കത്തോലിക്കാ വിശ്വാസത്തിൽ മക്കളെ വളർത്താൻ ഒരമ്മയ്ക്ക് ചെയ്യാനാവുന്ന കാര്യങ്ങൾ

വാക്കുകളേക്കാൾ കൂടുതൽ മാറ്റം സൃഷ്ടിക്കുന്നത് പ്രവർത്തികളാണ്. അത് നല്ല കാര്യത്തിലായാലും മോശം കാര്യത്തിലായാലും. ഇന്ന് വീടുകളിലും സ്കൂളുകളിലും പല കാര്യത്തിലും കുട്ടികളെ ഉപദേശിച്ച് നല്ലതാക്കാൻ മാതാപിതാക്കളും അദ്ധ്യാപകരും ശ്രമിക്കാറുണ്ട്. എന്നാല്‍, ഉപദേശിക്കുന്നതിനു പകരം ഒരു നല്ല പ്രവർത്തി ചെയ്തുകാണിച്ചാല്‍ അത് അവരെ കൂടുതൽ സ്വാധീനിക്കും എന്ന് പലപ്പോഴും നാം മറന്നുപോകുന്നു. നൂറ് ഉപദേശത്തേക്കാൾ കുട്ടികൾക്ക് മാതൃകയാക്കാവുന്ന ഒരു പ്രവർത്തി കൂടുതൽ ഗുണം ചെയ്യും.

ഇന്ന് മാതാപിതാക്കൾ കുട്ടികളിൽ വളർത്തിയെടുക്കാന്‍ ശ്രമിക്കുന്ന കാര്യമാണ് വിശ്വാസ സംബന്ധമായവ. എന്നാൽ, ചില നല്ല മാതൃകകൾ നൽകിയാൽ മക്കൾ തനിയെ വിശ്വാസജീവിതത്തിൽ അധികം താല്‍പര്യമുള്ളവരായി മാറും. അമ്മമാർക്കാണ് മക്കളിൽ കൂടുതൽ സ്വാധീനം ചെലുത്തുവാന്‍ സാധിക്കുക എന്നത് ഒരു വസ്തുതയാണ്.

മാതാപിതാക്കള്‍ക്ക് തങ്ങളുടെ പ്രവർത്തിയിൽ മാതൃകയാക്കാവുന്ന കാര്യങ്ങൾ ഏതൊക്കെയെന്ന് നമുക്കൊന്ന് പരിശോധിക്കാം.

1. ഓരോ ദിവസവും പ്രാർത്ഥിക്കാൻ ഒരു നിശ്ചിതസമയം നിശ്ചയിക്കുക   

പ്രാർത്ഥിക്കുവാൻ ഒരു നിശ്ചിതസമയം എന്നും അമ്മമാർക്ക് ഉണ്ടായിരിക്കട്ടെ. അത് മക്കളെ കാണിക്കുവാൻ വേണ്ടിയാകരുത്. അമ്മ പ്രാർത്ഥിക്കുന്നത്  അവിചാരിതമായി മക്കൾ കാണാനിടയാകുമ്പോള്‍, അത് മക്കൾക്ക് കൊടുക്കാവുന്ന നല്ല മാതൃകയാണ്.

2. ചില അവസരങ്ങളിൽ ഉറക്കെ പ്രാർത്ഥിക്കുക 

ചില പ്രത്യേക അവസരങ്ങളിൽ ഉറക്കെ പ്രാർത്ഥിക്കുക. ആംബുലൻസിന്റെ ശബ്ദം കേൾക്കുക, വേദനിക്കുന്ന ആളുകളെ കാണുമ്പോൾ, സ്കൂളിൽ നിന്നും വീട്ടിലേയ്ക്കു പോരുന്ന അവസരങ്ങളിൽ, നമ്മളോട് പ്രാർത്ഥന ചോദിച്ചിരിക്കുന്ന വ്യക്തികൾക്കു വേണ്ടിയൊക്കെ ഉച്ചത്തിൽ പ്രാർത്ഥിക്കുവാൻ അമ്മമാർക്ക് വീടുകളിൽ സാധിക്കണം.

