വചനത്തിനായി ദാഹിക്കുന്ന ആളുകളുടെ ഇടയിലെ മിഷൻ പ്രവർത്തനം

മരിയ ജോസ്

“ആദ്യമായി ഒരു ദിവസം ഞായറാഴ്ച പ്രസംഗം പറഞ്ഞപ്പോൾ അൽപം സമയം കൂടിപ്പോയിരുന്നു. വചനപ്രഘോഷണവും നിർദ്ദേശങ്ങളും എല്ലാം കഴിഞ്ഞപ്പോൾ നാൽപ്പതു മിനിറ്റിനു മുകളിൽ സമയം പോയി. അന്ന് അൽപം ആശങ്കയോടെയാണ് കുർബാന കഴിഞ്ഞ് ഇറങ്ങിയത്. നമ്മുടെ നാട്ടിൽ കുർബാനയിൽ പ്രസംഗം അൽപംപം കൂടിപ്പോയാൽ ഒരുപക്ഷേ, അടുത്ത ദിവസം പള്ളിയിലെത്തുന്ന ആളുകൾ കുറവായിരിക്കും. എന്നാൽ അന്ന് കുർബാന കഴിഞ്ഞ് എന്നെ കാത്തുനിന്ന ചേട്ടന്മാർ പറഞ്ഞു: “ഇതാണ് അച്ചാ ഞങ്ങൾക്ക് വേണ്ടത്” – ആഫ്രിക്കയിലെ ടാൻസാനിയയിൽ മിഷനറിയായി സേവനം ചെയ്ത വിൻസെൻഷ്യൻ വൈദികൻ ഫാ. ബിജു വള്ളിപ്പറമ്പിലിന്റെ വാക്കുകളാണ് ഇത്.

ഏറെ വെല്ലുവിളികൾ നിറഞ്ഞ മിഷൻ പ്രവർത്തനത്തിൽ വിശ്വാസത്തിൽ നിന്നും കൗദാശിക ജീവിതത്തിൽ നിന്നും അകന്നു ജീവിച്ച അനേകരെ ആഴമായ വിശ്വാസത്തിലേയ്ക്കും നല്ല ഒരു ജീവിതത്തിലേയ്ക്കും കൊണ്ടുവരുവാൻ ഈ വൈദികനു കഴിഞ്ഞു. ടാൻസാനിയയിലെ മിഷൻ അനുഭവങ്ങളുടെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് ഫാ. ബിജു വള്ളിപ്പറമ്പിൽ…

ഉദാരമതികളും സ്നേഹനിധികളുമായ ജനത

1998 സെപ്റ്റംബർ മാസം ആണ് ബിജു അച്ചൻ ടാൻസാനിയയിൽ ആദ്യമായി എത്തുന്നത്. പിന്നീട് പതിനൊന്നു വർഷം ടാൻസാനിയയിലെ വിശ്വാസ സമൂഹത്തിനൊപ്പം ആയിരുന്നു ഈ വൈദികൻ. ഇത്രയും നാളത്തെ അനുഭവങ്ങളുടെ വെളിച്ചത്തിൽ അച്ചൻ പറയുന്നത്, ടാൻസാനിയയിലെ ആളുകൾ വളരെ സ്നേഹനിധികളാണ് എന്നാണ്. സാധാരണ ഗതിയിൽ നമ്മൾ കടയിൽ പോയാൽ സാധനം വാങ്ങി ഉടൻ തന്നെ തിരിച്ചുപോരും. എന്നാൽ അവിടെയുള്ള ആളുകൾ അങ്ങനെയല്ല. പരിചയമില്ലാത്ത ആളുകളാണെങ്കിൽ പോലും സാധനം കൊടുക്കുന്നതിനു മുൻപ് സുഖമാണോ? ഭക്ഷണം കഴിച്ചോ? സുഖമായി ഉറങ്ങിയോ? തുടങ്ങി കുശലാന്വേഷണത്തിന്റെ വലിയ ഒരു ഭാഗം തന്നെ കഴിഞ്ഞിരിക്കും. വളരെ സിംപിൾ ആയ മനുഷ്യരാണ് അവർ. അതിലുപരി വളരെയേറെ ആതിഥ്യമര്യാദയുള്ള ആളുകളാണ് ടാൻസാനിയക്കാർ.

