ഉത്തരാഖണ്ഡ് ദുരന്തമുഖത്തെ മലയാളി മിഷനറിമാർ

സി. സൗമ്യ DSHJ

ഉത്തരാഖണ്ഡിൽ ഫെബ്രുവരി ഏഴിന് ഉണ്ടായ പ്രകൃതിദുരന്തത്തിന്റെ ഞെട്ടലിൽ നിന്നും പ്രദേശവാസികൾ ഇനിയും കരകയറിയിട്ടില്ല. മഞ്ഞുമലയോടൊപ്പം തകർന്നടിഞ്ഞത് ഒരു കൂട്ടം സാധാരണ ജനങ്ങളുടെ സ്വപ്നങ്ങളും കൂടിയാണ്. ചമോലി ജില്ലയിലെ ദുരന്ത മേഖലയിലെ സ്ഥിതി അത്യന്തം ശോചനീയമാണ്. വളരെ പാവപ്പെട്ട മനുഷ്യരാണ് ഈ ദുരിതത്തിൽ അകപ്പെട്ടവരിൽ ഭൂരിഭാഗവും. പലരുടെയും മൃതദേഹം പോലും കണ്ടെത്താൻ കഴിയാത്ത അവസ്ഥ. 58 മൃതദേഹങ്ങൾ കണ്ടെടുത്തു. ഇനിയും കണ്ടെത്താതെ അവശേഷിക്കുന്നതാകട്ടെ 146 പേർ കൂടി. തങ്ങളുടെ പ്രിയപ്പെട്ടവർ തിരിച്ചെത്തുന്നതും പ്രതീക്ഷിച്ച് കാത്തിരിക്കുന്നവർ ധാരാളം. എല്ലാം അവർക്ക് നഷ്ടമായത് ഏതാനും നിമിഷങ്ങൾ കൊണ്ടായിരുന്നു. ഈ ഒരു അവസ്ഥയിൽ അവർക്ക് ആശ്വാസം പകരുവാൻ, കുറച്ചു മാലാഖമാർ ഉണ്ട് ഈ ദുരിതഭൂമിയിൽ. അവരോടൊപ്പം നിൽക്കുവാൻ, വിഷമാവസ്ഥയിൽ ആശ്വസിപ്പിക്കുവാൻ, ഭക്ഷണവും മരുന്നും എത്തിച്ചു കൊടുക്കുവാൻ SABS സന്യാസിനീ സമൂഹത്തിലെ ഈ സന്യാസിനിമാർ തയ്യാറാണ്.

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ജോഷിമട്ടിലാണ് SABS സന്യാസിനീ സമൂഹം ഉള്ളത്. ഇവിടെ വിദ്യാഭ്യാസ മേഖലയിലാണ് ഇവരുടെ പ്രവർത്തനങ്ങൾ. ദുരന്തം നടന്ന സ്ഥലത്ത് നിന്നും 20 കിലോമീറ്റർ ദൂരത്താണ് ഈ സന്യാസിനിമാർ ഉള്ളത്. ഇവിടെയുള്ള ആരാധനാ സന്യാസിനീ സമൂഹാംഗങ്ങൾ സി. സൗമ്യ, സി. ലിസ്യൂസ്, സി. ഗ്രാസിറ്റ, സി. റിൻസി എന്നിവരാണ്. ദുരന്ത മേഖലയിലെ ഇവരുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ഇടവക വികാരിയും സ്‌കൂൾ മാനേജരുമായ ഫാ. അജോ തേലപ്പള്ളി സി.എം.ഐ ആണ്. ബിജ്‌നോർ രൂപതയുടെ സ്‌കൂൾ ആണ് ഇവിടെ പ്രവർത്തിക്കുന്നത്. ഇവിടെയുള്ള സാധാരണ ജനങ്ങളുടെ വിദ്യാഭ്യാസം ലക്ഷ്യംവെച്ചുകൊണ്ട് 42 വർഷമായി ‘ജ്യോതി വിദ്യാലയ’ സ്‌കൂൾ പ്രവർത്തിക്കുന്നു. ഹിന്ദുക്കളുടെ പുണ്യസ്ഥലമായ ബദ്രിനാദിന് അടുത്തുള്ള ഒരു സ്ഥലമാണിത്. ചൈന ബോർഡർ ആണ് ഈ പ്രദേശം.

