മിശ്രവിവാഹവും സഭാനിയമങ്ങളും

ഫാ ജോസ് ചിറമേൽ

കത്തോലിക്കാസഭയില്‍ ഇന്നു നടക്കുന്ന വിവാഹങ്ങള്‍ ബഹുഭൂരിപക്ഷവും സഭാംഗങ്ങള്‍ തമ്മിലുള്ളവ തന്നെയാണ്. എന്നാല്‍ അടുത്തകാലത്തായി മിശ്രവിവാഹങ്ങള്‍ വര്‍ദ്ധിച്ചു വ രുന്നതായി കാണുന്നുണ്ട്. ഇതിന്റെ പ്രധാനകാരണം എല്ലാ ജീ വിത വ്യാപാരമണ്ഡലങ്ങളിലും ധൃതഗതിയില്‍ വന്നുകൊണ്ടിരി ക്കുന്ന പരിവര്‍ത്തനങ്ങളാണ് (Paul VI, Motu Proprio, “Norms for Mixed Marriages”, Rome 1970, Introduction). വിദ്യാര്‍ത്ഥീ വിദ്യാര്‍ത്ഥിനികളും യുവതീയുവാക്കന്മാരും അടുത്ത് ഇടപഴകാനുള്ള സന്ദര്‍ഭങ്ങള്‍ വര്‍ദ്ധിച്ചുവരുന്നു. വിദ്യാഭ്യാസ, സാംസ്‌കാരിക, സാമൂ ഹ്യ, വ്യവസായ മണ്ഡലങ്ങളിലെല്ലാം സ്ത്രീയും പുരുഷനും തമ്മില്‍ പണ്ട് ഉണ്ടായിരുന്ന അകല്‍ച്ച ഇന്നില്ല. സാര്‍വ്വത്രികമായ വിദ്യാഭ്യാസവും ആഗോളവത്കരണവും ഇതിനു അനുകൂലമാണ്. ഈ സാഹചര്യങ്ങളില്‍ ജാതി, മത വിഭാഗീയതകള്‍ക്കതീതമായി വിവാഹങ്ങള്‍ നടത്തപ്പെടുന്നു. ചില ക്രിസ്തീയ വിഭാഗങ്ങള്‍ക്കിടയില്‍ സ്ത്രീധനത്തിനുള്ള അമിതമായ സ്വാധീനവും ഇതിനു കാരണമാകാം.

മിശ്രവിവാഹം

കത്തോലിക്കരും മാമ്മോദീസ സ്വീകരിച്ചിട്ടുള്ള അകത്തോലിക്കരും (Non-Catholics) തമ്മിലുള്ള വിവാഹത്തെയാണ് മിശ്ര വിവാഹം (Mixed marriage) എന്നു പറയുന്നത് (Cfr. Pontifical Council for Promoting Christian Unity, Directary for the Application of Principles and Norms on Ecumenism, 1993, n.143). വിശാലമായ അര്‍ത്ഥത്തില്‍ കത്തോലിക്കരും അക്രൈസ്തവരും തമ്മില്‍ കത്തോലിക്കാ ദേവാലയത്തില്‍ വച്ചു നടത്തുന്ന വിവാഹത്തെയും മിശ്രവിവാഹം എന്നു പറയാം. എന്നാല്‍, കാനന്‍ നിയമത്തിന്റെ വെളിച്ചത്തില്‍, കത്തോലിക്കരും മാമ്മോദീസ സ്വീകരിച്ച അകത്തോലിക്കരും തമ്മില്‍ നടത്തുന്ന വിവാഹത്തെ മാത്രമാണ് മിശ്രവിവാഹം എന്നു പറയുമ്പോള്‍ വിവക്ഷിക്കുന്നത്. ചില വ്യവസ്ഥകള്‍ക്ക് വിധേയമായി മിശ്രവിവാഹത്തിന് കത്തോലിക്കരെ സഭ അനുവദിക്കുന്നുണ്ട്. പൊതുവെ പറഞ്ഞാല്‍, മിശ്രവിവാഹങ്ങള്‍ സഭ പ്രോത്സാഹിപ്പിക്കുന്നില്ല. ഒരേ മതവിശ്വാസികള്‍ തമ്മിലുള്ള വിവാഹമാണ് സഭ അഭികാമ്യമായി കരുതുന്നത്. തന്മൂലം, മിശ്രവിവാഹങ്ങള്‍ കത്തോലിക്കാ സഭയുടെ പൊതു നിയമത്തി ന് ഒരപവാദമാണ്.

