മിഷൻ ലീഗും കേരള മിഷനറിമാരും

ലോകത്തിൽ ഏറ്റവും കൂടുതൽ മിഷനറിമാരെ സംഭാവന ചെയ്ത പ്രേഷിത സംഘടന ചെറുപുഷ്പ മിഷൻ ലീഗ് ആയിരിക്കും. കേരളം ആഗോള കത്തോലിക്കാ സഭയ്ക്ക് നൽകിയ സമ്മാനമാണ് മിഷൻ ലീഗ്. അതിന്റെ സ്ഥാപകനായ പി.സി. അബ്രാഹം പല്ലാട്ടുകുന്നേല്‍  ചെറുപുഷ്പ മിഷൻ ലീഗിന്റെ തുടക്കം, വളർച്ച, ലക്‌ഷ്യം എന്നിവയെക്കുറിച്ച് എഴുതിയ ലേഖനം ലൈഫ് ഡേ പുനർപ്രസിദ്ധീകരിക്കുന്നു. 

പശ്ചാത്തലം

1836 ല്‍ 13-ാം ലെയോ മാര്‍പാപ്പ 126 പുതിയ രൂപതകള്‍ സ്ഥാപിച്ചു. അതില്‍ കേരളത്തിലെ 3 രൂപതകള്‍ ഉള്‍പ്പെടെ – ചങ്ങനാശ്ശേരി, തൃശ്ശൂര്‍, എറണാകുളം – 15 രൂപതകളാണ് ഭാരതത്തില്‍ ആരംഭിച്ചത്. ചങ്ങനാശ്ശേരി രൂപതയുടെ മുഖപത്രം ‘വേദപ്രചാര മദ്ധ്യസ്ഥന്‍’എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. രൂപതയുടെ ആരംഭകാലം മുതലേ വേദപ്രചാര കാര്യങ്ങളില്‍ സഭാധികാരികള്‍ വളരെ താല്‍പര്യം പ്രകടിപ്പിക്കുകയും  രൂപതയ്ക്ക് വേദപ്രചാര ഡയറക്ടര്‍ എന്ന പേരില്‍ ഒരു വൈദികനെ നിയമിക്കുകയും ചെയ്തിരുന്നു. അദ്ദേഹം രൂപതയിലെ പ്രധാന ദൈവാലയങ്ങളില്‍ തിരുനാള്‍ അവസരങ്ങളില്‍  ജനങ്ങളോട് വേദപ്രചാരണത്തിന്റെ ആവശ്യം, അതിനു സഹായിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ എന്നിവയെപ്പറ്റിയെല്ലാം പള്ളിമൈതാനങ്ങളില്‍  പ്രസംഗിക്കുകയും സംഭാവനകള്‍ സ്വീകരിക്കുകയും പതിവായിരുന്നു. ഇങ്ങനെ വേദപ്രചാരകാര്യത്തില്‍ ആരംഭം മുതലേ ചങ്ങനാശ്ശേരി രൂപത പ്രത്യേക താല്‍പര്യം പ്രദര്‍ശിപ്പിച്ചിരുന്നു.

ഞങ്ങള്‍ ഏഴ് സഹോദരങ്ങളായിരുന്നു. മൂന്ന് ആണും, നാലു പെണ്ണും. അതില്‍ ഞാന്‍ ആറാമനാണ്. 1925 മാര്‍ച്ച് 19-ന് ജനിച്ച എനിക്ക് ആരോഗ്യം വളരെ മോശമായിരുന്നു. ഭരണങ്ങാനം സെന്റ് മേരീസ് ഇ.എച്ച്.എസ്. ല്‍ ഫസ്റ്റ് ഫോമില്‍ പഠിക്കുന്ന കാലത്ത് തിരുവിതാംകൂറില്‍ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള കോണ്‍ഗ്രസ്സ് സമരം ആരംഭിച്ചു. സ്‌കൂളില്‍ പഠിപ്പു മുടക്കവും റാലികളും മററും പതിവായി. അതില്‍ ജ്യേഷ്ഠന്മാരോടൊപ്പം ഞാനും പങ്കുകൊണ്ടു. ക്ലാസ്സില്‍ കയറാന്‍ സാധിക്കുന്ന ദിവസങ്ങളില്‍ ഉച്ചസമയത്ത് കൂട്ടുകാരുമൊത്ത് – കെ.എസ്. ജോസഫ് കളപ്പുരയ്ക്കല്‍, എം.സി. വര്‍ക്കി മച്ചിയാനിയില്‍, ജോസഫ് മുത്തോലി – അടുത്തുണ്ടായിരുന്ന ക്ലാരമഠത്തില്‍ ചാമ്പങ്ങാ പെറുക്കാന്‍ പോകാറുണ്ടായിരുന്നു. ആ സമയത്ത് സുഖമില്ലാതെ വാതില്‍ക്കല്‍ ഇരിക്കാറുണ്ടായിരുന്ന ഒരു കന്യാസ്ത്രീ ഞങ്ങള്‍ക്ക് ചാമ്പങ്ങായും കാശുരൂപവും മറ്റും തന്ന് ഉപദേശിക്കുമായിരുന്നു. നന്നായിട്ട് പഠിക്കണം, നന്നായിട്ടു ജീവിക്കണം, നന്നായി പ്രാര്‍ത്ഥിക്കണം, സുകൃതജപങ്ങള്‍ ചൊല്ലണം, വേദപ്രചാരത്തെ സഹായിക്കണം, മിഷണറിയാവണം എന്നൊക്കെ. ഏതാനും നാള്‍ കഴിഞ്ഞപ്പോഴാണ് ആ സിസ്റ്റര്‍ അല്‍ഫോന്‍സാമ്മയാണെന്ന് മനസ്സിലായത്. സ്‌കൂളിലെ പതിവായ പഠിപ്പുമുടക്കവും സമരവും മൂലം എന്നെ മലബാറില്‍ പാവറട്ടി സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളില്‍ ബോര്‍ഡിംഗില്‍നിന്നു പഠിക്കുന്നതിന് സെക്കന്റ് ഫോമില്‍ ചേര്‍ത്തു. അവധിക്കാലങ്ങളില്‍ നാട്ടില്‍ വരുമ്പോള്‍ ഭരണങ്ങാനം മഠത്തില്‍ പോവുകയും അവിടെയുള്ള എന്റെ ചേച്ചിയെ (സി. റീത്താ എഫ്.സി.സി.) കാണുകയും പതിവായിരുന്നു. ആ അവസരങ്ങളിലെല്ലാം, ചേച്ചിയുടെ സുഹൃത്തും, സഹപാഠിയുമായിരുന്ന അല്‍ഫോന്‍സാമ്മയെയും കാണുകയും ഉപദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്യുമായിരുന്നു.

പില്‍ക്കാലത്ത് കൂട്ടുകാരായ  കെ.എസ്. ജോസഫ്, എം.സി. വര്‍ക്കി, ജോസഫ് മുത്തോലി എന്നിവര്‍ യഥാക്രമം വിശാഖപട്ടണം, മൈസൂര്‍, നെല്ലൂര്‍ എന്നീ മിഷന്‍ രൂപതകളില്‍ ചേര്‍ന്ന് വൈദികരായി. വൈദികനായിത്തീരുവാന്‍ എനിക്കും ആഗ്രഹമുണ്ടായിരുന്നു. അതിനായി കൊല്ലം തില്ലേലി കപ്പൂച്ചിന്‍ ആശ്രമത്തില്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുത്തു. ആരോഗ്യം തൃപ്തികരമല്ലാതിരുന്നതിനാല്‍ മറ്റ് ഏതെങ്കിലും സഭയില്‍ ചേരുന്നതാണ് നല്ലതെന്ന് ഉപദേശിച്ച് അധികാരികള്‍ എന്നെ തിരികെ അയച്ചു. മറ്റു സഭകളെപ്പറ്റിയും മിഷന്‍ രൂപതകളെപ്പറ്റിയും അറിയുന്നതിനുള്ള മാര്‍ഗ്ഗം ഇല്ലാതിരുന്നതിനാലും വീട്ടില്‍ അച്ചായന്റെ നിര്‍ബ്ബന്ധത്തിനു വഴങ്ങിയും വിവാഹം കഴിച്ചു. ഇന്നു തിരിഞ്ഞുനോക്കുമ്പോള്‍ വിവാഹജീവിതമായിരുന്നു എന്റെ ദൈവവിളി എന്ന കാര്യത്തില്‍ സംശയമില്ല.

