ജീവിതം മാതൃകയാക്കി നൽകി യാത്രയായ വിശുദ്ധിയുടെ നിശബ്ദപുഷ്പം

സി. സൗമ്യ DSHJ

മാർച്ച് 15 -ന് ഇറ്റലിയിലെ സാൻ ഫെലിച്ചെയിൽ കോവിഡ് രോഗബാധിതയായി മരണമടഞ്ഞ ഈശോയുടെ തിരുഹൃദയ പുത്രിമാരുടെ സന്യാസിനീ സമൂഹത്തിലെ (DSHJ) ഇറ്റാലിയൻ പ്രൊവിൻസിൽപ്പെട്ട സി. ഫ്ളാവിയയെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പ്.

ചുരുക്കം ചിലരെ വാക്കിലും പ്രവർത്തിയിലും മനോഭാവത്തിലും ഒരുപോലെ നേര് പുലർത്തി ജീവിക്കുന്നവർ ഉണ്ടാവുകയുള്ളൂ. അതിലൊരാളാണ് കോവിഡ് ബാധിതയായി മരണമടഞ്ഞ സിസ്റ്റർ ഫ്‌ളാവിയ. ഈശോയുടെ തിരുഹൃദയ പുത്രിമാരുടെ സന്യാസിനീ സഭയിലെ ഇറ്റാലിയൻ പ്രൊവിൻസിലെ അംഗമായ സിസ്റ്ററിന്റെ മൃതസംസ്ക്കാര ശുശ്രൂഷകൾ മാർച്ച് 17 -ന് കോവിഡ് പ്രോട്ടോക്കോളുകൾ അനുസരിച്ച് രണ്ട് സഹോദരിമാരുടെ സാന്നിധ്യത്തിൽ നടന്നു. ജീവിതത്തിലും വളരെ നിശബ്ദയായിരുന്നു ഈ അമ്മ. ഭൂമിയെപ്പോലും നോവിക്കാൻ ആഗ്രഹിക്കാതെ ആയിരുന്നു നടപ്പ് പോലും. അത്ര മൃദുവായി, ശാന്തമായി… ശരിക്കും അവസാനത്തെ ഈ യാത്രയും അതുപോലെ ആയിരുന്നു എന്നുവേണം പറയാൻ. കാരണം, ഇറ്റലിയിൽ ലോക്ഡൌൺ ആയിരുന്ന സമയത്താണല്ലോ മരണവും. ബഹളമോ, ആരവമോ ഇല്ലാതെ നിശബ്ദം ഈ ലോകത്ത് നിന്നും പ്രിയപ്പെട്ട ഫ്ളാവിയാമ്മ യാത്രയാകുമ്പോൾ, അമ്മയുടെ ജീവിതം ഈശോയുടെ തിരുഹൃദയ പുത്രിമാരായ ഞങ്ങൾക്ക് പ്രതീക്ഷയും പ്രേരണയും ആയിരുന്നു എന്ന് നിസംശയം പറയാം.

മൂന്ന് വർഷങ്ങൾക്ക് മുൻപ് നിത്യവ്രത വാഗ്ദാനത്തിന്റെ ഒരുക്കത്തിനായി ഇറ്റലിയിൽ ചെന്നപ്പോൾ ആണ് ഞാൻ ഈ അമ്മയെ ആദ്യമായി കാണുന്നത്. ഇപ്പോഴും മനസ്സിൽ മായാതെ നിൽപ്പുണ്ട് ഒരു കൊച്ചുകുഞ്ഞിന്റെ നിഷ്കളങ്കതയോടെ പുഞ്ചിരിക്കുന്ന ആ മുഖം. ഇറ്റലിയിലെ ബെർഗമോയിലെ ഞങ്ങളുടെ മാതൃഭവനത്തിൽ കിച്ചണിലെ ജോലികൾ എല്ലാം ചെയ്തിരുന്നത് ഫ്ളാവിയാമ്മ ആയിരുന്നു അന്ന്. വളരെ നിശബ്ദമായി, ഒരു ചെറുചിരിയോടെ വളരെ ശാന്തമായി ഇടപെടുന്ന ഒരു സിസ്റ്റർ. അല്പം കൂനിയാണ് നടപ്പ്. പന്ത്രണ്ട് വർഷത്തോളമായി ഞങ്ങളുടെ സഭയുടെ ജനറൽ പ്രൊക്കുറേറ്റർ ആയിരുന്നു. വർഷങ്ങളായി അക്കൗണ്ട് കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കമ്പ്യൂട്ടറിന്റെ മുൻപിൽ ഇരുന്ന് കൂനി പോയതാണ് എന്ന് മുതിർന്ന സിസ്റ്റർമാർ പറഞ്ഞു. അത്രമാത്രമായിരുന്നു ഏൽപ്പിച്ച ജോലിയോടുള്ള ആത്മാർത്ഥത. വലിയ സംസാരമോ, ആരവമോ ഒന്നും ഇല്ലാതെ നിശബ്ദമായി എല്ലാം വീക്ഷിക്കുന്ന ഈ അമ്മ എന്റെ കണ്ണുകളിലും ഉടക്കി. കാരണം, എന്തോ ഒരു പ്രത്യേകത ആ സിസ്റ്ററിന് ഉണ്ടായിരുന്നു.

