ക്രൈസ്തവ സന്യാസം : സന്യാസജീവിതം മധ്യകാലഘട്ടത്തില്‍

മധ്യകാലഘട്ടത്തിലെ ലൗകായികത്വത്തിന് പ്രതിവിധിയായി ദൈവം ലോകത്തിന് നല്‍കിയ ഉത്തരമായിരുന്നു അക്കാലത്തെ സന്യാസികള്‍. പ്രത്യേകിച്ച്, ഭിക്ഷാടനസമൂഹം. ലോകജീവിതത്തില്‍ നിന്നുള്ള ഒളിച്ചോട്ടമായി സന്യാസത്തെ കരുതിയവരുമുണ്ടായിരുന്നു. എന്നാല്‍, യഥാര്‍ത്ഥ സന്യാസമെന്തെന്ന് മനസ്സിലാക്കുന്നവര്‍ക്ക് ഇതൊരു ഒളിച്ചോട്ടമല്ല; സ്നേഹപ്രകാശനമായിരുന്നു.

വി. ഫ്രാന്‍സീസ് അസീസ്സിയുടെ അമ്മ പീക്കാ പ്രഭ്വി, തന്റെ വാര്‍ദ്ധക്യകാലത്ത് സന്യാസം സ്വീകരിക്കാന്‍ ഫ്രാന്‍സീസിന്റെ അടുക്കല്‍ വരുന്ന രംഗം കസന്‍ദ്സാക്കീസ് രേഖപ്പെടുത്തുന്നുണ്ട്. പഞ്ചക്ഷതധാരിയായ ഫ്രാന്‍സീസിന്റെ അടുക്കല്‍ വന്ന് അവന്റെ അഞ്ച് മുറിവുകളെയും ചുംബിച്ചിട്ട് പീക്കാ പറഞ്ഞു: ‘നീ എനിക്ക് ഒരു ഉപകാരം ചെയ്യണം.’ ഫ്രാന്‍സീസ് ചോദിച്ചു: ‘എന്താണമ്മേ ഞാന്‍ ചെയ്യേണ്ടത്?’ പീക്കാ പറഞ്ഞു: ‘എന്റെ മുടി മുറിക്കണം. എന്നെ സിസ്റ്റര്‍ പീക്കാ എന്ന് വിളിക്കണം. ഭര്‍ത്താവും മകനും നഷ്ടപ്പെട്ട ഞാന്‍ എന്തിനാണ് ഈ ലോകത്ത് ജീവിക്കുന്നത്?’ ഫ്രാന്‍സീസ് പറഞ്ഞു: ‘അങ്ങനെയല്ലമ്മേ, ദൈവത്തിനു വേണ്ടി ഈ ലോകത്തെ ഉപയോഗിക്കുകയാണ് വേണ്ടത്. ഭര്‍ത്താവും മകനും നഷ്ടപ്പട്ടു. ദൈവത്തിന് സ്തുതി. എന്നാല്‍, ദൈവം എനിക്ക് നഷ്ടപ്പെട്ടിട്ടില്ല. എല്ലാം എനിക്കുണ്ട്. ലോകത്തെ വെറുക്കുന്നത് കൊണ്ടല്ല ഞാന്‍, സാന്‍ ദമിയാനോയില്‍ (സന്യാസത്തിന്) പോകുന്നത് എന്ന് വേണം അമ്മ പറയാന്‍’. പീക്കാ കണ്ണീരോടെ പറഞ്ഞു: ‘ഞാന്‍ സര്‍വ്വശക്തനായ ദൈവത്തെ സ്നേഹിക്കുന്നത് കൊണ്ടാണ് സാന്‍ ദമിയാനോയില്‍ പോകുന്നത്. ഫ്രാന്‍സീസ് എന്നെ അനുഗ്രഹിക്കൂ’.

സന്യാസത്തിന് ഒരുവന്‍ ഇറങ്ങിത്തിരിക്കുന്നത് ജീവിതത്തിന്റെ ഇച്ഛാഭംഗത്തിന്റെ ബാക്കിപത്രമായിട്ടല്ല. മറിച്ച്, ലോകത്തെ മുഴുവന്‍ സ്നേഹിക്കുന്നതിനായിട്ടാണ്. ഇപ്രകാരം, ദൈവത്തിനും ലോകത്തിനുമായി ഇറങ്ങിത്തിരിച്ചവരുടെ ജീവിതക്രമത്തിന് മധ്യകാലഘട്ടത്തിലുണ്ടായ വികാസവും പരിണാമവുമാണ് നാം മനസ്സിലാക്കാന്‍ ശ്രമിക്കുന്നത്.