ആരംഭവും വളര്‍ച്ചയും

മിഷണറിയാകാന്‍ സാധിക്കാത്തതില്‍ ആരംഭത്തില്‍ കുറെ കുണ്ഠിതമുണ്ടായിരുന്നു. അതുകൊണ്ട് മിഷന്‍ പ്രവര്‍ത്തനത്തെ സഹായിക്കുന്നതിനും, മിഷനു പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിവിധ മിഷന്‍ രംഗങ്ങളെപ്പററിയും മിഷനറി സഭകളെപ്പറ്റിയും വേണ്ട അറിവു നല്‍കി സഹായിക്കുന്നതിനും അങ്ങനെ ദൈവവിളികള്‍ വര്‍ദ്ധിപ്പിക്കുന്നതിനും മറ്റുമായി ഒരു പ്രസ്ഥാനം തുടങ്ങണമെന്ന് ആഗ്രഹിക്കുകയും ആ ഉദ്ദേശ്യത്തോടുകൂടി ഏതാനും കൂട്ടുകാരെകൂട്ടി ഒരു പ്രസ്ഥാനം ആരംഭിക്കുകയും ചെയ്തു. ഞങ്ങള്‍ കൂട്ടുകാര്‍ സൗകര്യം കിട്ടുമ്പോഴൊക്കെ ഒരുമിച്ചുകൂടി ഇതിന്റെ നടത്തിപ്പിനെക്കുറിച്ച് ആലോചിക്കുകയും മിഷന്‍ രംഗങ്ങളെ പ്രാര്‍ത്ഥനകൊണ്ട് സഹായിക്കുവാന്‍ സുകൃതങ്ങള്‍ ശേഖരിക്കുന്നതിന് സുകൃതഫോറം തയ്യാറാക്കുകയും ചെയ്തു. ഫോറം അച്ചടിക്കാന്‍ വേണ്ട പണം ഇല്ലാതിരുന്നതിനാലും തേവര ചെറുപുഷ്പം പ്രസ്സ് മാനേജരും കുടുംബദീപം മാസികയുടെ പത്രാധിപരുമായിരുന്ന ഫാ. ലേത്തൂസ് വലിയചേന്നാട്ട് സി.എം.ഐ.യെ പരിചയമായിരുന്നതിനാലും അദ്ദേഹത്തിന്റെ സഹായം തേടി. ആയിരത്തോളം ഫോറങ്ങള്‍ സൗജന്യമായി  അടിച്ചുകിട്ടി. അത് ഭരണങ്ങാനം സെന്റ് മേരീസ് ഹൈസ്‌ക്കൂളിലും കൂട്ടുകാരുടെ ഇടയിലും കൊടുത്ത് സുകൃതങ്ങള്‍ ശേഖരിച്ച് മാസം തോറും വിശാഖപട്ടണം മിഷന് അയച്ചുകൊടുക്കുക പതിവായിരുന്നു. അതിന് സ്‌കൂള്‍ അധികാരികളും സുഹൃത്തുക്കളും പ്രോത്സാഹനങ്ങള്‍ നല്‍കി..

അല്‍ഫോന്‍സാമ്മയില്‍നിന്നു ലഭിച്ച ഈ പരിശീലനം തുടര്‍ ന്നുവരവെ 1946 ജൂലൈ 28-ന് അല്‍ഫോന്‍സാമ്മ സ്വര്‍ഗ്ഗീയ സൗധത്തിലെത്തി. 29-ാം തീയതിയിലെ സംസ്‌ക്കാര ശുശ്രൂഷയില്‍ ആദ്യന്തം സംബന്ധിക്കുന്നതിനുള്ള ഭാഗ്യവും ഈയുള്ളവന് ലഭിച്ചു. ഞാന്‍ ജനിച്ച വര്‍ഷം തന്നെയായിരുന്നു ലിസ്യൂവിലെ കൊച്ചുത്രേസ്യായെ വിശുദ്ധയായി പതിനൊന്നാം പീയൂസ് മാര്‍പാപ്പ പ്രഖ്യാപിച്ചത്. ആ മഹാവിശുദ്ധയുടെ ഭക്തി നാടാകെ പ്രചരിച്ചുവരുന്ന അവസരം. വീട്ടിലും കൊച്ചുത്രേസ്യായോടുള്ള ഭക്തി പ്രചരിച്ചു. അച്ചായന്‍ അമ്പാറനിരപ്പേല്‍ പള്ളിക്ക് കൊച്ചുത്രേസ്യായുടെ ഒരു രൂപവും അള്‍ത്താരയും പണികഴിപ്പിച്ചുകൊടുത്തത് ആ വിശുദ്ധയോടുള്ള ഭക്തി എന്നില്‍ വര്‍ദ്ധനമാകുന്നതിന് കാരണമായി. അല്‍ഫോന്‍സാമ്മയുടെ ചരമപ്രസംഗകനായ ബഹു. റോമുളൂസ് സി.എം. ഐ. അച്ചന്‍, ‘വി. കൊച്ചുത്രേസ്യായേക്കാള്‍ ഒട്ടും പിന്നിലല്ല ഈ ശവമഞ്ചത്തില്‍ കിടക്കുന്ന സഹോദരി’ എന്നും ഭരണങ്ങാനം ‘ആധുനിക ലിസ്യു’ ആയിത്തീരുമെന്നും പ്രസംഗമദ്ധ്യേ സൂചിപ്പിച്ചിരുന്നു. ഇക്കാരണങ്ങളാലെല്ലാം 1927-ല്‍ ആഗോള മിഷന്‍ മദ്ധ്യസ്ഥയായി പ്രഖ്യാപിക്കപ്പെട്ട വി. കൊച്ചുത്രേസ്യായെ വേദപ്രചാര സഹായസംഘം മദ്ധ്യസ്ഥയായി തെരഞ്ഞെടുത്തു.

അല്‍ഫോന്‍സാമ്മയുടെ കുഴിമാടത്തിങ്കലേക്ക് തീര്‍ത്ഥാടകരുടെ പ്രവാഹം അനുദിനം വര്‍ദ്ധിച്ചുവരുന്നതിനാല്‍ തീര്‍ത്ഥാടകരുടെ കാര്യങ്ങള്‍ അന്വേഷിക്കുന്നതിനും വേണ്ട സൗകര്യങ്ങള്‍ നല്‍കുന്നതിനും മറ്റുമായി മാര്‍ ജെയിംസ് കാളാശ്ശേരി, ബഹു. ജോസഫ് മാലിപ്പറമ്പില്‍ എന്ന വൈദികനെ രണ്ടാം പ്രാവശ്യവും ഭരണങ്ങാനത്ത് അസിസ്റ്റന്റ് വികാരിയായി നിയമിച്ചു. അദ്ദേഹത്തെ നേരത്തെ പരിചയമുണ്ടായിരുന്നതിനാല്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ കാര്യം അദ്ദേഹത്തെ ധരിപ്പിക്കുകയും പ്രതീക്ഷിക്കാത്ത വിധത്തില്‍ ഉള്ള പ്രോത്സാഹനം ലഭിക്കുകയും ചെയ്തു. അങ്ങനെ ബഹു. ജോസഫ് മാലിപ്പറമ്പിലച്ചനും ഞാനും കൂടാതെ, എം.കെ.ജോസഫ് മാറാമറ്റം, കെ.എസ്.മാത്യു കിഴക്കേക്കര, പി.ജെ. ജോസഫ് പാലപ്ലാക്കല്‍, റ്റി.റ്റി. മാത്യു തേക്കുംകാട്ടില്‍, റ്റി.റ്റി. മാത്യു തകടിയേല്‍, എന്നിവരെക്കൂടി ചേര്‍ത്ത് ഏഴു പേരുടെ പ്രഥമഗ്രൂപ്പ് ഭരണങ്ങാനത്ത് രൂപവത്ക്കരിച്ച്, ചെറുപുഷ്പ മിഷന്‍ലീഗ് എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. ഈ പ്രസ്ഥാനത്തെ അന്നത്തെ വികാരിയായിരുന്ന പെരിയ ബഹു. കുരുവിള പ്ലാത്തോട്ടത്തിലച്ചനും വളരെയേറെ പ്രോത്സാഹിപ്പിച്ചു. കൂട്ട് അസി. വികാരിയായിരുന്ന ബഹു. ജേക്കബ്ബ് മണ്ണനാലച്ചന്‍ എല്ലാ കാര്യങ്ങളിലും വേണ്ട സഹായസഹകരണങ്ങള്‍ നല്‍കി. 1947 ഒക്‌ടോബര്‍ 3-ാം തീയതി ഭരണങ്ങാനത്ത് വി.കൊച്ചുത്രേസ്യായുടെ ചരമത്തിന്റെ സുവര്‍ണ്ണജൂബിലി ഇടവകാടിസ്ഥാനത്തില്‍ ആഘോഷിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ബഹു. മണ്ണനാല്‍ ചാക്കോച്ചന്റെ നേതൃത്വത്തില്‍  തുടങ്ങി. ആ സമ്മേളനം അല്‍ഫോന്‍സാ നഗറില്‍വച്ച് അന്ന് കോട്ടയം രൂപതയുടെ സഹായമെത്രാനായിരുന്ന മാര്‍ തോമസ് തറയില്‍ തിരുമേനിയുടെ അദ്ധ്യക്ഷതയില്‍ കൂടി. പ്രസംഗകര്‍ ശ്രീ. ജോര്‍ജ്ജ് തോമസ് കൊട്ടുകാപ്പള്ളി എം.പി.യും, മുനിസിപ്പല്‍ ചെയര്‍മാന്‍ ശ്രീ. ഇ.എം. കോവൂരും ആയിരുന്നു. പ്രസ്തുത സമ്മേളനത്തില്‍വച്ച് ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ഔപചാരികമായ ഉദ്ഘാടനം മാര്‍ തോമസ് തറയില്‍ നിര്‍വ്വഹിച്ചു. പിന്നീട് അറവക്കുളം, ഇടപ്പാടി, മേലമ്പാറ, കാഞ്ഞിരപ്പാറ, ചൂണ്ടച്ചേരി, എന്നീ സ്ഥലങ്ങളില്‍ മിഷന്‍ലീഗിന്റെ  ഓരോ ഗ്രൂപ്പുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. 1947-ല്‍ പൂവത്തോട് ഇടവകയില്‍ ശ്രീ. പി.ജെ. സെബാസ്റ്റ്യന്‍ പൈനിക്കുളത്തിന്റെ നേതൃത്വത്തില്‍ ‘യൂത്ത് മിഷന്‍ലീഗ്’ എന്ന പേരില്‍ സംഘടന പ്രവര്‍ത്തനമാരംഭിച്ചു. 1948-ല്‍ ബഹു. ചേന്നാട്ട് മത്തായി കത്തനാരുടെ നേതൃത്വത്തില്‍ അമ്പാറനിരപ്പേല്‍ ഇടവകയിലും ബഹു. പഴേപറമ്പില്‍ തോമ്മാച്ചന്റെ നേതൃത്വത്തില്‍ തിടനാട് ഇടവകയിലും മിഷന്‍ലീഗ് ശാഖകള്‍ ആരംഭിച്ചു. ചെറുപുഷ്പ മിഷന്‍ ലീഗിന്റെ രജതജൂബിലി വര്‍ഷമായ 1972 ആയപ്പോഴേക്കും ആ ചെറുസൂനം കേരളത്തില്‍ മാത്രമല്ല, പുറമെയുള്ള  രൂപതകളില്‍ക്കൂടി വ്യാപിച്ച് 1300-ല്‍പ്പരം ശാഖകളും മൂന്നര ലക്ഷത്തോളം അംഗങ്ങളുമുള്ള ഏഷ്യയിലെ ഏറ്റവും വലിയ അല്മായ പ്രേഷിതസംഘടനയായി വളര്‍ന്നുകഴിഞ്ഞു.

