മലാവിയുടെ സ്വന്തം മാലാഖമാർ

സി. സൗമ്യ DSHJ

“14 വർഷങ്ങൾക്ക് മുൻപ് ഇവിടെ വരുമ്പോൾ പട്ടിണിക്കോലങ്ങളായ കുഞ്ഞുങ്ങളെ കണ്ട് എന്റെ കണ്ണ് നിറഞ്ഞുപോയി. പോഷകാഹാരക്കുറവ് മൂലം എല്ലും തോലുമായിരിക്കുന്ന കുഞ്ഞുങ്ങൾ. ദൈവമേ, നീ എന്നെ എത്രമാത്രം അനുഗ്രഹിച്ചിട്ടുണ്ട് എന്ന് കണ്ണുകൾ പൂട്ടി ദൈവത്തോട് പറഞ്ഞു” -ആഫ്രിക്കൻ രാജ്യമായ മലാവിയിൽ സേവനം ചെയ്യുന്ന മലയാളി മിഷനറി സി. ജോളിയുടേതാണ് ഈ വാക്കുകൾ. ‘മിഷനറീസ് ഓഫ് മേരി മെഡിയാട്രിക്സ്‌’ (എം.എം.എം) എന്ന സന്യാസിനീ സഭയിലെ അംഗമാണ് സി. ജോളി. മലാവിയിലെ അനാഥരായ കുട്ടികൾക്ക് അമ്മമാരായി, വിശന്നും ദാഹിച്ചും വലയുന്നവർക്ക് അന്ന ദാതാക്കളായി മാറുന്ന ഒരു കൂട്ടം സമർപ്പിതർ. ജനിച്ചയുടനേ അമ്മമാർ നഷ്ടപ്പെട്ട അനേകം കുഞ്ഞുങ്ങൾക്ക് മുന്നിൽ മാതൃ സ്നേഹം പകരുന്ന മാലാഖാമാരായ ഈ അമ്മമാരേ കുറിച്ച്, എം.എം.എം സന്യാസ സമൂഹത്തെ കുറിച്ച് നമുക്ക് അറിയാം. മിഷൻ തീക്ഷ്‌ണതയില്‍ ഉരുകിയ ഈ സമർപ്പിത ജീവിതങ്ങളുടെ നേർക്കാഴ്ചയിലേക്ക് സി. ജോളിയുടെ വാക്കുകളിലൂടെ ഒരു യാത്ര…

ഭക്ഷണം ദിവസം ഒരു നേരം മാത്രം

ദിവസം ഒരു നേരം മാത്രം ഭക്ഷണം കഴിക്കുന്നതിൽ സംതൃപ്തരും സന്തോഷവാന്മാരുമായ ആളുകളെ കണ്ടിട്ടുണ്ടോ? അത്തരം ആളുകൾ മലാവിയിലുണ്ട്. പോഷകാഹാരക്കുറവ് മൂലം ആളുകൾ മരിച്ചുവീഴുന്ന, എയ്ഡ്‌സ് രോഗബാധയാൽ അനാഥമാക്കപ്പെടുന്ന നിരവധി കുട്ടികളുള്ള മലാവി. എന്തുകൊണ്ടും സമർപ്പിതരുടെ സാന്നിധ്യം വളരെ അത്യാവശ്യം തന്നെയായിരുന്നു ഈ രാജ്യത്ത്. എം.എം.എം സന്യാസിനീ സമൂഹത്തിലെ പല രാജ്യങ്ങളിൽ നിന്നുള്ള 20 -ഓളം സിസ്റ്റേഴ്സ് നാല് സമൂഹങ്ങളിലായി മലാവിയിൽ ശുശ്രൂഷ ചെയ്യുന്നു. അതിൽ ഒൻപത് പേർ മലയാളികളും ആറ് പേർ മലാവിയിൽ നിന്നുള്ളവരുമാണ്. കൂടാതെ സ്പെയിൻ, കൊളംബിയ എന്നിവിടങ്ങളിൽ നിന്നുള്ളവരും ഇവിടെയുണ്ട്. സി. ജോളി ഇവിടെ നേഴ്‌സായിട്ടാണ് ശുശ്രൂഷ ചെയ്യുന്നത്. ഹെൽത്ത് കെയർ സെന്ററും അനാഥമന്ദിരവും ആണ് എം.എം.എം സന്യാസിനീ സമൂഹത്തിന്റേതായി ഇവിടെയുള്ളത്. അനാഥമന്ദിരത്തിൽ 120 കുട്ടികളുണ്ട്. രണ്ടും ഈ പ്രദേശത്തിന് വളരെ അത്യാവശ്യം തന്നെ. വളരെയേറെ ഒറ്റപ്പെട്ട പ്രദേശത്താണ് ഇവിടെ വീടുകൾ ഉള്ളത്. അതിനാൽ രോഗം ബാധിച്ചാൽ ആളുകളെ ആശുപത്രിയിൽ കൊണ്ടുപോകുവാൻ വളരെ ബുദ്ധിമുട്ടാണ്. പ്രസവത്തിനായി സ്ത്രീകളെ കിലോമീറ്ററുകളോളം സൈക്കിളിൽ ആണ് കൊണ്ടുവരുന്നത്. അതും വളരെയേറെ ആരോഗ്യം മോശമാകുന്ന സാഹചര്യത്തിൽ മാത്രം. അങ്ങനെ മരണപ്പെടുന്നവരും ധാരാളം.