മിശ്രവിവാഹം സംബന്ധിച്ച സഭയുടെ നിയമങ്ങള്‍

മിശ്രവിവാഹത്തിന് കത്തോലിക്കാ ദമ്പതി തന്റെ രൂപതാ മെത്രാനില്‍ നിന്ന് അനുവാദം വാങ്ങിയിരിക്കണം. മെത്രാന്റെ അനുവാദം കൂടാതെ മിശ്രവിവാഹങ്ങള്‍ സഭ അനുവദിക്കുകയില്ല. തക്കതായ കാരണങ്ങള്‍ ഉണ്ടെങ്കില്‍, സഭ നിര്‍ദ്ദേശിച്ചിട്ടുള്ള വ്യവസ്ഥകള്‍ പാലിക്കുമെന്ന് ഉറപ്പ് വരുത്തിക്കൊണ്ടാണ് രൂപതാ മെത്രാന്‍ മിശ്രവിവാഹത്തിന് അനുവാദം നല്‍കുന്നത്. ഈ വ്യ വസ്ഥകള്‍ താഴെ പറയുന്നവയാണ്:

1. കത്തോലിക്കാ ദമ്പതി, തന്റെ വിശ്വാസത്തിന് കോട്ടം വരുത്തിയേക്കാവുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിന് തയ്യാറാണെന്ന് പ്രഖ്യാപിക്കണം.
2. തനിക്കുണ്ടാകുന്ന കുട്ടികളെ കത്തോലിക്കാ സഭയില്‍ മാമ്മോദീസയും ശിക്ഷണവും നല്‍കി വളര്‍ത്തിക്കൊള്ളാമെന്നും വാഗ്ദാനം ചെയ്യണം.
ഈ വ്യവസ്ഥകള്‍ അകത്തോലിക്കാ പങ്കാളിയുടെ അവകാശങ്ങളുടെ നിഷേധമായി കാണേണ്ടതില്ല. ദമ്പതികള്‍ മുന്‍കൂട്ടി ചര്‍ച്ച ചെയ്ത് ഇക്കാര്യങ്ങള്‍ തീരുമാനിക്കേണ്ടതാണ്.
3. കത്തോലിക്കാ ദമ്പതിയുടെ വാഗ്ദാനങ്ങളെപ്പറ്റി അകത്തോലിക്കാ ദമ്പതിയെ യഥാകാലം ധരിപ്പിക്കേണ്ടതാണ്.
4. വിവാഹത്തിന്റെ സാരവത്തായ ലക്ഷ്യങ്ങളെയും ഗുണവി ശേഷങ്ങളെയും പറ്റി ഇടവക വികാരിമാര്‍ മിശ്രവിവാഹം നടത്താന്‍ പോകുന്ന ദമ്പതിമാരെ ഉദ്‌ബോധിപ്പിക്കുകയും വേണം.