ഒരു മിഷനറിയെ സംബന്ധിച്ചിടത്തോളം നമ്മൾ ഇവിടെയുള്ളവർക്ക് ആവശ്യമാണെന്ന തോന്നലുളവാക്കുംവിധമാണ് ഈ ജനങ്ങളുടെ പെരുമാറ്റം. അത്രയ്ക്ക് സ്നേഹമാണ് മിഷനറിമാരോട് ഇവർക്ക്. അത് ടാൻസാനിയയിൽ മാത്രമല്ല, ആഫ്രിക്കയിൽ എല്ലായിടത്തും അങ്ങനെ തന്നെയാണ് എന്ന് അച്ചൻ പറയുന്നു.

വൈദികരോട് ചേർന്നുനിൽക്കുന്ന വിശ്വാസ സമൂഹം

പണ്ട് നമ്മുടെ പൂർവ്വീകർ എന്തു കാര്യത്തിലും തീരുമാനമെടുക്കുന്നതിനു മുൻപ് പള്ളിവികാരിയോട് അഭിപ്രായം ആരാഞ്ഞിരുന്ന ഒരു പതിവുണ്ടായിരുന്നു. അതോർമ്മിപ്പിക്കുന്ന ജീവിതശൈലിയാണ് ടാൻസാനിയക്കാരുടേത്. കല്യാണം, വീട്ടിലെ പ്രശ്നങ്ങൾ തുടങ്ങി എന്ത് കാര്യമുണ്ടെങ്കിലും അച്ചന്റെ അടുത്തുവന്ന് നിർദ്ദേശം ചോദിച്ചു പ്രാർത്ഥിച്ചിട്ടാണ് ചെയ്യുന്നത്. ഇങ്ങനെയൊക്കെ ആണെങ്കിലും രണ്ടുതരത്തിലുള്ള വിശാസികളാണ് ഇവിടെയുള്ളതെന്ന് അച്ചൻ പറയുന്നു. ആഴമായ വിശ്വാസമുള്ളവരും പേരിനു മാത്രം വിശ്വാസമുള്ളവരും.

മിഷൻ പ്രവർത്തനത്തിലെ വെല്ലുവിളികൾ

അച്ചൻ അവിടെ ചെല്ലുന്ന സമയത്ത് നേരിട്ട ഒരു വെല്ലുവിളിയാണ് കൂദാശാജീവിതത്തിൽ നിന്ന് അകന്നുനിൽക്കുന്ന വിശ്വാസ സമൂഹത്തെ ഇടവക ദൈവാലയത്തോടും കൗദാശിക ജീവിതത്തോടും അടുപ്പിച്ചു കൊണ്ടുവരുക എന്നത്. വിവാഹം കഴിക്കാതെ കൂട്ടമായി ഒന്നിലധികം ഭാര്യമാർക്കൊപ്പം ജീവിക്കുന്ന ആളുകൾ, പ്രായപൂർത്തിയായിട്ടും കുഞ്ഞുങ്ങൾക്ക് മാമ്മോദീസ നൽകാത്തവർ… അങ്ങനെ പലവിധത്തിൽ കൂദാശയിൽ നിന്നും അകന്നുജീവിക്കുന്ന ആളുകൾ ഉണ്ടായിരുന്നു. പള്ളിയിൽ വരും, അച്ചന്മാരോട് സംസാരിക്കും എങ്കിലും കൂദാശാജീവിതത്തിൽ നിന്ന് ഏറെ അകന്നു നിൽക്കും.