പട്ടിണിയും എയ്‌ഡ്‌സും അനാഥമാക്കുന്ന ബാല്യങ്ങൾ

പട്ടിണികൊണ്ടും എയ്ഡ്‌സ് ബാധിച്ചും ചികിത്സ ലഭ്യമാകാതെയും ഇവിടെ മരണമടയുന്നത് ധാരാളമാളുകളാണ്‌. ജനിച്ചയുടനെ അമ്മമാർ മരിച്ചുപോകുന്ന നിരവധി കുട്ടികളെ ഇവിടെ എത്തിക്കാറുണ്ട്. ഒരു ദിവസം മാത്രം പ്രായമായ പിഞ്ചുകുഞ്ഞുങ്ങളെവരെ സിസ്റ്റർമാർ നടത്തുന്ന വീട്ടിൽ എത്തിക്കും. ഈ വീടുകളിൽ സിസ്റ്റർമാർ, പന്ത്രണ്ട് കുട്ടികൾക്ക് ഒരമ്മ എന്ന നിലയിൽ സഹായിക്കാൻ ഒരു സ്ത്രീയെ ഏർപ്പാടാക്കും. ഒരു വീടിന്റെ അന്തരീക്ഷവും സ്നേഹവും കരുതലുമെല്ലാം ഈ വീട്ടിൽ നിന്നും കുഞ്ഞുങ്ങൾക്ക് ലഭിക്കുന്നതിനായി ആണ് ഇങ്ങനെ ചെയ്യുന്നത്.

സ്‌കൂളിൽ പോകാൻ പ്രായമാകുമ്പോൾ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുവാനും ഈ സന്യാസിനിമാർ ശ്രദ്ധചെലുത്തുന്നു. വിദ്യാഭ്യാസത്തിനായി എത്രദൂരം വേണമെങ്കിലും താണ്ടാൻ ഇവർ കുട്ടികൾക്ക് സൗകര്യങ്ങൾ ഒരുക്കുന്നു. ഇങ്ങനെ പഠിച്ച് വലിയ ജോലിക്കാരായവർ ഉണ്ട് ഈ കുഞ്ഞുങ്ങളുടെ കൂട്ടത്തിൽ. ഡോക്ടർമാരും നേഴ്സുമാരും ഒക്കെ അതിൽ ഉൾപ്പെടുന്നു എന്നതിൽ ഈ സന്യാസിനിമാർ അഭിമാനിക്കുന്നു. ചിലർ ജോലിയായി പോയാലും കുറച്ചു കഴിഞ്ഞു ഒരു വീട്ടിലേക്ക് തിരിച്ചു വരുന്നതുപോലെ ഇങ്ങോട്ടു തന്നെ തിരിച്ചു വരുകയും ചെയ്യും. കാരണം ഇത് അവരുടെ വീടാണ്. വേറെങ്ങും പോകാൻ അവർക്ക് ഇടമില്ല.