മിശ്രവിവാഹത്തിന് അനുമതി ആവശ്യപ്പെട്ടുകൊണ്ട് കത്തോലിക്കാ ദമ്പതി രൂപതാ മെത്രാന് സമര്‍പ്പിക്കുന്ന അപേക്ഷയില്‍ മേല്‍പ്പറഞ്ഞ വ്യവസ്ഥകള്‍ പാലിച്ചുകൊള്ളാമെന്ന് കൃത്യമായി കാണിച്ചിരിക്കണം. അപേക്ഷയോടൊപ്പം വികാരിയുടെ ശുപാര്‍ശ കത്തും ഉണ്ടായിരിക്കേണ്ടതാണ്. മിശ്രവിവാഹം നടത്താന്‍ ന്യായമായ കാരണങ്ങള്‍ ഉണ്ടെന്ന് ബോദ്ധ്യപ്പെടുകയും അതിനാവശ്യമായ നിയമവ്യവസ്ഥകള്‍ പാലിച്ചു കൊള്ളാമെന്നുള്ള കത്തോലിക്കാ ദമ്പതിയുടെ ഉറപ്പ് ലഭിച്ചതിന്റെയും അടിസ്ഥാനത്തിലാണ് രൂപതാ മെത്രാന്‍ മിശ്രവിവാഹത്തിന് അനുമതി നല്‍കുന്നത്. തക്കതായ കാരണം ഉണ്ടായിരിക്കുകയും മുകളില്‍ സൂചിപ്പിച്ച വ്യവസ്ഥകള്‍ പാലിക്കുകയും ചെയ്യുന്ന പക്ഷം മിശ്ര വിവാഹത്തിനുള്ള അനുമതി നിഷേധിക്കാന്‍ പാടുള്ളതല്ല (Victor J. Pospishil, Eastern Catholic Marriage Law, New York 1991, p. 271).

മിശ്രവിവാഹത്തിലെ ഓരോ ദമ്പതിയും സ്വന്തം വിശ്വാസ ത്തില്‍ ഉറച്ചു നില്‍ക്കുന്നതോടൊപ്പം പങ്കാളിയുടെ വിശ്വാസത്തെ ആദരിക്കുകയും വേണമെന്ന് ഇരുവരേയും ഓര്‍മ്മിപ്പിക്കേണ്ടത് വികാരിമാരുടെ കടമയാണ്. വിവാഹത്തിന് ഒരുക്കമായുള്ള കോഴ്‌സ്, കൗണ്‍സലിംഗ് എന്നിവയില്‍ ഒരുമിച്ച് പങ്കെടുക്കാനും വികാരിമാര്‍ ഇരുവരേയും പ്രോത്സാഹിപ്പിക്കണം. വിവാഹത്തിന് മുമ്പ് വധൂവരന്മാര്‍ അവരുടെ മാമ്മോദീസാ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. കൂടാതെ, വിവാഹിതരാകുന്നതിന് നിയമപരമായ മറ്റു തടസ്സങ്ങള്‍ ഒന്നും ഇല്ലെന്ന് ഇരുവരുടെയും വികാരി മാര്‍ ഉറപ്പ് വരുത്തുകയും വേണം.

മിശ്രവിവാഹത്തിന് മുമ്പ് മനസ്സമ്മതം (betrothal), വിളിച്ചു ചൊല്ലല്‍ (banns) എന്നിവ രൂപതാമെത്രാന്റെ തീരുമാനത്തിനു വിധേയമായി മാത്രമെ നടത്താവൂ. ഇപ്രകാരം നടത്തപ്പെടുന്ന മിശ്രവിവാഹങ്ങളില്‍ സഭയുടെ കാനോനികക്രമം (canonical form) പാലിക്കേണ്ടതാണ് (CCEO.c. 834/1; CIC.c. 1117).

കത്തോലിക്കരും പൗരസ്ത്യസഭാവിഭാഗത്തില്‍പ്പെട്ട അകത്തോലിക്കരുമായുള്ള (Non- Catholic Orientals) വിവാഹം അകത്തോലിക്കാ ദമ്പതിയുടെ പള്ളിയില്‍ വച്ചു നടത്തിയാലും സാധുവായിരിക്കും (valid). സഭ നിശ്ചയിച്ചിട്ടുള്ള വിവാഹത്തിന്റെ കാനോ നികക്രമം മേല്‍പ്പറഞ്ഞ വിവാഹത്തിന്റെ നിയമാനുസൃതത്വത്തിനു (licity) മാത്രമേ ആവശ്യമുള്ളു. എന്നിരുന്നാലും, കേരളത്തില്‍ ഇത്തരം വിവാഹങ്ങള്‍ അകത്തോലിക്കാ ദേവാലയത്തില്‍ വച്ചു നടത്താന്‍ അനുവദിക്കേണ്ടതില്ലെന്നാണ് സഭയുടെ തീരുമാനം.