ആദ്യമായി ടാൻസാനിയയിലെ ഒരു ഇടവകയിൽ ശുശ്രൂഷ ചെയ്യുവാൻ ബിജു അച്ചൻ എത്തിയപ്പോൾ അവിടെ ആകെ 70 പേർക്ക് മാത്രമേ വിവാഹിതരായതിന്റെ രേഖകൾ ഉള്ളു. പതിനായിരത്തോളം അംഗങ്ങൾ ഉള്ള ഇടവകയിലാണ് ഈ 70 വിവാഹിതർ എന്ന് ഓർക്കണം. പിന്നീടങ്ങോട്ട് വിവാഹം കഴിക്കാതെ കുടുംബമായി ജീവിക്കുന്നവരെ കൂദാശാ ജീവിതത്തിലേയ്ക്ക് അടുപ്പിക്കുന്നതിനുള്ള നെട്ടോട്ടമായിരുന്നു. അതിനായി ഞായറാഴ്ച പ്രസംഗങ്ങൾ അച്ചൻ ഉപാധികളാക്കി. പത്തും നാല്പതും മിനിറ്റ് ദീർഘിപ്പിച്ച ആ പ്രസംഗങ്ങളുടെ ഉള്ളടക്കങ്ങൾ ഒക്കെയും കൂദാശാ ജീവിതത്തിന്റെയും കുടുംബജീവിതത്തിന്റെയും പ്രാധാന്യമായിരുന്നു. അത് ആൾക്കാർക്ക് ഇഷ്ടവുമായിരുന്നു. ഇതു കൂടാതെ, ഇടയ്ക്കിടെ ധ്യാനങ്ങൾ സംഘടിപ്പിച്ചു. അത് വചനത്തോടും വിശുദ്ധ ഗ്രന്ഥത്തോടുമുള്ള താൽപര്യം അവരിൽ വളരുവാൻ കാരണമായി. ആ താല്പര്യം, മണിക്കൂറുകൾ വചനം കേട്ടാലും മുഷിച്ചിലുണ്ടാകാത്ത നിലയിലേയ്ക്ക് അവരെ കൊണ്ടെത്തിച്ചു.

കൂടാതെ ഭവനസന്ദർശനവും വെഞ്ചരിപ്പും. എല്ലാം കൊണ്ടും ആ ജനങ്ങളിലേയ്ക്ക് ഒരു പാലം ഇടുവാൻ അച്ചന് കഴിഞ്ഞു. പതിയെ പതിയെ ആളുകൾ ദൈവാലയത്തിൽ വന്നുതുടങ്ങി. ഞായറാഴ്ചകളിൽ കൂടുതൽ ആളുകൾ ദൈവാലയത്തിൽ വന്നുതുടങ്ങിയപ്പോൾ മുതൽ അച്ചൻ, വിവാഹം എന്ന കൂദാശയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണം നൽകി. പതിയെപ്പതിയെ, ദൈവാലയത്തിൽ എത്തി വിവാഹം കഴിക്കേണ്ടതിന്റെ ആവശ്യകത ടാൻസാനിയയിലെ ജനങ്ങള്‍ക്ക് മനസിലാകുവാൻ തുടങ്ങി. അതിന്റെ ഫലമായി ആറു വർഷത്തെ ഇടവക സേവനം അവസാനിപ്പിച്ച് കിഗോമയിലെ സെന്റ് വിൻസെന്റ് ദൈവാലയത്തിൽ നിന്ന് അച്ചൻ അടുത്ത പ്രവർത്തനമേഖലയിലേയ്ക്ക് പോകുമ്പോൾ ആയിരത്തിലധികം വിവാഹങ്ങൾ നടത്തി, ഇടവക രജിസ്റ്ററിൽ ചേർത്തിരുന്നു.

“ആഫ്രിക്കയിലെ ജനങ്ങൾ സാധാരണക്കാരന് സിംപിൾ മനുഷ്യർ. പലപ്പോഴും തലമുറകളായി തുടർന്നുവരുന്ന ശീലങ്ങളും അന്ധവിശ്വാസങ്ങളും അവരെ സത്യവിശ്വാസത്തിൽ നിന്നും അകറ്റിനിർത്തുകയാണ്. അവർക്ക് അത് തിരുത്തിക്കൊടുക്കുവാൻ ആളില്ലാത്തതിനാൽ ആ ശീലങ്ങളും ആചാരങ്ങളും അവർ തുടരുന്നു. തിരുത്തലുകളും മറ്റും നൽകുമ്പോൾ പെട്ടന്നല്ലെങ്കിലും അൽപം സമയമെടുത്ത് മാറ്റങ്ങൾ കൊണ്ടുവരുവാൻ ശ്രമിക്കുന്ന ആളുകളാണ് ഇവർ” – അച്ചൻ പറഞ്ഞുനിർത്തി.

മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.