ലക്ഷ്യം

1. പ്രേഷിതപ്രവര്‍ത്തനം

വ്യക്തികളിലും കുടുംബങ്ങളിലും ഇടവകയിലും രൂപതയിലും ഭാരതമൊട്ടാകെയും ആഗോളവ്യാപകമായും ഉള്ള എല്ലാവിധ പ്രേഷിത പ്രവര്‍ത്തനങ്ങളെയും സഹായിക്കുക, ദൈവവിളികള്‍ പ്രോത്സാഹിപ്പിക്കുക (അനര്‍ഹമായതിനെ നിരുത്സാഹപ്പെടുത്തുകയും അര്‍ഹമായതിനെ പോഷിപ്പിക്കുകയും) ഇതിനായി പ്രാര്‍ത്ഥന, സംഭാവന, സന്മാതൃക, നേരിട്ടുള്ള സേവനം (ദൈവവിളി) എന്നീ മാര്‍ഗ്ഗങ്ങളിലൂടെ സഹായിക്കുകയും ചെയ്യുക.

2. വ്യക്തിത്വ വികസനം

ആദ്ധ്യാത്മികവും സാമൂഹികവും സാംസ്‌ക്കാരികവും മാനസികവുമായ മണ്ഡലങ്ങളില്‍ സമഗ്രവികാസം പ്രാപിക്കുന്നതിന് അംഗങ്ങളേയും മറ്റുള്ളവരേയും സഹായിക്കുന്നതിനുവേണ്ടി 1977-ല്‍ വ്യക്തിത്വ വികാസം എന്ന ലക്ഷ്യം കൂടി സംഘടന ഏറ്റെടുത്തു.
ആദര്‍ശവാക്യം

”ഭാരതമേ, നിന്റെ രക്ഷ നിന്റെ സന്താനങ്ങളില്‍” (ലെയോ 13-ാമൻ മാര്‍പാപ്പ)

ഇന്ത്യ, ബര്‍മ്മ,സിലോണ്‍ എന്നീ രാഷ്ട്രങ്ങള്‍ക്കു വേണ്ടി സിലോണില്‍ (ശ്രീലങ്ക) കാണ്ടി എന്ന സ്ഥലത്ത് മാര്‍പാപ്പായുടെ സ്വന്തമായിട്ടുള്ള ഒരു സെമിനാരി – പേപ്പല്‍ സെമിനാരി – അനുവദിക്കുകയും 1893-ല്‍ അതിന്റെ ഉദ്ഘാടനം നടക്കുകയും ചെയ്തു. ആ അവസരത്തില്‍ പതിമൂന്നാം ലെയോ മാര്‍പാപ്പ അയച്ച സന്ദേശത്തില്‍ ‘ഭാരതമേ, നിന്റെ രക്ഷ നിന്റെ സന്താനങ്ങളില്‍’ എന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു. 1947-ല്‍ ഭാരതം സ്വതന്ത്രയായി; വിദേശികള്‍ നാടുകടത്തപ്പെട്ടു. ഈ സാഹചര്യത്തില്‍ ഭാരതത്തെ ആദ്ധ്യാത്മികമായി നയിക്കേണ്ട ചുമതല ഭാരതമക്കളുടെ കര്‍ത്തവ്യമായി തീര്‍ന്നു. ഈ അവസരത്തിലാണ് ‘ഭാരതമേ, നിന്റെ രക്ഷ നിന്റെ സന്താനങ്ങളില്‍’ എന്ന പതിമൂന്നാം ലെയോ മാര്‍പാപ്പായുടെ പ്രവചനത്തിന്റെ പ്രസക്തി.

മുദ്രാവാക്യം

സ്‌നേഹം, ത്യാഗം, സേവനം, സഹനം – മിഷന്‍ലീഗിന്റെ മുദ്രാവാക്യമാണിത്. ഇതില്‍ സ്‌നേഹം, ത്യാഗം, സഹനം ഇവ മൂന്നും അല്‍ഫോന്‍സാമ്മയുടെ മുദ്രാവാക്യമാണ്. മിഷന്‍ലീഗ് ആരംഭിക്കുന്നതിന് പ്രചോദനം നല്കിയ അല്‍ ഫോന്‍സാമ്മയുടെ മുദ്രാവാക്യത്തോട് സേവനം കൂടിച്ചേര്‍ത്ത് മിഷന്‍ലീഗ് മുദ്രാവാക്യമായി സ്വീകരിച്ചു.

സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥര്‍

വി. ചെറുപുഷ്പത്തിന്റെ പേരിലറിയപ്പെടുന്ന ചെറുപുഷ്പ മിഷന്‍ലീഗിന്റെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥ വി. കൊച്ചുത്രേസ്യായാണ്. 1969-ല്‍ സംഘടനയുടെ ഉപമദ്ധ്യസ്ഥരായി വി. തോമ്മാശ്ലീഹായേയും വി. ഫ്രാന്‍സിസ് സേവ്യറേയും 1988-ല്‍ വി. അല്‍ഫോന്‍സാമ്മയേയും സ്വീകരിച്ചു. (ഭാരത മിഷന്‍ മദ്ധ്യസ്ഥയായി വി. അല്‍ഫോന്‍ സാമ്മയെ പ്രഖ്യാപിക്കുന്ന ദിവസം വേഗം സമാഗതമാകട്ടെ)

അംഗത്വം, ഘടന

ഏത് പ്രായത്തിലുള്ളവര്‍ക്കും കത്തോലിക്കരാണെങ്കില്‍ ദിവ്യകാരുണ്യം സ്വീകരിച്ചുകഴിഞ്ഞാല്‍ മിഷന്‍ലീഗിന്റെ അംഗങ്ങളായി ചേരുവാന്‍ അവകാശമുണ്ട്. ചേരുന്നതിനുള്ള താല്‍പര്യവും സന്മനസ്സും നിയമാനുഷ്ഠാനത്തിലുള്ള സന്നദ്ധതയും ഉണ്ടായാല്‍മതി. അംഗങ്ങളായി ചേരുന്നവര്‍ താഴെക്കൊടുത്തിരിക്കുന്ന പ്രാര്‍ത്ഥനകള്‍ പ്രതിദിനം ചൊല്ലേണ്ടതാണ്.