കാനോനികക്രമത്തില്‍നിന്ന് ഒഴിവ് പൗരസ്ത്യ കാനന്‍ നിയമമനുസരിച്ച്, സഭയുടെ വിവാഹത്തിന്റെ കാനോനിക ക്രമത്തില്‍ നിന്ന് ഒഴിവ് കൊടുക്കാനുള്ള അധികാരം പരിശുദ്ധ സിംഹാസനത്തിനും പാത്രിയര്‍ക്കല്‍ സഭകളില്‍ പാത്രിയര്‍ക്കീസിനുമായി സംവരണം ചെയ്തിരിക്കുന്നു (CCEO.c. 835). പൗരസ്ത്യ നിയമസംഹിതയുടെ ക്രോഡീകരണ ത്തിനുവേണ്ടി നിയമിക്കപ്പെട്ട പൊന്തിഫിക്കല്‍ കമ്മീഷനില്‍ മെത്രാന്മാര്‍ക്കും കാനോനിക ക്രമത്തില്‍ നിന്ന് ഒഴിവാക്കല്‍ നല്കാനുള്ള അധികാരം ഉണ്ടായിരിക്കണമെന്നു നിര്‍ദ്ദേശമുണ്ടായെങ്കിലും അംഗീകരിക്കപ്പെട്ടില്ല . എന്നാല്‍, ലത്തീന്‍ സഭയില്‍ ഈ അധികാരം രൂപതാ മെത്രാനു നല്‍കിയിട്ടുണ്ട് (CIC.c. 1127/2). വളരെ ഗൗരവമേറിയ കാരണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ വിവാഹത്തിന്റെ കാനോനിക ക്രമ ത്തില്‍ നിന്നൊഴിവ് നല്‍കുവാന്‍ പാടുള്ളു. ഇന്ത്യയിലെ ലത്തീന്‍ മെത്രാന്മാരുടെ സമിതിയുടെ (CCBI) തീരുമാനപ്രകാരം മിശ്രവിവാഹങ്ങളില്‍ മാത്രമാണ് ഗൗരവമായ കാരണങ്ങളുടെ അടിസ്ഥാനത്തില്‍ കാനോനിക ക്രമത്തില്‍നിന്ന് ഒഴിവ് നല്കുക. ഇപ്രകാരം ഒഴിവ് ലഭിച്ചാല്‍ തന്നെ, വിവാഹം നടന്നുവെന്ന് അറിയത്തക്കവിധം പരസ്യമായ എന്തെങ്കിലും കര്‍മ്മങ്ങള്‍ ആവശ്യവുമാണ് (Ecumenical Directory, No.156).

മിശ്രവിവാഹം കത്തോലിക്കാ ദേവലായത്തില്‍ വച്ചു നടക്കുമ്പോള്‍ വിവാഹാശീര്‍വ്വാദശുശ്രൂഷക്കിടയില്‍ അകത്തോലിക്കാ ദമ്പതിയുടെ ഭാഗത്തു നിന്നുള്ള വൈദികര്‍ വേറെ എന്തെങ്കിലും ശുശ്രൂഷകള്‍ ഇതോടൊന്നിച്ച് നടത്താന്‍ പാടുള്ളതല്ല. കത്തോലിക്കാ വൈദികനും അകത്തോലിക്കാ വൈദികനും സംയുക്ത മായി ദമ്പതിമാരുടെ ഉഭയസമ്മതം (consent) പ്രകടിപ്പിക്കാന്‍ ആ വശ്യപ്പെടാനും പാടില്ല (CCEO.c. 839; CIC.c. 1127/3). എന്നാല്‍, വിവാഹശുശ്രൂഷക്കിടയ്ക്ക് വേദഗ്രന്ഥപാരായണമോ, ലഘുപ്രഭാഷണമോ അകത്തോലിക്കാ വൈദികന് നടത്താവുന്നതാണ്.

