പുനരൈക്യം: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ദൗത്യം

സഹോദരരേ, സന്തോഷിക്കുവിന്‍; നിങ്ങളെത്തന്നെ നവീകരിക്കുവിന്‍; എന്റെ ആഹ്വാനം സ്വീകരിക്കുവിന്‍; ഏകമനസ്‌കരായിരിക്കുവിന്‍; സമാധാനത്തില്‍ ജീവിക്കുവിന്‍; സ്‌നേഹത്തിൻ്റെയും ശാന്തിയുടെയും ദൈവം നിങ്ങളോടു കൂടെയുണ്ടായിരിക്കും (2 കോറി 13:11).

ആദിമ ക്രൈസ്തവസമൂഹത്തോട് വി. പൗലോസ് ശ്ലീഹാ ആവർത്തിച്ചു പറയുന്നത് ഏകമനസ്സോടും ഐക്യത്തോടും കൂടി ഏകസത്യദൈവമായ ക്രിസ്തുവിനെ ആരാധിക്കണം എന്നാണ്. അനൈക്യത്തിൻ്റെയും വിഭാഗീയതയുടെയും കക്ഷി വഴക്കുകളുടെയും വിഷവിത്തുകൾ നാടെങ്ങും വ്യാപിക്കുന്ന ഈ കാലഘട്ടത്തിൽ പൗലോസ് അപ്പസ്തോലൻ്റെ ആഹ്വാനത്തിന് ഏറെ പ്രസക്തിയുണ്ട്.

പതിനാറാം നൂറ്റാണ്ട് വരെയും അപ്പസ്തോലന്മാരുടെ ഈ വാക്കുകളെ പിന്തുടരാൻ ക്രൈസ്തവ സമൂഹം ഏറെക്കുറെ ശ്രമിച്ചിരുന്നു. എന്നാൽ, വിഭാഗീയത തലയുയർത്തി തുടങ്ങിയപ്പോൾ ഭാഷയുടെ പേരിൽ, ആരാധനാക്രമത്തിൻ്റെ പേരിൽ, അനുഷ്ഠാനങ്ങളുടെ പേരിൽ, ഹയരാർക്കിയുടെ പേരിൽ സഭ പലതായി പിരിയുവാൻ തുടങ്ങി. 1653-ൽ നടന്ന കൂനൻ കുരിശു സത്യത്തോടെ വിഭാഗീയതയും ഭിന്നിപ്പും മൂർദ്ധന്യത്തിൽ എത്തുകയും കക്ഷിവഴക്കുകൾ എല്ലാ മറയും നീക്കി പുറത്തുവരികയും ചെയ്തു. പുത്തൻ കൂറ്റുകാരെന്നും പഴയ കൂറ്റുകാരെന്നും മെത്രാൻ കക്ഷിയെന്നും ബാവാ കക്ഷിയെന്നുമൊക്കെ പല വിഭാഗങ്ങളായി സഭ ഭിന്നിച്ചു. ഗുണത്തിനു പകരം ദോഷം ചെയ്യുന്ന ഭിന്നിപ്പുകളുടെ സമ്മേളനങ്ങളിൽ (1 കോറി 11:17-18) കർത്താവ് വസിക്കുന്നില്ല എന്ന് തിരിച്ചറിഞ്ഞ് ഭിന്നിപ്പിന്റെ സ്വരം ഉയർന്നു തുടങ്ങിയ കാലത്തു തന്നെ ഐക്യത്തിനുള്ള സാധ്യതകളും അന്വേഷിച്ചു തുടങ്ങിയിരുന്നു.

