അച്ചൻ ഇനി ആ സുവിശേഷം എന്നോടു പറയരുത്…

ഫാ. സെബാസ്റ്റ്യന്‍ മുതുപ്ലാക്കല്‍

സമീപകാലത്ത് സഭയ്ക്കെതിരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ തന്‍റെ വിഷമം പങ്കുവച്ച ഒരു സുഹൃത്തിനോട്, രക്തസാക്ഷികളുടെ ചുടുനിണത്താൽ തഴച്ചുവളരപ്പെട്ട സഭയാണ് നമ്മുടേതെന്നും ഒന്നും പേടിക്കേണ്ടായെന്നുമൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കാൻ ശ്രമിച്ച എന്‍റെ മുഖമടച്ചു കിട്ടിയ മറുപടിയാണിത്. അവിടംകൊണ്ടും അയാൾ അവസാനിപ്പിച്ചില്ല. “അച്ചോ, ഇറാഖിലും സിറിയയിലുമൊക്കെ ക്രൈസ്തവർക്ക് ഉന്മൂലനാശം വന്നപ്പോഴും നിങ്ങൾ അച്ചന്മാർ ഇങ്ങനെയൊക്കെത്തന്നെയല്ലേ പറഞ്ഞുകൊണ്ടിരുന്നത്… അവിടെയുള്ള സഭയുടെ അവസ്ഥയിപ്പോൾ എന്താ? വിശ്വാസത്തിന്‍റെ പേരിൽ ഒരു രോമം പോലും നഷ്ടപ്പെടാത്തവർക്ക് തങ്ങളുടെ സേഫ് സോണില്‍ ഇരുന്നുകൊണ്ട് ഇങ്ങനെയൊക്കെ പ്രസംഗിക്കാം.”

വയറു നിറച്ചു കിട്ടിയപ്പോൾ അല്‍പം സമാധാനമായെങ്കിലും കേട്ട കാര്യങ്ങൾ ഇപ്പോഴും ദഹിക്കാതെ ഉള്ളിൽ കിടക്കുകയാണ്. രക്തസാക്ഷികളുടെ ചുടുനിണം വീണ് തഴച്ചുവളർന്ന സഭയാണ് നമ്മുടേതെന്നത് നമ്മൾ കേട്ടു തഴമ്പിച്ച ഒരു മുദ്രാവാക്യമാണ്. ആദിമസഭയുടെ ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നതും മറ്റൊന്നല്ല. പക്ഷേ, ആ വലിയ മുദ്രാവാക്യത്തെ ശരിയായി മനസിലാക്കാൻ നമ്മൾ ഇപ്പോൾ പരാജയപ്പെടുന്നുണ്ടോ എന്ന സംശയം ഉള്ളിൽ അവശേഷിക്കുന്നു.

ചരിത്രത്തിന്റെ ഓരോ നാഴികയിലും സഭ പ്രതിസന്ധികളിലൂടെത്തന്നെയാണ് കടന്നുപോന്നിട്ടുള്ളത്. അതുകൊണ്ടു തന്നെ സഭയ്ക്കെതിരെയുള്ള ആക്രമണങ്ങളെ സഭ ഭയക്കുന്നുമില്ല. എന്നാൽ, നൂതനമായ ആയുധങ്ങളുമായി യുദ്ധത്തിനിറങ്ങിയിരിക്കുന്ന ശത്രുവിനെ തിരിച്ചറിയാനും ഉചിതമായി പ്രതികരിക്കാനും നമ്മൾ പരാജയപ്പെടുന്നുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. പൊതുവേ സമാധാനപ്രിയരായ മനുഷ്യർ ജീവിക്കുന്ന നാട്ടിൽ സായുധ യുദ്ധത്തേക്കാൾ ഫലപ്രദമാകുന്നത് മറ്റുപല ആധുനിക യുദ്ധമുറകളുമാണെന്ന് ശത്രു തിരിച്ചറിഞ്ഞിരിക്കുന്നു. അതു മനസിലാക്കി ഉചിതമായി പ്രതികരിക്കുവാൻ നാം സജ്ജരായേ മതിയാകൂ.

