മരണ വീട്ടില്‍ ആശ്വസിപ്പിക്കാനായി എത്തിയ വൈദികനെ അത്ഭുതപ്പെടുത്തിയ യുവാവ് 

    ‘ദൈവത്തോട് നിനക്ക് ദേഷ്യമുണ്ടോ മകനെ?’ വികാരി അച്ചന്‍ ചോദിച്ചു.  ‘ഇല്ല അച്ചാ അങ്ങനെ ദൈവത്തിന്റെ അടുത്ത് പരിഭവം പറഞ്ഞാല്‍, ദേഷ്യപ്പെട്ടാല്‍ അത് എന്റെ അമ്മ ഒരിക്കലും പൊറുക്കില്ല.’ ആ ചെറുപ്പക്കാരന്റെ മറുപടിയില്‍ അച്ചന്‍ അത്ഭുതപ്പെട്ടു. ഇത് അമ്മ പകര്‍ന്നു നല്‍കിയ ആഴമായ വിശ്വാസത്തില്‍ ലോകത്തിന്റെ വേര്‍പാടുകളെ ദൈവ ഹിതമായി കരുതിയ ചെറുപ്പക്കാരന്റെ, അത് പകര്‍ന്നു നല്‍കിയ അമ്മയുടെ ജീവിതം.

    മിര്‍ക്കാ. വളരെ സന്തോഷവതിയായ മധ്യ വയസ്‌ക. അവളെ കാണുന്നവര്‍ എല്ലാവരും അവളുടെ പക്കല്‍ എത്തുവാനും സംസാരിക്കുവാനും ഓടി എത്തിയിരുന്നു. ഒരുപാട് പോസിറ്റീവ് എനര്‍ജി മറ്റുള്ളവരിലേയ്ക്ക് പകര്‍ന്നു നല്‍കിയ ആ വീട്ടമ്മയെ അയല്‍ക്കാരും സുഹൃത്തുക്കളും ബന്ധുക്കളും ഒക്കെ വളരെ അധികം സ്‌നേഹിച്ചിരുന്നു. അവരുടെ സാമീപ്യം എല്ലാവരും ആഗ്രഹിച്ചിരുന്നു. തികഞ്ഞ ദൈവ വിശ്വാസിയായിരുന്ന ആ വീട്ടമ്മ മറ്റുള്ളവരുടെ വേദനകളിലും ദുഖങ്ങളിലും സന്തോഷങ്ങളിലും ഒക്കെ അരികില്‍ നില്‍ക്കുന്ന ഒരു ദൈവത്തെ കാണിച്ചു കൊടുക്കുവാന്‍ ശ്രമിച്ചിരുന്നു. തന്നാല്‍ ആകും വിധം ഒക്കെ വേദനിക്കുന്നവര്‍ക്ക് ഒപ്പം ആകുവാനും മിര്‍ക്കാ പരിശ്രമിച്ചു .

    സമീപത്തു വയ്യാതെ ഇരിക്കുന്ന വൃദ്ധരെ ഇടക്കിടെ സന്ദര്‍ശിക്കാന്‍ എത്തുന്ന മിര്‍ക്കാ അവര്‍ക്ക് കരുണാമയനായ ഒരു ദൈവത്തെ പരിചയപ്പെടുത്തുവാനും അവരെ നല്ല മരണത്തിനു ഒരുക്കുവാനും ശ്രദ്ധിച്ചു. അങ്ങനെ പോകുന്നതിനിടയിലാണ് ഇടക്ക് ഒരു വയറു വേദന വരുന്നത്. അത് സാധാരണമാണല്ലോ എന്ന് കരുതി ആദ്യം അവഗണിച്ചു . എന്നാല്‍ മാറുന്ന ലക്ഷണം ഒന്നും ഇല്ല എന്ന് കണ്ടപ്പോള്‍ അവള്‍ ആശുപത്രിയില്‍ പോയി. പരിശോധനാ ഫലം കണ്ടപ്പോള്‍ ആദ്യം അവള്‍ ഒന്ന് തരിച്ചുപോയി. ലിവര്‍ ക്യാന്‍സര്‍. അവസാന ഘട്ടമാണ്. ഒന്നും ചെയ്യാനില്ല. ഏതാനും മാസങ്ങള്‍ കൂടി… ഡോക്ടര്‍മാര്‍ പറഞ്ഞു നിര്‍ത്തി.