നിങ്ങൾ ക്രിസ്തുവിൻ്റെ ശരീരവും ഓരോരുത്തരും അതിലെ അവയവങ്ങളുമാണ് (1 കോറി 12:27). ക്രിസ്തുവാകുന്ന ശിരസ്സിനോട് ചേർന്നുനിന്ന് ഏകമനസ്സോടെ പ്രവർത്തിക്കുന്നവരാകണം ഓരോ ക്രൈസ്തവനും. ശരീരത്തിൽ ഭിന്നിപ്പുണ്ടാകാതെ അവയവങ്ങൾ പരസ്പരം തുല്യ ശ്രദ്ധയോടെ വർത്തിക്കണം (1 കോറി 12:25). ഒരേ ആത്മാവിൽ ഏക ശരീരമായിരിക്കാനാണ് നാം പരിശുദ്ധാത്മാവിനെ സ്വീകരിച്ചത്. അതിനാൽ പരസ്പരം സ്നേഹത്തോടും സഹവർത്തിത്വത്തോടും ഐക്യത്തിന്റെ കാഹളം മുഴക്കി ക്രിസ്തുവിനെ മഹത്വപ്പെടുത്തേണ്ടത് ഓരോ ക്രൈസ്തവൻ്റെയും കടമയും ദൗത്യവുമാണ്.

ഈ വിളിയും ദൗത്യവും തിരിച്ചറിഞ്ഞ് ഇറങ്ങിപ്പുറപ്പെട്ട ഒരു കാഷായ വസ്ത്രധാരി ഉണ്ടായിരുന്നു. ‘ആബോ ഗീവർഗീസ്’ എന്നറിയപ്പെട്ടിരുന്ന ബഥനിയുടെ മാർ ഈവാനിയോസ് മെത്രാപ്പോലീത്ത. ഊർ എന്ന പട്ടണത്തിൽ നിന്ന് അബ്രാമിനെ വിളിച്ച് അബ്രാഹമാക്കിയ ദൈവം, അബ്രാഹത്തെ ജനതകളുടെ പിതാവാക്കി (ഉൽ 17:5). സെറാമ്പൂർ എന്ന വിശ്വപ്രസിദ്ധ സർവ്വകലാശാലയിലെ പ്രൊഫസർ എന്ന ഉന്നതപദവിയിൽ നിന്നും ആശ്രമത്തിൻ്റെ സുരക്ഷിതത്വത്തിൽ നിന്നും മാർ ഈവാനിയോസ് പിതാവിനെയും ദൈവം വിളിച്ചിറക്കി സഭൈക്യത്തിൻ്റെ പ്രവാചകനാക്കി. അദ്ദേഹം സഭൈക്യത്തിനുള്ള ശ്രമങ്ങൾ അധികാരികളുടെ അനുവാദത്തോടെയും തികഞ്ഞ ദൈവാശ്രയത്തോടെയും നടത്തിക്കൊണ്ടിരുന്നു.

ഒരു സമൂഹം ഒന്നുചേർന്നു തുടങ്ങിയ പുനരൈക്യശ്രമങ്ങൾ സാഹചര്യങ്ങൾ മാറിയപ്പോൾ മുൾച്ചെടികൾക്കിടയിൽ വീണ വിത്തു പോലെ ഫലം നൽകാതെ ഞെരിഞ്ഞമർന്നു പോകുമായിരുന്നു. എന്നാൽ, അബ്രാഹമിനെപ്പോലെ ദൈവവിളിയോട് പ്രത്യുത്തരിച്ച് ദേശത്തേയും പിതൃഭവനത്തെയും ബന്ധുജനങ്ങളെയും വിട്ട് (ഉൽ 12:1-2) ദൈവം കാണിച്ചുകൊടുത്ത വഴിയേ ഇറങ്ങി നടന്ന മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ ശ്രമങ്ങൾക്ക് സ്വർഗ്ഗം കൂടെ നിൽക്കുന്ന കാഴ്ചയായിരുന്നു കാലം കാത്തുവച്ചിരുന്നത്.

