കല്ലറയിലെ അമ്മച്ചി

അജി ജോസഫ് കാവുങ്കൽ

”മരിച്ചവരുടെ തിരുനാൾ ദിനമായിരുന്നതിനാൽ രാവിലെ ഒപ്പീസും പ്രാർത്ഥനകളുമൊക്കെയായി തിരക്കിലായിരുന്ന സിമിത്തേരിയിലേയ്ക്ക് ഞാൻ കടന്നു ചെന്നു. ഉച്ചവെയിലിന് ഇന്ന് പതിവിലും തീവ്രതയുണ്ടെന്ന് തോന്നി. കല്ലറകളുടെ മുകളിൽ പതിപ്പിച്ച മനോഹരമായ മാർബിൾ ഫലകങ്ങളിൽ പലയിനം പൂക്കൾ ചിതറിക്കിടക്കുന്നു.

കത്തിതീരാത്ത മെഴുതിരികൾ, അണച്ചു കളഞ്ഞ കാറ്റിനോട് കോപിച്ചു നിൽക്കുകയാണെന്ന് തോന്നി. ചില കോൺക്രീറ്റ് മൂടികൾക്ക് മുകളിൽ പുഷ്പങ്ങളും മെഴുതിരികളുമൊന്നും കാണുന്നേയില്ല. അതുകൊണ്ട് തന്നെ അനാഥമായ ആ കോൺക്രീറ്റ് മൂടികളിലേയ്ക്കായി എന്റെ ശ്രദ്ധ. മൂടിയോടു ചേർത്ത് ഒട്ടിച്ചിരിക്കുന്ന മാർബിൾ ഫലകത്തിലെ പേരുകൾ വായിച്ചെടുക്കാൻ പോലുമാകാത്ത വിധം മങ്ങിയിരിക്കുന്നു.

പ്രവേശനകവാടത്തിലെ തൂണിൽ ചാരി എല്ലാ കല്ലറകളിലേയ്ക്കും കണ്ണോടിച്ചുകൊണ്ട് എന്റെ മരിച്ചുപോയവരെയോർത്ത് ഞാൻ നിന്നു. അനാഥമായ ആ കല്ലറകളിലെ ആത്മാക്കളെയോർത്ത് മരിച്ച ആ വിശ്വാസികൾക്കെല്ലാം വേണ്ടി
പ്രാർത്ഥിച്ചു. ബാല്യവും കൗമാരവും യൗവനവുമൊക്കെ ഓർമ്മയിൽ തികട്ടി വന്നപ്പോൾ അനാഥജന്മത്തിന്റെ സ്വാദ് ആവോളം രുചിച്ച എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

സിമിത്തേരികൾ ആത്മാക്കളുടെ വാസസ്ഥലമാണെന്ന് അറിയാവുന്നതുകൊണ്ട് ഇരുട്ടായാൽ ഈ ഭാഗത്തേയ്ക്ക് നോക്കാൻ കൂടി ഭയപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. പകൽ ആത്മാക്കളൊന്നും പുറത്തിറങ്ങില്ലെന്നാരോ പറഞ്ഞു കേട്ടതിന്റെ ഓർമ്മയിൽ സെമിത്തേരിയുടെ തൊട്ടരികത്തുകൂടി ജീവിച്ചിരിക്കുന്നവർക്ക് വേണ്ടി മരിക്കാനുള്ള വ്യഗ്രതയിൽ ഒഴുകുന്ന മണിമലയാറിനെ നോക്കി ഞാൻ മന്ദഹസിച്ചു.

പുതിയ ബൈപാസ്സ്‌ റോഡിലൂടെ വാഹനങ്ങളുടെ തിരക്ക് കുറവാണെങ്കിലും എന്തിനോവേണ്ടി മോട്ടോർബൈക്കുകൾ ചീറിപായുന്നു….

”ഡാ, കൊച്ചേ…” ഒരു വയോവൃദ്ധയുടെ സ്വരം. പുറകിൽ നിന്ന്.

ഞാൻ നാലുപാടും നോക്കി. ആരെയും കാണുന്നില്ല.

”ഡാ, നിന്നെത്തന്നെയാ വിളിച്ചേ.” വീണ്ടും അതേ വിളി.

ഇപ്പ്രാവശ്യം ഞാൻ ശരിക്കും ഞെട്ടി. ഭയം എന്നെ പിടികൂടി. എന്റെ വലതു കൈ കഴുത്തിൽ കിടന്ന കൊന്തയിലെ കുരിശിൽ മുറുകി.

”ഡാ, പേടിക്കണ്ട. എന്നെ മനസിലായോ?”

ആരെയും കാണുന്നില്ല. പിന്നെ എങ്ങനെ ആരാണെന്നു പറയും. എങ്ങനെ മനസ്സിലാകും? അതായിരുന്നു എന്റെ ചിന്ത.

”ദേ, ഇവിടെ നോക്കെടാ.”

പറഞ്ഞു തീരും മുമ്പേ അനാഥമായ ഒരു കല്ലറമുകളിലെ ഉണങ്ങിയ റബ്ബറിലകൾ കാറ്റത്ത് പറന്നുയർന്നു. ഒപ്പം അനാഥമായ കല്ലറകൾക്ക് മുകളിളെല്ലാം മെഴുതിരി കത്തിനിൽക്കുന്ന അനുഭവം. എല്ലായിടത്തും നിറയെ പൂക്കൾ. പറഞ്ഞറിയിക്കാനാവാത്ത സുഗന്ധം.