1. സ്വര്‍ഗ്ഗസ്ഥനായ പിതാവേ ….

1 നന്മ നിറഞ്ഞ മറിയമേ……
1 ത്രിത്വസ്തുതി ….
ഈശോയുടെ പരിശുദ്ധ ഹൃദയമേ, അങ്ങയുടെ  രാജ്യം വരേണമെ. മറിയത്തിന്റെ വിമല ഹൃദയമേ, ഭാരതത്തിനുവേണ്ടി പ്രാര്‍ത്ഥിക്കണമെ. വിശുദ്ധ തോമ്മാശ്ലീഹായേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമെ. വിശുദ്ധ ഫ്രാന്‍സീസ് സേവ്യറേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമെ. വിശുദ്ധ കൊച്ചുത്രേസ്യായേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമെ, വി. അല്‍ഫോന്‍സാമ്മേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമെ.

ഏഴു പേര്‍ ചേര്‍ന്ന ഗ്രൂപ്പാണ് മിഷന്‍ലീഗിന്റെ അടിസ്ഥാനഘടകം. ഓരോ ഗ്രൂപ്പിനും ഓരോ ലീഡറുണ്ടായിരിക്കും. ലീഡറിന്റെ നേതൃത്വത്തില്‍ ആഴ്ചയില്‍ ഒരു നിശ്ചിത ദിവസം ഒരുമിച്ചു കൂടുകയും ഒരു സ്വര്‍ഗ്ഗ, ഒരു നന്മ, ഒരു ത്രിത്വ സ്തുതി, ബോധജ്ഞാനത്തിന്റെ സിംഹാസനമേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ എന്ന പ്രാര്‍ത്ഥനയും ചൊല്ലുക. നിര്‍ദ്ദേശങ്ങളോ അറിയിപ്പുകളോ ഉണ്ടെങ്കില്‍ ലീഡര്‍ നല്‍കുക. നിര്‍ദ്ദേശിച്ചിരിക്കുന്ന സുകൃതങ്ങളുടെ കണക്ക് മാനുവല്‍ ബുക്കില്‍ രേഖപ്പെടുത്തുക. തങ്ങള്‍ക്ക് ഏല്‍പ്പിക്കപ്പെട്ടിരിക്കുന്ന മിഷന്‍ഗ്രാമത്തിനു വേണ്ടി പ്രാര്‍ത്ഥനകള്‍ സമര്‍പ്പിക്കുക. സംഭാവനകള്‍ ലീഡറെ ഏല്‍പ്പിക്കുക. തുടര്‍ന്ന് മാനുവല്‍ ബുക്കില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ഉപസംഹാര പ്രാര്‍ത്ഥന ചൊല്ലുക. മാസം തോറും സുകൃതങ്ങളുടെ കണക്ക്, ഏറ്റെടുത്തിരിക്കുന്ന മിഷന്‍ഗ്രാമത്തിലേക്ക് അയച്ചുകൊടുക്കേണ്ടതാണ്.

മിഷന്‍ലീഗില്‍ അംഗമായി പേരെഴുതിയ ഒരാളെ മൂന്നു മാസത്തെ പ്രവര്‍ത്തനത്തിനു ശേഷം (മാനുവല്‍ ബുക്ക് പൂരിപ്പിക്കല്‍, സുകൃതാനുഷ്ഠാനം, നിയമാനുഷ്ഠാനം, ജീവിതമാതൃക തുടങ്ങിയവ) തൃപ്തികരമെന്നു തോന്നിയാല്‍ മാത്രമേ ബാഡ്ജും സര്‍ട്ടിഫിക്കറ്റും നല്‍കി അംഗത്വം സ്ഥിരീകരിക്കുകയുള്ളു. അംഗത്വം സ്ഥിരീകരിച്ചവര്‍ക്കു മാത്രമേ ബാഡ്ജ് ധരിക്കുവാന്‍ അവകാശമുള്ളു. അംഗത്വ സ്ഥിരീകരണം നടത്തിയ ഓരോ അംഗവും മാസത്തിലൊരിക്കലെങ്കിലും ദിവ്യകാരുണ്യ സ്വീകരണം നടത്തുകയും പ്രത്യേക ദിവസങ്ങളിലും വാര്‍ഷികങ്ങളിലും പൊതുദിവ്യകാരുണ്യ സ്വീകരണാവസരങ്ങളിലും ബാഡ്ജ് ധരിക്കേണ്ടതുമാണ്. അംഗങ്ങള്‍ ചരമം പ്രാപിച്ചാല്‍ ഉത്തരവാദിത്വപ്പെട്ട മിഷന്‍ലീഗ് അംഗങ്ങള്‍ പരേതനെ ബാഡ്ജ് ധരിപ്പിക്കുകയും കൈകളില്‍ കുരിശിനോടൊപ്പം  സര്‍ട്ടിഫിക്കറ്റും പിടിപ്പിക്കുകയും ചെയ്യേണ്ടതാണ്. അതുകൊണ്ട് അവരവരുടെ സര്‍ട്ടിഫിക്കറ്റും ബാഡ്ജും പ്രത്യേകം സൂക്ഷിച്ചു വയ്‌ക്കേണ്ടതാണ്.

ഏഴ് അംഗങ്ങളുടെ ഗ്രൂപ്പുകള്‍ ചേര്‍ന്ന് ശാഖയും ശാഖകള്‍ ചേര്‍ന്ന് മേഖലയും മേഖലകള്‍ ചേര്‍ന്ന് രൂപതയും രൂപതകള്‍ ചേര്‍ന്ന് സംസ്ഥാനവും  സംസ്ഥാനങ്ങള്‍ ചേര്‍ന്ന് ദേശീയതലവും ദേശീയതലങ്ങള്‍ ചേര്‍ന്ന് അന്തര്‍ദ്ദേശീയതലവും രൂപവത്ക്കരിച്ചിരിക്കുന്നു.

പ്രവര്‍ത്തനങ്ങള്‍ – ചരിത്രം

അന്ന് ഓരോ വീട്ടിലും പ്രത്യേകം നിയോഗിക്കപ്പെട്ട മിഷന്‍ കോഴി ഉണ്ടായിരുന്നു. ഏറ്റവും വിശ്വസ്തമായി അതിന്റെ മുട്ടകള്‍ അല്ലെങ്കില്‍ വില തരുന്നതില്‍ അവര്‍ ശ്രദ്ധിച്ചിരുന്നു. അതിനു പുറമെ മിഷനു വേണ്ടി കാര്‍ഷിക വിഭവങ്ങള്‍ അതാതു വാര്‍ഡുകളില്‍ ശേഖരിച്ച് ലേലം ചെയ്ത് മിഷനെ സാമ്പത്തികമായി സഹായിക്കുന്നതില്‍ തല്‍പ്പരരായിരുന്നു. ഉച്ചയ്ക്ക് ഊണു കഴിക്കാന്‍ നിവൃത്തിയില്ലാത്ത കുട്ടികള്‍ക്ക് പൊതിച്ചോറു കൊണ്ടുപോയി കൊടുത്ത് സൗഹാര്‍ദ്ദത്തില്‍ വര്‍ത്തിക്കാന്‍  പ്രത്യേകം താല്‍പര്യമുണ്ടായിരുന്നു. ഭാരതം എന്റെ നാട്, ഭാരതീയരെല്ലാവരും  സഹോദരീസഹോദരങ്ങള്‍ എന്ന് അസംബ്ലിയില്‍ വിളിച്ചു പറയുക മാത്രമല്ല അതു പ്രാവര്‍ത്തികമാക്കുവാന്‍ ഉത്സാഹിക്കുകയും ചെയ്തിരുന്നു.