വളരെ പെട്ടെന്നുണ്ടായ ഒരു ദുരന്തം  

ഈ ദുരന്തത്തിൽ കൂടുതലും തൊഴിലാളികളും സാധാരണ ജനങ്ങളുമാണ് ഇരകളായത്. കാരണം, അവർ മിക്കവാറും തങ്ങളുടെ ജോലി സ്ഥലത്തായിരുന്നു. വളരെ പെട്ടെന്നുണ്ടായ ഈ ദുരന്തം നിമിഷംകൊണ്ട് എല്ലാം വിഴുങ്ങി കളഞ്ഞു. കമ്പനിയിൽ ജോലി ചെയ്യുന്ന ആൾക്കാരും ചെമ്മരിയാടിനെ മേയ്ക്കുന്നവരും ഒക്കെ ഈ ദുരന്തത്തിൽ പെട്ടുപോയവരിൽ ഉൾപ്പെടുന്നു. “കാണാതായവരെ ഇനി കണ്ടെത്തുവാൻ സാധിക്കുമോ എന്ന് പോലും അറിയില്ല. കാരണം, വലിയ കല്ലുകളും പാറക്കഷ്ണങ്ങളും ഉൾപ്പെടെയാണ് വലിയ ശക്തിയിൽ കുത്തിയൊഴുകി വരുന്നത്. അത് കണ്ട് കുറേയേറെപ്പേർ ഓടിമാറി രക്ഷപെട്ടു. ചിലർ അങ്ങനെ തുരങ്കത്തിൽ അകപ്പെട്ട് പോയി. അവർ മിക്കവാറും മരിച്ചുപോയി. അവരുടെ മൃതദേഹം കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകരും ആർമിയും” – വേദനയോടെ ദുരന്തമുഖത്തെ അവസ്ഥയെപ്പറ്റി സി. സൗമ്യ പറയുന്നു.

ഒരോ വലിയ മലയുടെ മുകളില്‍ ആയിട്ടാണ് ഗ്രാമങ്ങൾ ഉള്ളത്. അതിൽ ഒരു മലയാണ് ദുരന്തത്തിൽ തകർന്നടിഞ്ഞത്. ഈ വില്ലേജിലെ മിക്ക കുടുംബങ്ങളിലെയും കുടുംബനാഥൻമാർ ഈ ദുരന്തത്തിൽപ്പെട്ട് കാണാതാവുകയോ മരിച്ചു പോവുകയോ ചെയ്തിട്ടുണ്ട്. ആടുകളെ മേയിക്കാൻ പോയവരും ഡാമിലെ തൊഴിലാളികളും ഒക്കെയാണ് ഈ ദുരിതത്തിൽ പെട്ടവരിൽ അധികവും. ഇവർക്ക് ഗതാഗതം സുഗമമാക്കുവാനായി ഉണ്ടായിരുന്ന ഒരേയൊരു പാലവും ഈ ദുരന്തത്തിൽ തകർന്നു. അതോടെ അങ്ങോട്ടുള്ള രക്ഷാ പ്രവർത്തനവും വളരെ ക്ലേശകരമായി മാറി. പാലത്തിനപ്പുറമുള്ള ഗ്രാമങ്ങൾ ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലാണ്. അതിനാൽ ആർമി ഉദ്യോഗസ്ഥർ വഴി ഹെലികോപ്ടറിലാണ് അവർക്ക് സഹായം എത്തിക്കുന്നത്. കിലോമീറ്ററുകൾ നടന്നാണ് ആവശ്യസാധനങ്ങൾ മേടിക്കുന്നതിനും കടകളിലേക്കുമൊക്കെ ഈ ഗ്രാമവാസികൾ വന്നിരുന്നത്.

മരണമടഞ്ഞവരുടെ വീടുകളിലേക്ക്

എല്ലാം തകർന്നടിഞ്ഞതിന്റെ വേദനയും ഉറ്റവർ നഷ്ടപ്പെട്ടതിന്റെ ദുഖവും പേറി നിസഹായരായ ഗ്രാമവാസികളുടെ വീടുകളിലേക്ക് സ്നേഹദൂതരെപ്പോലെയാണ് ഈ സിസ്റ്റേഴ്സ് കടന്നുചെന്നത്. അവരോട് എന്ത് പറയണം എന്നോർത്ത് വിഷമിച്ച അവസ്ഥയിൽ “നിങ്ങൾ ഞങ്ങളെ അന്വേഷിച്ച് വന്നല്ലോ” എന്ന് പറഞ്ഞുകൊണ്ട് ഓടി വരുന്ന ആളുകളെയാണ് ഇവർ കണ്ടത്. കുടിവെള്ളവും അവശ്യ ഭക്ഷണ സാധനങ്ങളും സ്നേഹത്തോടെയുള്ള ആശ്വാസ വാക്കും പ്രാർത്ഥനയും മാത്രമേ കൊടുക്കുവാൻ ഇവർക്കുണ്ടായിരുന്നുള്ളൂ. അതിൽ അവർ ഏറെ സംതൃപ്‍തരുമായിരുന്നു.

ജ്യോതി വിദ്യാലയ സ്‌കൂളിലെയും ഒരു വിദ്യാര്‍ഥിയുടെ പിതാവും മരണമടഞ്ഞവരില്‍ ഉള്‍പ്പെടുന്നു. നിരവധിപ്പേരുടെ ബന്ധുക്കളും മരണമടഞ്ഞു. അറിയാവുന്ന വീടുകളിൽ കയറിയിറങ്ങി അവരെ ആശ്വസിപ്പിക്കുന്നു, പ്രാർത്ഥിക്കുന്നു. ദുരിതബാധിത പ്രദേശത്തെ വിഷമാവസ്ഥകൾ കണ്ടറിഞ്ഞു അവരെ സഹായിക്കാൻ രൂപതയിൽ നിന്നും സ്‌കൂളിലെ ടീച്ചേഴ്സും ഒക്കെ ഇവരെ സഹായിക്കാൻ സന്നദ്ധരാണ്. 800 -ഓളം വിദ്യാർത്ഥികൾ ഈ സ്‌കൂളിൽ പഠിക്കുന്നു.

