിലൂടെ സമസ്ത വസ്തുക്കളെയും കാണാന്‍ കഴിഞ്ഞതാണ് അവളുടെ ജീവിതവിജയത്തിന്റെ രഹസ്യങ്ങളിലൊന്ന്. അതുകൊണ്ടു തന്നെ പ്രകൃതി പ്രതിഭാസങ്ങളോട് പരാതി കൂടാതെ പ്രതികരിക്കാന്‍ അവള്‍ക്ക് കഴിഞ്ഞു. പ്രകൃതി ഒരുക്കുന്ന കരുതലുകളോട് നന്ദിയോടെ പ്രതികരിക്കാന്‍ ഇന്നും പരിശുദ്ധ അമ്മയല്ലാതെ മറ്റൊരു മാതൃകയില്ല.

പരിശുദ്ധ അമ്മ: ധ്യാനയോഗി

‘അവന്റെ അമ്മ ഇക്കാര്യങ്ങളെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു’ (ലൂക്ക 2:51). കേള്‍ക്കുകയും കാണുകയും ചെയ്യുന്നവയോട് ഉടനടി പ്രതികരിക്കാതെ ദൈവഹിതത്തിനായി മിഴി പൂട്ടാന്‍ ധ്യാനയോഗികള്‍ക്കേ കഴിയൂ. പ്രവാചകമൊഴികളും, ദര്‍ശന സമസ്യകളും, ജോസഫിനുണ്ടായ സ്വപ്നങ്ങളിലെ വെളിപ്പെടുത്തലുകളും, പുത്രനെ ഭ്രാന്തനായി ചിത്രീകരിക്കപ്പെട്ട അവസ്ഥയും, പുത്രന്റെ മുറിവുകള്‍ നല്ല ഒരു അനുപാതത്തില്‍ സ്വന്തം നെഞ്ചിലേറ്റുവാങ്ങി പുത്രന്റെ പീഡനവഴികളിലൂടെയെല്ലാം സ്വയം നടക്കാന്‍ വിട്ടുകൊടുത്ത നിമിഷവും, ഉത്ഥാനാനന്തരം ഓടിയൊളിച്ച ശിഷ്യസമൂഹത്തെ തേടിപ്പിടിച്ച് ആത്മാഭിഷേകത്തിനായി പ്രാര്‍ത്ഥനാപൂര്‍വ്വം കാത്തിരുന്ന സമയവും എല്ലാം…

ഒരു യഥാര്‍ത്ഥ ധ്യാനയോഗിയെ നാം പരിശുദ്ധ അമ്മയില്‍ കണ്ടുമുട്ടുന്നു. ‘പ്രാര്‍ത്ഥനയാകുന്ന വിളക്കിന്റെ എണ്ണയാണ് കൂടെയുള്ളവന്റെ മനോവ്യഥ അറിയുന്ന കാരുണ്യം’ എന്ന മഹത്‌വാക്യം പരിശുദ്ധ അമ്മയില്‍ എത്രയോ പ്രകടമായിരുന്നു എന്നതിന് തെളിവാണല്ലോ മംഗളവാര്‍ത്ത ശ്രവിച്ചയുടനെ ഇളയമ്മയെ സന്ദര്‍ശിക്കാനുള്ള അവളുടെ ‘തിടുക്കത്തിലുള്ള’ യാത്ര.

ഒരു ധ്യാനയോഗിയുടെ പ്രകടമായ സവിശേഷതയാണ് മൗനം. പരിശുദ്ധ അമ്മ ജീവിതത്തിലുടനീളം മൗനത്തെ ആദരിച്ചവളാണ്. മനസ്സില്‍ ഐക്യവും ലാളിത്യവും സരളതയും സ്വാതന്ത്ര്യവും ഉള്‍ക്കാഴ്ചയും ലഭിച്ചുകഴിയുമ്പോള്‍ സിദ്ധിക്കുന്ന മനസ്സിന്റെ ആഴപ്പെടലും ഘനഭാവവുമായിരുന്നു അമ്മയിലെ മൗനം. ശബ്ദകോലാഹലങ്ങള്‍ അവസാനിപ്പിച്ച് പരിശുദ്ധ അമ്മയെപ്പോലെ ഹൃദയം കൊണ്ട് കാണാന്‍, ഹൃദയം കൊണ്ട് ചിന്തിക്കാന്‍, ഹൃദയം കൊണ്ട് സംസാരിക്കാന്‍ നാം പ്രാപ്തരായാല്‍ ആധുനീകലോകത്തെ ബാധിച്ചിരിക്കുന്ന ആത്മീയ ശുഷ്‌കതയില്‍ നിന്ന് ഒരു പരിധിവരെ മോചനം പ്രാപിക്കാന്‍ നമുക്ക് കഴിയും.