മിഷന്‍ പ്രവര്‍ത്തനം, മിഷനറിമാരുടെ ചരിത്രം, മിഷന്‍ രംഗങ്ങള്‍, മിഷന്‍ പ്രസിദ്ധീകരണങ്ങള്‍, വിശുദ്ധരുടെ ജീവചരിത്രങ്ങള്‍ എന്നിവയടങ്ങിയ ഒരു ലൈബ്രറി മേഖലാടിസ്ഥാനത്തിലും ശാഖാടിസ്ഥാനത്തിലും ഉണ്ടായിരിക്കുന്നത് ഏറെ പ്രയോജനകരമാണ്. ഇടവകയെ സൗകര്യാര്‍ത്ഥം ചെറിയ വാര്‍ഡുകളായി തിരിച്ച് ഓരോ വാര്‍ഡിലെയും വീടുകളില്‍ മാസത്തിലൊരിക്കലെങ്കിലും സന്ദര്‍ശനം നടത്തുകയും മിഷന്‍ലീഗ് പ്രവര്‍ത്തനങ്ങളും ഏറ്റെടുത്തിരിക്കുന്ന മിഷന്‍ഗ്രാമം സംബന്ധിച്ച വിവരങ്ങളും നല്കുന്നതിനോടൊപ്പം ആവശ്യമെങ്കില്‍ അവര്‍ക്കു വേണ്ട സേവനങ്ങള്‍ ചെയ്തുകൊടുത്തും നല്ല പുസ്തകങ്ങള്‍ വായിക്കാന്‍ നല്‍കിയും സമര്‍പ്പിതജീവിതത്തിലേക്കുള്ള ദൈവവിളികള്‍ പ്രോത്സാഹിപ്പിച്ചും ഓരോ വീട്ടിലും ഓരോ മിഷന്‍ ടിന്നുകള്‍ സ്ഥാപിച്ചും സാമ്പത്തികമായും പ്രാര്‍ത്ഥനാപരമായും മിഷനെ സഹായിക്കുന്നതിനുള്ള പരിപാടികള്‍ തയ്യാറാക്കുകയും ചെയ്യുക. രോഗികളേയും വൃദ്ധജനങ്ങളേയും പ്രത്യേകം സന്ദര്‍ശിച്ചും ആശ്വസിപ്പിച്ചും അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ചും അവരുടെ ആവശ്യങ്ങള്‍ അറിഞ്ഞ് കഴിവുള്ള സഹായങ്ങള്‍ ചെയ്യേണ്ടതാണ്. ലഹരി വസ്തുക്കളുടെ ദോഷത്തെക്കുറിച്ചും ജീവന്റെ വിലയെക്കുറിച്ചും യുവജനങ്ങളെ ബോധവാന്മാരാക്കുകയും സാമൂഹിക തിന്മകള്‍ക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ അവരെ പങ്കാളികളാക്കുകും അതിനുപയുക്തമായ പ്രസിദ്ധീകരണങ്ങള്‍, പോസ്റ്ററുകള്‍, ലഘുലേഖകള്‍ തുടങ്ങിയവ പ്രചരിപ്പിക്കുകയും ചെയ്യുക. എല്ലാ കുട്ടികളും വിശ്വാസപരിശീലന ക്ലാസ്സില്‍ ഓരോ തീപ്പെട്ടി അരി കൊണ്ടുവരികയും അത് ക്ലാസ്സടിസ്ഥാനത്തില്‍ ശേഖരിച്ച് അര്‍ഹതപ്പെട്ടവര്‍ക്കു നല്‍കുകയും ചെയ്യുന്നത് പതിവാക്കുക. പെരുന്നാള്‍ വേളകളിലും പ്രത്യേക പരിപാടികള്‍ സംഘടിപ്പിച്ച് മിഷന്‍ ചൈതന്യം പ്രചരിപ്പിക്കുന്നതിനും സംഭാവനകള്‍ ശേഖരിക്കുന്നതിനും ശ്രമിക്കുക.

‘പ്രേഷിതര്‍’ മിഷന്‍ലീഗിന്റെ പ്രഥമ പ്രസിദ്ധീകരണം.

കുട്ടികളുമായി ബന്ധപ്പെടുന്നതിനും മിഷന്‍ലീഗിന്റെ പ്രചരണത്തിനും സംഘടനയ്ക്ക് സ്വന്തമായൊരു പ്രസിദ്ധീകരണം ഉണ്ടായിരിക്കുന്നത് കൂടുതല്‍ നന്നായിരിക്കുമെന്ന ബോദ്ധ്യത്തില്‍ ‘പ്രേഷിതര്‍’ എന്ന ത്രൈമാസിക 1951-ല്‍ ആരംഭിച്ചു. അതിന്റെ ആദ്യലക്കത്തിന്റെ ചെലവ് മോണ്‍ കുര്യന്‍ വഞ്ചിപ്പുര ആണ് നല്കിയത്. നല്ല ഒരു പ്രതികരണമായിരുന്നു അതിനു ലഭിച്ചത്. അതുകൊണ്ട് ദ്വൈമാസികയായി പ്രസിദ്ധീകരിച്ചു തുടങ്ങി.

കാലക്രമേണ സാമ്പത്തികഭാരം താങ്ങാനാവാതെ ‘പ്രേഷിതര്‍’ ആലുവായില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന പ്രേഷിതകേരളവുമായി യോജിപ്പിക്കുകയും ‘പ്രേഷിതര്‍’ മിഷന്‍ ബുള്ളററിന്‍ ആയി തുടരുകയും ചെയ്തു. പിന്നീട് സ്വന്തമായൊരു പ്രസിദ്ധീകരണം ഉണ്ടെങ്കിലുള്ള പ്രയോജനം കണക്കിലെടുത്ത് 1961 ഒക്‌ടോബര്‍ മുതല്‍ ‘കുഞ്ഞുമിഷനറി’ എന്ന പ്രസിദ്ധീകരണം ആരംഭിച്ചു.

വൊക്കേഷന്‍ ബ്യൂറോ

മിഷന്‍ലീഗില്‍ നിന്നു കുട്ടികള്‍ക്കുവേണ്ടി എഴുത്തുകുത്തുകള്‍ നടത്തിയും സെമിനാറുകളും ക്യാമ്പുകളും ദൈവവിളി പ്രദര്‍ശനങ്ങളും സംഘടിപ്പിച്ചും ഓരോരുത്തര്‍ക്കും യോജിച്ച പ്രവര്‍ത്തനരംഗങ്ങള്‍ തെരഞ്ഞെടുക്കുന്നതിന് ആരംഭകാലത്ത് ശ്രമിച്ചിരുന്നു. അതിന്റെ ഫലമായി മിഷന്‍ രംഗങ്ങളിലേക്ക് ഒരു പ്രവാഹം തന്നെ ഉണ്ടായി. അങ്ങനെ 1968-ല്‍ മിഷന്‍ലീഗ് ആരംഭിച്ച ദൈവവിളി പ്രോ ത്സാഹനം (വൊക്കേഷന്‍ ബ്യൂറോ) ആണ് കേരളത്തിലെ ആദ്യത്തെ വൊക്കേഷന്‍ ബ്യൂറോ. ക്രമേണ കേരളത്തിനു പൊതുവായി കേരളാ വൊക്കേഷന്‍ സര്‍വ്വീസ് സെന്ററായി ഇതു മാറി. ഇതിന്റെ കേന്ദ്രം ഭരണങ്ങാനം മിഷന്‍ലീഗ് മാതൃഭവനില്‍ പ്രവര്‍ത്തിച്ചുവരുന്നു.

മിഷന്‍ലീഗ് മാതൃഭവന്‍

മിഷന്‍ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനും ദൈവവിളികള്‍ വര്‍ദ്ധിപ്പിക്കുന്നതിനും മറ്റുമായി  ലഘുലേഖകള്‍, കുഞ്ഞുമിഷനറി, വിവിധ മിഷന്‍രംഗങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍, വിവിധ ജീവിതാന്തസ്സുകളെക്കുറിച്ചുള്ള വിവരങ്ങള്‍, ആശംസാ കാര്‍ഡുകള്‍, തുടങ്ങിയവ പ്രസിദ്ധീകരിക്കുന്നതിനായി ഒരു പ്രസ്സ് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണെന്ന ബോധ്യത്തില്‍ അതിനു വേണ്ടിയുളള അഭ്യര്‍ത്ഥനയുമായി ഇടവകകള്‍ തോറും, വീടുകള്‍ തോറും കയറിയിറങ്ങി സംഭാവനകള്‍ ശേഖരിച്ചു. മിക്ക ലഘുലേഖകളും സൗജന്യമായി വിതരണം ചെയ്യുന്നതിനുവേണ്ടിയുള്ളതാ യിരുന്നു. പ്രസ്സുണ്ടെങ്കില്‍ സാമ്പത്തികഭാരം ലഘൂകരിക്കുവാന്‍ സാധിക്കും എന്നുള്ള ബോധ്യം ഉണ്ടായിരുന്നു. ദൈവാനുഗ്രഹത്താല്‍ ആ പരിശ്രമം ഒരു പരിധിവരെ വിജയിച്ചു. ഭരണങ്ങാനം സെന്റ് മേരീസ് പള്ളിയില്‍നിന്ന് വാടകകൂടാതെ മിഷന്‍ലീഗ് ഓഫീസും പ്രസ്സും സ്ഥാപിക്കുന്നതിനുള്ള സൗകര്യങ്ങള്‍ നല്‍കി. തുടര്‍ന്ന് വൊക്കേഷന്‍ ബ്യൂറോയുടെ പ്രവര്‍ത്തനത്തിനും മററുമായി പള്ളിവക കെട്ടിടവും വിട്ടുതന്നു.