വർഷത്തിലൊരിക്കൽ സ്വന്തക്കാരായ ആളുകൾ ഉള്ള വീടുകളിലേക്ക് ഈ കുട്ടികളെ വിടും. അവിടെ രണ്ടോ മൂന്നോ ആഴ്ച താമസിക്കും. ചിലർ മനസില്ലാ മനസോടെയാണ് ഇവിടെ നിന്നും പോകുന്നത്. കാരണം, മിക്കവർക്കും വീട്ടിൽ നോക്കാൻ ആരും ഇല്ല. തിരിച്ചു വരുമ്പോൾ പലരും പട്ടിണി ബാധിച്ച അവസ്ഥയിലായിരിക്കും. ഈ സ്ഥാപനങ്ങളിൽ കുട്ടികൾക്കു ഭക്ഷണത്തിനു ബുദ്ധിമുട്ടൊന്നും ഇല്ല. എങ്കിൽ തന്നെയും സ്വന്തം സമൂഹത്തിന്റെ അവസ്ഥ നേരിട്ട് മനസിലാക്കുന്നതിനായി ആണ് അവരെ വീടുകളിലേക്ക് സന്യാസിനിമാർ അയക്കുന്നത്.

മലാവി എന്ന ചെറിയ രാജ്യത്തെക്കുറിച്ച്

മലാവിയിലെ നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (2014) വിവരങ്ങൾ അനുസരിച്ച്, അഞ്ചു വയസ്സിന് താഴെയുള്ള 2.9 ദശലക്ഷം കുട്ടികളാണ് മലാവിയിലുള്ളത്. അവരിൽ 1,42,000 -ത്തിലധികം പേർ കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്നു. 2021 -ലെ കണക്കുകൾ അനുസരിച്ച് മലാവിയിൽ ഒരു ദശലക്ഷത്തിലധികം ആളുകൾ കടുത്ത പട്ടിണി അനുഭവിക്കുന്നുണ്ട്. കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരാണ് ഇവിടെ കൂടുതലും ഉള്ളത്. മഴയുടെ കുറവ് ഇവരുടെ കൃഷിയെ സാരമായി ബാധിക്കുന്നുണ്ട്. അതുവഴി സമൂഹത്തിൽ സാമ്പത്തിക പ്രതിസന്ധിയും ഉണ്ടാകുന്നു. അതിനാൽ സാധാരണ ജനങ്ങളെ സംബന്ധിച്ചിടത്തോളം പട്ടിണി ഇവരുടെ കൂടെപ്പിറപ്പാണ്. ദിവസം ഒരു നേരമെങ്കിലും ഭക്ഷണം കഴിക്കുക എന്നതാണ് ഇവരുടെ ഒരു രീതി. അതിൽ കൂടുതൽ അവർ ആഗ്രഹിക്കാറുമില്ല, ഇവർക്കത് ലഭിക്കാറുമില്ല എന്നതാണ് വാസ്തവം. ഒരു ദിവസം ഇവർ ജോലി ചെയ്തു ഉണ്ടാക്കുന്നത് അന്നത്തെ ആവശ്യത്തിനെ കാണുകയുള്ളൂ. നാളത്തേയ്ക്ക് സമ്പാദിക്കുന്ന രീതിയും സൂക്ഷിച്ചുവെച്ച് ഉപയോഗിക്കുന്ന ശൈലിയും ഇവരുടെ ഇടയിലില്ല. ഉള്ളതിൽ സംതൃപ്തിയും സന്തോഷവും അനുഭവിക്കുന്നവരാണിവർ. അതിനാൽ തന്നെ ഉള്ളപ്പോൾ ഉണ്ട്, ഇല്ലാത്തപ്പോൾ ഇല്ല. ഇതാണ് ഇവരുടെ അവസ്ഥ. മലാവിയിലെ 23 % ശിശുമരണങ്ങളും പട്ടിണികൊണ്ടാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

കുട്ടികൾ അനാഥരാകുന്നതിന് ഉള്ള മറ്റൊരു പ്രധാന കാരണം എയ്ഡ്‌സ് രോഗബാധയാണ്. എയ്ഡ്‌സ് രോഗം മൂലം മാതാപിതാക്കൾ മരിച്ചുപോകുന്നതും കുഞ്ഞിന്റെ ജനനത്തോടെ അമ്മ മരിക്കുന്നതും മൂലം ഇവിടെ അനാഥമാക്കപ്പെടുന്ന ബാല്യങ്ങളുടെ എണ്ണം ഏറുകയാണ്. ധാർമ്മിക മൂല്യങ്ങളെക്കുറിച്ചുള്ള അജ്ഞത പെൺകുട്ടികൾ ചെറുപ്പത്തിലേ അമ്മമാരാകുന്നതിലേക്ക് നയിക്കുന്നു. വിവാഹം കഴിക്കാതെ പല പെൺകുട്ടികളും ഗർഭിണികളാകുന്നു. പിന്നീട് പുരുഷന്മാർ ഇവരെ ഉപേക്ഷിച്ച് പോകുന്നു. 2018 -ൽ മാത്രം ഇവിടെ പുതുതായി എച്ച്ഐവി രോഗബാധിതരായ ആളുകളുടെ എണ്ണം 38,000 ആണ്.