പരിശുദ്ധ അമ്മ: ആദ്യത്തെ യഥാര്‍ത്ഥ ക്രിസ്ത്യാനി

ക്രിസ്തുവിന്റെ അനുഗാമികളെ ക്രിസ്ത്യാനി എന്നു വിളിക്കാമെങ്കില്‍ ആ സ്ഥാനത്തിന് ഏറ്റവും അനുയോജ്യയും ആദ്യത്തെ ക്രിസ്ത്യാനിയുമാണ് പരിശുദ്ധ അമ്മ. ശിഷ്യഗണവും അപ്പസ്‌തോലസംഘവും അത്ഭുതങ്ങളും അടയാളങ്ങളും നേരിട്ട് ഏറ്റുവാങ്ങിയവരും ഒരുവേള പതറി പിന്തിരിഞ്ഞപ്പോഴും അവരെ വിശ്വാസത്തില്‍ കരുത്തുറ്റവരാക്കി ക്രിസ്തുവിന്റെ ദൗത്യവാഹകരാകുവാന്‍ പര്യാപ്തരാക്കിയത് പരിശുദ്ധ അമ്മയുടെ ശക്തമായ നോതൃത്വം ഒന്നുകൊണ്ടു മാത്രമാണ്. പരിശുദ്ധ അമ്മയെപ്പോലെ ക്രിസ്തുവിനെ അടുത്തനുഗമിച്ചവരും അടുത്തനുകരിച്ചവരും ലോകചരിത്രത്തില്‍ ഇന്നോളം ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയുമില്ല. യേശുവിനെ ഉള്ളില്‍ പൊതിഞ്ഞുസൂക്ഷിച്ച പാവനമായ പിള്ളക്കച്ചയാണ് മറിയം.

യേശുവിന്റെ മനുഷ്യരൂപവും കച്ചയാണ്. ദൈവീകത പൊതിഞ്ഞു സൂക്ഷിക്കുന്ന കച്ച. ദൈവീകത സൂക്ഷിക്കുന്ന നിര്‍മ്മലമായ കച്ചയാണ് ഓരോ ക്രിസ്ത്യാനിയും. ക്രിസ്തു അരയില്‍ ചുറ്റി പാദം തുടയ്ക്കുവാനുപയോഗിച്ച കച്ച. ഇത്തരുണത്തില്‍ ചിന്തിക്കുമ്പോഴും മറിയം തന്നെ ആദ്യക്രിസ്ത്യാനി എന്ന് വെളിപ്പെട്ടു കിട്ടുന്നു. മറിയം – ഈശോയുടെ അമ്മ, ഈശോയോട് ചേര്‍ന്നു മാത്രമാണ് അവളുടെ സ്ഥാനം. സഭ ക്രിസ്തുവിന്റേതാണ്; ക്രിസ്തുവിന്റെ മണവാട്ടിയും ശരീരവുമാണ്. സഭയിലൂടെ ക്രിസ്തുവിലേയ്ക്ക് ഒപ്പം മറിയത്തിലൂടെയും ക്രിസ്തുവിലേയ്ക്ക് – ഇതായിരിക്കട്ടെ ദൈവസന്നിധിയില്‍ നമ്മുടെ നേര്‍വഴി.

പോള്‍ 6-ാമന്‍ പാപ്പായുടെ വാക്കുകള്‍ കടമെടുത്താല്‍ ഇപ്രകാരം പറയാനാവും: ‘മറിയം, അനുകരണത്തിന് യോഗ്യയാണ്. കാരണം, അവളാണ് ക്രിസ്തുവിന്റെ പ്രഥമശിഷ്യയും, ശിഷ്യരില്‍ ഏറ്റവും പൂര്‍ണ്ണയും. ആ യഥാര്‍ത്ഥ ക്രിസ്ത്യാനിയുടെ പാത പിന്തുടര്‍ന്നാല്‍ ഉറപ്പ് സ്വര്‍ഗ്ഗരാജ്യം നമ്മളില്‍ വന്നെത്തും.’