അഞ്ചു പേരിൽ തുടങ്ങിയ ആ ചെറുസമൂഹത്തിന് പ്രാർത്ഥനയും ദൈവാശ്രയത്വവും ദാരിദ്ര്യവും മാത്രമാണ് കൈമുതലായിരുന്നത്. ഏകമനസ്സോടെ ഒരുമിച്ചു വസിക്കുന്ന സഹോദരരുടെ വിശിഷ്ടവും സന്തോഷപ്രദവുമായ (സങ്കീ 133:1) ജീവിതം ആഗ്രഹിച്ചാണ് അവർ കത്തോലിക്കാ സഭയിലേക്ക് പുനരൈക്യപ്പെട്ടത്. ‘ഞാൻ നിന്നെ വലിയൊരു ജനതയാക്കും. നിന്നെ ഞാൻ അനുഗ്രഹിക്കും. നീ ഒരു അനുഗ്രഹമായിരിക്കും’ (ഉൽ 12:2) എന്ന വാഗ്ദാനം വാഗ്ദത്തനാട്ടിൽ നിറവേറിയതു പോലെ, മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിറവേറുന്നതാണ് പിന്നീട് ലോകം കണ്ടത്. വി. പൗലോസ്‌ ശ്ലീഹാ കോറിന്തോസിലെ സഭയോട് പറഞ്ഞതു തന്നെയാണ് മാർ ഈവാനിയോസ് മെത്രാപ്പൊലീത്താ അന്നത്തെയും ഇന്നത്തെയും ക്രൈസ്തവ സമൂഹങ്ങളോട് പറയുന്നത്. ‘സഹോദരരേ, നിങ്ങള്‍ എല്ലാവരും സ്വരച്ചേര്‍ച്ചയോടും ഐക്യത്തോടും ഏകമനസ്‌സോടും ഏകാഭിപ്രായത്തോടും കൂടെ വര്‍ത്തിക്കണമെന്ന് നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിന്റെ നാമത്തില്‍ ഞാന്‍ നിങ്ങളോട്‌ അഭ്യർത്ഥിക്കുന്നു’ (1 കോറി 1:10).

സഭയിൽ പ്രത്യക്ഷമായ ഭിന്നിപ്പുണ്ടായ ശേഷം ഐക്യത്തിനു വേണ്ടിയുള്ള 277 വർഷങ്ങളുടെ കാത്തിരിപ്പ് അവസാനിച്ചത് 1930 സെപ്റ്റംബർ 20-ന് ആയിരുന്നു. മാർ ഈവാനിയോസ്, മാർ തെയോഫിലോസ്, ഫാ. ജോൺ OIC, അലക്സാണ്ടർ ശെമ്മാശ്ശൻ, കിളിലേത്ത് ചാക്കോ എന്നീ അഞ്ചു പേരിൽ മൊട്ടിട്ടു തുടങ്ങിയ ആ സ്വപ്നം ഇന്ന് അഞ്ചുലക്ഷത്തിൽപരം വിശ്വാസികളുമായി ആഗോളസഭയിൽ പടർന്നു പന്തലിച്ചു നിൽക്കുന്നു.

വിഭജനങ്ങളുടെയും വിഭാഗീയതയുടെയും നോവും മുറിവും പേറിയ തിരുസഭയ്ക്ക് ആശ്വാസമേകുന്നതായിരുന്നു 1930 സെപ്റ്റംബർ 20-ന് നടന്ന പുനരൈക്യം. അതിന് സ്വർഗ്ഗം നൽകിയ സമ്മാനമാണ് ഇന്നു കാണുന്ന ആത്മീയവും ഭൗതീകവുമായ എല്ലാ നേട്ടങ്ങളും! അൻപതും അറുപതും നൂറും മേനി ഫലം പുറപ്പെടുവിക്കുവാൻ കൃപ ലഭിച്ച സുവിശേഷകയായ മലങ്കര സുറിയാനി കത്തോലിക്കാ സഭയ്ക്കും അതിലെ ഓരോ അംഗങ്ങൾക്കും പ്രത്യേകമായി വിളിയും ദൗത്യവുമുണ്ട്. തിരുസഭയിൽ നിന്നും ഭിന്നിച്ചുപോയ സഹോദരങ്ങളെ തിരുസഭാഗാത്രത്തിലേയ്ക്ക് തിരിച്ചു കൊണ്ടുവരാനുള്ള ദൗത്യം. ‘കർത്താവിൽ ഏകമനസ്സോടെ ആയിരിക്കാൻ’ (ഫിലി. 4:2) അപ്പസ്തോലന്മാരും ആദിമ ക്രൈസ്തവസമൂഹവും എല്ലാവരെയും ആഹ്വാനം ചെയ്യുന്നു.

