കൊച്ചിനെ തോളത്തുറക്കി, പള്ളിയില്‍ അച്ചന്റെ പ്രസംഗം

ആഫ്രിക്കയിലെ നമീബിയയില്‍ മിഷന്‍ പ്രവര്‍ത്തനം ചെയ്യുന്ന ഫാ. നിധിന്‍ ജോസഫ്‌ കപ്പൂച്ചിന്റെ ഒരു രസകരമായ അനുഭവം.

സംഭവം നടന്നിട്ട് കുറച്ചു കാലം ആയിക്കാണും. ഇവിടെ എല്ലാ ഞായറാഴ്ച്ചയും വൈകുന്നേരം കുര്‍ബാന ഉണ്ട്. വളരെ ചെറിയ ഒരു ഗ്രൂപ്പ്‌ മാത്രമാണ് അതില്‍ പങ്കെടുക്കാന്‍ വരിക. മൂന്ന് കുടുംബങ്ങളും, പിന്നെ കുറച്ച് ആളുകളും. മൊത്തം 15 പേർ കാണും.

ഇത്രേം പേരേ ഉള്ളെങ്കിലും ഇവരുടെ ഒപ്പം വരുന്ന നാലഞ്ചു കുഞ്ഞുങ്ങള്‍ ഉണ്ട്. ഒരു രക്ഷയും ഇല്ല. കുര്‍ബാന തുടങ്ങുമ്പോള്‍ തൊട്ടു  കുഞ്ഞുങ്ങള്‍  കരച്ചില്‍ തുടങ്ങും. എല്ലാം കുഞ്ഞുങ്ങള്‍ അല്ലേ. മിണ്ടാതിക്കാന്‍ പറഞ്ഞാല്‍ നമ്മള്‍ ചമ്മും. ഒന്നു രണ്ടു പ്രാവശ്യം കാര്‍ന്നോന്മാരോട് പറഞ്ഞു; പള്ളിയില്‍ കുഞ്ഞുങ്ങളെ കൊണ്ടു വരുന്നതിനു മുന്‍പേ അവര്‍ക്ക് പറഞ്ഞു കൊടുക്കണം പള്ളിയില്‍ ഒച്ചയുണ്ടാക്കല്ലേ എന്ന്. എന്തായാലും ഉപദേശത്തിന്റെ ആണോ അതോ ദൈവാനുഗ്രഹം കൊണ്ടാണോ പതിയെ പതിയെ എല്ലാരും ഒച്ചയും ബഹളവും ഒക്കെ കുറച്ചു കൊണ്ട് വന്നു.

പക്ഷേ, ഒരുത്തന്‍ (ഉള്ളതിലെ ഏറ്റവും ചെറുതാണ് അവന്‍) മാത്രം ബഹളം തുടര്‍ന്നു. ഒരു രക്ഷയും ഇല്ല. കഷ്ടി പിച്ച വെച്ച് വരുന്ന പ്രായം ആണ്. അവന്‍ അവനെ കൊണ്ട് പറ്റുന്ന പോലെ ഒക്കെ ഒച്ചപ്പാട് തുടര്‍ന്നു. ഞാന്‍ അള്‍ത്താരയില്‍ നിന്ന് പ്രസംഗം തുടങ്ങുമ്പോള്‍, അവൻ  താഴെ അവന്റെ പ്രസംഗം തുടങ്ങും! അവന്റെ കളി കണ്ടു ഞാന്‍ പറയാന്‍ വന്നത് മൊത്തം കുളം ആകുകയും ചെയ്യും.

ഒരു ദിവസം പ്രസംഗം തുടങ്ങിയപ്പോള്‍ ഒരിക്കലും ഇല്ലാത്ത രീതിയില്‍ അവന്‍ കരച്ചില്‍ തുടങ്ങി. അപ്പനും അമ്മയും മാറി മാറി എടുത്തിട്ടും ഒരു രക്ഷയും ഇല്ല. കുറച്ചു കഴിഞ്ഞപ്പോൾ എന്റെ പിടിവിട്ടു. ഞാൻ സഹികെട്ടു പ്രസംഗത്തിന്റെ ഇടയ്ക്കു വച്ച് താഴെ ചെന്ന്, അവനെ കയ്യില്‍ എടുത്തു തോളത്ത് ഇട്ടു. മൊത്തത്തില്‍ എല്ലാര്‍ക്കും ഒരു അമ്പരപ്പ്. അവനും ആകപ്പാടെ കണ്‍ഫ്യൂഷന്‍! ഇങ്ങനെ ഒരു സ്ട്രാറ്റജിക് നീക്കം അവൻ ഒട്ടും പ്രതീക്ഷിച്ചില്ല. എന്തായാലും ആ അമ്പരപ്പില്‍ അവന്‍ കരച്ചില്‍ നിര്‍ത്തി. എന്നിട്ട് എന്റെ തോളത്തു ചാഞ്ഞു സുഖമായി കിടന്നു.

അവന്‍ കരച്ചില്‍ നിര്‍ത്തിയ സമാധാനത്തില്‍ ഞാന്‍ പറയാന്‍ ഉള്ളത് പറയുകയും ചെയ്തു. ആളുകള്‍ക്കും രസകരമായ ഒരു കാഴ്ച്ച. തോളത്തു കൊച്ചിനെയും വച്ചോണ്ട് അച്ചന്റെ പ്രസംഗം. പ്രസംഗം കഴിഞ്ഞു, അവനെ തിരികെ കൊടുക്കാന്‍ നോക്കിയപ്പോള്‍ ആണ് എനിക്ക് ഏറ്റവും സന്തോഷം തോന്നിയത്. അലറി കരഞ്ഞുകൊണ്ടിരുന്ന ചെക്കന്‍ എന്റെ തോളത്തു കിടന്ന് നല്ല ഉറക്കം.

പ്രസംഗം കേട്ടു നാട്ടുകാര്‍ ഉറങ്ങുന്നത് കണ്ടിട്ടുണ്ട്. അതില്‍ എനിക്ക് തെല്ലു സങ്കടം ഇല്ലാതില്ല. അതു അവരുടെ ക്ഷീണം കൊണ്ടാണല്ലോ എന്നു ഓർത്തു ഞാൻ അങ്ങു സമാധാനിക്കും. പക്ഷേ എന്നാലും ഇവന്‍ എന്റെ പ്രസംഗം, എന്റെ തോളത്ത് കിടന്നു കേട്ട്, കൂര്‍ക്കം വലിച്ചു ഉറങ്ങിയല്ലോ എന്ന് ഓര്‍ക്കുമ്പോള്‍ എനിക്ക് പെരുത്ത സന്തോഷം.

കക്ഷി വലുതായി. ഇപ്പൊ ഒരു രണ്ടു വയസ് ആയിക്കാണും. പണ്ടത്തെ ബഹളങ്ങള്‍ ഒക്കെ ഒത്തിരി മാറി. പള്ളിയില്‍ അത്യാവശ്യം മാന്യന്‍ ആണ്.

ഫാ. നിധിന്‍ ജോസഫ്‌ കപ്പൂച്ചിന്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.