പരിശുദ്ധ അമ്മ: പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞവള്‍

‘പരിശുദ്ധാത്മാവ് നിന്റെ മേല്‍ വരും. അത്യുന്നതന്റെ ശക്തി നിന്റെ മേല്‍ ആവസിക്കും’ (ലൂക്കാ 1:35). മാലാഖയുടെ വെളിപ്പെടുത്തല്‍.. പരിശുദ്ധാത്മാവിന്റെ മണവാട്ടിയാകാനുള്ള ക്ഷണം.. ത്രിതൈ്വക ദൈവത്തിന്റെ പദ്ധതികള്‍ ചിറകുവിടര്‍ത്താനുള്ള വാസസ്ഥാനത്തിനു വേണ്ടിയുള്ള അന്വേഷണത്തിന്റെ ഉത്തരം. പരിശുദ്ധ കന്യക പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞപ്പോള്‍ ഏറ്റുപാടി ‘ശക്തനായവന്‍ എന്നില്‍ വന്‍കാര്യങ്ങള്‍ ചെയ്തിരിക്കുന്നു.’ ‘തലമുറകള്‍ എന്നെ ഭാഗ്യവതി എന്ന് പ്രഘോഷിക്കും’ എന്ന് പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞവരുടെ സഹജവാസനയായ പരസേവന തല്‍പരത, ധീരത, ആത്മശക്തി, എളിയഭാവം, ക്ഷമാശീലം തുടങ്ങിയ ഫലദാനവരങ്ങളാല്‍ പൂരിതമായിരുന്നു നസ്രത്തിലെ കന്യകയുടെ ജീവിതനിമിഷങ്ങള്‍.

ഇളയമ്മയുമായുള്ള കൂടിക്കാഴ്ച്ചയില്‍ ഉദരത്തിലെ ശിശുവിനെപ്പോലും ഇളക്കാന്‍ പര്യാപ്തമായിരുന്നു അവളിലെ പരിശുദ്ധാത്മ സാന്നിധ്യം. ആത്മാവ് നിറഞ്ഞവള്‍ കടന്നുപോയ ഇടങ്ങളെല്ലാം ആത്മാഭിഷേകത്താല്‍ പൂരിതയമായി. തനിക്ക് ലഭിച്ച കൃപയില്‍ മറ്റുള്ളവരെക്കൂടി ഭാഗഭാക്കാക്കാനുള്ള അധമ്യമായ ആഗ്രഹവും ദൈവാത്മാവ് വെളിപ്പെടുത്തി തരുന്ന കാര്യങ്ങള്‍ നിറവേറ്റാനുള്ള ആര്‍ജ്ജവുമായിരുന്നു പരിശുദ്ധ അമ്മയെ ഇളയമ്മയുടെ ഭവനത്തിലേയ്ക്കാനയിച്ച ചാലകശക്തി. കാരണം, ആത്മാവിനാല്‍ നിറഞ്ഞവര്‍ക്കാര്‍ക്കും പിന്നെ നിഷ്‌ക്രിയരായിരിക്കാനാവില്ല.

സമ്പൂര്‍ണ്ണ സമര്‍പ്പണം, നിരന്തരമായ പ്രാര്‍ത്ഥന, വചനത്താല്‍ നിറഞ്ഞ ഹൃദയം, സഹനങ്ങളിലെ സംയമനം, നന്മ ചെയ്യാനുള്ള ആവേശം, വിശ്വാസത്തിലെ ആത്മീയപക്വത തുടങ്ങിയ ആത്മീയവരങ്ങളാണ് പരിശുദ്ധാത്മാവിന്റെ ആവാസത്തിലേയ്ക്ക് അമ്മയെ ആനയിച്ചത്. ആത്മാവിന്റെ അഭിഷേകമില്ലാത്ത ജീവിതവും പ്രവര്‍ത്തികളും പ്രസംഗംങ്ങളും ശക്തിയില്ലാത്തതും ഇതരര്‍ തിരസ്‌ക്കരിക്കുന്നതുമാണ്. ആത്മാവിന്റെ അഗ്നി രൂപപ്പെടുത്തിയവര്‍ സകലര്‍ക്കും സുസമ്മതരാകും എന്ന് സ്വജീവിതം കൊണ്ട് അവള്‍ കാണിച്ചുതരുമ്പോള്‍ ആത്മാഭിഷേകത്തോടെ പടക്കളത്തിലേയ്ക്കിറങ്ങി ആത്മാക്കളെ നേടാന്‍ നമുക്കും പടപൊരുതാം.