3. സ്വന്തം മാതാപിതാക്കളോടും ഭർത്താവിന്റെ മാതാപിതാക്കളോടും ബഹുമാനത്തോടെ പെരുമാറുക 

മക്കൾക്ക് കൊടുക്കുവാൻ പറ്റിയ മറ്റൊരു നല്ല മാതൃകയാണ് പ്രായമായ മാതാപിതാക്കളെ ബഹുമാനിക്കുക എന്നത്. നല്ല രീതിയിലുള്ള സംസാരവും ക്ഷമാപൂർവ്വമായ മറുപടിയും മക്കളുടെ മനോഭാവത്തിൽ വലിയ സ്വാധീനം ചെലുത്തും.

4. വിശുദ്ധ കുർബാനയ്ക്കു പോകുമ്പോൾ മക്കളെ കൂടെ കൂട്ടുക 

ചെറുപ്പം മുതൽ കുട്ടികളെ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുവാൻ പരിശീലിപ്പിക്കുക. ചെറുപ്പത്തിൽ കുട്ടികൾ അടങ്ങിയിരിക്കുവാൻ ബുദ്ധിമുട്ടായിരിക്കും. എങ്കിലും  കുർബാനയ്ക്ക് വരുമ്പോൾ കുഞ്ഞുങ്ങളെ കൊണ്ടുവരണം. അങ്ങനെ സാവധാനം അത് അവരിൽ ഒരു ശീലമാകും.

5. മുതിർന്ന വ്യക്തികളോട് നല്ല രീതിയിൽ പെരുമാറുക

സംസാരത്തിൽ മറ്റുള്ളവരെക്കുറിച്ചുള്ള അഭ്യൂഹങ്ങളും നെഗറ്റിവ് കാര്യങ്ങളും പങ്കുവയ്ക്കാതിരിക്കുക. മറ്റുള്ളവരുടെ നന്മ പറയുവാൻ ശ്രദ്ധിക്കുക. അത് മക്കളിൽ, നാം ഇടപെടുന്ന വ്യക്തികളെക്കുറിച്ച് കൂടുതൽ നന്മയുടെ മനോഭാവം രൂപപ്പെടുത്തുവാൻ ഇടയാക്കും.

6. പാവപ്പെട്ട ആളുകളുമായി ഇടപെടുവാൻ അവസരങ്ങൾ ഒരുക്കുക 

സമൂഹത്തിൽ താഴേക്കിടയിലുള്ള ആളുകളുമായി ഇടപെടുവാനുള്ള അവസരങ്ങൾ ഒരുക്കുക. ദരിദ്രമായ സാഹചര്യങ്ങളിൽപ്പെട്ടവരുമായി സംസാരിക്കുവാനും അവരുടെ ബുദ്ധിമുട്ടുകൾ മനസിലാക്കാനും ശ്രമിക്കുക.

7. വർത്തമാനകാലത്തിൽ ജീവിക്കുക 

കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ചുള്ള ആവലാതികളും ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠകളും മാറ്റിവച്ച് ഇന്നത്തെ ദിവസം സന്തോഷത്തോടെ ജീവിക്കുന്ന ഒരു ജീവിതശൈലി നല്ലതാണ്. അത് മക്കൾക്കു കൊടുക്കാവുന്ന നല്ലൊരു മാതൃകയാണ്.

8. കുടുംബാഗംങ്ങളോട് സ്നേഹത്തോടെയുള്ള പെരുമാറ്റം 

കുടുംബത്തിലെ മറ്റ് വ്യക്തികളോടുള്ള പെരുമാറ്റം സ്നേഹത്തോടും ബഹുമാനത്തോടും കൂടെ ആയിരിക്കട്ടെ. നമ്മുടെ മോശമായ, ചെറിയ ഒരു പെരുമാറ്റം പോലും കുഞ്ഞുങ്ങളിൽ വലിയ മാറ്റങ്ങളും ദുർമാതൃകകളും നൽകുന്നതിന് ഇടവരുത്തും. അതിനാൽ നല്ല പെരുമാറ്റവും പരസ്പരമുള്ള ബഹുമാനവും വീട്ടിൽ നിന്ന് ആരംഭിക്കട്ടെ.