പെൺകുട്ടികളിൽ പലരും പതിനാറാം വയസിൽ അമ്മമാർ

ധാർമ്മികമായ ശോഷണം ഇവിടുത്തെ ജനങ്ങളെ വളരെ പ്രതികൂലമായി ബാധിക്കുന്നു. എയ്ഡ്‌സ് മുതലായ രോഗങ്ങൾ പകരുന്നതിന് ഒരു പ്രധാന കാരണവും ഇത് തന്നെ. “പഠിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ പെൺകുട്ടികൾ അമ്മമാരാകുന്നു. പതിനാല് വർഷങ്ങൾക്ക് മുൻപുള്ള ഒരു സാഹചര്യമല്ല ഇപ്പോഴുള്ളത്. സിസ്റ്റേഴ്സ് ബോധവൽക്കരിക്കാനൊക്കെ ശ്രമിക്കുന്നുണ്ട്. എന്നാലും പെട്ടെന്ന് ഇവരെ മാറ്റുവാൻ സാധിക്കുകയില്ല. പതിയെ പതിയെ ഉള്ള ഒരു മാറ്റം ഇവരിൽ കാണുന്നുണ്ട്. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്ന ചിന്തയോ അതിനുള്ള പരിശ്രമമോ ഇനിയും ഇവരുടെ ഇടയിൽ വളർന്നിട്ടില്ല, പ്രത്യേകിച്ച് പെൺകുട്ടികളുടെ ഇടയിൽ” -സിസ്റ്റർ ജോളി പറയുന്നു.

അത്ഭുതമായി ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ കഥ

അമ്മ മരിച്ച, ഒരു ദിവസം മാത്രം പ്രായമുള്ള പോഷകാഹാരക്കുറവുള്ള ഒരു കുഞ്ഞിനെ ഈ അനാഥമന്ദിരത്തിലേക്ക് ലഭിച്ചപ്പോൾ ആ പിഞ്ചുകുഞ്ഞു ജീവിക്കുമോ എന്നതിനെ കുറിച്ച് എല്ലാവർക്കും വലിയ ആശങ്കയായിരുന്നു. നേരിയ ശ്വാസം മാത്രമേ അവശേഷിക്കുന്നുണ്ടായിരുന്നുള്ളൂ അവളിൽ. ഇൻകുബേറ്റർ ഒന്നും ഇല്ലാത്ത സാഹചര്യം. ഈ ഒരു അവസ്ഥയിൽ ആ കുട്ടിയെ എങ്ങനെ രക്ഷപ്പെടുത്തിയെന്ന് ഒരു നേഴ്‌സു കൂടിയായ സി. ജോളി ഓർമ്മിക്കുന്നത് ഇപ്രകാരമാണ്: “തുണിക്കകത്ത് കുഞ്ഞിനെ പൊതിയും, കുപ്പിക്കകത്ത് ചൂടുവെള്ളം നിറച്ച് കുഞ്ഞിന്റെ രണ്ട് സൈഡിലും കാലിന്റെ പാദത്തിൽ ഒക്കെ വെച്ച് ചൂടുപിടിക്കും. പിന്നെ പാലിൽ തുണി മുക്കി തുള്ളി തുള്ളിയായി കുഞ്ഞിന്റെ വായിലേക്ക് ഇറ്റിച്ചു വീഴ്ത്തും. അല്ലെങ്കിൽ സിറിഞ്ചുപയോഗിച്ചും കൊടുക്കും. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞ അവൾ ഇന്ന് പൂർണ്ണ ആരോഗ്യവതിയാണ്. പഠനത്തിൽ അത്ര മിടുക്കിയല്ലെങ്കിലും അവൾക്ക് ചെറിയ ജോലിക്കായിട്ടുള്ള ട്രെയിനിങ് കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഞങ്ങൾ”.