മിഷന്‍ലീഗിന്റെ സില്‍വര്‍ ജൂബിലി സ്മാരകമായി മിഷന്‍ലീഗിന്റെ മാതൃഭവന്‍ പണിയുന്നതിന് ആഗ്രഹിക്കുകയും, അതിനായി അന്നത്തെ വികാരിയായിരുന്ന പെരിയ ബഹു. സിറിയക്ക് മുതുകാട്ടിലച്ചന്റെയും ഇടവകയോഗത്തിന്റെയും ഔദാര്യവും സഹകരണവും പ്രോത്സാഹനവും ഈ സംഘടനയുടെയും അതിനോടനുബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങളുടെയും വളര്‍ച്ച യ്ക്ക് വളരെ സഹായകമാവുകയും ചെയ്തു. പള്ളിയില്‍നിന്നു ഭരണങ്ങാനത്തിന്റെ ഹൃദയഭാഗത്ത് 20 സെന്റ് സ്ഥലവും, കൂടാതെ പതിനായിരം രൂപയും സൗജന്യമായി നല്‍കി. ഒരു വ്യവസ്ഥ മാത്രമേ ഉണ്ടായിരുന്നുള്ളു, പള്ളിവക കെട്ടിടങ്ങളില്‍ സൗജന്യമായി നടത്തുന്ന മിഷന്‍ലീഗിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും മാതൃഭവന്റെ പണി പൂര്‍ത്തിയാകുന്നതനുസരിച്ച് അങ്ങോട്ട് മാറ്റണമെന്നു മാത്രം. ഇതിന് അന്നത്തെ രൂപതാദ്ധ്യക്ഷനായിരുന്ന മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ തിരുമനസ്സിലേക്ക്  അപേക്ഷിക്കുകയും പിതാവ് അനുവദിച്ചുതരികയും ചെയ്തു. ”ഭരണങ്ങാനം ഫൊറോനാ പള്ളിയില്‍നിന്നു സൗജന്യമായി നല്‍കിയിരിക്കുന്ന 20 സെന്റ് സ്ഥലത്ത് മിഷന്‍ലീഗിന്റെ മാതൃഭവന്‍ പണിയുന്നതിന് അനുവദിച്ചിരിക്കുന്നു. പള്ളിവക മറ്റു കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മിഷന്‍ലീഗ് പ്രസ്സ്, ഓഫീസുകള്‍, വൊക്കേഷന്‍ ബ്യൂറോ, ഫിലിം സെന്റര്‍ തുടങ്ങിയവ പണി പൂര്‍ത്തിയായി വരുന്നതനുസരിച്ച് മാതൃഭവനിലേക്ക് മാറ്റേണ്ടതാണ്. ഏതെങ്കിലും കാരണത്താല്‍ മിഷന്‍ലീഗ് പ്രസ്ഥാനം നിന്നുപോയാല്‍ ആനക്കല്ല് ഫൊറോനാപ്പളളിക്കാര്യത്തോട്  ആലോചിച്ച്, ഉചിതമായ മററു കാര്യങ്ങള്‍ക്ക് മാതൃഭവന്‍ വിനിയോഗിക്കേണ്ടതാണ്.”

 

അനുവാദം ലഭിച്ചതിനോടുകൂടി മാതൃഭവനുള്ള ഫണ്ട് ശേഖരിക്കാന്‍, ബഹു. അബ്രാഹം ഈറ്റയ്ക്കക്കുന്നേലച്ചന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. പാലാ രൂപതയില്‍ പണിതുയര്‍ത്തിയ മാതൃഭവന് മിഷന്‍ലീഗ് ശാഖകളുടെയും മറ്റു രൂപതകളുടെയും സന്ന്യാസസഭകളുടെയും പൗരസ്ത്യ-പാശ്ചാത്യ കോണ്‍ഗ്രിഗേഷനുകളുടെയും സഹൃദയരുടെയും സാമ്പത്തിക സഹായം ലഭ്യമായി. അങ്ങനെ സില്‍വര്‍ ജൂബിലി സ്മാരകമായി ആരംഭിച്ച മാതൃഭവന്റെ ശിലാസ്ഥാപനം 1971 ഒക്‌ടോബര്‍ 3-ന് അഭിവന്ദ്യ തറയില്‍ പിതാവിന്റെ സാന്നിദ്ധ്യത്തില്‍ പാലാ രൂപതാ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ നിര്‍വ്വഹിച്ചു.

കെ.സി.ബി.സി.യും സി.ബി.സി.ഐ..യും അംഗീകരിക്കുന്നു.

1977 ഏപ്രില്‍ 6- ന് മിഷന്‍ലീഗിന്റെ 30-ാം വയസ്സില്‍ കേരളാ കാത്തലിക്ക് ബിഷപ്‌സ് കൗണ്‍സിലിന്റെ (കെ.സി.ബി.സി.) അംഗീകാരം സംഘടനയ്ക്ക് ലഭിച്ചു. 1981-ല്‍ കാത്തലിക്ക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ.) മിഷന്‍ലീഗിനെ ദേശീയ സംഘടനയായി അംഗീകരിച്ചു. വീണ്ടും കെ.സി.ബി.സി. 1990 നവംബറില്‍ സംഘടനയെ സഭാ വ്യാപനം, ദൈവവിളി, (ചര്‍ച്ച് എക്സ്റ്റന്‍ഷന്‍ & വൊക്കേഷന്‍) എന്നിവയ്ക്കുള്ള കമ്മീഷനില്‍ ഉള്‍പ്പെടുത്തി.

നിയമാവലി

1947-ല്‍ ചെറുപുഷ്പ മിഷന്‍ലീഗ് ആരംഭിക്കുവാന്‍ ആദ്യമായി അനുമതി നല്‍കിയത് ചങ്ങനാശേരി രൂപതാദ്ധ്യക്ഷന്‍ റൈറ്റ്. റവ. ഡോ.ജെയിംസ് കാളാശ്ശേരി തിരുമേനിയായിരുന്നു. 1949-ല്‍ അദ്ദേഹം ദിവംഗതനായി. തുടര്‍ന്ന് 1950 ജൂണ്‍ 13-ന് ആദ്യമായി എഴുതിയുണ്ടാക്കിയ മിഷന്‍ലീഗ് നിബന്ധനകള്‍ക്ക് ചങ്ങനാശ്ശേരി രൂപതാ വികാര്‍ ക്യാപ്പിറ്റുലര്‍ മോണ്‍. ജേക്കബ്ബ് കല്ലറയ്ക്കല്‍ അംഗീകാരം നല്‍കി. പ്രവര്‍ത്തനങ്ങള്‍ വിപുലമായതോടുകൂടി നിലവിലുള്ള നിയമാവലി പരിഷ്‌ക്കരിക്കേണ്ടത് ആവശ്യമായി വന്നു. പരിഷ്‌ക്കരിച്ച നിയമാവലി 1956 ഒക്‌ടോബര്‍ 3-ന് പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ തിരുമേനിയുടെ അംഗീകാരത്തോടെ  ചെറുപുഷ്പ മിഷന്‍ലീഗിന്റെ നിബന്ധനകള്‍ എന്നപേരില്‍ നടപ്പിലാക്കി. ഇതില്‍ അംഗങ്ങള്‍, ശാഖ, രൂപത എന്നിവയെക്കുറിച്ച് വിവരിച്ചിരുന്നു.

