ക്രൈസ്തവസന്യാസം : സന്യാസജീവിതം – നവീകരണകാലത്ത്

‘എനിക്ക് ആത്മാക്കളെ തരൂ, മറ്റെല്ലാം എന്നില്‍ നിന്ന് എടുത്തുകൊള്ളൂ’ എന്ന് പ്രസംഗിച്ച് കൊണ്ട് ദക്ഷിണേന്ത്യയിലെ കടല്‍ത്തീരത്തു കൂടെ കടന്നുപോയ ഒരു ഈശോസഭക്കാരന്‍ വിശുദ്ധനുണ്ടായിരുന്നു പതിനാറാം നൂറ്റാണ്ടില്‍. പേര് ഫ്രാന്‍സീസ് സേവ്യര്‍.

ആത്മാക്കളുടെ രക്ഷക്ക് അത്യാവശ്യമായിരുന്നത് മിശിഹായാണെന്നും മിശിഹായെ പ്രഘോഷിക്കലാണ് തന്റെ ദൗത്യമെന്നും കരുതിയ ഈ സമൂഹത്തിന്റെ പിന്‍തലമുറ, അവ മാറ്റിവച്ച് ഫെമിനിസ്റ്റ് തിയോളജിയിലും സബ് ആള്‍ട്ടേണ്‍ തിയോളജിക്കല്‍ ആശയങ്ങളിലും ന്യൂ ഏജ് മൂവ്മെന്റുകളിലും അഭിരമിച്ച് ബൗദ്ധിക കസര്‍ത്തുകള്‍ നടത്തുന്നതിന് ചരിത്രം പിന്നീട് സാക്ഷിയായി. എന്നാല്‍ 16-ാം നൂണ്ടറ്റാണ്ടിലെ പുരോഗ മനാശയങ്ങളിലും വിപ്ലവങ്ങളിലും സഭ രണ്ടായി പിളര്‍ന്ന കാലഘട്ടത്തില്‍ സുവിശേഷ പ്രഘോഷണത്തിലൂടെയും വീരോചിത പുണ്യങ്ങളിലൂടെയും പ്രാര്‍ത്ഥനയിലൂടെയും സഭയ്ക്ക് ശക്തി പകര്‍ന്ന സന്യാസ സമൂഹങ്ങളുടെ ചരിത്രം ഇന്നും പ്രസക്തമാണെന്ന് ഈ കാലഘട്ടം ഓര്‍മ്മിപ്പിക്കുന്നുണ്ട്.

സന്യാസ സമൂഹങ്ങളുടെ ചരിത്രത്തിലെ ഒരു ഘട്ടമാണ് നവീകരണകാലം. 1517-ലാണ് മാര്‍ട്ടിന്‍ ലൂതര്‍ തന്റെ 95 പ്രമേയങ്ങള്‍ വിറ്റന്‍ബര്‍ഗ് ദൈവാലയത്തില്‍ പതിപ്പിക്കുന്നതും റോമന്‍ കൂരിയായുമായുള്ള പരസ്യമായ പ്രതിഷേധം പ്രകടിപ്പിക്കുന്നതും. ലൂതറിന്റെ നടപടി കത്തോലിക്കാ ലോകത്തും പൊതുസമൂഹത്തിലും ഉളവാക്കിയ ചലനങ്ങള്‍ വലുതായിരുന്നു. ലൂതറന്‍ ആശയങ്ങളോട് ചേര്‍ന്ന് കാല്‍വിന്‍, സ്വിഗ്ലി തുടങ്ങിയവരുടെ പഠനങ്ങളും പ്രചരിക്കപ്പെട്ടപ്പോള്‍ അവ കൂദാശകളെയും പൗരോഹിത്യത്തെയും പാരമ്പര്യത്തെയും നിഷേധിക്കുന്ന വിധത്തിലായി. ഈ കാലത്തും സഭയില്‍ നവീകരണത്തിനും പ്രബോധനത്തിനും കാലോചിതമായ പരിവര്‍ത്തനങ്ങള്‍ക്കും സന്യാസ സമൂഹങ്ങള്‍ മുന്നിട്ടിറങ്ങി.