ഞങ്ങൾ പല രാജ്യങ്ങളിൽ നിന്ന് വന്ന സിസ്റ്റേഴ്സ് ഉണ്ടായിരുന്നു അന്നവിടെ. എല്ലാവരുടെയും അടുത്ത് വന്ന് വളരെ ശബ്ദം താഴ്ത്തിയാണ് വിശേഷങ്ങൾ തിരക്കുന്നത്. അറിയാവുന്ന ഇറ്റാലിയനിൽ കാര്യങ്ങൾ പറഞ്ഞു തീർക്കാൻ കഷ്ട്ടപ്പെടുന്ന സമയം. എന്നാൽ, ഭാഷകൾക്കതീതമായ ഒരു ബന്ധം ആദ്യത്തെ സംസാരത്തിൽ നിന്നും സ്ഥാപിക്കുവാൻ കഴിഞ്ഞു. കാരണം, അത്രമേൽ ഹൃദ്യമായിരുന്നു ഓരോ ചലനവും സംസാരവും. പത്ത് ദിവസത്തോളമേ ഞങ്ങൾ അവിടെ ചിലവഴിച്ചുള്ളൂ. തിരിച്ചു പോരുമ്പോൾ ഫോൺ നമ്പറും മെയിൽ അഡ്രസും തന്നു. അവിടെ നിന്നും പോന്ന ശേഷം സ്ഥിരമായി അമ്മ മെയിൽ അയക്കുമായിരുന്നു. ഫോണിൽ ഞങ്ങൾ സംസാരിച്ചിട്ടില്ല. കാരണം, സംസാരിക്കുന്നതിനേക്കാൾ എഴുതാനായിരുന്നു ഞങ്ങൾക്ക് രണ്ടുപേർക്കും പ്രിയം. ചുരുങ്ങിയ വാക്കുകൾ മാത്രമേ ഈ മെയിൽ സന്ദേശത്തിൽ ഉണ്ടായിരിക്കൂ. എങ്കിലും ഒരു നല്ല സിസ്റ്ററായി ജീവിക്കാനുള്ള എല്ലാ പ്രചോദനവും ആ ചുരുങ്ങിയ വാക്കുകളിൽ ഉണ്ടായിരുന്നു. വാക്കുകളേക്കാൾ നല്ല മാതൃക എന്നും ജീവിതസാക്ഷ്യമാണല്ലോ. അതായിരുന്നു അമ്മ ഞങ്ങൾക്ക് നൽകിയതും. ഒന്നും ഒരുപാട് സംസാരിച്ചില്ല, ഉപദേശിച്ചില്ല. ജീവിച്ചു കാട്ടിത്തന്നു. ഒരു സമർപ്പിത എങ്ങനെ ആയിരിക്കണമെന്ന്, പ്രത്യേകിച്ച് ഒരു തിരുഹൃദയ പുത്രി എങ്ങനെ ആകണമെന്ന്.

വാക്കുകളിൽ മാത്രമല്ലായിരുന്നു ആ അമ്മയുടെ വിശുദ്ധ ജീവിതം. ജീവിതത്തിലും ആ വിശുദ്ധി സിസ്റ്റർ കാത്ത് സൂക്ഷിച്ചു. “രാത്രി രണ്ടു മണി സമയത്തും മൂന്ന് മണി സമയത്തും ഒക്കെ അമ്മയുടെ മുറിയിൽ ലൈറ്റ് ഉണ്ടാകാറുണ്ട്. കോൺഗ്രിഗേഷൻ ഏൽപ്പിച്ച ചുമതലകൾ ഒരു പരാതിയോ പരിഭവമോ ഇല്ലാതെ നിർവ്വഹിക്കുന്ന ഒരു സിസ്റ്റർ. പിറ്റേന്ന് രാവിലെ എല്ലാവരുടെയും കൂടെ ചാപ്പലിലും കാണും. ക്ഷീണമോ ബുദ്ധിമുട്ടോ താമസിച്ചാണ് ഉറങ്ങിയത് എന്ന അറിയിപ്പോ ഒന്നും ഇല്ല. പുതിയ ദിവസം പുതിയ ഉത്സാഹത്തോടെ സിസ്റ്റർ തന്റെ കർമ്മമണ്ഡലത്തിലേക്ക് ഇറങ്ങും. ഇത് വല്ലപ്പോഴുമല്ല. ഭൂരിഭാഗം ദിവസങ്ങളിലും ഇതാണ് സിസ്റ്ററിന്റെ ടൈം ടേബിൾ,” കൂടെ ജീവിച്ചിരുന്ന ഞങ്ങളുടെ മുതിർന്ന സിസ്റ്റർമാർ സി. ഫ്ളാവിയയെക്കുറിച്ച് പറഞ്ഞതാണിത്. ജനറൽ പ്രൊക്കുറേറ്റർ ആയിരുന്ന സമയങ്ങളിൽ വിവിധ രാജ്യങ്ങളിലേക്കുള്ള നീണ്ട യാത്രകൾ, വ്യത്യസ്ത ഭക്ഷണ രീതി, കാലാവസ്ഥ, സംസ്ക്കാരം…ഒന്നിനോടും ഒരു പരിഭവവുമില്ല.

