മനുഷ്യാന്തസ്സ് അംഗീകരിക്കുക: മോണ്‍. പോള്‍ റിച്ചാര്‍ഡ് ഗാല്ലഗെര്‍

ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സിലിന്റെ 46-ാമത് സമ്മേളനത്തില്‍, വത്തിക്കാന്റെ മറ്റു രാജ്യങ്ങളുമായുള്ള ബന്ധത്തിന്റെ കാര്യാലയ സെക്രട്ടറി മോണ്‍. പോള്‍ റിച്ചാര്‍ഡ് ഗാല്ലഗെര്‍, ഓരോ മനുഷ്യവ്യക്തിയുടേയും അന്തസ്സ് അംഗീകരിക്കുന്നതു വഴി സാര്‍വ്വലൗകീക സാഹോദര്യത്തിന്റെ പുനര്‍ജനനത്തിന് സംഭാവന നല്‍കാന്‍ കഴിയുമെന്ന് അറിയിച്ചു.

ജീവിതത്തിന്റെ സകല തലങ്ങളെയും ബാധിച്ച കോവിഡ്-19 അനേകം പേരുടെ മരണത്തിനിടയാക്കിയതു കൂടാതെ നമ്മുടെ സാമ്പത്തിക – സാമൂഹിക – ആരോഗ്യസംവിധാനങ്ങളെക്കുറിച്ചും സംശയങ്ങള്‍ ഉണര്‍ത്തുകയും സാര്‍വ്വത്രിക മനുഷ്യാവകാശ സംരക്ഷണത്തെയും പ്രചാരണത്തേയും കൂടി ബാധിച്ചു എന്നു ചൂണ്ടിക്കാണിക്കുകയും ചെയ്തു.

സ്വാതന്ത്ര്യത്തിന്റെയും നീതിയുടെയും സമാധാനത്തിന്റെയും അടിസ്ഥാനം മനുഷ്യകുടുംബത്തിലെ ഓരോ മനുഷ്യന്റെയും അന്തസ്സും തുല്യവും അഭേദ്യവുമായ അവകാശങ്ങളും അംഗീകരിക്കുക എന്നതാണെന്ന് മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ ആമുഖത്തില്‍ പറയുന്നു. അടിസ്ഥാന മനുഷ്യാവകാശത്തിലും മനുഷ്യാന്തസ്സിലും സ്ത്രീപുരുഷ അവകാശ തുല്യതയിലുമുള്ള വിശ്വാസവും ഐക്യരാഷ്ട്ര സഭയുടെ പ്രമാണത്തിലും ഉറപ്പ് നല്‍കുന്നു. ഇവ രണ്ടും എടുത്തുപറഞ്ഞ മോണ്‍. റിച്ചാര്‍ഡ് ഗാല്ലഗെര്‍, അഭിപ്രായ സമന്വയത്തിനും സമയ-സംസ്‌കാര-സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്ന വ്യവസ്ഥകള്‍ക്കും അതീതമാണ് എല്ലാ മനുഷ്യരിലും സഹജവും സാര്‍വ്വലൗകീകവുമായ മനുഷ്യാന്തസ്സെന്ന് ഈ രണ്ടു പ്രമാണങ്ങളും അടിവരയിടുന്നതെന്ന് അഭിപ്രായപ്പെട്ടു.