അനാഥമന്ദിരത്തിന് അപ്പുറത്തേയ്ക്കും വളരുന്ന കരുതൽ

പലവിധ കാരണങ്ങളാൽ അനാഥമാക്കപ്പെട്ട നിരവധി ആളുകളുണ്ട് ഈ രാജ്യത്ത്. ഇവരെയെല്ലാം അനാഥമന്ദിരത്തിൽ നിറുത്തുവാനോ സഹായിക്കുവാനോ സാധിക്കുകയില്ലല്ലോ. ഏറ്റവും അത്യാവശ്യമായവരെയാണ് ഇവിടെ നിർത്തുന്നത്. ആരെങ്കിലും വീട്ടിൽ നോക്കാൻ ഉള്ളവരെ വീട്ടിൽ തന്നെ നിർത്തും. അവരും വളരെ ബുദ്ധിമുട്ടേറിയ സാഹചര്യത്തിലായിരിക്കും. അതിനാൽ തന്നെ അവർക്ക് പഠനത്തിന് ആവശ്യമായ സഹായം ഈ സന്യാസിനിമാർ തന്നെ നൽകിവരുന്നു. മാത്രമല്ല, എല്ലാ ശനിയാഴ്ചയും അവരെ സിസ്റ്റേഴ്സ് ഒന്നിച്ചു കൂട്ടും. സാമ്പത്തികമായ സഹായവും നല്ല ബോധവത്ക്കരണവുമെല്ലാം ഈ കുട്ടികൾക്ക് നൽകും. വീട്ടിൽ നിന്നും ഒട്ടും പഠിക്കാൻ സാധിക്കാത്ത കുട്ടികളിൽ ചിലരെ ബോർഡിങ്ങിൽ നിർത്തി പഠിപ്പിക്കാനും സിസ്റ്റേഴ്സ് ശ്രമിക്കുന്നു.

വീടുകളിൽ കഴിയുന്ന അനാഥരായ കുട്ടികൾക്ക് ചികിത്സയും ഈ അമ്മമാർ സൗജന്യമായി നൽകി വരുന്നു. അവർക്ക് ആർക്കെങ്കിലും മെഡിക്കൽ സഹായം ആവശ്യമെങ്കിൽ സിസ്റ്റേഴ്സ് അവർക്ക് വേണ്ട പരിചരണവും ശ്രദ്ധയും ഒക്കെ നൽകും. സാമ്പത്തികമായ ബുദ്ധിമുട്ട് ഉണ്ട് എന്ന കാരണത്താൽ ഒരു സഹായവും ഈ സന്യാസിനിമാർ ഈ കുട്ടികൾക്ക് നിഷേധിക്കുകയില്ല. തങ്ങളുടെ പരിമിതമായ സാഹചര്യങ്ങൾക്കിടയിലും പലരുടെയും ഉദാരമനസ്കത കൊണ്ടാണ് ഇതിനുള്ള പണം സിസ്റ്റേഴ്സ് കണ്ടെത്തുന്നത്. കുട്ടികളെ മാത്രമല്ല, പ്രായമായ ആരോരും ഇല്ലാത്തവരെയും ഈ സന്യാസിനിമാർ ചേർത്തുപിടിക്കുന്നുണ്ട്. 200 -ലധികം പേരുണ്ട് ഇവർ താമസിക്കുന്നിടത്ത് തന്നെ. എല്ലാ മാസവും അവരെ ഒന്നിച്ചുകൂട്ടി ഭക്ഷണവും മരുന്നും ഒക്കെ നൽകും.

ഇല്ലായ്മകളുടെ നടുവിലാണ് ഈ സന്യാസിനിമാർ തങ്ങളുടെ സേവനം ചെയ്യുന്നത്. ഈശോയുടെ സ്നേഹം പങ്കുവയ്ക്കുമ്പോൾ ഇവർക്ക് പരാതികളോ പരിഭവങ്ങളോ ഇല്ല. വാക്കിലും ജീവിതത്തിലും തങ്ങളുടെ കൂടെയുള്ള മക്കളെക്കുറിച്ചുള്ള കരുതൽ മാത്രം.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

2 COMMENTS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.