ഈശോസഭ: 1540-ല്‍ സ്ഥാപിതമായ ഈശോസഭയുടെ സ്ഥാപകനായി കണക്കാക്കപ്പെടുന്നത് വി. ഇഗ്‌നേഷ്യസ് ലൊയോളയാണ്. സ്പെയിനിലെ കാസടോറെ ലൊയോള എന്ന സ്ഥലത്ത് ജനിച്ച ഇഗ്‌നേഷ്യസ്, മുറിവേറ്റ് ആശുപത്രിയിലായിരുന്നപ്പോള്‍ വിശുദ്ധ ഗ്രന്ഥവും ആത്മീയ ഗ്രന്ഥങ്ങളും വായിച്ച് മനഃപരിവര്‍ത്തനം വന്നു. 1528-ല്‍ പാരീസ് സര്‍വ്വകലാശാലയില്‍ പഠനത്തിന് ചേര്‍ന്നപ്പോള്‍ ലഭിച്ച ഫ്രാന്‍സീസ് സേവ്യര്‍, പീറ്റര്‍ ഫാബര്‍, അല്‍ഫോണ്‍സ് സല്‍മെറോണ്‍, ജയിംസ് ലയ്നേ, സൈമണ്‍ റൊഡ്രീഗുസ് എന്നീ സ്നേഹിതരോട് ചേര്‍ന്നാണ് അദ്ദേഹം ഈശോസഭ സ്ഥാപിച്ചത്.

ഇപ്രകാരമൊരു ആത്മീയ ജീവിതത്തെക്കുറിച്ച് പ്രത്യേകമായ ആഭിമുഖ്യമൊന്നും പ്രകടിപ്പിക്കാതിരുന്ന ഫ്രാന്‍സീസ് സേവ്യറോട്, ‘ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും തന്റെ ആത്മാവ് നഷ്ടപ്പെട്ടാല്‍ എന്തു പ്രയോജനം’ എന്ന് ഇഗ്‌നേഷ്യസ് നിരന്തരം ചോദിച്ചിരുന്നുവെന്നാണ് ഫ്രാന്‍സീസിന്റെ ജീവചരിത്രകാരന്മാര്‍ പ്രസ്താവിക്കുന്നത്. ഈ ചോദ്യത്തോടുള്ള അദ്ദേഹത്തിന്റെ പ്രത്യുത്തരം ഈശോസഭാംഗമാകാനും മിഷനറിയായി മാറിക്കൊണ്ട് ആത്മാക്കളുടെ രക്ഷയെക്കുറിച്ച് ആകുലപ്പെടുന്നവനാകാനും ഫ്രാന്‍സീസിനെ ഒരുക്കി.

1540-ല്‍ പോള്‍ മൂന്നാമന്‍ മാര്‍പാപ്പയുടെ റേജിമിനി മിലിത്താന്തിസ് എന്ന തിരുവെഴുത്തു വഴി സ്ഥാപിക്കപ്പെട്ട ഈശോസഭയുടെ മൂന്ന് പ്രധാനവ്രതങ്ങള്‍ ബ്രഹ്മചര്യം, ദാരിദ്ര്യം, അനുസരണം എന്നിവയായിരുന്നു. ഇതിനോടൊപ്പം മാര്‍പാപ്പയോടുള്ള പരിപൂര്‍ണ്ണമായ അനുസരണം എന്ന പ്രത്യേക പ്രതിജ്ഞയും അവര്‍ എടുത്തിരുന്നു. പ്രൊട്ടസ്റ്റന്റ് വിപ്ലവകാലത്ത് അനേകര്‍ ആശയക്കുഴപ്പത്തിലും ശീശ്മയിലുംപെട്ട് വഴിതെറ്റിപ്പോയപ്പോള്‍ അവരെ തിരികെ കൊണ്ടുവരാന്‍ മുന്നിട്ടിറങ്ങിയതും മിഷനറി പ്രവര്‍ത്തനങ്ങള്‍ക്കായി വിദൂരദേശങ്ങളിലേയക്ക് പോയതും ഈശോസഭക്കാരായിരുന്നു.

