ക്രൈസ്തവ മതവിശ്വാസത്തെ അപകീർത്തിപ്പെടുത്തുന്നതിനെതിരെ സന്യസ്ത അഭിഭാഷക കൂട്ടായ്മ

ക്രൈസ്തവ മതവിശ്വാസത്തെ അപകീർത്തിപ്പെടുത്തുന്നതിനെതിരെ സന്യസ്ത അഭിഭാഷക കൂട്ടായ്മ മുഖ്യമന്ത്രിക്ക് പരാതി നൽകി. പരാതിയുടെ പൂർണ്ണരൂപം.

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി മുമ്പാകെ ദേശീയ സന്യസ്ത വൈദിക അഭിഭാഷക കൂട്ടായ്മയുടെ സംസ്ഥാന ഘടകം സമര്‍പ്പിക്കുന്ന പരാതി.

സര്‍,

സംസ്ഥാനത്തെ ക്രൈസ്തവ മതവിശ്വാസികളെ ആകമാനം അപകീര്‍ത്തിപ്പെടുത്തിയും, ക്രൈസ്തവ മതവിശ്വാസത്തെ വ്രണപ്പെടുത്തി സമൂഹമാധ്യമങ്ങളിലൂടെ ക്രിസ്തുവിനെ പരസ്യമായി അവഹേളിച്ചും, ക്രൈസ്തവ സമൂഹത്തിനെതിരെയും കത്തോലിക്കാ ആത്മീയാചാര്യന്മാര്‍ക്ക് എതിരെയും ക്രൈസ്തവ മതാചാരങ്ങള്‍ക്ക് എതിരെയും മനഃപൂര്‍വ്വം പോസ്റ്റുകള്‍ ചമച്ചും, ഫേസ്ബുക്ക് കമന്‍റുകള്‍ എഴുതിയും ക്രൈസ്തവ മതവികാരത്തെ മുറിപ്പെടുത്തുന്നതിനും, ക്രൈസ്തവ സമൂഹത്തിനെതിരെ പൊതുവികാരം ജനിപ്പിച്ച് സാമൂഹിക സ്പര്‍ധയും ലഹളയും ഉണ്ടാക്കുന്നതിനും, സെബാസ്റ്റ്യന്‍ വര്‍ക്കി, ജോസ് കണ്ടത്തില്‍, മറുനാടന്‍ മലയാളി ചാനല്‍, കര്‍മ്മന്യൂസ്, പ്രവാസി ശബ്ദം, തത്വമയി ന്യൂസ് ചാനല്‍, ജനം ടി.വി. ചാനല്‍, മാതൃഭൂമി ചാനല്‍, മാതൃഭൂമി പത്രം, ഏഷ്യാനെറ്റ് ചാനല്‍ തുടങ്ങിയവര്‍ മനഃപൂര്‍വ്വം ശ്രമിച്ചു കൊണ്ടിരിക്കുന്ന വിവരങ്ങള്‍ ഇതിനോടകം അങ്ങയുടെയും ശ്രദ്ധയില്‍പ്പെട്ടിരിക്കുമല്ലോ. ആയതിനെതിരെയാണ് ഈ പരാതി.

മേല്‍ സൂചിപ്പിച്ച വ്യക്തികളും ചാനലുകളും മനഃപൂര്‍വ്വമായും കരുതിക്കൂട്ടിയും മോശം ചിന്തയോടും കൂടി ക്രൈസ്തവ-വിശ്വാസത്തെയും ക്രിസ്ത്യാനികളെയും ക്രൈസ്തവ സന്യാസ സമര്‍പ്പണ ജീവിതാന്തസ്സിനെയും അവഹേളിക്കുക എന്ന ലക്ഷ്യത്തോടും മതവികാരം മുറിപ്പെടുത്തുക എന്ന ഗൂഢോദ്ദേശത്തോടും കൂടി കേട്ടാലറയ്ക്കുന്ന അസഭ്യവാക്കുകള്‍ ഉപയോഗിച്ച് യേശുക്രിസ്തുവിനെയും, കത്തോലിക്കാ സഭയെയും, സന്യാസ വൈദിക ജീവിതാന്തസ്സിനെയും സമൂഹമാധ്യമങ്ങളില്‍ സംബോധന ചെയ്തും ന്യൂനപക്ഷ സമുദായ അംഗങ്ങളായ ഞങ്ങള്‍ക്ക് അസ്വസ്ഥതയും വേദനയും സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. മേല്‍പ്പറഞ്ഞവരുടെ പ്രവര്‍ത്തികള്‍ മൂലം ക്രിസ്ത്യാനി എന്ന നിലയില്‍ ഞങ്ങളുടെ വിശ്വാസവും മതവികാരവും മുറിപ്പെട്ടിട്ടുള്ളതും സമൂഹത്തിലെ സ്ഥാനത്തിനും പദവിക്കും കോട്ടം സംഭവിച്ചിട്ടുള്ളതും അഭിമാനക്ഷതമേറ്റിട്ടുള്ളതും മാനസിക വ്യഥയ്ക്കും അപരിഹാര്യങ്ങളായ കഷ്ടനഷ്ടങ്ങള്‍ക്കും കാരണമായിട്ടുള്ളതാണ്.