പരിശുദ്ധ അമ്മ: കുടുംബങ്ങള്‍ക്ക് പ്രചോദനം

‘കുടുംബമാണ് സമൂഹജീവിതത്തിന്റെ യഥാര്‍ത്ഥഘടകം. സ്‌നേഹത്തിലും ജീവന്റെ ദാനത്തിലും തങ്ങളെത്തന്നെ നല്‍കാന്‍ ഭാര്യയും ഭര്‍ത്താവും വിളിക്കപ്പെട്ടിരിക്കുന്നത് ഈ സമൂഹത്തിലാണ്. കുടുംബത്തിലുള്ള ബന്ധങ്ങളുടെ ജീവിതവും സ്ഥിരതയും ആധികാരികതയും സമൂഹത്തില്‍ സ്വാതന്ത്ര്യം, സുരക്ഷിതത്വം, സാഹോദര്യം എന്നിവയ്ക്ക് അടിത്തറയിടുന്നു.’ (CCC, 2207).

കുടുംബത്തെ ‘ഗാര്‍ഹികസഭ’ എന്നും ‘ജീവന്റെയും സ്‌നേഹത്തിന്റെയും കൂട്ടായ്മ’ എന്നും വിശേഷിപ്പിക്കുന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖകളില്‍ കുടുംബത്തെക്കുറിച്ചുള്ള സഭയുടെ കാഴ്ച്ചപ്പാടുകള്‍ പ്രതിഫലിക്കുന്നു. ‘കുടുംബത്തില്‍ മാതാപിതാക്കളാണ് വാക്കുകളും മാതൃകകളും വഴി കുട്ടികളോട് ആദ്യമായി വിശ്വാസം പ്രസംഗിക്കേണ്ടത്.’ (LG: 11) എന്ന് ഓര്‍മ്മപ്പെടുത്തുന്നു കൗണ്‍സില്‍ പിതാക്കന്മാര്‍. ഇത്തരുണത്തില്‍, കുടുംബങ്ങള്‍ക്ക് മാര്‍ഗ്ഗദീപവും വഴികാട്ടിയുമാണ് പരിശുദ്ധ അമ്മ. പരിശുദ്ധിയുടെ പരിമളം വീശിയിരുന്ന രണ്ട് ലില്ലിപ്പൂക്കളുടെ മധ്യേ ആ പരിശുദ്ധിയുടെ പരിമളം ഏറ്റുവാങ്ങിയാണ് ‘ഈശോ ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളര്‍ന്നുവന്നത്’ (LK. 2:52).

മാതാപിതാക്കളുടെ സ്‌നേഹത്തിലും പരിചരണത്തിലും പ്രാര്‍ത്ഥനയിലും ധ്യാനത്തിലും പങ്കുചേര്‍ന്ന് വളര്‍ന്നാണ് യേശു യുവാവായി മാറിയത്. കുടുംബജീവിതത്തിന്റെ താളക്രമങ്ങള്‍ക്ക് യാതൊരു ഭംഗവും വരാതിരിക്കാന്‍ പരിശുദ്ധ അമ്മ സദാ ശ്രദ്ധിച്ചിരുന്നു എന്നതിന് ഉത്തമദൃഷ്ടാന്തമാണ് കാനായിലെ കല്യാണഭവനത്തിലുള്ള അമ്മയുടെ ഇടപെടല്‍. പരിശുദ്ധ ത്രിത്വത്തിന്റെ പരസ്പര സ്‌നേഹമാണ് ഭൂമിയിലെ മാനുഷികബന്ധങ്ങളുടെയെല്ലാം അടിത്തറ. ഈ ദൈവികസ്‌നേഹമാണ് കുടുംബാരൂപി എന്ന സംജ്ഞയ്ക്ക് നിദാനം. കുടുംബാരൂപി എവിടെയെല്ലാം പ്രകാശിതമാകുന്നുവോ അവിടെയെല്ലാം കുടുംബവുമുണ്ട്. തിരുസഭയും സഭയ്ക്കുള്ളിലെ സഭകളും കുടുംബങ്ങളാണ് – തിരുക്കുടുംബങ്ങളാണ്. നമ്മുടെ കുടുംബങ്ങള്‍ തിരുക്കുടുംബത്തിന്റെ പതിപ്പായി മാറ്റാന്‍ ശക്തയായ മദ്ധ്യസ്ഥയും പരിശുദ്ധ അമ്മ തന്നെ.