1962-ല്‍ വീണ്ടും അഖിലകേരള ചെറുപുഷ്പ മിഷന്‍ലീഗിന്റെ നിബന്ധനകള്‍ എന്ന പേരില്‍ നിയമാവലി പരിഷ്‌ക്കരിച്ച് കേരളത്തിലെ മിക്കവാറും എല്ലാ രൂപതാദ്ധ്യക്ഷന്മാരുടെയും അംഗീകാരത്തോടെ നടപ്പിലാക്കി. ഇതില്‍ അംഗങ്ങള്‍, ഗ്രൂപ്പ്, ശാഖ, രൂപത എന്നീ ഘടകങ്ങളെ കുറിച്ച് കൂടുതല്‍ വിശദമായി വിവരിക്കുന്നതോടൊപ്പം മേഖലാ ഘടകങ്ങളെക്കുറിച്ചും വിവരിക്കുന്നു. കേരളത്തിലെ എല്ലാ രൂപതകളിലേക്കും സംഘടന വ്യാപിച്ചതോടെ നിയമാവലി വീണ്ടും പരിഷ്‌ക്കരിക്കണം എന്ന ആവശ്യവും ഉയര്‍ന്നുവന്നു. 1961 ഒക്‌ടോബറില്‍ കൂടിയ കേന്ദ്രകമ്മിറ്റി നിയമാവലി പരിഷ്‌ക്കരണത്തിനായി അഞ്ചംഗ കമ്മിറ്റിയെ തെരഞ്ഞെടുക്കുകയും പ്രസ്തുത കമ്മിറ്റി തയ്യാറാക്കിയ നിയമാവലിയുടെ കരടുരൂപം എല്ലാ രൂപതാക്കമ്മിറ്റികള്‍ക്കും നല്‍കുകയും അവരുടെ പഠനത്തിനു ശേഷം അവസാനരൂപം നല്‍കി കേരളത്തിലെ എല്ലാ രൂപതാദ്ധ്യക്ഷന്മാര്‍ക്കും നല്കുകയും അവരുടെ അംഗീകാരത്തോടെ 1969 ജനുവരി 1-ാം തീയതി പ്രാബല്യത്തില്‍ വരികയും ചെയ്തു. അംഗത്വം, ശാഖ, മേഖലാ-രൂപതാ തലങ്ങളോടൊപ്പം സംസ്ഥാനഘടകത്തെക്കുറിച്ചുകൂടി വിവരിക്കുന്നു.
ഈ പരിഷ്‌ക്കരണം മുതലാണ് മിഷന്‍ലീഗിന്റെ ഉപമദ്ധ്യസ്ഥരായി വി. തോമ്മാശ്ലീഹായേയും വി. ഫ്രാന്‍സീസ് സേവ്യറേയും സ്വീകരിച്ചത്. സംഘടനാ പ്രവര്‍ത്തനം കേരളത്തിന്റെ അതിരുകള്‍കടന്ന് ഭാരതത്തിന്റെ ഇതരഭാഗങ്ങളിലേക്ക് വ്യാപിച്ചതോടുകൂടി നിയമാവലിക്ക് വീണ്ടും പരിഷ്‌ക്കരണമാവശ്യമായി വന്നു.
1975-ല്‍ എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജില്‍ ചേര്‍ന്ന കേന്ദ്ര മാനേജിംഗ് കമ്മിറ്റി നിലവിലുള്ള നിയമാവലിക്ക് പൂര്‍ണ്ണവും സമഗ്രവുമായ പരിഷ്‌ക്കാരം വരുത്തുവാന്‍ നിശ്ചയിക്കുകയും അതിനുവേണ്ടി ഒരു നിയമാവലി പരിഷ്‌ക്കരണകമ്മിറ്റിയെ തെരഞ്ഞെടുക്കുകയും ചെയ്തു. പ്രസ്തുത കമ്മിറ്റി കരടുരൂപം തയ്യാറാക്കി കേന്ദ്രസമിതിക്ക് നല്കുകയും, കേന്ദ്രസമിതി അവസാനരൂപം നല്കിയ നിയമാവലി അംഗീകാരത്തിനായി കെ.സി.ബി.സി.ക്ക് സമര്‍പ്പിക്കുകയും ചെയ്തു. കെ.സി.ബി.സി. സമഗ്രപഠനത്തിനു ശേഷം 1977 ഏപ്രില്‍ 6-ന് നിയമാവലിക്ക് അംഗീകാരം നല്‍കി, ജൂണ്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരികയും ചെയ്തു. ദേശീയതലങ്ങളെക്കുറിച്ചു കൂടി വിവരിക്കുന്ന ഈ പരിഷ്‌ക്കരണത്തിലാണ്  വ്യക്തിത്വവികാസം ലക്ഷ്യമായി സ്വീകരിച്ചത്. ഈ പരിഷ്‌ക്കരണം മുതലാണ് നിയമാവലി എന്നപേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. ഈ നിയമാവലിക്ക് ഏതാനും ചില ഭേദഗതികൂടി വരുത്തി 1980 ആഗസ്റ്റ് 2-ന് വീണ്ടും പരിഷ്‌ക്കരിച്ച് പ്രാബല്ല്യത്തില്‍ വരുത്തി. ചെറുപുഷ്പ മിഷന്‍ലീഗിന് ഒരു ദേശീയസംഘടനയായി അംഗീകാരം കിട്ടിക്കഴിഞ്ഞപ്പോള്‍  നിയമാവലി വീണ്ടും പുതുക്കേണ്ടതായി വന്നു. 1985-86 ല്‍ കേന്ദ്രസമിതി നിയോഗിച്ച നിയമാവലി പരിഷ്‌ക്കരണകമ്മിറ്റി സി.ബി.സി.ഐ സ്റ്റാന്റിംഗ് കമ്മിറ്റിയില്‍നിന്നും കിട്ടിയ നിര്‍ദ്ദേശങ്ങളുടെ വെളിച്ചത്തില്‍ തയ്യാറാക്കിയ പരിഷ്‌ക്കരിച്ച നിയമാവലി കേന്ദ്രസമിതിയുടെ അംഗീകാരത്തോടെ 1986 ജനുവരി 1 മുതല്‍ നിലവില്‍വന്നു. ഈ പരിഷ്‌ക്കരണത്തിലാണ് വാഴ്ത്തപ്പെട്ട അല്‍ഫോന്‍ സാമ്മയെ സ്വര്‍ഗ്ഗീയ ഉപമദ്ധ്യസ്ഥയായി സ്വീകരിച്ചത്. പ്രവര്‍ത്തന മണ്ഡലങ്ങളില്‍വന്ന കാലോചിതമാറ്റങ്ങളുടെ അടിസ്ഥാനത്തില്‍, വിവിധ രൂപതാ കേന്ദ്രങ്ങളില്‍നിന്നും ലഭിച്ച നിര്‍ദ്ദേശങ്ങള്‍ കൂടി സ്വീകരിച്ചുകൊണ്ട് 1991 ഒക്‌ടോബര്‍ 1-ാം തീയതി മുതല്‍ പുതിയ നിയമാവലി  പുറത്തിറക്കി. ഏതാനും ചില ഭേദഗതികളോടെ 2004 ജൂണ്‍ 1-ാം തീയതി വീണ്ടും നിയമാവലി പരിഷ്കരിച്ച് പുറത്തിറക്കി. (ചെറുപുഷ്പ മിഷൻലീഗ് സീറോ മലബാർ സഭയിൽ ഉത്ഭവിച്ച ഒരു അത്മായ പ്രേഷിത സംഘടനാ ആയതിനാലും, കേരളത്തിന് പുറത്ത് ഇതര സഭകളിലെ രൂപതകളിൽ സംഘടനാ ഇല്ലാത്തതിനാലും സംഘടനയുടെ രക്ഷാകർതൃത്വം സീറോ മലബാർ സഭയുടെ സിനഡ് ഏറ്റെടുക്കുന്നതാവും ഉചിതമെന്ന് CBCI അഭിപ്രായപ്പെട്ടതിനാൽ 2016 മുതൽ സംഘടനയുടെ ചുമതല സീറോമലബാർ സഭയുടെ സിനഡ് ഏറ്റെടുത്ത് അതിന്റെ മേൽനോട്ടം വൊക്കേഷൻ കമ്മീഷനെ ഏൽപ്പിച്ചു. അതിനെ തുടർന്ന് 2019 ജനുവരിയിലെ സിനഡ് അംഗീകരിച്ച, പരിഷ്കരിച്ച നിയമാവലിയാണ് ഇപ്പോൾ പ്രാബല്യത്തിൽ ഉള്ളത്).  
 

പതാക, ബാഡ്ജ്, എംബ്ലം, ആന്തം, പ്രാര്‍ത്ഥന

1952 മെയ് 15 മുതല്‍ 18 വരെ കുറവിലങ്ങാട്ട് വച്ചു നടന്ന അഞ്ചാം വാര്‍ഷിക സമ്മേളനമാണ് ചെറുപുഷ്പ മിഷന്‍ലീഗിന്റെ പതാക അംഗീകരിച്ചത്. മെയ് 15-ാം തീയതി സമ്മേളന നഗറില്‍ റൈറ്റ്. റവ. ഡോ. ബനവഞ്ചര്‍ ഒ.സി.ഡി യാണ് ആദ്യമായി ചെമ്മഞ്ഞക്കൊടി ഉയര്‍ത്തിയത്. 1960 ഏപ്രില്‍ 24,25 തീയതികളില്‍ പാലായില്‍വച്ച് നടത്തിയ 13-ാം വാര്‍ഷിക സമ്മേളനം സംഘടനയുടെ ഔദ്യോഗിക ബാഡ്ജിന് അംഗീകാരം നല്‍കി. 1981-ല്‍ മിഷന്‍ലീഗ് എംബ്ലം പുറത്തിറക്കി. 1982 ഒക്‌ടോബര്‍ 9, 10 തീയതികളിലായി മൂവാററുപുഴ നിര്‍മ്മലാ ഹൈസ്‌കൂളില്‍ നടന്ന 35-ാം വാര്‍ഷിക സമ്മേളനത്തിനാണ് മിഷന്‍ ആന്തം ആദ്യമായി ആലപിക്കപ്പെട്ടത്. 1983 ജൂലൈ 3-ന് കോയമ്പത്തൂരില്‍ചേര്‍ന്ന പ്രഥമ നാഷണല്‍ സമ്മേളനത്തില്‍വച്ചാണ് മിഷന്‍ലീഗിന്റെ ഔദ്യോഗിക പ്രാര്‍ത്ഥന ആദ്യമായി ചൊല്ലിയത്.