സമര്‍പ്പിതജീവിതം കേന്ദ്രീകൃത സംഘടനാ ശൈലിയില്‍

പല സന്യാസ സമൂഹങ്ങളും യൂറോപ്പില്‍ അക്കാലത്ത് നിലവിലുണ്ടായിരുന്നെങ്കിലും അവയെല്ലാം തന്നെ അടിസ്ഥാനപരമായി പക്കോമിയൂസിന്റെയോ, ബസേലിയൂസിന്റെയോ, ബനഡിക്ടിന്റെയോ, ആഗസ്തീനോസിന്റെയോ നിയമത്തില്‍ വേരൂന്നിയുള്ളതായിരുന്നു. പില്‍ക്കാലത്ത് യൂറോപ്പിലും പൗരസ്ത്യ സഭകളിലും പല സന്യാസ സമൂഹങ്ങളും ഉണ്ടായി. ഗ്രീസിനോട് ചേര്‍ന്നുള്ള മൗണ്ട് ആതോസ്, പൗരസ്ത്യ സന്യാസത്തിന് പേരുകേട്ട സ്ഥലമാണ്.

എല്ലാ താപസഭവനങ്ങളും ആശ്രമ ശ്രേഷ്ഠന്റെ കീഴിലുള്ള സ്വതന്ത്ര സമൂഹങ്ങളാണ്. അവ ശ്രേഷ്ഠന്റെ അഥവ ശ്രേഷ്ഠത്തിയുടെ നിര്‍ദ്ദേശാനുസരണം കഠിന നിഷ്ഠകളിലൂടെ പുണ്യസമ്പാദനത്തിനും പ്രാര്‍ത്ഥനയ്ക്കുമായി ശ്രദ്ധിച്ചിരുന്നു. കാലക്രമത്തില്‍ പ്രാദേശിക ഭവനങ്ങളെ കൂട്ടിച്ചേര്‍ത്ത് അവയ്ക്ക് അധികാരികളെ തെരെഞ്ഞെടുക്കുന്ന ഒരു കേന്ദ്രീകത (ഹയരാര്‍ക്കിക്ക) ക്രമം രൂപപ്പെട്ടു. അപ്പോഴാണ് പ്രിയോര്‍, പ്രൊവിന്‍ഷ്യല്‍, ജനറല്‍ എന്നീ സംവിധാനക്രമങ്ങള്‍ ഉടലെടുത്തത്. ഇപ്രകാരം സഭയില്‍ ഉടലെടുത്ത ചില സമൂഹങ്ങളില്‍ പെട്ടതാണ് ക്ലൂണി, കര്‍ത്തുസ്യന്‍, സിസ്റ്റേര്‍സ്യന്‍ തുടങ്ങിയ സന്യാസികള്‍.

ഫ്രാന്‍സിലെ ക്ലൂണി എന്ന സ്ഥലത്ത് എ.ഡി. 910-ല്‍ ആരംഭിച്ച സമൂഹം ബനഡിക്ടൈന്‍ ചൈതന്യത്തിലുള്ളതാണ്. പാശ്ചാത്യ സന്യാസത്തിന്റെ നവീകരണത്തിന്റെ തുടക്കമായിട്ടാണ് ഈ സമൂഹത്തെ കാണുന്നത്. ക്ലൂണി സന്യാസ സമൂഹം മാര്‍പ്പാപ്പമാരുടെ ഭരണത്തിന്‍ കീഴിലായിരുന്നു നിലനിന്നിരുന്നത്.

1084-ല്‍ രൂപംകൊണ്ട കര്‍ത്തൂസ്യന്‍ സന്യാസ സമൂഹത്തിന്റെ സ്ഥാപകന്‍ വി. ബ്രൂണോയാണ്. ഈജിപ്തിലെ താപസരുടെ മാതൃകയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടിരിക്കുന്ന ഈ സമൂഹത്തിന് താപസ പ്രകൃതിയാണുള്ളത്. അംഗങ്ങള്‍ പ്രാര്‍ത്ഥനയിലും ഏകാന്തതയിലും കൂടുതല്‍ സമയം ചെലവഴിച്ച് ധ്യാനാത്മക ജീവിതം നയിക്കുന്നവരായിരുന്നു.

