പാക്കിസ്ഥാന്‍ യുദ്ധകാലത്തെ നോര്‍ത്ത് – ഈസ്റ്റ് മിഷന്‍ പ്രവർത്തനം: ഫാ. സെബാസ്റ്റ്യൻ ഈറ്റോലിൽ മിഷൻ ജീവിതകാലം ഓർമ്മിക്കുന്നു

ഫാ. സെബാസ്റ്റ്യൻ ഈറ്റോലിൽ MCBS തന്റെ നോര്‍ത്ത് – ഈസ്റ്റ്  മിഷൻ ജീവിതകാലം ഓർമ്മിക്കുന്നു. 1969 മാര്‍ച്ചില്‍ സെമിനാരി പരീക്ഷയെല്ലാം ഭംഗിയായി കഴിഞ്ഞു. എവിടെ വേണമെങ്കിലും പൗരോഹിത്യശുശ്രൂഷ ചെയ്യാന്‍ അധികാരികളുടെ നിയമനം
കാത്തിരുന്നു. കേരളത്തിനു പുറത്തേയ്ക്ക് മിഷന്‍ പ്രവര്‍ത്തനത്തിനു പോകണം
എന്ന ആഗ്രഹം MCBS-ല്‍ ശക്തി പ്രാപിച്ചുവന്ന അവസരമായിരുന്നു. ഇതൊരു മിഷനറി സഭയാണെന്ന് തിരിച്ചറിയാന്‍ തുടങ്ങി.

ആയിടയ്ക്ക് ആസാമില്‍ ഡോണ്‍ ബോസ്‌കോ മിഷന്‍ പ്രവര്‍ത്തനത്തെപ്പറ്റി
കേട്ടു. ഗാരോഹില്‍സില്‍ ജോലി ചെയ്തിരുന്ന ഇ.വി. ജോര്‍ജ്ജച്ചന്‍ സ്റ്റഡിഹൗസില്‍ വന്ന് അവിടുത്തെ പ്രവര്‍ത്തനത്തെക്കുറിച്ച് മനോഹരമായ ഒരു വിവരണം നല്‍കി. അങ്ങനെ ഷില്ലോംഗ് അതിരൂപതയില്‍ സേവനം ചെയ്യുവാന്‍ തീരുമാനമായി.
മഠത്തിക്കണ്ടത്തിലച്ചനും ഞാനും അങ്ങോട്ടു പോകുവാന്‍ നിയോഗിക്കപ്പെട്ടു. അങ്ങനെ എന്റെ ആദ്യനിയമനം ആസാം മിഷനിലേയ്ക്കായിരുന്നു. ദൈവം എന്നെയും സുവിശേഷവേലയ്ക്കായി വിളിച്ചിരിക്കുന്നു. എത്ര വലിയ ഭാഗ്യം! ഈശോ
ശിഷ്യന്മാരോട് പറഞ്ഞു: ‘നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും
സുവിശേഷം പ്രസംഗിക്കുവിന്‍. വിശ്വസിച്ച് സ്‌നാനം സ്വീകരിക്കുന്നവന്‍
രക്ഷിക്കപ്പെടും. വിശ്വസിക്കാത്തവന്‍ ശിക്ഷിക്കപ്പെടും’ (മര്‍ക്കോ. 16:15). ഈ തിരുവചനം എന്നിലും നിറവേറുകയായിരുന്നു.

ആസാമിന് പുറപ്പെടാനുള്ള ദിവസം വന്നെത്തി. ആലുവാ സ്റ്റഡിഹൗസില്‍ നിന്ന്
1969 മെയ് 27-ന് അത്താഴവും യാത്രയയപ്പും കഴിഞ്ഞ് റെയില്‍വേ സ്റ്റേഷനിലെത്തി. അച്ചന്മാരും ബ്രദേഴ്‌സും യാത്ര അയയ്ക്കുവാനായി സ്റ്റേഷനില്‍ വന്നു. രാത്രി 10 മണിയോടെ ട്രെയിന്‍ എത്തി. എല്ലാവരും പ്രാര്‍ത്ഥനാപൂര്‍വ്വം വിടചൊല്ലി. മിനിറ്റുകള്‍ക്കുള്ളില്‍ ഞങ്ങള്‍ യാത്രയായി. മൂന്നാം ദിവസം കല്‍ക്കട്ടയിലെ സലേഷ്യന്‍ ഹൗസിലെത്തി.