പരിശുദ്ധ അമ്മ: പിശാചിന്റെ തല തകര്‍ത്തവള്‍

‘നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും. അവന്‍ നിന്റെ തല തകര്‍ക്കും. നീ അവന്റെ കുതികാലില്‍ പരിക്കേല്‍പ്പിക്കും’ (ഉല്‍. 3:15). വഞ്ചനയോടെ വര്‍ത്തിച്ച ഉരഗത്തോടുള്ള ഉടയവന്റെ ശാപമൊഴികള്‍. സാത്താന്റെ മൊഴികള്‍ക്ക് ‘ആമ്മേന്‍’ ചൊല്ലിയ ഹവ്വായിലൂടെ കളങ്കിതമായ സ്ത്രീജന്മത്തെ ദൈവീകമൊഴികള്‍ക്ക് ‘ആമ്മേന്‍’ നല്‍കിക്കൊണ്ട് വിശുദ്ധി പകര്‍ന്ന പരിശുദ്ധ അമ്മ ഇന്നും പിശാചിന്റെ തല തകര്‍ക്കാനായി നിയോഗിക്കപ്പെട്ടിരിക്കുന്നു.

അമ്മയുടെ പ്രത്യക്ഷപ്പെടലുകളിലെല്ലാം ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെടുന്ന അവള്‍, ജപമാലയാകുന്ന ആയുധത്താല്‍ പൈശാചിക തന്ത്രങ്ങളെയും സാത്താന്റെ കെണികളെയും നിര്‍വീര്യമാക്കുന്നു. യോഹന്നാന്‍ തന്റെ വെളിപാട് പുസ്തകത്തില്‍ ലോകത്തിലെ പൈശാചികശക്തികളെ തകര്‍ക്കുന്നതിനായി മറിയത്തിന്, ദൈവം നല്‍കിയിരിക്കുന്ന അധികാരത്തെ വിശ്വാസലോകത്തിന് വെളിപ്പെടുത്തുന്നുണ്ട്. പരിശുദ്ധ അമ്മ പുതിയ പറുദീസായാണ്. പിശാച് കയറാത്ത പറുദീസാ, ജന്മപാ പമില്ലാത്ത പറുദീസാ, അവളില്‍ ജീവന്റെ വൃക്ഷമായ ഈശോ സജീവനായി നില്‍ക്കുന്നു. കുറ്റബോധ ത്താല്‍ ആദിമാതാവിന്റെ സ്‌നേഹം അപൂര്‍ണ്ണമായി. അപൂര്‍ണ്ണമായ മാതൃസ്‌നേഹം അനുഭവിച്ച ഹവ്വായുടെ സന്തതികളില്‍, സാത്താന് കടന്നുകൂടി ആത്മനാശം വരുത്തുവാന്‍ എളുപ്പമായിരുന്നു. എന്നാല്‍, മറിയത്തെ അമ്മയായി സ്വീകരിക്കുന്ന മക്കളെ യേശുവിലേയ്ക്ക് അടുപ്പിച്ചുകൊണ്ട് മറിയം അവരെ രക്ഷിക്കുന്നു.