ആ അമ്മച്ചിയുടെ ശബ്ദം വീണ്ടും. ”പറഞ്ഞാലൊന്നും നീ എന്നെ അറിയില്ല. ഇവരിൽ ആരെയും അറിയില്ല. ഇനിയൊട്ടറിയാനും സാധ്യമല്ല.”

”ഈ സമയത്തെങ്ങും ഇവിടെ ആരും വരാറുമില്ല. പക്ഷേ, ഇന്ന് ഞങ്ങളുടെ ദിവസമായിട്ടും പലരും തിരിഞ്ഞു നോക്കാതെപോയിട്ടും പൂക്കളും മെഴുതിരികളുമില്ലാത്ത ഞങ്ങളുടെ കല്ലറകളെ നോക്കി കണ്ണീർ പൊഴിച്ച് ഹൃദയം നുറുങ്ങിയ നിന്റെ പ്രാർത്ഥന ദൈവം കേട്ടു.”

”മരണത്തോടെ മരിച്ചവരോടുള്ള ഉത്തരവാദിത്തം അവസാനിച്ചല്ലോയെന്ന് സമാധാനിച്ച് മക്കൾ വിദേശത്തേയ്ക്ക് പറന്നു. ഞങ്ങളെ ഓർക്കാൻ മറന്നു.
പശ്ചാത്താപവിവശരായി ശുദ്ധീകരണസ്ഥലത്തൊരു കൊച്ചു പ്രാർത്ഥനയ്ക്കായ് കൊതിച്ചിട്ടും ആ മക്കളിലൊന്ന് പോലും തിരിഞ്ഞു നോക്കിയില്ല. ജോലിത്തിരക്കുകൾക്കിടയിൽ. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ അവർക്ക് കഴിഞ്ഞില്ല.”

ഒന്ന് നിർത്തി ദീർഘനിശ്വാസം വിട്ട് ആ അമ്മച്ചി വീണ്ടും പറഞ്ഞു: ”മനഃപൂർവം ആയിരിക്കില്ല. അവർക്കറിയാം അവരുടെ കഷ്ടപ്പാടുകൾ. ഇപ്പൊ പണ്ടത്തെപ്പോലെയൊന്നുമല്ല. അറബികളും അഭ്യാസം പഠിച്ചു പോയി.”

പരിസരം മറന്ന് ഞാൻ പൊട്ടിച്ചിരിച്ചു. ”എടാ ചെറുക്കാ നീ എന്ത് കേട്ടിട്ടാ, ഈ കിളിക്കുന്നെ?”

സ്ഥലകാലബോധം വന്ന ഞാൻ ഒന്ന് ചമ്മി.

അമ്മച്ചി വീണ്ടും പറഞ്ഞു തുടങ്ങി: ”മരിച്ച വിശ്വാസികൾക്ക് വേണ്ടിയുള്ള പ്രാർത്ഥന ഒരു പ്രാവശ്യം ചൊല്ലുമ്പോൾ ശുദ്ധീകരണസ്ഥലത്തെ മൂവായിരം ആത്മാക്കൾക്ക് നിത്യശാന്തി ലഭിക്കും. അതാ ഇപ്പൊ നീ ചെയ്തേ.”

”അങ്ങനെയോ?” എന്റെ ചോദ്യം

”എന്താ സഭാവിശ്വാസങ്ങളൊന്നും അറിയില്ലേ നിനക്ക്?”

”അറിയാം.”

”പിന്നെ അങ്ങനെയോ? ഇങ്ങനെയോ എന്നൊക്കെയൊരു ചോദ്യം?”

”എന്തോ ഒരു കള്ളലക്ഷണം മണക്കുന്നല്ലോടാ നരന്തേ, നിന്നെ.” അവർ ചിരിച്ചു.

”നീ ഇങ്ങോട്ടൊന്നു നോക്കിക്കേ.” പറഞ്ഞു തീർന്നതും മറ്റൊരു കല്ലറയുടെ മുകളിൽ കാറ്റൂതി. കത്തിനിന്ന തിരി ആളിക്കത്തി.

”അമ്പടാ കൊച്ചുകള്ളാ. നീയാ കോവിന്ദപ്പണിക്കന്റെ കൊച്ചുമോനാ.
അല്ലേടാ. ഹ… ഹ… ഹ….”

ആ ചിരി അകന്നകന്ന് മേഘങ്ങൾക്കിടയിൽ അലിഞ്ഞു ചേർന്നത് ഞാൻ അറിഞ്ഞു. ഒപ്പം ഒരായിരം പ്രാവുകളുടെ ചിറകടി ശബ്ദവും.

മഴ പെയ്തു തുടങ്ങി. ഞാൻ പതിയെ വീട്ടിലേയ്ക്ക് നടന്നു.

സനാഥനായ എന്റെ ദൈവത്തിന്റെ വിരലുകളിൽ തൂങ്ങി!!!

അജി ജോസഫ് കാവുങ്കൽ