സീറോ മലബാര്‍ സഭയുടെ പ്രത്യേക നിയമമനുസരിച്ചും എക്യുമെനിക്കല്‍ ഡയറക്ടറിയുടെ നിര്‍ദ്ദേശങ്ങളുടെ വെളിച്ചത്തിലും മിശ്രവിവാഹത്തോടനുബന്ധിച്ച് ദിവ്യബലി അര്‍പ്പണം സാധാരണഗതിയില്‍ അനുവദിക്കാറില്ല. എന്നാല്‍, കൂട്ടുദമ്പതി പൗരസ്ത്യസഭാ വിഭാഗത്തില്‍ പെട്ടതാണെങ്കില്‍ രൂപതാമെത്രാ ന് വിവാഹത്തോടനുബന്ധിച്ച് ദിവ്യബലി അര്‍പ്പിക്കുന്നതിന് അനുവാദം നല്‍കാവുന്നതാണ്. ഇപ്രകാരം അര്‍പ്പിക്കപ്പെടുന്ന ദിവ്യ ബലിയില്‍ പങ്കെടുക്കുന്ന പൗരസ്ത്യ അകത്തോലിക്കര്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന പക്ഷം വിശുദ്ധ കുര്‍ബാന (Holy Communion) നല്കാവുന്നതുമാണ് (CCEO.c. 671/3; CIC.c. 844/3).

കത്തോലിക്കരും യാക്കോബായക്കാരും (Catholics and Malankara Syrian Orthodox group)തമ്മിലുള്ള വിവാഹം

കത്തോലിക്കാസഭയും അകത്തോലിക്കാ പൗരസ്ത്യസഭാ വിഭാഗത്തില്‍പ്പെട്ട യാക്കോബായ (അന്ത്യോക്യാപാത്രിയര്‍ക്കീ സ്സിന്റെ പരമാധികാരം അംഗീകരിക്കുന്നവര്‍) സഭയുമായി വിവാഹത്തെ സംബന്ധിച്ച് ഉണ്ടാക്കിയിട്ടുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ ചില പ്രത്യേക നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതനു സരിച്ച് കത്തോലിക്കരും മാമ്മോദീസ സ്വീകരിച്ചിട്ടുള്ള പൗരസ്ത്യ അകത്തോലിക്കരും തമ്മിലുള്ള വിവാഹത്തിന് ആവശ്യമാ യി മേല്‍ സൂചിപ്പിച്ച എല്ലാ നിയമങ്ങളും വ്യവസ്ഥകളും ഇക്കൂട്ടരു ടെ വിവാഹത്തിലും പാലിക്കേണ്ടതാണ്. എന്നാല്‍, കത്തോലി ക്കാസഭയും യാക്കോബായസഭയും തമ്മിലുണ്ടാക്കിയ ധാരണ യുടെ വെളിച്ചത്തില്‍, ഇക്കൂട്ടരുടെ വിവാഹം വധൂവരന്മാരുടെ താല്പര്യമനുസരിച്ച് അവരില്‍ ആരുടെ ഇടവകപള്ളിയില്‍ വച്ചും നടത്താവുന്നതാണ്.

വിവാഹത്തിന് മുമ്പായി മനസ്സമ്മതം സ്ഥലത്തെ പതിവനുസരിച്ച് അനുവദിക്കാവുന്നതാണ്. എന്നാല്‍, വിളിച്ചുചൊല്ലല്‍ ദമ്പതിമാര്‍ ഇരുവരുടേയും പള്ളികളില്‍ നടത്തിയിരിക്കണം. അപ്രകാരം വിളിച്ചു ചൊല്ലുമ്പോള്‍ പ്രസ്തുത വിവാഹം വ്യത്യസ്ത സഭാ വിഭാഗങ്ങളില്‍പ്പെട്ടവരുടേതാണെന്ന് പറയുകയും വേണം.
ഇക്കൂട്ടരുടെ വിവാഹത്തിന്റെ ആശീര്‍വ്വാദം സംബന്ധിച്ച് നാലു കാര്യങ്ങള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടതുണ്ട്:

