സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്തുന്നതില്‍ സ്ത്രീകളുടെ പങ്ക് സുപ്രധാനമെന്ന് മോണ്‍. ഉര്‍ബാന്‍ചിക്ക്

സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്തുന്നതിനുള്ള ഉപാധികള്‍ സംഭാഷണവും അന്താരാഷ്ട്ര നിയമത്തോടുള്ള ആദരവുമാണെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ പ്രതിനിധി മോണ്‍. യാനുസ് ഉര്‍ബാന്‍ചിക്ക്.

യൂറോപ്പിന്റെ സുരക്ഷിതത്വത്തിനും സഹകരണത്തിനുമായുള്ള സംഘടനയില്‍ പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകനും ഓസ്ത്രിയായുടെ തലസ്ഥാനമായ വിയെന്നയില്‍ ഐക്യരാഷ്ട്ര സഭയുടെ കാര്യാലയത്തിലും ഇതര അന്താരാഷ്ട്ര സംഘടനകളിലും വത്തിക്കാന്റെ പ്രതിനിധിയുമായ അദ്ദേഹം വ്യാഴാഴ്ച ഒ.എസ്.സി.ഇ-യുടെ സ്ഥിരസമതിയുടെ പ്രത്യേക സമ്മേളനത്തെ സംബോധന ചെയ്യുകയായിരുന്നു.

സമാധാനവും നീതിയും സംജാതമാക്കുന്നതിന് പരസ്പരധാരണയോടെ ഏറ്റെടുത്തിട്ടുള്ള ദൗത്യങ്ങള്‍ നിറവേറ്റാന്‍ ഒ.എസ്.സി.ഇ-യിലെ അംഗരാഷ്ട്രങ്ങള്‍ക്ക് പോളണ്ടുകാരനായ മോണ്‍. ഉര്‍ബാന്‍ചിക്ക് പ്രചോദനം പകര്‍ന്നു. പരസ്പരാശ്രയത്വവും മാനവകുടുംബം മുഴുവന്റെയും കൂട്ടുത്തരവാദിത്വവും സവിശേഷതയായുള്ള ഒരു ഭാവി കെട്ടിപ്പടുക്കുന്നതിനായുള്ള സഹകരണത്തിന്റെ ആഗോള നൈതികതയില്‍ അടിത്തറയിട്ടാല്‍ മാത്രമേ യഥാര്‍ത്ഥവും സ്ഥായിയുമായ ഒരു സമാധാനം സാധ്യമാകുകയുള്ളുവെന്ന് അദ്ദേഹം പ്രസ്താവിച്ചു. സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്തുന്നതില്‍ സ്ത്രീകളുടെ പങ്ക് പരിപോഷിപ്പിക്കേണ്ടതിന്റെ ആവശ്യകതയും മോണ്‍. ഉര്‍ബാന്‍ചിക്ക് എടുത്തുകാട്ടി.

എല്ലാ തലങ്ങളിലും സംഘര്‍ഷങ്ങള്‍ തടയുന്നതിലും പ്രതിസന്ധികള്‍ കൈകാര്യം ചെയ്യുന്നതിലും പരിഹരിക്കുന്നതിലും യുദ്ധാനന്തര പുനര്‍നിര്‍മ്മിതിയിലും മഹിളകളുടെ പങ്ക് പരിപോഷിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ബോധ്യം പരിശുദ്ധ സിംഹാസനത്തിനുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇന്ന് ലോകത്തെ വരിഞ്ഞുമുറുക്കിയിരിക്കുന്ന കോവിഡ്-19 മഹാമാരിയെക്കുറിച്ച് പരാമാര്‍ശിച്ച മോണ്‍. ഉര്‍ബാന്‍ചിക്ക് ഈ രോഗം ആഗോളതലത്തിലുയര്‍ത്തുന്ന ഭീഷണിയെ പൊതു കര്‍മ്മപദ്ധതിയിലൂടെ നേരിടാന്‍ ഒ.എസ്.സി.ഇ-യിലെ അംഗരാഷ്ട്രങ്ങളെ ഓര്‍മ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.