അടുത്ത ദിവസം വിമാനമാര്‍ഗ്ഗം ആസാമിലെ ഗ്വോഹട്ടിയിലും എത്തി. തിരക്കേറിയ
നഗരത്തിലൂടെ ടാക്‌സിയില്‍ സലേഷ്യന്‍ പ്രൊവിന്‍ഷ്യന്‍ ഹൗസില്‍
എത്തിച്ചേര്‍ന്നു. അവിടെ അച്ചന്മാര്‍ സന്തേഷപൂര്‍വ്വം സ്വീകരിച്ച് എല്ലാ കാര്യങ്ങളും പരിചയപ്പെടുത്തി. അടുത്ത ദിവസം രൂപത ആസ്ഥാനമായ ഷില്ലോംഗ്
മലമുകളിലേയ്ക്കു പോയി. അവിടെ വച്ച് ബിഷപ്പ് ഹൗസും ഡോണ്‍ ബോസ്‌കോ വൈദികര്‍ നടത്തുന്ന സ്‌കൂളും മറ്റ് സ്ഥാപനങ്ങളും അത്ഭുതത്തോടെ വീക്ഷിച്ചു.
ആര്‍ച്ച്ബിഷപ്പ് സ്റ്റീഫന്‍ ഫെരാന്റോയും ചാന്‍സലര്‍ ബിയാങ്കിയച്ചനും
സന്തോഷത്തോടെ സ്വീകരിച്ചു. ഷില്ലോംഗിലെ കുളിര്‍മ്മയുള്ള കാലാവസ്ഥയും
പൈന്‍ മരങ്ങളും ഞങ്ങളില്‍ ഏറെ കൗതുകം പകര്‍ന്നു.

1921 മുതല്‍ യൂറോപ്പില്‍ നിന്നുള്ള സലേഷ്യന്‍ മിഷനറിമാര്‍ അവിടെ പ്രവര്‍ത്തിക്കയാണ്. പീന്നീട് ഒരാഴ്ച്ചത്തേയ്ക്ക് ലത്തീന്‍ കുര്‍ബാനക്രമം പരിശീലിക്കാനായി അവിടുത്തെ സെമിനാരിയില്‍ താമസിച്ചു. തുടര്‍ന്ന് ദീര്‍ഘദൂര ബസ് യാത്ര ചെയ്ത് ഗാരോ ഭാഷ സംസാരിക്കുന്ന ഗാരോഹില്‍സില്‍ എത്തി. അവിടെ തൂറാ കേന്ദ്രമാക്കിയ ഒരു വലിയ മിഷന്‍ പ്രദേശമാണ്. അവിടെ ദൂത്‌നൈ എന്ന മിഷനില്‍ ഒരു മൂന്ന് മാസത്തേയ്ക്ക് ഗാരോഭാഷ പരിശീലിച്ചു. പിന്നെ ബാഗ്മാറാ മിഷനില്‍ ഞാനും, ഡാലു മിഷനില്‍ മഠത്തിക്കണ്ടം അച്ചനും നിയമിതരായി. അവിടെ റേഡിയോ വഴി പുറംലോകത്തെ വാര്‍ത്തകള്‍ കിട്ടിയിരുന്നു. പത്രങ്ങള്‍ കിട്ടാന്‍ യാതൊരു വഴിയുമില്ലായിരുന്നു. 1969-ല്‍ നീല്‍ ആം സ്‌ട്രോങ് ചന്ദ്രനില്‍ കാല്
കുത്തിയെന്ന് റേഡിയോയിലൂടെയാണ് അറിഞ്ഞത്.

പാക്കിസ്ഥാന്‍ യുദ്ധം

1970-ല്‍ മേഘാലയാ സംസ്ഥാനം രൂപപ്പെട്ടു. 1971 ഡിസംബറിലായിരുന്നു പാക്കിസ്ഥാന്‍ യുദ്ധം. അതോടെയാണല്ലോ ബംഗ്ലാദേശ് ഒരു സ്വതന്ത്ര രാജ്യമാകുന്നത്. യുദ്ധത്തിന്റെ ഭീകരത ശരിക്കും കണ്ടറിഞ്ഞ നാളുകളായിരുന്നു അത്. എന്റെ ബാഗ്മാറാ മിഷന്‍ ബംഗ്ലാദേശിന്റെ അതിര്‍ത്തിയിലായിരുന്നു. അവിടെ രണ്ടു വശത്തും പട്ടാളക്യാമ്പുകള്‍ സജീവമായിരുന്നു. ഇന്ത്യന്‍ സൈഡിലും പാക്കിസ്ഥാന്‍ സൈഡിലും ഏറെ നാശനഷ്ടങ്ങളുണ്ടായി. പാക്കിസ്ഥാനില്‍ നിന്നും വെടിയുണ്ടകള്‍ നിരന്തരം ചീറിപ്പാഞ്ഞു വന്നുകൊണ്ടേയിരുന്നു. ഏതു നിമിഷവും എന്തും സംഭവിക്കാവുന്ന അന്തരീക്ഷം. ഒരിക്കല്‍ അതിര്‍ക്കടുത്ത് ഞങ്ങള്‍ മിഷനറി പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കെ എന്റെ തലയ്ക്കു മീതെ ഒരു വെടിയുണ്ട മൂളിപ്പാഞ്ഞുപോയി. ദൈവാനുഗ്രഹം. ഒന്നും സംഭവിച്ചില്ല!