പരിശുദ്ധ അമ്മ: ഇന്നും ഉണര്‍ത്തുപാട്ട് ആകുന്നവള്‍

ലോകമെങ്ങും സുവിശേഷം പ്രസംഗിക്കുവാന്‍ പ്രതീക്ഷയോടെ ക്രിസ്തുനാഥന്‍ തിരഞ്ഞെടുത്ത അപ്പസ്‌തോലന്മാര്‍ പേടിച്ചരണ്ട് നാനാദിശകളില്‍ ഓടിയൊളിച്ചപ്പോള്‍ അവരെ അരികെ ചേര്‍ത്തുപിടിച്ച് ധൈര്യം പകര്‍ന്ന് ശക്തിപ്പെടുത്തി കൂടെനിന്ന പരിശുദ്ധ അമ്മ തിരുസഭയുടെ ആദ്യ ഉണര്‍ത്തുപാട്ടായി തീര്‍ന്നവളാണ്. ഇന്നും ക്രിസ്തുവിന് സാക്ഷ്യം വഹിച്ചുകൊണ്ട് അനേകര്‍ക്ക് മാനസാന്തരാനുഭവം പകര്‍ന്നു നല്‍കിക്കൊണ്ട് പലയിടങ്ങളിലായി അവള്‍ പ്രത്യക്ഷപ്പെട്ട് തന്റെ ദൗത്യം വീരോചിതമായി തുടരുന്നു.

ഒരു വിപ്ലവത്തിന് തിരി കൊളുത്തിയ മരിയസ്തുതിയാണ് അമ്മയുടെ ‘മാഗ്നിഫിക്കാത്ത്.’ ഇതില്‍ മുഴങ്ങുന്നത് ഒരു യുദ്ധത്തിന്റെ ഉണര്‍ത്തുപാട്ടാണ്. ജന്മം നല്‍കിയതുകൊണ്ടു മാത്രം ആരും അമ്മയായിട്ടില്ല. കര്‍മ്മമാണ് അമ്മയെ നിര്‍ണ്ണയിക്കുന്നത്. രക്ഷകന്റെ മുറിവുകള്‍ നല്ലൊരു അനുപാതത്തില്‍ സ്വന്തം നെഞ്ചില്‍ഏറ്റുവാങ്ങിയതുകൊണ്ട്… ക്രിസ്തു കടന്നുപോയ പീഡനവഴികളിലൂടെയെല്ലാം സ്വയം നടന്നുകൊണ്ട്… എങ്ങുമെത്താത്തവന്റെ യാത്രയില്‍ സ്‌നേഹത്തിന്റെ വഴിച്ചോറ് പൊതിഞ്ഞുകെട്ടി നിന്നതുകൊണ്ട്… മറിയം ക്രിസ്തുവിന്റെ അമ്മയായി എന്ന് എങ്ങോ വായിച്ചതോര്‍മ്മിക്കുന്നു. മുറിവുകളെ തിരുമുറിവുകളാക്കേണ്ടതിന്റെ ശാസ്ത്രം സ്വജീവിതത്തിലൂടെ അമ്മ വരച്ചുകാണിച്ചു. ആധുനികയുഗത്തില്‍ ആത്മീയതയുടെ ഉണര്‍ത്തുപാട്ടാകേണ്ട നമുക്ക് അമ്മയില്‍ ആശ്രയിക്കാം.

പരിശുദ്ധ അമ്മ: സ്‌നേഹത്തിന്റെ അക്ഷയഖനി

വഴി തെറ്റിയവന്റെ വരവും കാത്ത് കണ്ണിമയ്ക്കാതെ നോക്കിയിരിക്കുന്ന പിതാവിന്റെ സ്‌നേഹം പുത്രന്‍ ലോകത്തിനു മുന്നില്‍ വെളിപ്പെടുത്തുമ്പോള്‍ ആ ദൈവീകസ്‌നേഹത്തിന്റെ പ്രതിഫലനം പുത്രന്‍ ദര്‍ശിച്ചത് തന്റെ അമ്മയില്‍ നിന്നു തന്നെ. കാണാതെ പോയ ആടിന്റെ പുറകെ പോകാനും, ഒറ്റിക്കൊടുത്തവനെ കെട്ടിപ്പുണരുവാനും, ഒരു കരണത്തടിച്ചവന് മറുകരണം കൂടി കാണിച്ചു കൊടുക്കുവാനും, ഓടിയൊളിച്ചവരെ തേടി വിളിക്കാനും, പാദക്ഷാളനത്തോളം വിനീതനാകാനും, ആവശ്യക്കാരിലേയ്ക്ക് ഓടിയെത്താനും, തള്ളിപ്പറഞ്ഞവനെയും തള്ളാതെ പ്രാതലൊരുക്കി കാത്തിരിക്കാനും ഈശോ പഠിച്ചത് ഈ അമ്മയില്‍ നിന്നല്ലെന്ന് ആരു കണ്ടു..?

