കോവിഡ് രോഗിയായ അൽമായ മിഷനറിയുടെ അവസാന സമ്മാനം ഒരു നഴ്സിന്റെ ജീവിതം മാറ്റിമറിച്ച കഥ

ഒരു കോവിഡ് രോഗി സമ്മാനിച്ച ജപമാല, അദ്ദേഹത്തെ ശുശ്രൂഷിച്ച നേഴ്‌സിന്റെ ജീവിതത്തെ മാറ്റിമറിച്ചു. ബ്രസീലിലെ ഫോർട്ടാലെസയിലെ ഒരു ആശുപത്രിയിൽ പ്രവേശിക്കുന്നതിനുമുമ്പ് മിഷനറിയായ ഫ്രാൻസിസ്കോ ബ്രിട്ടോ എന്ന അത്മായ സഹോദരൻ തന്റെ ജപമാല തന്നെ ശുശ്രൂഷിച്ചിരുന്ന റൂബൻ കാവൽകാന്റ എന്ന നേഴ്‌സിന് നൽകി. ആ ജപമാലയിലൂടെ പകർന്ന ജീവിതസാക്ഷ്യം നേഴ്‌സിനെയും മറ്റനേകം പേരുടെയും ജീവിതത്തെ സ്പർശിച്ചു.

ഫ്രാൻസിസ്കോ ബ്രിട്ടോ ബ്രസീലിൽ നിന്നുള്ള ഒരു കത്തോലിക്കാ മിഷനറിയും ഷാലോം അലയൻസ് കമ്മ്യൂണിറ്റിയിലെ സമർപ്പിത അംഗവും ഭർത്താവും നാല് കുട്ടികളുടെ പിതാവുമായിരുന്നു. കഴിഞ്ഞ മാർച്ചിൽ കോവിഡ് രോഗബാധിതനായി അദ്ദേഹം ആശുപത്രിയിൽ കഴിയുകയും ഒടുവിൽ ഇൻകുബേറ്റ് ചെയ്യപ്പെടുകയും ചെയ്തു. അദ്ദേഹത്തെ ശുശ്രൂഷിച്ച 25 -കാരിയായ നേഴ്‌സ്, റൂബൻ കാവൽകാന്റുമായി ബ്രിട്ടോ നല്ല ബന്ധം സ്ഥാപിച്ചിരുന്നു. ഇൻകുബേറ്റ് ചെയ്യേണ്ട സമയം വന്നപ്പോൾ ബ്രിട്ടോ, തന്റെ വിശ്വാസത്തിന് വേണ്ടി നിലകൊണ്ടു. അവസാന സാക്ഷ്യം നൽകി. തന്റെ കയ്യിൽ സൂക്ഷിച്ചിരുന്ന ജപമാല ബ്രിട്ടോ ആ നേഴ്‌സിന് നൽകി.

“ദുഃഖകരമെന്നു പറയട്ടെ, ഈ ലോകത്ത് എനിക്ക് അദ്ദേഹത്തിന് ആ ജപമാല തിരികെ കൊടുക്കുവാനാകില്ല. പക്ഷേ പരിശുദ്ധ മറിയം അദ്ദേഹത്തെ സ്വർഗ്ഗത്തിൽ സ്വീകരിക്കുമെന്ന് എനിക്കറിയാം. ഈ നിമിഷം അദ്ദേഹത്തിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാനും അവർ ദൈവത്തിൽ ആശ്രയിക്കാനും ഞാൻ ആഗ്രഹിക്കുന്നു. അന്ന് അദ്ദേഹം എന്നോട് പറഞ്ഞതുപോലെ, എല്ലാം ദൈവത്തെ സ്നേഹിക്കുന്നവരുടെ നന്മയ്ക്ക് സംഭാവന ചെയ്യുന്നു.” -റൂബൻ കാവൽകാന്റ പറയുന്നു.

കഴിഞ്ഞ മാർച്ച് 23 -നാണ് ഈ അത്മായ മിഷനറി മരിച്ചത്. ഒപ്പം കാവൽകാന്റെ എന്ന നേഴ്സ് ഇപ്രകാരം കുറിച്ചു: “നിങ്ങൾ ഒരു ആരോഗ്യപ്രവർത്തകനായിരിക്കുകയും ജോലിക്ക് പോകുകയും ചെയ്യുമ്പോൾ രണ്ട് കാര്യങ്ങൾ സംഭവിക്കാം: ഒന്നുകിൽ നിങ്ങൾ ചില രോഗിയുടെ ഹൃദയത്തെ സ്പർശിക്കും , അല്ലെങ്കിൽ ചില രോഗികൾ നിങ്ങളുടെ ഹൃദയത്തെ സ്പർശിക്കും. ”

തന്റെ അവസാന വാക്കുകളായിരിക്കാമെന്ന് അറിയാവുന്ന ബ്രിട്ടോയുടെ വിശ്വാസവും ദൈവത്തിലുള്ള വിശ്വാസവും തീർച്ചയായും റൂബൻ കവാൽകാന്റെയുടെ ഹൃദയത്തേയും അവരുടെ സാക്ഷ്യത്തിലൂടെ നിരവധി ആളുകളുടെ ഹൃദയത്തേയും സ്പർശിച്ചു. തന്റെ വിശ്വാസത്തെയും പ്രാർത്ഥനയെയുംക്കാൾ വലിയ ഒരു സമ്മാനം ഒരു മിഷനറിക്ക് വേറെയെന്തുണ്ട്?

സി. സൗമ്യ മുട്ടപ്പിള്ളില്‍ DSHJ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.