ആ സംഘര്‍ഷങ്ങള്‍ക്കിടയില്‍ അഭയാര്‍ത്ഥികള്‍ ഇന്ത്യയിലേയ്ക്ക് ഇരച്ചുകയറി.
ബാഗ്മാറാ പ്രദേശത്ത് ഒരു ലക്ഷത്തോടടുത്ത് അഭയാര്‍ത്ഥികള്‍ വന്നുനിറഞ്ഞു.
പല ഏജന്‍സികള്‍ വന്ന് ക്യാമ്പുകളും ഭക്ഷണവും മരുന്നും എത്തിച്ചുകൊണ്ടിരുന്നു. ക്യാമ്പിലൂടെ കൊച്ചുകുട്ടികള്‍ കരഞ്ഞുകൊണ്ട് ഓടിപ്പാഞ്ഞു നടക്കുന്ന കാഴ്ച കരളലിയിപ്പിക്കുന്നതായിരുന്നു. ഇന്ത്യയില്‍ നിന്നും പുറത്തുനിന്നും രക്ഷാപ്രവര്‍ത്തകര്‍ രാപ്പകല്‍ സേവനം ചെയ്തിരുന്നു.

അഭയാര്‍ത്ഥികളുടെ കൂടെ വന്ന ഒന്ന്-രണ്ട് കത്തോലിക്കാ വൈദികര്‍ ക്യാമ്പില്‍ താമസിച്ച് ബംഗാളിയില്‍ ജപമാലയ്ക്ക് നേതൃത്വം കൊടുക്കുന്നതും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതും കാണാമായിരുന്നു. ഒരു മാസത്തോളം ഈ സ്ഥിതി തുടര്‍ന്നു. ക്യാമ്പില്‍ മരിക്കുന്നവരെയൊക്കെ അവിടെത്തന്നെയുള്ള ഒരു ആറിന്റെ തീരത്തുള്ള മണല്‍പ്പരപ്പില്‍ ഒരു കുഴിയുണ്ടാക്കി മറവ് ചെയ്തിരുന്നു. അഭയാര്‍ത്ഥി ക്യാമ്പുകള്‍ സന്ദര്‍ശിച്ച് ഞങ്ങള്‍ അവര്‍ക്ക് ആശ്വാസം പകരുന്നതിനും വേണ്ട സഹായങ്ങള്‍ നല്‍കുന്നതിനും ശ്രദ്ധിച്ചിരുന്നു.

യുദ്ധം തീര്‍ന്നതിനു ശേഷമാണ് അഭയാര്‍ത്ഥികള്‍ തിരിച്ചുപോയത്. മുജീമുര്‍
റഹിമിന്റെ നേതൃത്വത്തില്‍ ബംഗ്ലാദേശില്‍ പുതിയ ഗവണ്മെന്റ് രൂപീകരിച്ചു.
യുദ്ധത്തില്‍ നമ്മുടെ മിഷന്‍ സ്‌കൂള്‍ കെട്ടിടം പാക്കിസ്ഥാന്റെ ഷെല്ല് വീണ് തകര്‍ന്നുപോയിരുന്നു. സ്‌കൂളിന്റെ ഒരറ്റത്ത് കരിമ്പുക ഉയരുന്നത് ഞങ്ങള്‍ ദൂരെ നിന്നു കണ്ടു. ഞങ്ങള്‍ കെട്ടിടത്തിനടുത്തേയ്ക്ക് പോകാന്‍ ശ്രമിച്ചപ്പോള്‍ രണ്ട് പട്ടാളക്കാര്‍ വന്ന് ഞങ്ങളോട് പറയുകയാണ്: ‘കുറച്ച് വെള്ളം കൊണ്ടുവരികയാണെങ്കില്‍ നമുക്ക് തീ കെടുത്താം’ എന്ന്. പക്ഷെ ആ സമയം
വെള്ളം കിട്ടാന്‍ യാതൊരു മാര്‍ഗ്ഗവുമില്ലായിരുന്നു. തീ പടര്‍ന്ന് സ്‌കൂള്‍ മുഴുവന്‍ ഞങ്ങളുടെ കണ്‍മുന്നില്‍ കത്തിയമര്‍ന്നു. എന്നാല്‍ തൊട്ടടുത്തുണ്ടായിരുന്ന മിഷന്‍ പള്ളി ഒരു കേടും പറ്റാതെ രക്ഷിക്കപ്പെട്ടു. ഫാത്തിമാറാണി പള്ളി എന്നാണ്അ തറിയപ്പെടുന്നത്.