ഫ്രാന്‍സിലെ സീറ്റോ എന്ന സ്ഥലത്ത് സ്ഥാപിക്കപ്പെട്ട (1098) സിസ്റ്റേര്‍സിയന്‍ സമൂഹത്തിന്റെ നെടുംതൂണായി വര്‍ത്തിച്ചത് വി. ബര്‍ണാര്‍ദ് പുണ്യവാനാണ്. (എത്രയും ദയയുള്ള മാതാവേ എന്ന പ്രാര്‍ത്ഥന രചിച്ചത് വി. ബര്‍ണാര്‍ദാണ് എന്ന് കരുതപ്പെടുന്നു). ഈ സമൂഹങ്ങള്‍ക്ക് പ്രാര്‍ത്ഥനാ ജീവിതം, മാനുഷിക അധ്വാനമുള്ള ജോലി, ധ്യാനാത്മക ജീവിതം എന്നിവയുണ്ടായിരുന്നു. സമൂഹങ്ങളില്‍ കഴിഞ്ഞുകൊണ്ടുള്ളതും ആശ്രമാധിപന്‍ (ആബട്ടുമാര്‍) മാരുടെ കീഴിലുള്ളതുമായ ഈ ശൈലിയില്‍ നിന്ന് വ്യത്യസ്തമായ രീതിയിലുള്ള സന്യാസ സമൂഹം രൂപപ്പെടുന്നത് 13-ാം നൂറ്റാണ്ടിലാണ്. അപ്രകാരം ലത്തീന്‍ സന്യാസലോകത്തെ വ്യത്യസ്തമായ ഒരു ചുവടുവെപ്പായിരുന്നു ഭിക്ഷാടനസമൂഹം (Mendicants).

ഭിക്ഷാടന സമൂഹം: താപസജീവിതം നയിച്ച് മലയോരങ്ങളിലും ഒറ്റപ്പെട്ട കുടിലുകളിലും കഴിഞ്ഞിരുന്ന ക്രമത്തില്‍ നിന്നും മനുഷ്യസേവനത്തിനായി പട്ടണത്തിലേയ്ക്കും ഗ്രാമങ്ങളിലേയ്ക്കും സന്യാസികള്‍ ഇറങ്ങിത്തിരിച്ചതിന്റെ ഫലമായിരുന്നു ഭിക്ഷാടനസമൂഹം. സുവിശേഷ പ്രഘോഷണത്തിനും ക്രിസ്തീയ ജീവിതസാക്ഷ്യത്തിനുമായി ഇറങ്ങിത്തിരിച്ച ഇവര്‍ ലളിതജീവിത ശൈലിയും ദൈവിക പരിപാലനയിലുള്ള ആശ്രയത്തിലുമായി ജീവിതം കഴിച്ചുകൂട്ടി. അനുദിന ജീവിതത്തിലെ ഉപജീവനത്തിനായി ജനങ്ങളോട് ഭിക്ഷ യാചിക്കുന്ന ശൈലി സ്വീകരിച്ചതിനാലാണ് ഇക്കൂട്ടര്‍ക്ക് ഭിക്ഷാടന സമൂഹമെന്ന പേര് ലഭിച്ചത്. പ്രധാനമായും ഫ്രാന്‍സിസ്‌ക്കന്‍ സമൂഹവും ഡൊമിനിക്കന്‍ സമൂഹവുമാണ് ഈ വിഭാഗത്തില്‍ പെടുന്നത്.

ഫ്രാന്‍സിസ്‌കന്‍ സമൂഹം: മധ്യകാലഘട്ടത്തില്‍ സഭയില്‍ കടന്നുകൂടിയ ആര്‍ഭാടത്തിനും ലൗകായകത്വത്തിനുമുള്ള പ്രതിവിധിയായിരുന്നു ഫ്രാന്‍സിസ് അസ്സീസി. ഇറ്റലിയിലെ അസ്സീസി എന്ന പട്ടണത്തില്‍ ബര്‍ണദീനോയുടെയും പീക്കായുടെയും മകനായി ജനിച്ച ഫ്രാന്‍സീസ് (1182-1226) മിശിഹായെ അടുത്തനു കരിക്കാന്‍ തന്റെ സമ്പത്തും മാതാപിതാക്കളെയും ഉപേക്ഷിച്ച് ഇറങ്ങിത്തിരിച്ചു. അവനെ തിരികെ കൊണ്ടുവരുവാന്‍ ശ്രമിച്ച പിതാവിന് തന്റെ ഉടുവസ്ത്രം കൂടി നല്‍കിക്കൊണ്ട് ‘ഇനി എനിക്ക് ദൈവം മാത്രമേയുള്ളു’ എന്ന് പ്രഖ്യാപിച്ച് ഇറങ്ങിത്തിരിച്ച യുവാവായ ഫ്രാന്‍സീസിനെ ദൈവം നിയോഗിച്ചത് തന്റെ സഭയെ പുനരുദ്ധരിക്കാനായിരുന്നു.