മര്‍ത്തോമാ ക്രിസ്ത്യാനികളെ നിര്‍ബന്ധിതമായി തങ്ങളുടെ ഭരണത്തിന്‍ കീഴിലാക്കാന്‍ പ്രൊട്ടസ്റ്റന്റ്കാര്‍ ശ്രമിച്ചത് ഭാരതത്തില്‍ സഭയുടെ വിഭജനത്തില്‍ കലാശിച്ചുവെങ്കിലും, പല പൗരസ്ത്യദേശങ്ങളിലും സുവിശേഷമറിച്ചതില്‍ ഈശോസഭക്കാരുടെ പങ്ക് വലുതായിരുന്നു. സ്ഥലംമാറ്റം ലഭിക്കുന്ന സമൂഹാംഗം, അത് എത്ര വലിയ സ്ഥാനം അലങ്കരിച്ചിരുന്നവരായിരുന്നാലും വസ്തുവകകളോടും സ്ഥാനമാനങ്ങളോടും യാതൊരു പ്രതിപത്തിയും കാണിക്കാതെയും പ്രതിഷേധിക്കാതെയും അനുസരിച്ചിരുന്നുവെന്നത് അവരുടെ മാതൃകയായിരുന്നു. കാരണം, മേലധികാരി നിര്‍ദ്ദേശിക്കുന്ന കാര്യത്തില്‍ അതില്‍ത്തന്നെ തിന്മയല്ലാത്തതെല്ലാം അനുസരിക്കാന്‍ സമൂഹാംഗത്തിന് കടമയുണ്ടെന്നതാണ് ഇഗ്‌നേഷ്യസിന്റെ നിയമത്തിലുള്ളത്.

അനുസരണമെന്നത് ബുദ്ധിയുടെ മേല്‍ നാം നടത്തുന്ന അടക്കമാണ്. അത് ശാരീരികമായ എല്ലാ പരിത്യാഗങ്ങളെക്കാളും സഹനങ്ങളെക്കാളും ശ്രേഷ്ഠമാണെ് കുരിശിന്റെ വി. യോഹന്നാന്‍ പ്രസ്താവിക്കുന്നു. തന്റെ ബുദ്ധിക്ക് ഇഷ്ടപ്പെടന്നത് മാത്രം താന്‍ അനുസരിക്കുമെന്നും ഇഷ്ടപ്പെടുന്ന തീരുമാനങ്ങളെ മാത്രം അംഗീകരിക്കുമെന്നും പറഞ്ഞ് തന്നിഷ്ടപ്രകാരം കഴിയുന്ന സന്യാസിക്ക് അനുസരണമെന്ന വ്രതം നല്‍കുന്ന പുണ്യം ഗ്രഹിക്കാനാകില്ല.

കര്‍മ്മലീത്ത സമൂഹം: പലസ്തീനായിലെ കര്‍മ്മല മലയില്‍ കഴിഞ്ഞ ഏലിയ പ്രവാചകനെ മാതൃകയായി കാണുന്ന കര്‍മ്മലീത്ത സമൂഹത്തിന്റെ നിയമങ്ങള്‍ ഉരുത്തിരിയുന്നത് 1206-1214 കാലഘട്ടങ്ങളിലാണ്. സഭയിലേയ്ക്ക് അനേകര്‍ കടന്നുവരികയും സമൂഹത്തിന്റെ ആത്മീയജീവിതത്തിന് നവീകരണം ആവശ്യമാണെന്ന് തോന്നുകയും ചെയ്തപ്പോള്‍ വി. അമ്മത്രേസ്യായും കുരിശിന്റെ വി. യോഹന്നാനും കൂടിയാണ് ഈ സമൂഹത്തിന് പരിഷ്‌ക്കാരങ്ങളും നവീകരണങ്ങളും വരുത്തിയത്.

കത്തോലിക്കാ സഭയിലെ വേദപാരംഗതയെന്ന് പിന്നീട് വിളിക്കപ്പെട്ട അമ്മത്രേസ്യായ്ക്ക് ആദ്യ കാലങ്ങളില്‍ വളരെയേറെ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു. പ്രാര്‍ത്ഥനയുടെയും ദൈവാശ്രയത്തിന്റെയും തണലില്‍ അവയെ അതിജീവിച്ച അമ്മത്രേസ്യ പ്രാര്‍ത്ഥനാജീവിതത്തിന് മാതൃകയായ ഒരു ഗുരുനാഥയായിരുന്നുവെന്നാണ് ഫ്രാന്‍സീസ് മാര്‍പ്പാപ്പ അമ്മത്രേസ്യായുടെ ജനനത്തിന്റെ 500-ാം വാര്‍ഷികം ആഘോഷിച്ച 2015-ല്‍ പ്രസ്താവിച്ചത്. പ്രാര്‍ത്ഥനയില്ലാത്ത ആത്മാവ് തളര്‍ന്ന ശരീരങ്ങളും അവയവങ്ങളുമുള്ള ആളുകളെപ്പോലെയാണെന്നാണ് അമ്മത്രേസ്യാ പറയുന്നത്. കാരണം, ദൈവസഹായമില്ലെങ്കില്‍ നാം നിസ്സഹായരത്രെ. എന്നാല്‍, പ്രാര്‍ത്ഥനയുടെ വിലയറിയാത്ത സന്യാസിക്ക് അത് കോമാളിത്തരമായി തോന്നുമെന്നത് മറ്റൊരു സത്യം മാത്രം.

