ദേവാലയമായി തീര്‍ന്ന ആ കൊച്ചു മഠം

സി. അനിത വര്‍ഗ്ഗീസ് എസ്.ജെ.

രണ്ടുവര്‍ഷം മുമ്പ് ഞാനും എന്റെ സഹപ്രവര്‍ത്തകയുമായ ഒരു സിസ്റ്ററും ഒന്നിച്ച് ഒരു ആദിവാസിഗ്രാമത്തില്‍ വസിക്കുന്ന കാലം. ഗ്രാമവാസികള്‍ ഞങ്ങള്‍ക്ക് താമസിക്കുവാന്‍ തന്നിരിക്കുന്ന ചെറിയ വീട്ടില്‍, ഞങ്ങള്‍, ഞങ്ങളുടെ ചെറിയ ശുശ്രൂഷകളുമായി, ഗ്രാമവാസികളുടെ ജീവിതശൈലികള്‍ ഉള്‍ക്കൊണ്ടുകൊണ്ട്, ആശ്രമരീതിയിലുള്ള ഞങ്ങളുടെ പുതിയ മിഷനിലെ ആവേശം നിറഞ്ഞ ജീവിതയാത്ര ആരംഭിച്ചു.

പുലര്‍ച്ചെ മൂന്നു മണിക്ക് എഴുന്നേറ്റ് ആരാധനയും തുടര്‍ന്ന് വിശുദ്ധ ബലിയിലും പങ്കെടുത്ത്, സ്വയം പാകം ചെയ്യുന്ന ലഘുഭക്ഷണത്തിനു ശേഷം വീണ്ടും ഒരു മണിവരെ ആരാധനയില്‍ ചിലവഴിച്ച്, ഉരുളക്കിഴങ്ങും, പരിപ്പും, അരിയും കൂട്ടിക്കലര്‍ത്തിയ കിച്ചടി (അവിടത്തെ പാവപ്പെട്ട ഗ്രാമീണരുടെ ഒരു ലളിതമായ ഭക്ഷണമാണിത്) കുക്കറില്‍ തയ്യാറാക്കി ഭക്ഷിച്ചതിനു ശേഷം, ഗ്രാമത്തിലെ പാവപ്പെട്ട മക്കളെ പഠിപ്പിച്ച്, പിന്നെയുള്ള സമയം ഭവനസന്ദര്‍ശനം നടത്തും. ഞങ്ങളുടെ മുടങ്ങാതെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഒന്നായിരുന്നു അത്.

ബരേല എന്ന ഈ ആദിവാസി വിഭാഗത്തിലെ ഒരു വലിയ പ്രത്യേകതയായിരുന്നു ഇഷ്ടമുള്ള പുരുഷന്മാര്‍ക്ക് രണ്ടോ, മൂന്നോ ഭാര്യമാരെ സ്വീകരിക്കാം എന്നുള്ളത്. ഒട്ടുമുക്കാല്‍ വീടുകളിലും ഇവര്‍ ഒരു കൂട്ടുകുടുംബം പോലെ ഒന്നിച്ചു ജീവിക്കുന്നു. അവരുടെ പല കുടുംബപ്രശ്‌നങ്ങള്‍ക്കും ഞങ്ങളിലൂടെ ഈശോ അവര്‍ക്ക് ഉത്തരം കൊടുത്തിരുന്നു. ഭവനസന്ദര്‍ശനത്തിനു ശേഷം സന്ധ്യയാകുമ്പോള്‍ ഞങ്ങളുടെ ഭവനത്തില്‍ തിരിച്ചുവന്ന് ഗ്രാമവാസികളോടൊപ്പം പ്രയത്‌നിക്കുക ഞങ്ങളുടെ പതിവായിരുന്നു. ഒരു സൗകര്യവും ഇല്ലാത്ത ഒരു മുറിയും, ഭക്ഷണം പാകം ചെയ്യാന്‍ ചെറിയ ചായ്‌ച്ചെറക്കും മാത്രമുള്ള ആ കൊച്ചുവീട്ടിലെ ജീവിതം ഇന്നും എന്റെ മനസ്സില്‍ പച്ചകെടാതെ നിലകൊള്ളുന്നു.