ദൈവികമായ ഉള്‍പ്രേരണ അക്ഷരാര്‍ത്ഥത്തിലെടുത്ത് സാന്‍ദമിയാനോ പള്ളി പുതുക്കിപ്പണിയാന്‍ ശ്രമിച്ച അദ്ദേഹം പിന്നീട് സഭാനവീകരണമെന്ന തന്റെ നിയോഗം തിരിച്ചറിഞ്ഞ് ഒരു പുതിയ സമൂഹത്തിന് തുടക്കം കുറിച്ചു. അനുദിന ആവശ്യത്തിനു വേണ്ടി ആളുകളുടെ മുമ്പില്‍ കൈ നീട്ടുകയും സുവിശേഷം പ്രഘോഷിക്കുകയും ചെയ്ത അദ്ദേഹത്തെ പിന്‍ചെല്ലുവാന്‍ അനേകരുണ്ടായി. പൂര്‍ണ്ണമായ അനുസരണം, ദാരിദ്ര്യം, ബ്രഹ്മചര്യം എന്നിവയെ സഹോദരികളായി സ്വീകരിച്ച്, താന്‍ രൂപം കൊടുത്ത സമൂഹത്തിന് അംഗീകാരം ചോദിച്ച് പരിശുദ്ധ മാര്‍പാപ്പായെ സമീപിച്ചപ്പോള്‍, പോയി പന്നികളോട് പ്രസംഗിക്കാന്‍ പറഞ്ഞ് ഫ്രാന്‍സീസിനെ മടക്കി അയച്ചു എന്നൊരു പാരമ്പര്യവുമുണ്ട്. എന്നാല്‍ അനുസരണം ശ്രേഷ്ഠമായി കരുതിയ അദ്ദേഹം അപ്രകാരം ചെയ്തു. ദൈവപരിപാലനയാല്‍ ഈ സമൂഹത്തിന് പരിശുദ്ധ സിംഹാസനത്തിന്റെ അംഗീകാരം കിട്ടി. വചനം പ്രസംഗിച്ച് ഭിക്ഷാംദേഹികളായി നടന്ന തങ്ങളുടെ സമൂഹത്തെ ‘ചെറിയ സഹോദരന്മാര്‍ (ഫ്രയര്‍ മൈനേഴ്സ്)’ എന്നാണ് അദ്ദേഹം വിളിച്ചത്.

ഫ്രാന്‍സിസ്‌കന്‍ ശൈലിയില്‍ ജീവിക്കാന്‍ തയ്യാറായ കന്യകള്‍ക്ക് വഴികാട്ടിയായത് വി. ക്ലാരയായിരുന്നു. അങ്ങനെ ഫ്രാന്‍സിസ്‌കന്‍ രണ്ടാം സമൂഹവും രൂപംകൊണ്ടു. ഫ്രാന്‍സിസ്‌കന്‍ സമൂഹം കാലക്രമത്തില്‍ രണ്ടായി, ഒബ്സേര്‍വന്‍സ് (പിന്നീട് കപ്പൂച്ചിന്‍സ്), കണ്‍വെന്‍ച്വല്‍സ്.

ഡോമിനിക്കന്‍സ്: മധ്യകാലഘട്ടത്തില്‍ അല്‍ബിജേസിയന്‍ പാഷണ്ഡത ശക്തമായ സമയത്താണ് വി. ഡോമിനിക്കിന്റെ ആവിര്‍ഭാവം. മധ്യകാലഘട്ടത്തിലെ വൈദികരുടെ അജ്ഞതയാണ് പാഷണ്ഡത പടര്‍ന്നു പിടിക്കുന്നതിന് കാരണമെന്ന് മനസ്സിലാക്കിയ അദ്ദേഹം പ്രാസംഗികരുടെ ഒരു സമൂഹം രൂപപ്പെടുത്തി(O.P. = Order of Preachers).

