അമ്മയനുഭവങ്ങൾ: 01

ഫാ. സാജൻ നെട്ടപ്പോങ്ങ്

ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ,

എന്റെ ജീവിതത്തിൽ ഇന്നുവരെ ഉണ്ടായ മരിയൻ അനുഭവങ്ങളുടെ വിവരണമാണിത്. പരിശുദ്ധ അമ്മ വഴി എന്റെ ജീവിതത്തിലുണ്ടായ അനുഭവങ്ങൾ ഒരു വ്യക്തിയിലെങ്കിലും മാറ്റമുണ്ടാക്കിയാൽ, ഒരാളെയെങ്കിലും ദൈവത്തിലേക്ക് അടുപ്പിച്ചാൽ, ഒരാൾക്കെങ്കിലും പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം തേടണമെന്ന ചിന്ത ജനിപ്പിച്ചാൽ അതിലും വലിയ സന്തോഷമോ ആനന്ദമോ എനിക്കിനി ലഭിക്കാനില്ല.

എന്റെ അമ്മേ, എന്റെ ആശ്രയമേ… ഇപ്പോഴും എപ്പോഴും മൃത്യുവിൻ നേരത്തും ഞങ്ങളോരോരുത്തർക്കും കൂട്ടായിരിക്കണേ, ആമ്മേൻ.

പരിശുദ്ധ കന്യകാമാതാവിനെ എനിക്ക് അനുഭവവേദ്യമാക്കിത്തന്നത് എന്റെ സ്വന്തം അമ്മയാണ്. കുഞ്ഞുനാൾ മുതൽ ഭക്തിയോടെ മുട്ടിന്മേൽ നിന്ന് കണ്ണുനീരോടെ ജപമാല ചൊല്ലി പ്രാർത്ഥിക്കുന്ന അമ്മയുടെ ചിത്രം എന്റെ ഹൃദയത്തിന്റെ ആഴങ്ങളിൽ പതിഞ്ഞിട്ടുണ്ട്. അമ്മയെ അനുകരിച്ച് ഞാനും കൊന്തമണികൾ അതിന്റെ അർത്ഥമറിയാതെ ഉരുവിട്ടിട്ടുണ്ട്. പക്ഷേ കണ്ണുനീരൊഴുക്കുന്ന അമ്മയുടെ രൂപം എന്നിൽ അത്ഭുതം നിറച്ചിരുന്നു. ഇന്നും എന്റെ അമ്മ കണ്ണുനീരോടെ ജപമാല ചൊല്ലിയുള്ള പ്രാർത്ഥന ശക്തമായി തുടരുന്നു. പക്ഷേ ഒരു വ്യത്യാസമുണ്ട്. ഇന്ന് ആ അമ്മയുടെ മകനും കണ്ണുനീരോടെ തന്നെ ജപമാല ചൊല്ലുന്നുണ്ട്.

ഞാൻ ഉറച്ചുവിശ്വസിക്കുന്നു, എന്റെ അമ്മയുടെ കണ്ണുനീരോടുള്ള ജപമാല പ്രാർത്ഥനയാകുന്ന അടിത്തറമേൽ കെട്ടിയുയർത്തപ്പെട്ടതാണ് ഈ പാപിയുടെ പൗരോഹിത്യം. പ്രാർത്ഥനയാകുന്ന അടിത്തറ ബലിഷ്ഠമായതുകൊണ്ടു മാത്രമാണ് ഇന്നും ഞാൻ ഒരു വൈദികനായി സേവനം ചെയ്യുന്നത്. ജപമണികൾക്കുമേൽ നിൽക്കുന്നതുകൊണ്ടാവാം എന്നെ വീഴ്ത്താനായി നിർമ്മിക്കപ്പെട്ട ജീവിതപ്രതിസന്ധികളെയും വേദനകളെയും ഒറ്റപ്പെടലുകളെയും ചതികളെയും തിരസ്ക്കരണങ്ങളെയും ഒഴിവാക്കലുകളെയും കുറ്റപ്പെടുത്തലുകളെയും അന്യായ തീർപ്പിടലുകളെയും പരിഹാസശരങ്ങളെയും അവഗണനകളെയും മാനസികവും ശാരീരികവുമായ എല്ലാ ആക്രമണങ്ങളെയും നിശബ്ദം അതിജീവിക്കാൻ എനിക്ക് സാധിക്കുന്നത്.