അടുത്ത ദിവസം രാവിലെ കുറെയാളുകള്‍ അവിടെ വന്നു. സ്‌കൂളിരുന്നിടത്ത് ഒരു
ചാരക്കൂമ്പാരം മാത്രം കാണാനുണ്ട്. സ്‌കൂളില്‍ അഭയാര്‍ത്ഥികള്‍ സൂക്ഷിച്ചിരുന്ന കുറെ സൈക്കിളുകളും ചാക്കുകെട്ടുകളും വീട്ടുപകരണങ്ങളും കത്തിനശിച്ചു പോയിരുന്നു. ആ സ്‌കൂള്‍ പിന്നീട് പുനരുദ്ധരിക്കാന്‍ സര്‍ക്കാര്‍ സഹായം ചോദിച്ചുവെങ്കിലും കിട്ടിയില്ല. പീന്നീടത് മിഷന്‍ചിലവില്‍ തന്നെ പണിതു പൂര്‍ത്തിയാക്കി.

ഗാരോഹില്‍സ് മിഷന്‍

ഷില്ലോംഗിന്റെ ഭാഗമായിരുന്ന ഗാരോഹില്‍സ് തൂറാ ആസ്ഥാനമാക്കി പുതിയ രൂപത
1972-ല്‍ സ്ഥാപിതമായി. ബിഷപ്പ് മാരേംഗോ ആദ്യ മെത്രാനായി. പിന്നീട് ബിഷപ്പ് മരേംഗോ (Marengo) വിരമിക്കുകയും കേരളത്തില്‍ നിന്ന് ഫാ. ജോര്‍ജ്ജ് മാമലശ്ശേരി ബിഷപ്പാവുകയും ചെയ്തു. ഇപ്പോള്‍ അവിടെ ആ നാട്ടുകാരനായ ബിഷപ്പ് മറാക്കാണ് രൂപതാദ്ധ്യക്ഷന്‍. 1972 മുതല്‍ MCBS-ല്‍ നിന്ന് മാത്യു കിഴക്കേമുറിയച്ചനും ജോസഫ് പുതിയിടത്തിലച്ചനും ഫിലിപ്പ് കരോട്ടച്ചനും ജോസഫ് പൂപ്പള്ളിയച്ചനും മിഷനിലേയ്ക്ക് വന്നു.

മിഷന്‍ പ്രവര്‍ത്തനം നല്ല ചിട്ടയിലും ക്രമത്തിലും നടക്കുന്ന പ്രദേശമാണ് ഗാരോഹില്‍സും മറ്റനേകം നോര്‍ത്ത് ഈസ്റ്റ് മിഷനുകളും. മുപ്പതോ നാല്‍പ്പതോ
ഗ്രാമങ്ങള്‍ ഓരോ മിഷന്‍ സ്റ്റേഷനുകളോടും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. ഓരോ ഗ്രാമത്തിലും ചെറിയ പള്ളിയും സ്‌കൂളും ഉണ്ടാകും. ഒരു കാറ്റികിസ്റ്റ് ഒരു ഗ്രാമത്തിന് നേതൃത്വം കൊടുക്കും. ഞായറാഴ്ചകളില്‍ പ്രാര്‍ത്ഥനാകൂട്ടായ്മ, മതബോധനം, മാമ്മോദീസായ്ക്ക് ഒരുക്കുക, കല്യാണത്തിന് ദമ്പതികളെ ഒരുക്കുക, പഠിപ്പിക്കുക അങ്ങനെയെല്ലാം ചെയ്യുന്നത് ഈ കാറ്റികിസ്റ്റാണ്.

