അമ്മായിയമ്മയുടെ രോഗം??

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

കൊറോണക്കാലം ആയതിനാൽ ക്ലാസുകളെല്ലാം ഓൺലൈനിലാണ്. കുറച്ചു ദിവസങ്ങളായി ആ അധ്യാപിക സ്വന്തം വീട്ടിലാണ് താമസം. കൂടെ രണ്ട് കുഞ്ഞുമക്കളുമുണ്ട്. ഭർതൃഗൃഹത്തിലേയ്ക്ക് എന്ന് തിരിച്ചുപോകാനാകും എന്ന് അറിഞ്ഞുകൂടാ. ഒരു നിലയ്ക്കും അമ്മായിയമ്മയുമായി പൊരുത്തപ്പെട്ടുപോകാന്‍ ആകുന്നില്ല. അവൾ ചെയ്യുന്ന ഏതു കാര്യത്തിനും കുറ്റമാണ്. ഒരു നല്ല വാക്കുപോലും പറയില്ല. പുതിയ കലഹത്തിന്റെ ആരംഭം ഇങ്ങനെയാണ്.

പതിവുപോലെ രാവിലെ അടുക്കളപ്പണികളെല്ലാം കഴിഞ്ഞ് കാരണവന്മാർക്കും മക്കൾക്കും അവൾ ഭക്ഷണം കൊടുത്തു. തുടർന്ന് ഓൺലൈൻ ക്ലാസുകളിലേയ്ക്ക് നീങ്ങി. പെട്ടന്നാണ് അമ്മായിയമ്മയ്ക്ക് വയറുവേദന ആരംഭിച്ചത്. ആശുപത്രിയിൽ പോകണമോ എന്ന് ചോദിച്ചപ്പോൾ, ‘വേണ്ടാ ഇത്തിരി ചൂടുവെള്ളം തന്നാൽ മതി’ എന്നായിരുന്നു മറുപടി. അപ്പോൾത്തന്നെ കുടിക്കാൻ ചൂടുവെള്ളവും കുറച്ച് ജാതിക്ക പൊടിച്ച് തേനിൽ ചാലിച്ചതും അമ്മയ്ക്ക് നൽകുകയും ചെയ്തു. അതിനുശേഷം മുറിയിൽ ചെന്ന് ഓൺലൈൻ ക്ലാസ് തുടരുന്നതിനിടയിൽ ഭർത്താവിന്റെ തുടരെത്തുടരെയുള്ള ഫോൺകോളുകൾ.

ക്ലാസ് പെട്ടന്ന് അവസാനിപ്പിച്ച് ഫോൺ എടുത്തപ്പോൾ ഭർത്താവ് രോഷത്തോടെ ചോദിച്ചത് ഇങ്ങനെയാണ്: “എടീ, എന്റെ അമ്മയെ ആശുപത്രിയിൽ കൊണ്ടുപോകാതെ നീ ആരുമായ് ശൃംഗരിക്കുകയാണ്? ഇന്നത്തോടെ നിർത്തിക്കോണം നിന്റെ പഠിപ്പിക്കൽ.”

എന്താണ് നടന്നതെന്നു പറയാനുള്ള സാവകാശം പോലും നൽകാതെ അയാൾ ഫോൺ കട്ട് ചെയ്തു. ഇതിനിടയിൽ 25 കിലോമീറ്റർ ദൂരെ നിന്നും ഓട്ടോയുമായി നാത്തൂൻ വീട്ടിലെത്തിയിരുന്നു; അമ്മയെ ആശുപത്രിയിൽ കൊണ്ടുപോകാൻ. ഇതേ തുടർന്ന് വീട്ടിലുണ്ടായ അസ്വാരസ്യം മൂലം യുവതി വല്ലാതെ വിഷമിച്ചു. വീട്ടിൽ വല്ലാതെ ഒറ്റപ്പെട്ടു എന്ന് തോന്നിയപ്പോൾ പിളേളരെയും കൂട്ടിക്കൊണ്ട് അവൾ വീട്ടിലേയ്ക്ക് പോന്നു.