ആഫ്രിക്കയിൽ പുതുതായി തുടങ്ങുന്ന മൊസാംബിക് മിഷനിലേക്ക് പോകുവാൻ ഇറ്റലിയിൽ നിന്നും സന്നദ്ധരായവരിൽ എഴുപത് വയസുകഴിഞ്ഞ ഈ അമ്മയും ഉണ്ടായിരുന്നു. സ്ഥിരം രോഗിയായിരുന്നു എങ്കിലും പ്രായമോ ആരോഗ്യക്കുറവോ ഒന്നും ആഫ്രിക്കൻ മിഷനിലേക്ക് പോകാൻ ഫ്‌ളാവിയാമ്മയ്‌ക്ക് ഒരു തടസ്സമല്ലായിരുന്നു. യുദ്ധങ്ങളും ആക്രമങ്ങളും പതിവുള്ള മൊസാംബിക്കിൽ, കാലാവസ്ഥയും അമ്മയ്ക്ക് അത്ര അനുകൂലമായിരുന്നില്ല. ആരോഗ്യം വീണ്ടും ക്ഷയിച്ചു. അതിന്റെ ഫലമായി തിരിച്ചു പോരേണ്ടി വന്നു.

രോഗത്തിന്റെ അസ്വസ്ഥതകൾ കാരണം രണ്ട് വർഷത്തോളമായി സാൻ ഫെലിച്ചെയിലെ പ്രായമായ സിസ്റ്റേഴ്‌സുള്ള കോൺവെന്റിലായിരുന്നു സി. ഫ്‌ളാവിയ. കഴിഞ്ഞ മൂന്നാഴ്ചത്തോളമായി കോവിഡ് ബാധിതയായി ചികിത്സയിലായിരുന്നു. ഇറ്റലിയിൽ സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സമയമാണിത്. ജീവിതം പോലെ തന്നെ വളരെ നിശ്ശബ്ദം അമ്മ വിടവാങ്ങിയപ്പോൾ ഈശോയുടെ തിരുഹൃദയ പുത്രിമാരായ ഞങ്ങൾക്ക് നഷ്ടപ്പെട്ടത് ഒരു തിരുഹൃദയ പുത്രി എങ്ങനെ ആയിരിക്കണമെന്ന് ജീവിതം കൊണ്ട് പഠിപ്പിച്ച പകരം വെയ്ക്കാൻ ഇല്ലാത്ത വലിയ ഒരു മാതൃകയാണ്.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

5 COMMENTS

  1. Action speaks louder than demands and commands. Great inspiration and excellent model person in religious life. May her souls rest in peace 🙏

  2. Well done sr. Saumya ! Thank u for unveiling one holy hidden life to the public. May that innocent soul enjoy eternal happiness, and intercede for us

  3. Yes, Sr. Soumya thanks for your sharing . I too join with your words of living experience. She passed away from this world, but she left us her way of life, leaving behind all her memories, words, chats,encouragement and advices.

  4. ‘നമുക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാൻ ഒരു മാലാഖ കൂടി’. ഏതാനും ചില മാസങ്ങൾ അമ്മയോടൊപ്പം നിൽക്കാൻ എനിക്കും ഭാഗ്യം കിട്ടി. അമ്മയുടെ നിഷ്കളങ്കമായ സ്നേഹവും, സമര്‍പ്പണ ജീവിതത്തോടുള്ള ആത്മാര്‍ത്ഥതയും, ശാന്ത സ്വഭാവവും, പുഞ്ചിരിക്കുന്ന മുഖവും എന്നും മായാതെ ഓര്‍മയില്‍ നില്‍ക്കുന്നു. അമ്മ ഞങ്ങളെ വിട്ടു പോയാലും അമ്മയുടെ സ്നേഹവും വാത്സല്യവും ജീവിത സാക്ഷ്യവും ഞങ്ങളോടൊപ്പം ഉണ്ടാവും. May your soul rest in peace 🙏

  5. Sr . your experience is very touchable thank You…after reading this understood that “living saints on the earth always remembered in the heaven and on the earth .. may her soul rest in peace ……and her blessings be upon all….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.