1653-ലെ കൂനന്‍കുരിശ് സത്യത്തിന് ശേഷം, കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ ഭരണസാരഥ്യമേറ്റെടുത്തത് കര്‍മ്മലീത്താ വൈദികരാണ്. കേരളത്തിലെ കര്‍മ്മലീത്താ സമൂഹത്തിന്റെ തുടക്കം അവരിലൂടെയാണ് നടന്നത്. പില്‍ക്കാലത്ത് കര്‍മ്മലീത്ത നിഷ്പാദുക മൂന്നാം സഭ കേരളത്തില്‍ രൂപപ്പെട്ടത് ഈ സമൂഹത്തിന്റെ പിന്തുണയിലാണെന്നതും ചരിത്രം.

സന്യാസസമൂഹങ്ങളും ആത്മീയ നവീകരണങ്ങളും

ലോകത്തില്‍ സംഭവിച്ച അപഭ്രംശകങ്ങള്‍ക്കും ശീശ്മകള്‍ക്കുമെതിരെ നിലപാടുകളെടുക്കുകയും ആത്മീയ ഉണര്‍വ് പ്രദാനം ചെയ്യുന്ന പരിശീലനങ്ങളും ഭക്തികളും പ്രോത്സാഹിപ്പിക്കുകയും ചെയ്ത സന്യാസ സമൂഹങ്ങള്‍ മധ്യകാലഘട്ടത്തിന്റെ ഇരുളിമയിലും പ്രൊട്ടസ്റ്റന്റ് വിപ്ലവകാലത്തും പ്രകാശം ചൊരിഞ്ഞവയാണ്. കുരിശിന്റെ വഴി, ജപമാല പ്രാര്‍ത്ഥന, തിരുഹൃദയ ഭക്തി, തീര്‍ത്ഥാടനങ്ങള്‍ എന്നിവ വഴി സഭാജീവിതത്തെ ബലപ്പെടുത്തിയ സന്യാസികളായിരുന്നു യൂറോപ്പിലെ ധ്യാനപ്രസംഗകരും മതബോധകരുമായി ഒരു കാലത്ത് വിളങ്ങി നിന്നിരുന്നത്. അവരുടെ അതിശയോക്തിപരമായ പ്രസംഗങ്ങള്‍ ചിലപ്പോള്‍ വിമര്‍ശന വിധേയ മായിട്ടുണ്ടെങ്കിലും.

ചില കുമ്പസാരവിചാരങ്ങള്‍

പ്രൊട്ടസ്റ്റന്റ് വിപ്ലവകാലത്ത് മാമ്മോദീസായും വി. കുമ്പസാരവുമൊഴിച്ചുള്ള മിക്ക കൂദാശകളെയും നവീകരണക്കാര്‍ എതിര്‍ത്തിരുന്നു. അവരെ കൗദാശിക ജീവതത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കുന്നതില്‍ അക്കാലത്തെ സന്യസ്തരുടെ പങ്ക് നിസ്തുലമായിരുന്നു. അടുത്ത കാലത്ത് ക്രൈസ്തവ വിശ്വാസ ത്തിന്റെ ഭാഗമായ കൂദാശകളെ പൊതുമധ്യത്തില്‍ വലിച്ചിടുന്ന പ്രവണത കാണുന്നുണ്ട്.

