ഒരിക്കൽ അവന് ഫ്രാൻസിസ് പാപ്പായുടെ വെള്ളത്തൊപ്പി ലഭിച്ചു: ഇപ്പോൾ സൗഖ്യവും

2021 -ൽ വത്തിക്കാനിലെ സുവർണ്ണനിമിഷങ്ങളിൽ ഒന്നായിരുന്നു സ്‌പോർട്‌സ് വസ്ത്രങ്ങളും കണ്ണടയും മാസ്‌കും ധരിച്ച ഒരു ആൺകുട്ടി പൊതുസദസ്സിനു നടുവിൽ ഫ്രാൻസിസ് മാർപാപ്പയെ അഭിവാദ്യം ചെയ്യാനായി സമീപിച്ചത്. പത്ത് വയസ്സുള്ള പൗലോ ബോണവിറ്റ എന്ന കുട്ടിയായിരുന്നു അത്. അപസ്മാരവും ഓട്ടിസവും ബാധിച്ചിരുന്ന അവന്റെ ആരോഗ്യനില വഷളായതിനാൽ അവന് ബ്രെയിൻ ട്യൂമർ
പിടിപെടാനുള്ള സാധ്യതയുണ്ടെന്ന് ഡോക്ടർമാർ അഭിപ്രായപ്പെട്ടു.

അങ്ങനെയിരിക്കെ, ഒക്‌ടോബർ 20 -ന് വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ പൊതുസദസ്സിന്റെ തത്സമയ സംപ്രേക്ഷണത്തിന്റെ തുടക്കത്തിൽ, പൗലോ അപ്രതീക്ഷിതമായി മാർപാപ്പയുടെ അടുത്തേക്കുള്ള പടികൾ കയറി.

“പൗലോയ്ക്ക് മുകളിലേക്ക് കയറാനുള്ള ശക്തിയില്ലായിരുന്നു. സത്യത്തിൽ, പൗലോ പടികൾ ഇറങ്ങുമ്പോൾ അവന് ഒരു താങ്ങോ, കൈയ്യോ, കൈവരിയോ വേണം. എന്നാൽ അന്ന് അവന് ഒറ്റയ്ക്ക് കയറാൻ കഴിഞ്ഞു. രണ്ടോ മൂന്നോ പ്രാവശ്യം അവൻ അൽപം ഇടറി. പക്ഷേ പെട്ടെന്ന് എഴുന്നേൽക്കാനുള്ള സഹജാവബോധം അവനുണ്ടായി. അന്ന് കർത്താവ് അവനോടൊപ്പമുണ്ടായിരുന്നു. അവൻ കർത്താവിന്റെ കൈ പിടിച്ചിരിക്കുകയായിരുന്നു” – പൗലോയുടെ അമ്മ എൽസ പറഞ്ഞു.

പൗലോ ഫ്രാൻസിസ് പാപ്പായുടെ അടുത്തെത്തിയപ്പോൾ മാർപാപ്പ പുഞ്ചിരിച്ചുകൊണ്ട് അവന്റെ കൈ പിടിച്ചു. എൽസക്കും മാർപാപ്പ ആശംസകൾ നേരുകയും അവളുടെ കൈ പിടിച്ചുകൊണ്ട് ഇപ്രകാരം പറയുകയും ചെയ്തു – “ദൈവത്തിന് അസാധ്യമായത് ഒന്നും ഇല്ല. പ്രാർത്ഥനയിൽ ഞാൻ നിങ്ങളുടെ അടുത്തുണ്ടാകും. മുന്നോട്ട് പൊയ്‌ക്കൊള്ളുക. നിങ്ങൾ ഒരു നല്ല അമ്മയാണ്.”