കൂടാതെ, മേല്‍ പരാമര്‍ശിച്ചവര്‍ കത്തോലിക്കാ ആത്മീയാചാര്യന്മാരായ മാര്‍പാപ്പ, കര്‍ദ്ദിനാള്‍മാര്‍, മെത്രാന്മാര്‍, വൈദികര്‍, സമര്‍പ്പിതര്‍, സന്യാസീ-സന്യാസിനികള്‍ എന്നിവരെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ വളരെ മ്ലേച്ഛമായ ഭാഷയില്‍ അപകീര്‍ത്തിപ്പെടുത്തിയും, സന്യാസ ഭവനങ്ങളെ വേശ്യാലയം എന്നു വിളിച്ചും ഇതര മതസ്ഥര്‍ക്കിടയില്‍ ക്രൈസ്തവര്‍ക്കെതിരെ വിരോധവും പകയും ജനിപ്പിക്കുന്നതിനുള്ള മനഃപൂര്‍വ്വമായ ശ്രമം നടത്തുകയും ചെയ്തതു വഴി മറ്റുള്ളവര്‍ ക്രൈസ്തവരെ സംശയത്തോടെ വീക്ഷിക്കാനും ക്രൈസ്തവ സമൂഹത്തിനെതിരെ വിരോധം വച്ചുപുലര്‍ത്തുന്നതിനും കാരണമായിട്ടുള്ളതാണ്. ഇത്തരത്തിലുള്ള ക്രൈസ്തവ വിരുദ്ധ പ്രവര്‍ത്തികള്‍ വഴി എല്ലാ ക്രൈസ്തവ മതവിശ്വാസികളിലും, ക്രൈസ്തവ സമൂഹത്തിലും ഭീതിയും അരക്ഷിതാബോധവും ജനിച്ചിട്ടുള്ളതും ആയതിനാല്‍ ജീവിതം സംഘര്‍ഷപൂര്‍ണ്ണമാക്കിയിരിക്കുന്നതുമാണ്.

മാത്രമല്ല, മേല്‍ പരാമര്‍ശിക്കപ്പെട്ടവരുടെ ദുഷ്ടലാക്കോടെയുള്ള പ്രവൃത്തികള്‍ മൂലം, ക്രിസ്ത്യാനി എന്ന നിലയില്‍ ഞങ്ങള്‍ക്ക് വലിയ മാനനഷ്ടവും, സമൂഹത്തില്‍ അവഹേളനവും ഉണ്ടായിട്ടുള്ളതും മാനസീക വ്യഥയ്ക്കും കഷ്ടനഷ്ടങ്ങള്‍ക്കും ഭയത്തിനും ജീവനു പോലും ഭീഷണിക്കും കാരണമായിട്ടുള്ളതുമാണ്. ആയതിനാല്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി സമക്ഷത്തു നിന്നും ദയവുണ്ടായി മേല്‍ പരാമര്‍ച്ചവര്‍ക്കെതിരെ ഉചിതമായ നിയമനടപടികള്‍ അടിയന്തിരമായി എടുക്കണം എന്ന് അപേക്ഷയുള്ളതാകുന്നു.

സ്നേഹാദരവുകളോടെ,

അഡ്വ. സിസ്റ്റര്‍ ജോമോള്‍ ജോയ് (സംസ്ഥാന സെക്രട്ടറി)