കേരളത്തില്‍ ഉരിത്തിരിഞ്ഞ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ചില കുമ്പസാര വിചാരങ്ങളും ഉള്‍ച്ചേര്‍ക്കുന്നത് നല്ലതാണല്ലോ. കേരള സര്‍ക്കാരിന്റെ കീഴിലുള്ള കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന വിജ്ഞാന കൈരളിയുടെ ആഗസ്റ്റ് – ഒക്ടോബര്‍ മാസത്തെ ലക്കത്തിലൂടെ ക്രൈസ്തവിശ്വാസത്തെ – പ്രത്യേകിച്ച് കുമ്പസാരത്തെ അവഹേളിക്കുന്ന ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. പ്രസ്തുത ലേഖനത്തെക്കുറിച്ച് പ്രതിഷേധങ്ങളുയര്‍ന്നപ്പോള്‍ കുമ്പസാരം, പൗരോഹിത്യ-സന്യാസ ലോകത്തിന്റെ സൃഷ്ടിയായ ആചാരമാണെന്ന അവരുടെ ലജ്ജയില്ലാത്ത പ്രസ്താവന ആരെയും അത്ഭുതപ്പെടുത്തുന്നുണ്ട്.

കുമ്പസാരമെന്നത് ഒരു മധ്യകാലഘട്ട – ഫ്യൂഡല്‍ പ്രഭുത്വത്തിന്റെയും പൗരോഹിത്യത്തിന്റെയും സൃഷ്ടിയാണെന്ന ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ‘പണ്ഡിതന്മാരുടെ’ കണ്ടുപിടുത്തം അപക്വമാണ്. കാരണം, ഭൂമിയിലെ പാപങ്ങള്‍ മോചിക്കാന്‍ മനുഷ്യപുത്രന് അധികാരമുണ്ടെന്ന് പഠിപ്പിച്ച ഈശോ (മര്‍ക്കോ. 2:5-12) ഈ അധികാരം ശ്ലീഹന്മാര്‍ക്ക് നല്‍കിക്കൊണ്ട് (യോഹ. 20:21-23) കെട്ടുവാനും അഴിക്കുവാനുമുള്ള അധികാരം അവര്‍ക്ക് നല്‍കി (മത്താ. 18:18). അവരിലൂടെ പൗരോഹിത്യം വഴി അനസ്യൂതം തുടരുന്ന ഈ കൂദാശയുടെ പരികര്‍മ്മത്തെക്കുറിച്ച് എ.ഡി. 96-ല്‍ റോമിലെ വി. ക്ലെമന്റും അന്ത്യോക്യയിലെ വി. ഇഗ്‌നേഷ്യസുമൊക്കെ പരാമര്‍ശിക്കുന്നുണ്ട്. ഗ്രിഗറി നസിയാന്‍സനാകട്ടെ വി. കുമ്പസാരത്തെ കണ്ണുനീരിന്റെ മാമ്മോദീസായെന്ന് വിളിക്കുന്നു.

പൈശാചിക ബന്ധനത്തില്‍ നിന്ന് ഒരുവനെ സ്വതന്ത്രനാക്കി സ്വര്‍ഗ്ഗത്തിന് അവകാശിയാക്കുന്ന പ്രസ്തുത കൂദാശയെ പിശാച് ഏറ്റവും ഭയക്കുന്നുവെന്ന് വിശുദ്ധര്‍ സാക്ഷിക്കുന്നു. പ്രസ്തുത കൂദാശയെയാണ് വെറുമൊരു ആചാരമെന്ന് ഭാഷ ഈസ്റ്റിറ്റിയൂട്ടിലെ ഈ പണ്ഡിതശ്രേഷ്ഠന്മാര്‍ കണ്ടുപിടിച്ചിരിക്കുന്നത്.