    തനിക്കു അവശേഷിക്കുന്ന ആ ഏതാനും മാസങ്ങള്‍ ആശുപത്രിയില്‍ ചിലവഴിക്കാന്‍ അവള്‍ തയ്യാറായിരുന്നില്ല. അവള്‍ പഴയപോലെ തന്നെ പുറത്തുപോയി, ആളുകളോട് സംസാരിച്ചു. അവരുടെ കൂടെ ഇരുന്നു. പുഞ്ചിരിച്ചു. തന്റെ ഉള്ളിലുള്ള പോസിറ്റീവ് എനര്‍ജി മറ്റുള്ളവരിലേയ്ക്ക് പകര്‍ന്നു. ഒരിക്കല്‍ ഇതറിഞ്ഞ്, ഇടവകയിലെ വികാരിയച്ചന്‍ അവളുടെ അടുത്തെത്തി. അച്ചന്‍ ചോദിച്ചു ‘ നീ മറ്റുള്ളവര്‍ക്ക് വേണ്ടി ഒരുപാട് പ്രാര്‍ത്ഥിക്കാറുള്ളതല്ലേ, പിന്നെ നീ നിനക്ക് വേണ്ടി  പ്രാര്‍ത്ഥിക്കാത്തത് എന്താ? അവള്‍ പറഞ്ഞ മറുപടിയാണ് അച്ചനെ ആദ്യം അത്ഭുതപ്പെടുത്തിയത് ‘ എനിക്ക് ഇനി ഈ ലോകത്തില്‍ ആരെയും നോക്കിയിരിക്കാന്‍ ഇല്ല. എന്നെ ദൈവം വിളിക്കുവാണെങ്കില്‍ ഞാന്‍ അങ്ങ് പോകും.’ അധികം വൈകാതെ തന്നെ അവള്‍ നിത്യ സൗഭാഗ്യത്തിലേയ്ക്ക് വിളിക്കപ്പെട്ടു.

    അമ്മയുടെ മൃതശരീരത്തിന് അരികില്‍ ഇരുന്ന മകനെ അച്ചന്‍ ആശ്വസിപ്പിച്ചു. അച്ചന്‍ പറഞ്ഞു മകനേ ദൈവത്തോട് ദേഷ്യം തോന്നരുത്. ആ അമ്മ മകന് എത്രയും പ്രിയപ്പെട്ടതാണെന്ന് അറിയാമായിരുന്ന വൈദികന്‍ അവനെ ചേര്‍ത്തു പിടിച്ചു പറഞ്ഞു തുടങ്ങി. അപ്പോള്‍ അവന്‍ പറഞ്ഞു ‘അച്ചാ എനിക്ക് ദൈവത്തോട് ഒരു ദേഷ്യവും പരിഭവവും ഇല്ല. അങ്ങനെ ചെയ്താല്‍ അമ്മ എന്നോട് ക്ഷമിക്കില്ല. എനിക്ക് ദൈവത്തെ കുറ്റപ്പെടുത്താന്‍ അവസരം ഉണ്ട്. എങ്കിലും അതിന് എനിക്ക് കഴിയില്ല. കാരണം എന്റെ അമ്മയുടെ ജീവിതം എനിക്ക് മുന്‍പില്‍ ഉണ്ട്.’ ആ വൈദികന്‍ ചിരിച്ചു കൊണ്ട് ബാക്കി കര്‍മ്മങ്ങള്‍ നടത്തി. കാരണം ആ അമ്മയുടെ ആഴമായ വിശ്വാസ ജീവിതം അവനു മുന്‍പില്‍ ഉള്ളിടത്തോളം കാലം അവനെ ഒരു ശക്തിക്കും ദൈവത്തില്‍ നിന്ന് അകറ്റാന്‍ കഴിയില്ല എന്ന് അദ്ദേഹത്തിനു മനസിലായി.

    വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.