ആ സമയം, പൊന്തിഫിക്കൽ ഹൗസ്‌ഹോൾഡ് പ്രിഫെക്ടറിന്റെ സഹകാരി ബിഷപ്പ് ലിയോനാർഡോ സപിയൻസ പൊതുസദസിൽ മാർപാപ്പയുടെ വലതുവശത്ത് ഇരിക്കുന്നുണ്ടായിരുന്നു. പൗലോയെ കണ്ട ബിഷപ്പ് എഴുന്നേറ്റ് തന്റെ ഇരിപ്പിടം അവനു നൽകി. തീർത്ഥാടകർ ഈ ദൃശ്യം കണ്ട് കൈയ്യടിച്ചപ്പോൾ പൗലോയും അവരോടൊപ്പം ചേർന്ന് ആവേശത്തോടെ കയ്യടിച്ചു. ബൈബിൽ വായിക്കുമ്പോൾ പൗലോ വീണ്ടും എഴുന്നേറ്റ് മാർപാപ്പയുടെ അടുത്തേക്കു പോയി. കുറച്ച് കഴിഞ്ഞ് പൗലോ മാർപാപ്പയുടെ ശിരസ്സിലെ വെളുത്ത തൊപ്പിയിലേക്ക് കൈ ചൂണ്ടാൻ തുടങ്ങി. പോർച്ചുഗീസ് ഭാഷയിലെ വായനക്കാരന്റെ ഊഴമായപ്പോൾ, പൗലോ അദ്ദേഹത്തെ സമീപിച്ച് അദ്ദേഹത്തിന്റെ കൈ പിടിച്ച് മാർപാപ്പയുടെ അടുത്തേക്ക് നയിച്ചു. അപ്പോഴും അവിടെയുണ്ടായിരുന്ന ആളുകൾ വീണ്ടും കരഘോഷം മുഴക്കി. ഒടുവിൽ, പൗലോയ്ക്ക് പാപ്പായുടെ ആ വെളുത്ത തൊപ്പി ലഭിച്ചു. അത് തലയിൽ വച്ച് ബന്ധുക്കളോടൊപ്പം അവന്റെ സ്ഥാനത്ത് ഇരിക്കാനായി മടങ്ങി.

ഒക്‌ടോബർ 20 -ന് രാത്രി എൽസയ്‌ക്ക് ഒരു ഫോൺ കോൾ വന്നു. അടുത്ത ദിവസം അവളുടെ ജന്മനാടായ ബാരിയിൽ പരിശോധനക്കായി പൗലോയെ കൊണ്ടുപോകാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു അറിയിപ്പായിരുന്നു അത്. പിറ്റ്യൂട്ടറി ഗ്രന്ഥിയിൽ നിന്നു സ്രവിക്കുന്ന പ്രോലക്റ്റിൻ എന്ന പ്രോട്ടീന്റെ അളവ് പൗലോയിൽ വളരെ ഉയർന്ന അളവിൽ ഉണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. ഒക്‌ടോബർ 21 -ന് എൽസയും പൗലോയും പരിശോധനക്കായി പോയി. മൂന്നു ദിവസങ്ങൾക്കു ശേഷം, പൗലോയുടെ പ്രോലാക്‌റ്റിൻ അളവ് 157 -ൽ നിന്ന് 106 ആയി കുറഞ്ഞുവെന്ന് ഡോക്ടർ എൽസയെ അറിയിച്ചു. എന്നാൽ അത് എങ്ങനെയെന്നോ, എന്തുകൊണ്ടെന്നോ ഡോക്ടർമാർക്ക് അറിയില്ലായിരുന്നു.

കൂടുതൽ പരിശോധനകൾക്കായി എൽസയും പൗലോയും നവംബർ അഞ്ചിന് റോമിലേക്കു മടങ്ങി. രണ്ടാഴ്ചയ്ക്കുള്ളിൽ പൗലോയുടെ പ്രോലക്റ്റിൻ ലെവൽ 26 ആയി കുറഞ്ഞു. തലാസീമിയ എന്ന രക്തരോഗം ബാധിച്ചതിനാൽ ആവശ്യമായ ഓക്സിജൻ ശരീരത്തിലുടനീളം കൊണ്ടുപോകുന്ന പ്രോട്ടീനായ ഹീമോഗ്ലോബിന്റെ അളവ് പൗലോയ്ക്ക് വർദ്ധിച്ചു. അങ്ങനെ പൗലോയ്ക്ക്, തലച്ചോറിലെ ട്യൂമർ അല്ലെങ്കിൽ സ്ക്ലിറോസിസ് ഉണ്ടെന്ന അനുമാനം തള്ളിക്കളയാൻ ഡോക്ടർമാർക്ക് കഴിഞ്ഞതായി എൽസ പറഞ്ഞു. എൽസ എന്ന അമ്മയ്ക്ക് ഈ വാർത്ത വലിയ ആശ്വാസമായി.

തന്റെ മകന്റെ ജീവിതം മാറ്റിമറിച്ചത് ഫ്രാൻസിസ് മാർപാപ്പയുമൊത്തുള്ള കൂടിക്കാഴ്ചയാണെന്നാണ് എൽസ പറയുന്നത്. ഈ അവസരത്തിൽ കണ്ണീരിൽ കുതിർന്ന ഏതാനും വാക്കുകൾ മാത്രമേ ആ അമ്മയ്ക്ക് പറയാനുള്ളൂ – “ദൈവത്തിന് നന്ദി”

ഐശ്വര്യ സെബാസ്റ്റ്യന്‍  

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.