ഇന്ന് സഭയെയും വിശ്വാസത്തെയും ആക്രമിക്കാൻ ഉപയോഗിക്കപ്പെടുന്ന ഏറ്റവും വലിയ ആയുധം മാധ്യമങ്ങളാണ്. മനുഷ്യന്റെ ചിന്താശേഷിയെയും പ്രതികരണങ്ങളെയും വളരെ ആഴത്തിൽ സ്വാധീനിക്കാൻ മാധ്യമങ്ങൾക്കു കഴിയും എന്നത് നിസ്തർക്കമാണ്. അതുകൊണ്ടാണല്ലോ സമീപകാലങ്ങളിലുണ്ടായ പല കേസുകളെക്കുറിച്ചും മാധ്യമങ്ങൾ ആവർത്തിച്ചു പറഞ്ഞ് പതംവരുത്തിയ കഥകളുടെ പശ്ചാത്തലത്തിൽ പലരും സഭയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു എന്നൊക്കെ പറയുന്നത്. അങ്ങനെ, അഭയാ കേസിലെ പ്രതികളായ വൈദികർ കോട്ടയം പട്ടണത്തിലൂടെ വെളുപ്പാൻകാലത്ത് സ്കൂട്ടർ ഓടിച്ചുചെന്ന് ഹോസ്റ്റലിന്റെ മതിൽ ചാടിക്കടന്ന് അടുക്കളയിൽ പ്രവേശിച്ചുവെന്നും കൊല ചെയ്തുവെന്നും പല വിശ്വാസികൾ പോലും ഇന്നും വിശ്വസിക്കുന്നു. കൂടാതെ, പ്രതികളെ രക്ഷിക്കാൻ തങ്ങൾ മുണ്ടുമുറുക്കിയുടുത്തും പിടിയരി പിരിച്ചും ഉണ്ടാക്കിയ അഞ്ഞൂറു കോടി സഭ ഉപയോഗിച്ചുവെന്നും, അതുപോലെ ബിഷപ്പ് ഫ്രാങ്കോ കേസിൽ അദ്ദേഹം തെറ്റുകാരനാണെന്നും ജനം വിശ്വസിക്കുന്നു. പലതരം കൊടുങ്കാറ്റിലും തകരാതെ നില്‍ക്കുന്ന സഭയുടെ കെട്ടുറപ്പിൽ കലിപ്പുള്ളവരാണ് ഇതുപോലുള്ള ആരോപണങ്ങൾ സഭയിലെ മെത്രാന്മാർക്കും വൈദികർക്കും കന്യാസ്ത്രീമാർക്കും എതിരെയുണ്ടാകുമ്പോൾ അതിന് പൊടിപ്പും തൊങ്ങലും വച്ച് കഥകളുണ്ടാക്കി സമൂഹത്തിൽ വിതറുന്നത്.

സഭയുടെ നേതൃത്വത്തിലുള്ളവരുടെ ധാർമ്മികതയെ കളങ്കപ്പെടുത്തുകയും വിശ്വാസാനുഷ്ഠാനങ്ങളെ അവഹേളിക്കുകയും ചെയ്യുകയാണ് വിശ്വാസികളെ സഭയിൽ നിന്ന് അകറ്റാനുള്ള എളുപ്പവഴിയെന്ന് ശത്രുക്കൾക്ക് നന്നായി അറിയാം. അതുകൊണ്ടു തന്നെ മുഖ്യധാരാ മാധ്യമങ്ങൾ ഉള്‍പ്പെടെയുള്ളവർ അല്പസത്യങ്ങളെയും അസത്യങ്ങളെയും മസാല ചേർത്ത് സമൂഹത്തിൽ വിളമ്പാൻ മത്സരിക്കുകയാണ്. ഒപ്പം, സഭയിൽ അവിടെയുമിവിടെയുമൊക്കെ ഇടയ്ക്കുണ്ടാകന്ന തെറ്റുകളെയും കുറ്റകൃത്യങ്ങളെയും സാമാന്യവത്ക്കരിച്ച് ഒരു സമുദായത്തെ തന്നെ ചെളിക്കുഴിയിൽ നിര്‍ത്താൻ നിരന്തരം ശ്രമിക്കുകയും ചെയ്യുന്നു. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കൂടത്തായി കേസിലെ പ്രതി മതാധ്യാപികയായിരുന്നു എന്നും വ്യത്യസ്ത ധ്യാനകേന്ദ്രങ്ങളിലെ നിത്യസന്ദർശകയായിരുന്നുവെന്നും ഒരു സാത്താൻ സേവകൻ പടച്ചുവിട്ട സാഹിത്യം യാതൊരു അന്വേഷണവും നടത്താതെ മനോരമ അടക്കമുള്ള ചില മാധ്യമങ്ങൾ പ്രസിദ്ധപ്പെടുത്തിയത്.