പണ്ട് നിലനിന്നിരുന്നതും സമൂഹത്തിന്റെ മുമ്പില്‍ പാപം വിളിച്ചുപറഞ്ഞ് മാപ്പപേക്ഷിക്കുന്ന വിധത്തിലുള്ളതുമായ പരസ്യകുമ്പസാരമെന്ന രീതിയില്‍ നിന്ന് വ്യക്തിപരമായി പുരോഹിതന്റെ ചെവിയില്‍ മന്ത്രിക്കുന്ന വിധത്തിലുള്ള കുമ്പസാര രീതിയിലേക്കുള്ള മാറ്റം ആരംഭിച്ചതിലും അടുത്തടുത്തുള്ള കുമ്പസാരത്തിലേയ്ക്കും മാറിയിതിന് പിന്നില്‍ സന്യാസ സമൂഹങ്ങളുടെ സ്വാധീനമുണ്ട്. അത് കുമ്പസാര രീതിയിലുള്ള മാറ്റമാണ്; അല്ലാതെ കുമ്പസാരം കണ്ടുപിടിച്ചത് മധ്യകാല പൗരോഹിത്യ മേധാവിത്വമാണെന്ന കണ്ടെത്തെല്‍ അബദ്ധജടിലമാണെന്ന് പറയാതെ വയ്യ. മധ്യകാലഘട്ടത്തിലെ ദണ്ഡവിമോചനത്തിനായുള്ള സംഭാവന സ്വീകരിക്കല്‍ ലൂതറിന്റെയും നവീകരണക്കാരുടെയും വിമര്‍ശനത്തിന് കാരണമായെങ്കിലും ഏവരും വിസ്മരിക്കുന്ന കാര്യം ദണ്ഡവിമോചനത്തിന് മനഃസ്താപത്തോടെയുള്ള കുമ്പസാരം അത്യാന്താപേക്ഷിതമാണെന്നുള്ളതാണ്. ഇതൊരു ആചാരമല്ല, കൃപ ലഭ്യമാക്കുന്ന കൂദാശയാണ്. ഈ ബോധ്യം പകര്‍ന്നു നല്‍കാന്‍ മധ്യകാലഘട്ടത്തിലെ സന്യാസികള്‍ക്കും 1545 മുതല്‍ കൂടിയ ത്രെന്തോസ് സൂനഹദോസിനും കഴിഞ്ഞു. എന്നാല്‍ ആധുനിക കേരള ക്രൈസ്തവസന്യാസ-സന്യാസേതര വിപ്ലവകാരികള്‍ക്ക് പോലും കുമ്പസാരമെന്ന കൂദാശയുടെ പവിത്രത മനസ്സിലാക്കാന്‍ കഴിയാത്തതു കൊണ്ട് കുമ്പസാരവിരുദ്ധ പ്ലാക്കാര്‍ഡുകള്‍ക്ക് സമരവേദികളില്‍ ഇടംകിട്ടിയത് വിചിത്രമായി സാധാരണക്കാര്‍ക്ക് തോന്നി.

ചുരുക്കത്തില്‍

സഭയിലെ പ്രതിസന്ധികളുടെ നാളുകളില്‍ വ്രതത്രയങ്ങളിലൂടെയും പരിപൂര്‍ണ്ണമായ വിധേയത്വത്തിലൂടെയും വിരക്തിയിലൂടെയും നവീകരണത്തിന് മുന്നിട്ടിറങ്ങിയ വി.ഇഗ്‌നേഷ്യസും അദ്ദേഹത്തിന്റെ കാലത്തെ ഈശോസഭക്കാരും പ്രാര്‍ത്ഥനാജീവിതത്തിലൂടെയും ജീവിതവിശുദ്ധിയിലൂടെയും സഭാജീവിതത്തിന് ബലം പകര്‍ന്ന വി. അമ്മത്രേസ്യായും കര്‍മ്മലീത്ത സഭക്കാരും കേരളസഭയ്ക്ക് ഇക്കാലത്ത് മാതൃക തന്നെ. വി. കൂദാശകളെ പ്രത്യേകിച്ച്, വി. കുമ്പസാരത്തെ സ്നേഹിച്ച് വ്യക്തിജീവിതത്തെയും സഭാസമൂഹത്തെയും നമുക്ക് വിമലീകരിക്കാം. വി. പാദ്രേ പിയോ പറയുന്നു. ”ഈശോയെ സ്നേഹിക്കുക; ഭയപ്പെടാതിരിക്കുക. നിങ്ങള്‍ ഈ ലോകത്തിലെ സകലപാപങ്ങളും ചെയ്തിട്ടുണ്ടെങ്കിലും ഈശോ ഈ വാക്കുകള്‍ നിങ്ങളോട് ആവര്‍ത്തിച്ചു പറയുന്നു. നിങ്ങളുടെ അനേകം പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു. എന്തെന്നാല്‍ നിങ്ങള്‍ വളരെയേറെ സ്നേഹിച്ചു.”

ഡോ. മാത്യു കൊച്ചാദംപള്ളി

(തുടരും… സന്യാസജീവിതം ആധുനികലോകത്തില്‍)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.