വി. ഫ്രാന്‍സിസ് അസീസ്സിയുടെ സമകാലികനായ വി. ഡോമിനിക്ക് ബൗദ്ധിക നിലവാരമുയര്‍ത്തി തിന്മയെ പ്രതിരോധിക്കാന്‍ ശ്രമിച്ചു. ഡോമിനിക്കന്‍ സമൂഹത്തിലെ പ്രഗത്ഭനായിരുന്നു വി. തോമസ് അക്വീനാസ്. ഈ സമൂഹത്തിലും ദാരിദ്ര്യവ്രതം നിര്‍ബന്ധിതമായിരുന്നു. സമൂഹത്തിലേയ്ക്ക് ഇറങ്ങിത്തിരിച്ച് ആളുകളുമായി സംവേദിക്കുന്ന രീതിയായതു കൊണ്ടാണ് ഇത് മെന്‍ഡിക്കന്റ് സമൂഹമായി കണക്കാക്കപ്പെടുന്നത്. സഭാ നവീകരണത്തിനായി പരിശുദ്ധ ജപമാല നല്‍കപ്പെട്ടത് വി. ഡോമിനിക്കിനാണെന്ന് കരുതപ്പെടുന്നു. എന്നാല്‍ ഈ പ്രാര്‍ത്ഥനയുടെ വിവിധ രൂപങ്ങള്‍ നേരത്തെ നിലവിലുണ്ടായിരുന്നുവെന്നും വിശ്വസിക്കപ്പെടുന്നു. എന്നിരുന്നാലും ജപമാലയുടെ പ്രചരണത്തിനും പ്രസ്തുത പ്രാര്‍ത്ഥനയിലൂടെ അനേകരുടെ ആത്മരക്ഷയ്ക്കും നിമിത്തമായത് ഡോമിനിക്കന്മാരുടെ സാന്നിധ്യമാണ്.

ഉപസംഹാരം

സന്യാസികള്‍ ഒരു കാലത്ത് ഏകാന്ത വാസസ്ഥലങ്ങളില്‍ കഴിഞ്ഞതും പിന്നീട് അവിടെ നിന്ന് ലോകത്തിലേയ്ക്കിറങ്ങിയതും ലോകത്തെ വെറുത്തതു കൊണ്ടല്ല മറിച്ച്, ദൈവത്തെ സ്നേഹിക്കുന്നത് കൊണ്ടും ദൈവസ്നേഹം ലോകത്തിന് പകര്‍ന്ന് കൊടുക്കാനുമാണ്. വ്രതപുണ്യങ്ങള്‍ പാലിച്ചുകൊണ്ട് ലോകത്തിന് സാക്ഷ്യം നല്‍കുകയാണ് അവര്‍. എന്നാല്‍ അടുത്തകാലത്ത്, ക്രിസ്തുബോധം നഷ്ടപ്പെട്ട ക്രൈസ്തവരും ഫ്രാന്‍സിസ്‌കന്‍ ചൈതന്യം കളഞ്ഞുപോയ സന്യസ്തരുമൊക്കെ പൊതുവഴിയിലേക്ക് ഇറങ്ങുന്നത് കണ്ട് ലോകം അത്ഭുപ്പെടാറുണ്ട്. എന്നാല്‍, യഥാര്‍ത്ഥ ക്രൈസ്തവ ചൈതന്യത്തിലും സന്യാസപാതയിലും ചരിക്കുന്ന വലിയ ഒരു ശതമാനം ലോകത്തെ മൗനമായി വിമലീകരിക്കുന്നുണ്ട് എന്നതാണ് വാസ്തവം. അവരിലൂടെയാണ് സുവിശേഷം പ്രഘോഷിക്കപ്പെടുന്നത്.

പരിപൂര്‍ണമായ ദാരിദ്ര്യം, അനുസരണം, ബ്രഹ്മചര്യം ഇവയെ വരിക്കുന്ന ഈ സന്യാസ ശൈലികളിലൂടെയും ജപമാല പ്രാര്‍ത്ഥനകളിലൂടെയും സാധാരണ ക്രൈസ്തവരുടെ ആത്മരക്ഷ ഉറപ്പുവരുത്താന്‍ ദൈവം അക്കാലത്തെ സന്യാസ സമൂഹങ്ങളെ ഉപയോഗിച്ചു.

ഡോ. മാത്യു കൊച്ചാദംപള്ളി

നാളെ: സന്യാസജീവിതം നവീകരണ കാലത്ത്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.