1. വിവാഹം നടക്കുന്ന ഇടവകപള്ളിയിലെ വികാരിയച്ചനാണ് വിവാഹം ആശീര്‍വ്വദിക്കേണ്ടത്. അല്ലെങ്കില്‍ അദ്ദേഹം നിര്‍ദ്ദേശിക്കുന്ന അതേ സഭയില്‍പ്പെട്ട മറ്റൊരു വൈദികന്‍.
2. രണ്ടു സഭാ വിഭാഗങ്ങളുടേയും ശുശ്രൂഷകള്‍ കൂട്ടികലര്‍ത്താന്‍ പാടില്ല (mixed celebration).
3. വിവാഹാശീര്‍വ്വാദ കര്‍മ്മത്തോടനുബന്ധിച്ച് ദിവ്യബലി ഉണ്ടെങ്കില്‍ രണ്ടു സഭാവിഭാഗങ്ങളിലും പെട്ടവര്‍ക്ക് വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കാവുന്നതാണ്.
4. വിവാഹം നടക്കുന്ന ഇടവകയിലെ രേഖകളിലും കൂട്ടു ദമ്പതിയുടെ ഇടവകയിലെ രേഖകളിലും വിവാഹത്തിന്റെ വിശദാംശങ്ങള്‍ രേഖപ്പെടുത്തുവാന്‍ ഉതകത്തക്കവിധം വിവാഹക്കുറികള്‍ വികാരിമാര്‍ കൈമാറേണ്ടതാണ്.

കത്തോലിക്കരും പൗരസ്ത്യസഭാ വിഭാഗത്തില്‍പ്പെടാത്ത അകത്തോലിക്കരും തമ്മിലുള്ള വിവാഹം

മിശ്രവിവാഹം സംബന്ധിച്ച് കത്തോലിക്കാ സഭയുടെ നിയമങ്ങളും വ്യവസ്ഥകളും പൗരസ്ത്യസഭാ വിഭാഗത്തില്‍ ഉള്‍പ്പെടാത്ത അകത്തോലിക്കരുമായുള്ള (Non-Catholic Non- Orientals) വിവാഹത്തിലും പാലിച്ചിരിക്കണം. ഇക്കൂട്ടരുടെ വിവാഹത്തിന്റെ സാധുതയ്ക്ക് സഭയുടെ കാനോനിക ക്രമം (canonical form) ആവശ്യവുമാണ് (CCEO.c. 835). തന്മൂലം, കത്തോലിക്കാദമ്പതിയും പൗരസ്ത്യസഭാവിഭാഗത്തില്‍പെടാത്ത അകത്തോലിക്കാദമ്പതിയും തമ്മിലുള്ള വിവാഹം കത്തോലിക്കാ പള്ളിയില്‍ വച്ച് ആ ശീര്‍വ്വദിക്കപ്പെടാത്ത പക്ഷം അസാധുവും (invalid) നിയമാനുസൃതമല്ലാത്തതുമാകും (illicit).

3. കത്തോലിക്കരും അക്രൈസ്തവരും(Catholics and Non-Christians) തമ്മിലുള്ള വിവാഹം

അന്യമതത്തില്‍പ്പെട്ട ഒരു വ്യക്തിയുമായി സാധുവായ (valid ) വിവാഹത്തില്‍ ഏര്‍പ്പെടുവാന്‍ ഒരു ക്രിസ്ത്യാനിക്ക് സാധിക്കുകയില്ല. ഇത്തരം വിവാഹങ്ങള്‍ മിശ്രവിവാഹങ്ങളുടെ ഗണത്തില്‍ പെടുന്നില്ല. കാരണം, കത്തോലിക്കാസഭയുടെ ദൃഷ്ടിയില്‍ മിശ്ര വിവാഹത്തില്‍ ഒരാള്‍ കത്തോലിക്കനും മറ്റേയാള്‍ മാമ്മോദീസ സ്വീകരിച്ച അകത്തോലിക്കനുമാണ്.