നാല് വീടുകൾ മാത്രമുള്ള ഒരു ഇടവക

ഇവിടെ ഇടവകയിൽ ആകെ നാല് വീടുകൾ മാത്രമേയുള്ളൂ. മലയാളികളായ ആർമി ഉദ്യോഗസ്ഥരും ഇവിടെയുണ്ട്. പിന്നെ പല ജോലികൾക്കായി വന്ന തൊഴിലാളികൾ അവിടിവിടെയായി ഉണ്ട് എന്ന് മാത്രം. ക്രിസ്ത്യന്‍ സമൂഹം ഇവിടെ അത്രമാത്രം. ഹിന്ദുക്കളുടെ പുണ്യസ്ഥലമായതിനാൽ ബാക്കിയുള്ളവർ കൂടുതലും ഹിന്ദുക്കളാണ്. അവരും വളരെ സ്നേഹത്തോടെ, ഒരുമയോടെയാണ് പ്രവർത്തിക്കുന്നത്. മതം നോക്കാതെ മുഖം നോക്കാതെ ഈ സന്യാസിനികള്‍ തങ്ങളുടെ പ്രവർത്തന മേഖലയിൽ സജീവ സാന്നിധ്യമായി തുടരുന്നു. കാരണം, വളരെയേറെ പരിമിതികളെ ഉള്ള ഒരു സമൂഹമാണ് ഇത്. എങ്കിലും അസൗകര്യങ്ങൾക്കിടയിലും ഈ മിഷനറിമാർ തങ്ങൾക്ക് കഴിയുന്ന എല്ലാ സഹായവും ഈ പാവപ്പെട്ട ജനങ്ങൾക്ക് നൽകുന്നു.

ദുരന്തം നടന്ന് ആഴ്ചകൾ പിന്നിട്ടെങ്കിലും ഇപ്പോഴും ഇവിടെയുള്ള ആളുകൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെയുള്ളവ ആവശ്യമാണ്. മിക്കവാറും ദിവസങ്ങളിൽ സ്ഥലം സന്ദർശിക്കുകയും അവരുടെ ആവശ്യങ്ങളെ കുറിച്ച് അന്വേഷിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ് ഇടവക വികാരിയായ ഫാ. അജോ. വീടുകൾ സന്ദർശിച്ച് ആളുകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ ക്കുറിച്ച് അദ്ദേഹം കൂടുതൽ മനസിലാക്കുന്നു. അവയെ അതിജീവിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു.

ക്രിസ്തുജ്യോതി സത്നാ മിഷൻ പ്രൊവിൻസ്

ക്രിസ്തുജ്യോതി സത്നാ പ്രൊവിൻസിന്റെ കീഴിലാണ് ഈ സമൂഹം സ്ഥിതിചെയ്യുന്നത്. നൂറ്റിനാല്പതോളം സിസ്റ്റേഴ്‌സുള്ള ഈ പ്രോവിൻസിലെ അംഗങ്ങൾ പല സംസ്ഥാനങ്ങളിലായിട്ടാണ് പ്രവർത്തിക്കുന്നത്. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, ബംഗാൾ, ലക്‌നൗ, ഛത്തീസ്ഘട്ട്, മധ്യപ്രദേശ്, ഡൽഹി എന്നീ സംസ്ഥാനങ്ങളിലായി ഈ പ്രൊവിൻസിന്റെ പ്രവർത്തനങ്ങൾ വ്യാപിച്ചിരിക്കുന്നു. ക്രിസ്തുജ്യോതി പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ സി. റോസ് തെരേസ് SABS ആണ്.

ഈ വേദന നിറഞ്ഞ സാഹചര്യത്തിൽ ഈ നാടിനെ മുഴുവനും ദിവ്യകാര്യണ്യ സന്നിധിയില്‍ സമർപ്പിച്ചുകൊണ്ട് ഇവർ പ്രാർത്ഥിക്കുകയാണ്. ഒപ്പം, തങ്ങളുടെ പ്രവർത്തനത്തിലൂടെയും ഇവർ ദുരിത മേഖലയിലേക്ക് കടന്നു ചെല്ലുന്നു. ഇനിയും ആവശ്യങ്ങൾ ഏറെയുണ്ട് ഇവിടുത്തെ ആളുകൾക്ക്. അതിനാൽ, തങ്ങളുടെ സ്‌കൂളിലെ പ്രവർത്തനങ്ങൾക്ക് ശേഷം ഇവർ വേദനിക്കുന്ന ഈ ആളുകളോടൊപ്പമായിരിക്കുവാൻ ഇറങ്ങുകയാണ്. ആശ്വാസമായും പ്രതീക്ഷയായും…

സി. സൗമ്യ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.