ബൈബിള്‍ അലമാരയില്‍ സൂക്ഷിക്കുവാനുള്ളതല്ല: മോണ്‍. ഫിലിപ്പ് അന്യോളോ

വിശുദ്ധ ഗ്രന്ഥം അലമാരയില്‍ സൂക്ഷിക്കാനുള്ളതല്ലെന്നും അതുകൊണ്ട് ദൈവവചനം വായിക്കുന്നതും അതിനെക്കുറിച്ച് വിചിന്തനം ചെയ്യുന്നതും ദിനചര്യയാക്കി മാറ്റുവാനും കെനിയന്‍ ദേശീയ മെത്രാന്‍സമിതിയുടെ പ്രസിഡന്റും കിസുമു അതിരൂപതയുടെ മെത്രാപ്പോലീത്തയുമായ മോണ്‍. ഫിലിപ്പ് അന്യോളോയുടെ ഓര്‍മ്മപ്പെടുത്തല്‍.

ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനം അനുസരിച്ച് ദൈവവചന ഞായര്‍ ആചരിച്ച അവസരത്തിലാണ് ഹോമാബെ അപ്പസ്‌തോലിക അഡ്മിനിസ്‌ട്രേറ്റര്‍ കൂടിയായ മോണ്‍. അന്യോളോ, ബൈബിള്‍ വായിക്കുന്ന ശീലം വളര്‍ത്തിയെടുക്കണമെന്ന് വിശ്വാസികളോട് ആവശ്യപ്പെട്ടത്.

ക്രൈസ്തവര്‍ക്ക് ദൈവവചനം വായിക്കുവാനും പഠിക്കുവാനും വിചിന്തനം ചെയ്യുവാനും പറ്റിയ ഒരവസരമാണിത്. വിശ്വാസികള്‍ സംഘങ്ങളായി ബൈബിള്‍ വായിക്കുകയും വ്യാഖ്യാനിക്കുകയും അഗാധത്തില്‍ മനസ്സിലാക്കുകയും ചെയ്യുന്ന കൂട്ടായ്മകളെ പറ്റിയും അദ്ദേഹം സംസാരിച്ചു.