ഒരു കഷണം റൊട്ടി നൽകിയതിന് തീവ്രവാദം ആരോപിച്ച് ഓർത്തഡോക്സ് ക്രിസ്ത്യൻ സന്യാസിയെ ജയിലിലടച്ചു

തന്റെ ആശ്രമത്തിലെത്തിയ രണ്ടുപേർക്ക് ഒരു കഷണം റൊട്ടി നൽകിയതിന് സന്യാസ വൈദികനെ തീവ്രവാദ ബന്ധം ആരോപിച്ച് ജയിലിലടച്ചു. തുർക്കിയിലാണ് സംഭവം. ഓർത്തഡോക്സ് ക്രിസ്ത്യൻ സന്യാസി സെഫർ ബിലേസെനെയാണ് രണ്ട് വർഷവും ഒരു മാസവും തടവിന് ശിക്ഷിച്ച് ജയിലിലടച്ചത്.

സെഫർ ബിലേസെൻ എന്ന സന്യാസി ‘കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടി’ എന്ന ഗ്രൂപ്പിലെ അംഗങ്ങളില്‍പ്പെട്ട രണ്ടുപേര്‍ക്ക് ഒരു കഷണം റൊട്ടി നല്‍കുക മാത്രമാണ് ചെയ്തത്. എന്നാല്‍, കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടിയിലെ മുൻ അംഗത്തിന്റെ പരാതിയെ തുടർന്ന് ‘ഫാദർ അഹോ’ എന്നറിയപ്പെടുന്ന ഈ സന്യാസിക്കെതിരെ തീവ്രവാദം ആരോപിക്കുകയും കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്യുകയുമായിരുന്നു.

തന്നോട് ഭക്ഷണം ചോദിച്ച രണ്ടുപേരെ ഭക്ഷണം കൊടുത്ത് സഹായിക്കുക മാത്രമാണ് താൻ ചെയ്തതെന്ന് ഈ സന്യാസ വൈദികൻ തറപ്പിച്ച് പറയുന്നു. ക്രൈസ്തവ ന്യൂനപക്ഷത്തിനെതിരായ അതിക്രമങ്ങളും ദുരുപയോഗങ്ങളും വർദ്ധിച്ചുവരുന്നതിന് ഉത്തമ ഉദാഹരണമാണ് വൈദികനെതിരായുള്ള ശിക്ഷാവിധി. സാമ്പത്തിക പ്രതിസന്ധി, കൊറോണ വൈറസ് അടിയന്തരാവസ്ഥ മറച്ചുവെയ്ക്കുക, അധികാരം നിലനിർത്തുക എന്നിവ ലക്ഷ്യമാക്കിയുള്ള ഇപ്പോഴത്തെ തുർക്കി പ്രസിഡന്റ് റീസെപ് തയ്യിപ് എർദോഗന്റെ പ്രവർത്തനങ്ങളുടെ അനന്തരഫലമാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ തുർക്കിയിൽ വർദ്ധിക്കുന്നതിന് കാരണമെന്ന് ഏഷ്യാ ന്യൂസ് റിപ്പോർട്ടിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.