മുപ്പത്തിനാലു വര്‍ഷത്തെ സന്യാസജീവിതത്തിനിടയില്‍ ഏറ്റവും അധികം ഈശോയെ അനുഭവിച്ച കാലഘട്ടമായിരുന്നു അത്. പൂട്ടും താഴുകളില്ലാത്ത ഒരു മുറിയില്‍, പകല്‍ ഈശോയെ എഴുന്നള്ളിച്ച് വച്ച് ആരാധിക്കുക, അതേ മുറി രാത്രിയില്‍ ഞങ്ങളുടെ കിടപ്പുമുറിയായി മാറുന്നു. ഒട്ടും ജീവിതസൗകര്യങ്ങള്‍ ഇല്ലാതിരുന്നെങ്കിലും, എല്ലാത്തിലും ഒത്തിരി ആത്മീയസന്തോഷവും സംതൃപ്തിയും അനുഭവിക്കാന്‍ സാധിച്ചിരുന്നു. ഞങ്ങളുടെ ചുറ്റും വസിച്ചിരുന്ന പാവപ്പെട്ട ഗ്രാമീണര്‍ പലപ്പോഴും ഞങ്ങള്‍ക്ക് അവരുടെ അദ്ധ്വാനത്തിന്റെ ഒരു പങ്ക് തരുമായിരുന്നു.

അവരുടെ ഭക്ഷണരീതി ഓരോ സീസണിലും വ്യത്യസ്തമാണ്. തണുപ്പുകാലമായാല്‍ ശരീരത്തിന് ചൂട് നല്‍കാന്‍ സഹായിക്കുന്ന ചോളമാണ്, ഗോതമ്പിനു പകരം മിക്ക പാവപ്പെട്ട ജനങ്ങളും ഉപയോഗിക്കുക. ചോളപ്പൊടിയില്‍ അല്‍പം വെള്ളം ചേര്‍ത്ത് കുഴച്ച് ഉള്ളം കൈയ്യില്‍ വെച്ച് കൈകൊണ്ട് തന്നെ പരത്തി വലിയ വട്ടത്തിലാക്കി കനലില്‍ ഇട്ട് ചുട്ട് എടുക്കുന്ന ചോളറൊട്ടികള്‍ വളരെ സ്വാദേറിയതാണ്. അതിന്റെ കൂടെ കടലയുടെ ഇലകൊണ്ടുള്ള ഇലക്കറിയും. അസ്തമയമാകുമ്പോള്‍ വയലില്‍ തീകൂട്ടി അതിന്റെ ചുറ്റും കൂടുമായിരുന്നു. തീ കാഞ്ഞ് വയലില്‍ നിന്നും പകുതി മൂപ്പായ കടല പറിച്ച് ചുട്ടുതിന്നുക, പച്ച ഗോതമ്പ് ചുട്ടുതിന്നുക ഇതൊക്കെ ഗ്രാമീണരുടെ ജീവിതത്തിന്റെ വ്യത്യസ്തശൈലികളാണ്. ഇങ്ങനെയുള്ള കൂട്ടങ്ങളില്‍ ഞങ്ങളും കൂടുക പതിവായിരുന്നു.

ഇതിനിടയില്‍ ഈശോയെക്കുറിച്ചും ക്രിസ്തുമതത്തെക്കുറിച്ചും വ്യത്യസ്ത ഗാനങ്ങളിലൂടെയും സംസാരത്തിലൂടെയും വലിയൊരു സന്ദേശം ഇവര്‍ക്ക് ഞങ്ങള്‍ പങ്കുവച്ചിരുന്നു. വചനപ്രഘോഷണത്തിനുള്ള ശക്തമായ ഒരു വേദിയായിരുന്നു ഇത്. ഉച്ചയ്ക്ക് ശേഷം ഗ്രാമത്തിലെ കുട്ടികളെയെല്ലാം ഞങ്ങളുടെ അരികിലേക്ക് പഠിപ്പിയ്ക്കാന്‍ വിടുക ഗ്രാമവാസികള്‍ക്ക് വലിയ താല്‍പര്യമായിരുന്നു. പഠനത്തിനിടയിലൂടെ ദൈവവചനം പഠിപ്പിക്കുക, ക്രിസ്തീയ ഭജനങ്ങള്‍ (അതായത് ചെറിയ പാട്ടുകള്‍) ഡാന്‍സ് രൂപത്തില്‍ പഠിപ്പിക്കുക, ശുചിത്വം, നല്ല പെരുമാറ്റ രീതികള്‍, ഇവയെപ്പറ്റിയുള്ള ക്ലാസ്സുകള്‍ ഞങ്ങള്‍ പങ്കുവയ്ക്കുമായിരുന്നു. ഇവരുമായി ജീവിച്ചിരുന്ന ഈ കാലത്ത് എന്റെ മനസ്സില്‍ പലപ്പോഴും അലയടിച്ചുകൊണ്ടിരുന്ന ഒരു വചനമായിരുന്നു മത്താ. 9:36-38. ”അവര്‍ ഇടയനില്ലാത്ത ആടുകളെപ്പോലെ പരിഭ്രാന്തരും നിസ്സഹായരുമായിരുന്നു. വിളവധികം, വേലക്കാരോ ചുരുക്കം. അതിനാല്‍, തന്റെ വിളഭൂമിയിലേക്ക് വേലക്കാരെ അയക്കാന്‍ വിളവിന്റെ നാഥനോടു പ്രാര്‍ത്ഥിക്കുവിന്‍.”