സ്വർഗ്ഗത്തിൽ ഇരുന്ന് നിരന്തരമായി സഭൈക്യ പ്രവർത്തനങ്ങൾക്കു വേണ്ടി ഞാൻ പ്രാർത്ഥിക്കും’ എന്ന അലയടിക്കുന്ന ശബ്ദം ബാക്കിയാക്കി 1953 ജൂലൈ 15-ന് പുനരൈക്യത്തിൻ്റെ പുണ്യതാതൻ മാർ ഈവാനിയോസ് തിരുമേനി കാലം ചെയ്തു. തുടർന്ന് ദീർഘകാലം സഭയെ നയിച്ച അഭിവന്ദ്യ ബനഡിക്ട് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായും മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ആദ്യത്തെ കാതോലിക്കാ ബാവാ അഭിവന്ദ്യ സിറിൽ ബസേലിയോസ് കാതോലിക്കാ ബാവയും ഇന്ന് സഭയുടെ തലവനും പിതാവുമായിരിക്കുന്ന അത്യഭിവന്ദ്യ കർദ്ദിനാൾ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമ്മിസ് കാതോലിക്കാ ബാവയും സഭയെ ആത്മീയമായും ഭൗതീകമായും വളർത്തുന്നതോടൊപ്പം സഭൈക്യത്തിനു വേണ്ടി ശക്തമായി പ്രവർത്തിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തിരുന്നു.

സ്വത്ത് തർക്കങ്ങൾക്കും കക്ഷിവഴക്കുകൾക്കും ഇടം കൊടുക്കാതെ ക്രിസ്തുവാകുന്ന ശിരസ്സിനോടു ചേർന്നുനിൽക്കുന്ന അവയവങ്ങളാകാൻ നമുക്ക് ആത്മാർത്ഥമായി ശ്രമിക്കാം. വി. ജോൺപോൾ രണ്ടാമൻ പാപ്പാ ‘അതിവേഗം വളരുന്ന  സഭ’ എന്ന് മലങ്കര സുറിയാനി കത്തോലിക്കാ സഭയെ വിശേഷിപ്പിക്കുകയുണ്ടായി. ഐക്യത്തിന്റെ സുവിശേഷം ലോകം മുഴുവനിലും അറിയിക്കുവാൻ പ്രത്യേകം കടമയുണ്ടെന്ന് ഓർക്കാം. അപ്പോൾ ജെറ. 32: 39-40 നമ്മിലും ലോകം മുഴുവനിലും നിറവേറും. ‘അവര്‍ക്കും അവരുടെ കാലശേഷം അവരുടെ സന്തതികള്‍ക്കും നന്മ വരുത്തുന്നതിന്‌ അവര്‍ എന്നേയ്ക്കും എന്നെ ഭയപ്പെടേണ്ടതിനു ഞാന്‍ അവര്‍ക്ക്‌ ഏകമനസ്സും ഏകമാര്‍ഗ്ഗവും നല്‍കും. ഞാന്‍ അവരുമായി ശാശ്വതമായ ഒരു ഉടമ്പടി ഉണ്ടാക്കും; അവര്‍ക്കു നന്മ ചെയ്യുന്നതില്‍ നിന്ന് ഞാന്‍ പിന്തിരിയുകയില്ല. അവര്‍ എന്നില്‍ നിന്ന് പിന്തിരിയാതിരിക്കാന്‍ എന്നോടുള്ള ഭക്തി ഞാന്‍ അവരുടെ ഹൃദയത്തില്‍ നിക്ഷേപിക്കും (ജെറ. 32 :39-40). അവനിൽ നാമെല്ലാം ഒന്നായി തീരുന്നതിന് പുനരൈക്യ വാർഷികാഘോഷങ്ങൾ പ്രചോദനമാകട്ടെ.

സുമ മാത്യു ചെടിയത്ത്