പരിശുദ്ധ അമ്മ എന്റെ ജീവിതത്തിന്റെ ഭാഗമാണിന്ന്. കന്യകാമാതാവിന്റെ സഹായം തേടാത്ത, ജപമാല ചൊല്ലാത്ത, എന്റെ അമ്മേ എന്നു വിളിക്കാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തിലില്ല. അമ്മയനുഭവങ്ങൾ ഒരുപാടുണ്ട് ഈ കൊച്ചുജീവിതത്തിൽ. അമ്മയോട് മാദ്ധ്യസ്ഥം അപേക്ഷിച്ചിട്ട് ഒന്നുപോലും എന്റെ ജീവിതത്തിൽ തിരസ്ക്കരിക്കപ്പെട്ടിട്ടില്ല. ഈ കുഞ്ഞുജീവിതത്തിൽ പരിശുദ്ധ അമ്മയോളം സ്വധീനം ചെലുത്തിയ വ്യക്തികൾ മറ്റാരും തന്നെ ഇല്ലെന്ന് നിഃസംശയം പറയാം.

പരിശുദ്ധ അമ്മയോട് എന്നെ അടുപ്പിച്ച ഒരനുഭവം പങ്കുവയ്ക്കാം. ഞാൻ ചെറിയ ക്ലാസ്സിൽ പഠിക്കുന്ന സമയം. ഞങ്ങളുടെ വീട് പുതിയ ഓല മേയാനായി പഴയ ഓലകളൊക്കെ മാറ്റിയിട്ടിരുന്ന സമയം. അന്ന് രാത്രി ഞാനും എന്റെ അപ്പനും ആ വീട്ടിൽ കിടന്നു. അമ്മയും പെങ്ങളും അടുത്തുള്ള കുടുംബവീട്ടിൽ (തറവാട്) പോയി കിടന്നു. മേൽക്കൂരയില്ലാത്ത വീട്ടിൽ കിടന്നുകൊണ്ട് നക്ഷത്രം എണ്ണുമ്പോൾ പെട്ടെന്ന് മഴയുടെ ഒരു ഇരമ്പൽ. മഴ പെയ്താൽ മണ്ണ് കുഴച്ചു നിർമ്മിക്കപ്പെട്ടിരിക്കുന്ന ഞങ്ങളുടെ കൊച്ചുഭവനം നിലംപരിശായതു തന്നെ. ഉടനെ ഞാൻ കണ്ട കാഴ്ച എന്നെ സ്തബ്ധനാക്കി. എന്റെ അപ്പൻ കരങ്ങളിൽ ജപമാലയെടുത്ത് മുട്ടിന്മേൽ നിന്ന് വലിയ വായിൽ നിലവിളിക്കുന്ന ദൃശ്യം. അലറിയടുത്ത മഴയും കാറ്റും എങ്ങോട്ടോ മാഞ്ഞുപോയി. അന്ന് അപ്പൻ കണ്ണുനീരോടെ പറഞ്ഞുതന്നു, അപേക്ഷിക്കുന്നവരെ ഒരിക്കലും ഉപേക്ഷിക്കാത്തവളാണ് പരിശുദ്ധ കന്യകാമറിയമെന്ന്.

ഇന്ന് ഞാനും പ്രതിസന്ധിഘട്ടങ്ങളിൽ ആ അമ്മയെ നോക്കി നിലവിളിക്കാറുണ്ട്. എല്ലാ പ്രശ്നങ്ങളുടെയും കാർമേഘങ്ങൾ എല്ലാം തന്നെ മാറിപ്പോയിട്ടുമുണ്ട്.

ഈശോ മിശിഹായിൽ സ്നേഹപൂർവ്വം,

ഫാ. സാജൻ നെട്ടപ്പോങ്ങ്, തക്കല രൂപത

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.