അതുപോലെ, ക്രൈസ്തവ സമുദായത്തെ ദുർബലപ്പെടുത്തുവാനുള്ള ഏറ്റവും നല്ല മാർഗ്ഗം കുടുംബങ്ങളെ ശിഥിലീകരിക്കുകയെന്നതാണെന്ന് തിരിച്ചറിയുവർ ലൗ ജിഹാദ് പോലെയുള്ള ഹീനകൃത്യങ്ങളുമായി ക്രൈസ്തവകുടുംബങ്ങളെ തകർക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അനേകം പെൺകുട്ടികളുടെ ജീവിതം ഇതുപോലുള്ള ചതിയിൽപെട്ട് തകരുമ്പോഴും ലൗ ജിഹാദ്, ചില തല്പരകക്ഷികളുടെ ഭാവനാസൃഷ്ടി മാത്രമാണെന്നു പരസ്യപ്പെടുത്തുന്ന മാധ്യമങ്ങളാണ് ഇന്നുള്ളത്. ദീപികയും ചില ഓൺലൈൻ മാധ്യമങ്ങളും ചില വ്യക്തികളും മാത്രമാണ് ഇതിന്റെ ഭീകരത വെളിച്ചത്തു കൊണ്ടുവന്നത്. പ്രണയം നടിച്ചും പീഢിപ്പിച്ചും മതം വളർത്താൻ ഇറങ്ങിത്തിരിച്ചിരിക്കുന്ന സാത്താന്റെ സന്തതികളെ തിരിച്ചറിയാൻ നമ്മുടെ പെൺകുട്ടികൾ പരാജയപ്പെടുന്നുവെന്നത് വിശ്വാസബോധ്യങ്ങളുടെയും ബോധവത്ക്കരണത്തിന്റെയും കുറവു കൊണ്ടു തന്നെയാണ്.

ഈ സാഹചര്യത്തിലാണ് രക്തസാക്ഷികളുടെ ചുടുനിണത്തിന്റെ ചരിത്രമൊക്കെ പറഞ്ഞ് ഊറ്റം കൊള്ളുന്നതിലെ അസാംഗത്യം എന്‍റെ സുഹൃത്ത് ചൂണ്ടിക്കാണിച്ചത്. ക്രൈസ്തവ ചൈതന്യം കുടികൊള്ളുന്നത് പ്രതിന്ധികളുടെ മുമ്പിൽ നിർവികാരതയോടെ നിന്ന് തല്ലു വാങ്ങി രക്തസാക്ഷിയാകുന്നതിലല്ല. മറിച്ച്, ധാർമ്മികബോധത്തോടെ അനീതിയെ ചെറുക്കുന്നതിലും അതു മൂലമുണ്ടാകുന്ന അനുഭവങ്ങളെ ക്ഷമയോടെ സ്വീകരിക്കുന്നതിലുമാണെന്ന് നാം തിരിച്ചറിയണം. നിസ്സംഗത പാപമാണെന്നും അതിനെ പുല്കി ജിവിക്കുന്നത് തിന്മയാണെന്നും നാം പഠിച്ചേ പറ്റൂ. അതോടൊപ്പം കൂദാശകളോടു ചേർന്ന് ജീവിച്ച് ജീവിതം യുദ്ധസന്നദ്ധമാക്കുകയും വേണം.

ഏതായാലും സമീപകാലങ്ങളിൽ സമുദായബോധമുള്ള ചിലരെങ്കിലും ഇതുപോലുള്ള അന്യായമായ ആക്രമണങ്ങളെ പ്രതിരോധിക്കാൻ തുടങ്ങുകയും അതിന്റെ ഫലങ്ങൾ ദൃശ്യമായിത്തുടങ്ങുകയും ചെയ്യുന്നുവെന്നത് തികച്ചും ശുഭസൂചനയാണ്.

ഫാ. സെബാസ്റ്റ്യൻ മുതുപ്ലാക്കൽ