ഒരാള്‍ കത്തോലിക്കനും മറ്റേയാള്‍ അക്രൈസ്തവനുമാ ണെങ്കില്‍ അവര്‍ വ്യത്യസ്ത മതസ്ഥരാണല്ലോ. മതവ്യത്യാസം (Catholics and Non-Christians) കത്തോലിക്കാ സഭയില്‍ വിവാഹതടസ്സമാണ് (impediment). ഈ തടസ്സത്തില്‍ നിന്നുള്ള ഒഴിവാക്കല്‍ (Dispensation from the impediment of disparity of cult) കത്തോലിക്കാ ദമ്പതിയുടെ രൂപതാ മെത്രാനില്‍ നിന്ന് വാങ്ങിയാല്‍ മാത്രമേ ഇത്തരം വിവാഹം ദേവാലയത്തില്‍ വച്ച് ആശീര്‍വ്വദിക്കുകയുള്ളൂ. വളരെ ഗൗരവമുള്ള സാഹചര്യത്തിലാണ് രൂപതാ മെത്രാന്‍ ഇത്തരം ഒഴിവാക്കല്‍ (dispensation) നല്‍കുന്നത്. ഒഴിവാക്കല്‍ ലഭിക്കുന്ന തിനുവേണ്ടി കത്തോലിക്കാ ദമ്പതി തന്റെ രൂപതാമെത്രാന് അ പേക്ഷ സമര്‍പ്പിക്കണം. അപേക്ഷ തയ്യാറാക്കുമ്പോള്‍ പ്രസ്തുത വിവാഹം അനിവാര്യമായിത്തീരുന്നതിന് കാരണമായ ഗൗരവമായ സാഹചര്യങ്ങള്‍ ചൂണ്ടിക്കാണിച്ചിരിക്കണം.

കത്തോലിക്കരും പൗരസ്ത്യസഭാ വിഭാഗത്തില്‍പെടാത്ത ക്രൈസ്തവരും തമ്മില്‍ വിവാഹം നടത്തുമ്പോള്‍ പാലിക്കേണ്ട നിയമങ്ങളും വ്യവസ്ഥകളും ഇവിടേയും പാലിക്കണം (CCEO.cc. 803, 814; CIC.cc.1086, 11 25). ഇത്തരം സാഹചര്യങ്ങളില്‍ വിവാ ഹശീര്‍വ്വാദത്തോടനുബന്ധിച്ച് ദിവ്യബലി അനുവദിക്കാറില്ല.
കത്തോലിക്കരും അക്രൈസ്തവരും തമ്മില്‍ മേല്‍പ്പറഞ്ഞ ഒഴിവാക്കല്‍ വാങ്ങിയശേഷം ദേവാലയത്തില്‍ വച്ചു നടത്തുന്ന വിവാഹം സാധു (valid) ആണെങ്കിലും കൂദാശയായി (sacrament) പരിഗണിക്കുന്നില്ല. കാരണം, മാമ്മോദീസ സ്വീകരിച്ച രണ്ടു വ്യക്തികള്‍ സഭാനിയമത്തിനു വിധേയമായി നടത്തുന്ന വിവാഹ മാണ് കൂദാശയാകുന്നത് (CCEO.c. 776/2; CIC.c. 1055).

മിശ്രവിവാഹം നടത്തിയവര്‍ക്ക് പ്രത്യേകമായ അജപാലന പരിഗണന ആവശ്യമാണ്. രൂപതാമെത്രാനും ഇടവക വികാരിയും ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. കുടുംബജീവിതത്തിലെ ഐക്യം പരിപോഷിപ്പിക്കാനും കത്തോലിക്കാ ദമ്പതിക്കു വേണ്ട പിന്തുണ നല്കാനും അവരുടെ മക്കളെ കത്തോലിക്കാ വിശ്വാസത്തില്‍ വളര്‍ത്താന്‍ സഹായിക്കുവാനുമുള്ള കടമ അജപാലകര്‍ക്കുണ്ടെന്ന് വിസ്മരിക്കരുത് (CCEO.c.816; CIC.c.1128).

ഡോ. ജോസ് ചിറമേൽ