1973-ല്‍ ഞാനും ഫിലിപ്പ് കരോട്ടച്ചനും പുതിയ മിഷന്‍ TIKRIKILLA ആരംഭിച്ചു. ഇ.വി. ജോര്‍ജ്ജച്ചന്‍ അതിന്റെ പ്രാരംഭ ഒരുക്കങ്ങള്‍ ചെയ്തിരുന്നു. പുതിയ സെന്ററിന്റെ ഉദ്ഘാടനത്തിനും ആശീര്‍വാദത്തിനും ബിഷപ്പ് മരേംഗോ എത്തിയിരുന്നു. അവിടുത്തെ ജനങ്ങളെല്ലാം നന്നായി സഹകരിച്ചു. പിന്നീട് പുതിയ പള്ളിമുറിയും ഹോസ്റ്റലും ഇംഗ്ലീഷ് മീഡിയം സ്‌കൂളും ആരംഭിച്ചു.

TIKRIKILLA പ്രദേശത്ത് കുറച്ച് പാടവും കൃഷിയും ഉള്ളവരുണ്ട്. കൂടുതല്‍
ആള്‍ക്കാരും മലയോരങ്ങളില്‍ അദ്ധ്വാനിച്ച് കൃഷി ചെയത് കഴിയുന്നവരാണ്. മിക്കവാറും പട്ടിണിയും പരിവട്ടവുമായി കഴിയുന്നവര്‍. മിഷനില്‍ നിന്ന് ഞങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്തിരുന്നു. ആയിടെ അമേരിക്കന്‍ സഹായമായി ഗോതമ്പും പാല്‍പ്പൊടിയും മേയ്‌സ് പൊടിയും പാചക എണ്ണയും വന്നിരുന്നു. അനേകം ആളുകള്‍ ധാന്യം മേടിക്കാന്‍ വളരെ ദൂരെ നിന്നും കാല്‍നടയായി വന്നുകൊണ്ടിരുന്നു. ബൈബിളിലെ കഥ ഓര്‍ത്തുപോകുന്നു. ഈജിപ്തിലെ പട്ടിണിയെ നേരിടാന്‍ ദൈവം ജോസഫിനെ നിയോഗിച്ചു.

ഫറവോന്‍ രാജാവ് ജോസഫിനെ ഈജിപ്ത് മുഴുവന്റെയും കാര്യസ്ഥനായി നിയമിച്ചു.
ജനമെല്ലാം ജോസഫിന്റെ പക്കലേയ്ക്ക് പോയി. തുടര്‍ന്ന് ജോസഫ് വളരെ ആഗ്രഹിച്ച
ഒരു കുടുംബസംഗമം നടക്കുകയാണ്. മിഷനറിമാര്‍ ദൈവപരിപാലനയില്‍ പഴയനിയമത്തിലെ ജോസഫിന്റെ കാരുണ്യവഴി തുടരാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നു (ഉല്‍. 41). അമേരിക്കയുടെ മഹാമനസ്‌കതയ്ക്ക് നന്ദി.

TIKRIKILLA മിഷനില്‍ ഒരു എല്‍.പി. സ്‌കൂള്‍ നേരത്തെ ഉണ്ടായിരുന്നു. ഇമ്മാനുവേല്‍ സാറും നോരേഷ് സാറും പഠിപ്പിച്ചിരുന്നു. ഒരു ജൂണ്‍ മാസത്തില്‍ ഒരു വലിയ സംഭവമുണ്ടായി. ഇടിയും മിന്നലുമുള്ള ഒരു മഴക്കാലരാത്രി പുല്ലുമേഞ്ഞ സ്‌കൂളിന് ഇടിവെട്ടി. ഞെട്ടിയുണര്‍ന്ന് നോക്കിയപ്പോള്‍ സ്‌കൂള്‍ കെട്ടിടം എരിഞ്ഞുകത്തുന്നു. തൊട്ടടുത്ത് താമസിച്ചിരുന്ന കുറച്ചാളുകള്‍ ഓടിയെത്തി കുറെ ബഞ്ചും മേശയും വലിച്ച് പുറത്തിട്ടു. ബാക്കിയെല്ലാം കത്തിനശിച്ചു. ഏറെ നാളെടുത്ത് അത് പുനരുദ്ധരിച്ചു. വിദ്യാഭ്യാസപരവും കാര്‍ഷികപരവുമായി നിരവധി കാര്യങ്ങള്‍ അവിടെ ചെയ്യാന്‍ ജനങ്ങള്‍ സഹകരിച്ചു.

ഫാ. സെബാസ്റ്റ്യൻ ഈറ്റോലിൽ MCBS