വിദേശങ്ങളില്‍

1967 മാര്‍ച്ചില്‍ സംസ്ഥാന വൈസ് ഡയറക്ടര്‍ റവ. ഫാ. അബ്രാഹം ഈറ്റയ്ക്കക്കുന്നേല്‍ റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍ മിഷന്‍ലീഗിനെപ്പറ്റി ഒരു പ്രബന്ധം അവതരിപ്പിക്കുകയും  കളര്‍ സ്ലൈഡുകളുടെ സഹായത്തോടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. കൂടാതെ, ഇംഗ്ലണ്ട്, അയര്‍ലന്റ്, ഇറ്റലി, സ്‌പെയിന്‍, ഡെന്‍മാര്‍ക്ക്, ജര്‍മനി എന്നീ രാജ്യങ്ങളിലും സ്ലൈഡുകളുടെ സഹായത്തോടെ വിശദീകരണം നല്‍കി. ഇറ്റാലിയന്‍, ഫ്രഞ്ച്, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളില്‍ മിഷന്‍ലീഗിനെപ്പററിയുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. 1970 ഒക്‌ടോബറില്‍ സംസ്ഥാന ഡയറക്ടര്‍ റവ. ഫാ. ജോസഫ് മാലിപ്പറമ്പില്‍ വത്തിക്കാന്‍ റേഡിയോയിലൂടെ മിഷന്‍ലീഗിനെക്കുറിച്ച് പ്രസംഗിക്കുകയും 136 വിദേശഭാഷകളിലേക്ക് അത് തര്‍ജ്ജമ ചെയ്ത് പ്രക്ഷേപണം ചെയ്യുകയും ചെയ്തു. 1968 ആഗസ്റ്റ് 25-ാം തീയതി യിലെ ന്യൂലീഡര്‍ പത്രം ഏഷ്യയിലെ ഏറ്റവും വലിയ അല്‍മായ പ്രേഷിത സംഘടനയാണ് ചെറുപുഷ്പ മിഷന്‍ലീഗ് എന്നെഴുതി. മിഷന്‍ലീഗ് ഭാരതത്തിനപ്പുറം, ഫിജി ദ്വീപ്, കുവൈറ്റ്, യു.എസ്.എ. എന്നീ സ്ഥലങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്.

ദൈവവിളി

കേരളത്തില്‍നിന്നുള്ള ആദ്യമിഷനറിമാരില്‍ (18-ാം നൂറ്റാണ്ട്) ശ്രദ്ധേയനായ ഒരു മിഷനറി ഭരണങ്ങാനം ഇടവകക്കാരനായ ഫാ. കുരുവിള എസ്.ജെ. ആണ്. അദ്ദേഹം 1888 ഒക്‌ടോബര്‍ 8-ന് ജനിച്ചു. മാതാപിതാക്കളുടെ അനുവാദത്തിനു കാത്തുനില്ക്കാതെ കോളേജ് വിദ്യാര്‍ത്ഥിയായ അദ്ദേഹം രാത്രിയില്‍ ഒളിച്ചോടി മധുര മിഷനില്‍ (ഈശോ സഭ) 1906-ല്‍ ചേര്‍ന്നു. ബഹു. കുരുവിളയച്ചന്‍ തന്റെ 44 വര്‍ഷത്തെ  മിഷന്‍ പ്രവര്‍ത്തനത്തില്‍  ഏഴായിരത്തിലധികം പേര്‍ക്ക് ജ്ഞാനസ്‌നാനം നല്‍കുകയുണ്ടായി. തുടര്‍ന്ന് മറ്റൊരൂ വൈദികനെ മിഷന്‍ രംഗത്തേക്ക് അയയ്ക്കുവാന്‍ നീണ്ട 22 വര്‍ഷം കാത്തിരിക്കേണ്ടിവന്നു. ഭരണങ്ങാനം ഇടവകക്കാരനായ മിഷനറി റവ.ഫാ. ജോര്‍ജ്ജ് വയലില്‍ എം.എസ്.എഫ്.എസ്. 1928-ല്‍ വിശാഖപട്ടണം മിഷനില്‍ ചേര്‍ന്നു. രൂപതാദ്ധ്യക്ഷന്‍ ഡോ. റോസിലോണ്‍ തിരുമേനി ”ഭാരതമാനസാന്തരം കേരളീയഹസ്തങ്ങളില്‍” എന്ന് ആശംസിച്ചുകൊണ്ട് അദ്ദേഹത്തെ സ്വാഗതം ചെയ്തു. 19 വര്‍ഷത്തെ വിശ്രമരഹിതമായ മിഷന്‍പ്രവര്‍ത്തനത്തിന്റെ ഫലമായി 2000-ല്‍പരം പേരെ അദ്ദേഹം ക്രിസ്തുവിലേക്ക് ആനയിച്ചു. അനാരോഗ്യവാനായിത്തീര്‍ന്ന അദ്ദേഹം ശിഷ്ടകാലം ഏറ്റുമാനൂരുള്ള എം.എസ്.എഫ്.എസ്. സെമിനാരിയില്‍ കഴിച്ചുകൂട്ടി; 1987 ആഗസ്റ്റ് 21-ന് നിത്യസമ്മാനത്തിനായി യാത്രയായി. നോര്‍ബര്‍ട്ടയിന്‍ സഭയില്‍ ചേര്‍ന്ന ആദ്യത്തെ ഭാരതീയന്‍ ഭരണങ്ങാനം ഇടവകക്കാരനായ പാറങ്കുളങ്ങര ഫാ. ആന്റണി (അനിം) പ്രേമാനന്ദ് ആണ്. അദ്ദേഹം ജബല്‍പൂരില്‍ നോര്‍ബര്‍ട്ടയിന്‍ ആശ്രമത്തില്‍വച്ച് നിര്യാതനായി.

മിഷന്‍ലീഗില്‍ പ്രവര്‍ത്തിച്ച 31 മെത്രാന്മാരെ സഭയ്ക്ക് സംഭാവന ചെയ്യുവാന്‍ സംഘടനയ്ക്ക് ഇതിനോടകം സാധിച്ചിട്ടുണ്ട്. 31 രൂപതാദ്ധ്യക്ഷന്മാര്‍ക്കു പുറമെ, 36,000-ല്‍പരം മിഷന്‍ലീഗംഗങ്ങള്‍ വൈദികര്‍, സന്യസ്തര്‍ എന്നീ നിലകളില്‍ സഭയില്‍ സേവനമനുഷ്ഠിക്കുന്നു. ഇതുകൊണ്ടുതന്നെയായിരിക്കണം ആറാം പൗലോസ് മാര്‍പാപ്പ മിഷന്‍ലീഗിന് അയച്ച സന്ദേശത്തില്‍ ”ഇത്ര ചുരുങ്ങിയ കാലം കൊണ്ട് ഇത്രയധികം സമര്‍പ്പിതരെ സഭയ്ക്കു നല്‍കിയ മറ്റു സംഘടനകള്‍ ഇല്ലെന്ന് പ്രസ്താവിക്കുവാന്‍ സന്തോഷമുണ്ട്.” എന്നു പ്രസ്താവിച്ചത്.

1947-ല്‍ ഏഴ്  അംഗങ്ങളില്‍ ആരംഭിച്ച ഈ സംഘടനയ്ക്ക് ഇന്ന് അഭിമാനിക്കാന്‍ ഏറെയുണ്ട്. ഈ നേട്ടം സാധ്യമാക്കിയത് അഭിവന്ദ്യ രൂപതാദ്ധ്യക്ഷന്‍മാരുടെ സ്‌നേഹവാത്സല്യങ്ങളും ബഹുമാന്യരായ വൈദികരുടെയും കന്യാസ്ത്രീകളുടെയും സംഘടനയ്ക്കുവേണ്ടി അഹോരാത്രം പണിയെടുക്കുന്ന ലക്ഷക്കണക്കിനു മിഷന്‍ലീഗ് പ്രവര്‍ത്തകരുടെയും കൂട്ടായ ശ്രമവും സര്‍വ്വോപരി നല്ലവനായ ദൈവത്തിന്റെ പരിപാലനയുമാണ്. കടന്നുപോന്നവയെക്കാള്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കേണ്ടതായ വഴികളാണ് മുന്നിലുള്ളത്. അവ ഏറ്റെടുത്ത് ഭംഗിയായി പൂര്‍ത്തിയാക്കുവാന്‍ നമുക്ക് ഏവര്‍ക്കും ഒത്തുചേരാം. സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥര്‍ നമുക്ക് മാര്‍ഗ്ഗദീപങ്ങളാകട്ടെ.

പി.സി. അബ്രാഹം പല്ലാട്ടുകുന്നേല്‍  
(കടപ്പാട് : വജ്രജൂബിലി സ്മരണിക, ഭരണങ്ങാനം മേഖല)