എന്നാല്‍ ഇവ പ്രഖ്യാപിക്കാനാണ് എളുപ്പമെന്നും ഈ ലക്ഷ്യങ്ങള്‍ ഇനിയും അംഗീകാരം നേടേണ്ടതും ബഹുമാനിക്കപ്പെടേണ്ടതും സംരക്ഷിക്കപ്പെടേണ്ടതും പ്രോത്സാഹിപ്പിക്കേണ്ടതുമാണെന്ന കാര്യം നാം അംഗീകരിക്കേണ്ടിയിരിക്കുന്നു എന്നതും മോണ്‍. ഗല്ലാഗെര്‍ വ്യക്തമാക്കി. ശരിയായ മനുഷ്യാവകാശ സംരക്ഷണം അത് എവിടെ നിന്നു വരുന്നു എന്ന അടിസ്ഥാനത്തെ ആശ്രയിച്ചിരിക്കുന്നു. അവകാശത്തെ സാര്‍വ്വലൗകീക മൂല്യങ്ങളില്‍ നിന്ന് വേര്‍പിരിച്ച് അമൂര്‍ത്തമായി കണ്ടാല്‍ അതിന്റെ അസ്തിത്വം തന്നെ നഷ്ടമാകും എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അത്തരം ഒരു നിര്‍ഭാഗ്യ സംഭവമാണ് മനുഷ്യാവകാശ കമ്മിറ്റിയുടെ പൊതുവ്യാഖ്യാനത്തിന്റെ 36-ാം ഖണ്ഡികയില്‍ മനുഷ്യജീവനെയും അന്തസ്സിനെയും സംരക്ഷിക്കുന്നതിന് പകരം ആത്മഹത്യയെ സഹായിക്കുകയും ഗര്‍ഭസ്ഥശിശുക്കളുടെ ജീവന്‍ അവസാനിപ്പിക്കാനും കഴിയുന്ന തരത്തിലുള്ള ദുര്‍വ്യാഖ്യാനങ്ങള്‍ക്ക്  ഇട നല്‍കുന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.

കോവിഡ് മൂലമുള്ള നിയന്ത്രണങ്ങളില്‍ മുതിര്‍ന്നവരും കുടിയേറ്റക്കാരും അഭയാര്‍ത്ഥികളും തദ്ദേശവാസികളും ആഭ്യന്തരമായി മാറ്റിപ്പാര്‍പ്പിക്കപ്പെട്ടവരും കുട്ടികളും ക്രമാതീതമായി ക്ലേശിപ്പിക്കപ്പെടുന്നതും അവരുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നതും മോണ്‍. റിച്ചാര്‍ഡ് ഗാല്ലെഗെര്‍ ഓര്‍മ്മിപ്പിച്ചു. ഈ അവസരത്തില്‍ ചിന്തയ്ക്കും മനസ്സാക്ഷിക്കും മതത്തിനും നല്‍കേണ്ട സ്വാതന്ത്ര്യവും മനുഷ്യന്റെ അന്തസ്സിന്റെ ഹൃദയമാണെന്നും അതിന്റെ അടിയന്തരാവസ്ഥയും അദ്ദേഹം എടുത്തു പറഞ്ഞു.

വിവിധ പ്രതിസന്ധികളെ ഫലപ്രദമായി നേരിടാന്‍ ഭിന്നതകളെ മറികടക്കണമെന്നും അതിന് പരിശുദ്ധ പിതാവിന്റെ ചാക്രികലേഖനമായ ഫ്രത്തേല്ലി തൂത്തി ഏറ്റം പ്രസക്തമാണെന്നും ഓരോ മനുഷ്യവ്യക്തിയുടേയും അന്തസ്സ് അംഗീകരിക്കുന്നത് വഴി സാര്‍വ്വലൗകീക സാഹോദര്യത്തിന്റെ പുനര്‍ജനനത്തിന് സംഭാവന നല്‍കാന്‍ കഴിയുമെന്നും അദ്ദേഹം അറിയിച്ചു. ഇപ്പോഴത്തെ പ്രതിസന്ധി, ബഹുസ്വരതയെ ആഗോള ഉത്തരവാദിത്വത്തിന്റെ പുതിയ പ്രകടനമാക്കാനും നീതിയില്‍ അടിസ്ഥാനമായ ഐക്യമത്യവും മനുഷ്യകുടുംബത്തില്‍ സമാധാനവും ഐക്യവും നേടിയെടുക്കാനുള്ള അവസരവുമാക്കുക എന്നതാണ് ദൈവത്തിന്റെ പദ്ധതി എന്നും ഇതിനായി പരിശുദ്ധ സംഹാസനം തുടര്‍ന്നും സഹകരിക്കുമെന്നും വാഗ്ദാനം ചെയ്തുകൊണ്ടാണ് അദ്ദേഹം തന്റെ സന്ദേശം ഉപസംഹരിച്ചത്.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.