ശത്രുക്കളുടെ മധ്യേ കുരിശിന്‍ചുവട്ടില്‍ നില്‍ക്കുമ്പോഴും അവളുടെ മനസ്സില്‍ ആരോടും പകയില്ല, ശത്രുതയില്ല, പരാതിയില്ല. ആരെയും വെറുക്കുവാനോ കുറ്റപ്പെടുത്തുവാനോ അവള്‍ തയ്യാറാകുന്നുമില്ല. കാരണം, അവളും പുത്രനെപ്പോലെ തന്നെ സ്‌നേഹത്തിന്റെ വിപ്ലവം സൃഷ്ടിക്കാന്‍ നിയോഗം ലഭിച്ചവളാണ് എന്ന ബോധ്യം സദാ അവളെ പിന്തുടര്‍ന്നിരുന്നു. ഇന്നിന്റെ യുഗത്തിന് നഷ്ടമായ ഈ ബോധ്യം സമകാലീന പ്രശ്‌നങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കാന്‍ പര്യാപ്തമാണ്.

പരിശുദ്ധ അമ്മ: ചരിത്രത്തെ തിരുത്തിയവള്‍

‘ഒരു സ്ത്രീയായി എനിക്ക് ജന്മം നല്‍കാതിരുന്നതില്‍ ദൈവമേ, ഞാന്‍ അങ്ങയെ സ്തുതിക്കുന്നു’ എന്ന് നന്ദിവാക്കായി ഏറ്റുചൊല്ലുന്ന യഹൂദ പാരമ്പര്യങ്ങള്‍ക്കു മുന്നില്‍ ചരിത്രത്തെ മാറ്റിമറിച്ച പരിശുദ്ധ അമ്മ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. തലമുറകള്‍ സൗഭാഗ്യവതി എന്ന് പ്രകീര്‍ത്തിക്കവിധം ശക്തമായിരുന്നു അമ്മയിലെ ദൈവീകസാന്നിധ്യം. സ്ത്രീജന്മം ശാപമായി-ദൈവശിക്ഷയായി കരുതിയിരുന്ന ഒരു കാലത്ത് സ്ത്രീക്ക് നഷ്ടപ്പെട്ടുപോയ മഹത്വം വീണ്ടെടുക്കുവാനും അനേകര്‍ക്ക് അനുഗ്രഹമായി പടരുവാനും ദൈവത്താല്‍ പ്രത്യേകം നിയോഗം ലഭിച്ച അവള്‍ തന്റെ ജന്മം കൊണ്ടും കര്‍മ്മം കൊണ്ടും ചരിത്രഗതിയെ മാറ്റിമറിച്ച് മനുഷ്യമനസ്സുകളിലും ചരിത്രത്താളുകളിലും സവിശേഷമായ ഇടം നേടി.

ഉപസംഹാരം

‘എവിടെ സ്ത്രീകള്‍ ആദരിക്കപ്പെടുന്നുവോ അവിടെ ദേവതകള്‍ സന്തോഷിക്കുന്നു’ എന്ന ആര്‍ഷഭാരത സങ്കല്‍പം വെറുമൊരു കെട്ടുകഥയായി തള്ളിക്കളയാനാവില്ല. വി. അഗസ്റ്റിന്‍ പാടുന്നു: ‘നിന്നെ പ്രതി നിന്നെ വണങ്ങുന്നവര്‍ക്കു മാത്രം അനുഭവവേദ്യമാകുന്ന ഒരു ആനന്ദം… നീ തന്നെയാകുന്ന പരമാനന്ദം… അതാണ് സാക്ഷാല്‍ സൗഭാഗ്യജീവിതം, നിന്നിലും നിന്നെക്കുറിച്ചും, നീ മുഖേനയും മാത്രം ആ നന്ദിക്കുക, ഇങ്ങനെയുള്ള ജീവിതം മാത്രമേ സൗഭാഗ്യജീവിതമാകൂ…’