ഈ സംഭവം പറയുമ്പോൾ അവൾ കരച്ചിലടക്കാൻ പാടുപെടുകയായിരുന്നു. “കല്യാണം കഴിഞ്ഞ കാലം മുതൽ അമ്മായിയമ്മയ്ക്ക് എന്നെ കണ്ടുകൂടാ. അച്ചനറിയുമോ, ഇതുവരെ ഭർത്താവിന്റെ കൂടെ ഒരു സിനിമയ്ക്കുപോലും പോയിട്ടില്ല. ക്ഷമിച്ചും സഹിച്ചും ചെയ്യാവുന്നതെല്ലാം ചെയ്തുകൊടുക്കുന്നുണ്ട്. പക്ഷേ, കുറ്റവും കുറവും ഒഴിഞ്ഞ് ഒരു ദിവസം പോലുമില്ല. ഇതിനിടയിൽ ഭർത്താവും കൂടെ കുറ്റപ്പെടുത്തിയാൽ എന്തുചെയ്യാനാ… മടുത്തച്ചാ, ജീവിതം ശരിക്കും മടുത്തു.”

ഇന്ന് പല കുടുംബങ്ങളിലും ഇങ്ങനെയുള്ള പ്രശ്നങ്ങൾ ധാരാളമുണ്ട്. മകന്റെ സ്നേഹവും പരിഗണനയും കൂടുതൽ ലഭിക്കാൻവേണ്ടി മകനെയും മരുമകളെയും തമ്മിലടിപ്പിക്കാൻ പരിശ്രമിക്കുന്ന അമ്മമാരുണ്ട്. ചിലപ്പോൾ നേരെ തിരിച്ച്, പ്രശ്നം മരുമക്കളുമായിരിക്കും. മകൻ വിവാഹം കഴിക്കുന്നതോടെ പുതിയൊരു അംഗം വീട്ടിലെത്തുന്നു. അന്നുവരെ ഏതു കാര്യത്തിനും അമ്മയായിരുന്നു ആശ്രയമെങ്കിൽ അന്നു മുതൽ സ്വന്തം ഭർത്താവും മകനും ‘വന്നു കയറിയവളെ’ ആശ്രയിക്കുന്നതു കാണുമ്പോൾ സ്വാഭാവികമായും ചില അമ്മമാരുടെ മനസിൽ അസൂയ രൂപപ്പെടാൻ സാധ്യതയുണ്ട്.

സുവിശേഷത്തിൽ ശിമയോന്റെ അമ്മായിയമ്മയുടെ പനി ക്രിസ്തു സുഖപ്പെടുത്തുന്ന സംഭവം നാം വായിക്കുന്നില്ലേ? (Ref: ലൂക്കാ 4:38-39). ആ കുടുംബത്തിലെ രോഗാവസ്ഥയിൽ ക്രിസ്തുവിന് ഒരിടം അവർ നൽകിയപ്പോൾ കൂടുതൽ ശാന്തിയും സമാധാനവും സൗഖ്യവും അവിടെ രൂപപ്പെട്ടതായി നാം കാണുന്നു. നമ്മുടെ കുടുംബങ്ങളിലെ പ്രതിസന്ധികളിൽ ക്രിസ്തുവിന് ഇടം നൽകാൻ കഴിയുന്നുണ്ടോ എന്ന് ചിന്തിക്കുന്നത് ഉചിതമായിരിക്കും. ശരീരത്തെ ബാധിക്കുന്ന അസുഖങ്ങളേക്കാൾ എത്രയോ തീവ്രമാണ് മനസിനേൽക്കുന്ന മുറിവുകൾ? പുറമെ സന്തോഷവും സംതൃപ്തിയുമെല്ലാം ഉണ്ടെന്നു തോന്നുന്ന പല കുടുംബങ്ങളിലെയും അകത്തളങ്ങളില്‍ തോരാക്കണ്ണീരും തീരാവേദനയും ഉണ്ടെന്നുള്ളത് അനുഭവത്തിൽ നിന്നു വ്യക്തമാണ്. എന്തായാലും അമ്മായിയമ്മമാരുടേയും മരുമക്കളുടേയുമെല്ലാം മനസിനേറ്റ മുറിവുകൾ ഭേദമാകട്ടെ എന്ന് ഇന്നേദിനം നമുക്ക് പ്രാർത്ഥിക്കാം.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.