ജീവിതസൗഭാഗ്യം നുകരാന്‍ ഇന്നിന്റെ യുഗത്തിനുള്ള ഒറ്റമൂലിയാണ് തലമുറകള്‍ ‘സൗഭാഗ്യവതി’ എന്നു പ്രകീര്‍ത്തിക്കുന്ന പരിശുദ്ധ അമ്മ. ഈശ്വര സാക്ഷാത്ക്കാരത്തിനായി സ്വയം സമര്‍പ്പിച്ച വ്യക്തിത്വം. സ്വജീവിതം കൊണ്ട് സ്‌നേഹത്തിന്റെയും സേവനത്തിന്റെയും ഇതിഹാസം രചിച്ചവള്‍. മറിയം മനുഷ്യവംശത്തിലെ ഏറ്റവും വാത്സല്യം നിറഞ്ഞ അമ്മയും പാപികളുടെ അഭയകേന്ദ്രവുമാണ് എന്ന വി. അല്‍ഫോന്‍സ് ലിഗോരിയുടെ വാക്കുകളെ ഒന്നുകൂടി ഉറപ്പിച്ചുകൊണ്ട് സഭ പഠിപ്പിക്കുന്നു – ‘മറിയം നമ്മുടെ അമ്മയാണ്. കാരണം, കര്‍ത്താവായ യേശു അവളെ നമുക്ക് അമ്മയായി തന്നു’ എന്ന് (YOUCAT 85). ഈ അമ്മയുടെ ചാരെ അഭയം ഗമിക്കുന്നവരെ അമ്മ ഒരിക്കലും നിരാശപ്പെടുത്തുകയില്ല.

ശാസ്ത്രമല്ല, മനുഷ്യനെ രക്ഷിക്കുന്നത്. മനുഷ്യന്‍ സ്‌നേഹത്താലാണ് രക്ഷിക്കപ്പെടുന്നത്. ഒരാള്‍ക്ക് തന്റെ ജീവിതത്തില്‍ വലിയ സ്‌നേഹത്തിന്റെ അനുഭവം ഉണ്ടാകുമ്പോള്‍ അത് രക്ഷയുടെ നിമിഷമാണ്. അത് അവന്റെ ജീവിതത്തിന് പുതിയ അര്‍ത്ഥം നല്‍കുന്നു (പ്രത്യാശയില്‍ രക്ഷ). ഈ സ്‌നേഹാനുഭവം ഓരോ ജീവിതവും ഏറ്റുവാങ്ങി രക്ഷ കൈവരിക്കാനുള്ള തീവ്രമായ ആഗ്രഹത്തോടെ പരിശുദ്ധ അമ്മ ഇന്നും ഇടപെടുന്നു അന്നെന്ന പോലെ.

രോഗഗ്രസ്ഥമായ ഇന്നിന്റെ യുഗത്തില്‍ കാഴ്ചകളെ ഉള്‍ക്കാഴ്ചക്കാളാക്കി, ഇന്ദ്രിയദര്‍ശനത്തിനപ്പുറം അതീന്ദ്രിയദര്‍ശനത്തിന്റെ ഒരു ചീന്ത് സൂക്ഷിച്ച്, അര്‍ഹിക്കുന്നവന് അപ്പമായിത്തീര്‍ന്ന്, പരാതികളില്ലാതെ ജീവിതത്തെ പ്രണയിച്ച്, പരിഗണന ആഗ്രഹിക്കാതെ അപരനെ പ്രണമിച്ച്, നന്മയുടെ പരാഗചുംബനങ്ങളുമായി അപരനിലേയ്ക്ക് പെയ്തിറങ്ങുന്ന സാന്ത്വനസാമീപ്യമായി കടന്നുചെന്ന്, വികാരങ്ങള്‍ക്കു മേല്‍ വിചാരങ്ങളുടെ ധ്യാനം ചെയ്ത്, വില നോക്കാതെ നല്‍കി, മുറിവുകള്‍ പരിഗണിക്കാതെ പോരാടി, പിന്നീടെന്താണെന്ന് ചിന്തിക്കാതെ അദ്ധ്വാനിച്ച്, പ്രതിഫലം ചോദിക്കാതെ ജോലി ചെയ്ത്, ദൈവീകമേഖലയിലേയ്ക്ക് സദാ കണ്ണുതുറന്ന് ജീവിതത്തെ അര്‍ത്ഥസംപുഷ്ടമാക്കാന്‍ പരിശുദ്ധ അമ്മയെ നമുക്ക് ആശ്രയിക്കാം. അമ്മയുടെ മക്കളെന്ന് ജീവിതം കൊണ്ടും കര്‍മ്മം കൊണ്ടും ആയിരിക്കുന്ന ഇടങ്ങളില്‍ നമുക്ക് പ്രഘോഷിക്കാം.

സി. ഷീലു തെരേസ് സിഎംസി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.