ഒരിക്കല്‍ ഞങ്ങള്‍ കുട്ടികളെ പഠിപ്പിച്ചതിനുശേഷം, എല്ലാവരേയും തൊട്ടടുത്തുള്ള കിണറിനരികിലേക്ക് കൊണ്ടുപോയി. കാരണം ചൊറിയുടെ ചീഞ്ഞളിഞ്ഞ മണം കാരണം കുട്ടികളെ പഠിപ്പിക്കുവാനോ അവരെ ഒന്ന് തൊടുവാനോ ഞങ്ങള്‍ക്ക് അറപ്പ് തോന്നിയിരുന്നു. ഞങ്ങള്‍ തന്നെ സോപ്പും എണ്ണയും വാങ്ങി കുട്ടികളെ കുളിപ്പിച്ച്, പൗഡര്‍ ഇട്ട്, പൊട്ടും കുത്തി കൊടുത്തപ്പോള്‍ ആ സ്ഥലം ഒരു വലിയ ദേവാലയമായി മാറിയതിന്റെ പ്രതീതി. പഴയകാലത്തെ ഏതോ ഒരു ഗാനത്തിന്റെ ഈരടികള്‍ എന്റെ മനസ്സിലുയര്‍ന്നു. ”മനുഷ്യന്‍ മനുഷ്യനെ സ്‌നേഹിക്കുമ്പോള്‍ മനസ്സില്‍ ദൈവം ജനിക്കുന്നു. മനുഷ്യന്‍ മനുഷ്യനെ വെറുക്കുമ്പോള്‍ മനസ്സില്‍ ദൈവം മരിക്കുന്നു.” ഈശോയുടെ സ്‌നേഹം പങ്കുവച്ച ഒരു വലിയ അനുഭവമായി ഞങ്ങളുടെ ഈ കൊച്ചുപ്രവര്‍ത്തിയെ ഗ്രാമവാസികള്‍ അനുഭവിച്ചു. 75 കുട്ടികളുടെ കുളി തീര്‍ന്നപ്പോഴേയ്ക്കും ഏകദേശം 500-ഓളം ഗ്രാമവാസികള്‍ ഈ സന്തോഷം പങ്കിടാന്‍ ഞങ്ങളുടെ ചുറ്റും കൂടി. മാസത്തില്‍ ഒരു തവണയെങ്കിലും ഇങ്ങനെ ചെയ്യണേ എന്ന് അവര്‍ ഞങ്ങളോട് ആവശ്യപ്പെട്ടു. പിന്നെ ഞങ്ങളിത് ഞങ്ങളുടെ പ്രവര്‍ത്തനത്തിന്റെ ഒരു ഭാഗമാക്കി മാറ്റി.

ഇത് വായിച്ചുകൊണ്ടിരിക്കുന്ന സഹോദരി-സഹോദരങ്ങളെ, കുഞ്ഞുമക്കളെ, ഇന്നുമുതല്‍ നമുക്കൊരു ചെറിയ പ്രതിജ്ഞയെടുക്കാം. മറ്റുള്ളവര്‍ക്കുവേണ്ടി നമ്മളാല്‍ കഴിയുന്ന ചെറിയ നന്മകള്‍ ഈശോയോടുള്ള വലിയ സ്‌നേഹത്തെപ്രതി ചെയ്യുക എന്നത്. അത് വലിയൊരു മിഷന്‍ അനുഭവത്തിലേയ്ക്ക് വളരാന്‍ നമ്മെ സഹായിക്കും. നമ്മുടെ ഇടവകയിലും ചില യുവജനങ്ങള്‍ ഈശോയോടുള്ള വലിയ സ്‌നേഹത്തെപ്രതി ഒത്തിരി വലിയ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ത്യാഗം നിറഞ്ഞ അവരുടെ പ്രവര്‍ത്തനങ്ങളെ നമുക്ക് പ്രത്യേകം പ്രോത്സാഹിപ്പിക്കാന്‍ പരിശ്രമിക്കാം. നമ്മുടെ ഇടവകയും ഇടവകയിലെ മറ്റു സ്ഥലങ്ങളും പുതിയ മിഷന്‍ മേഖലകളായി നമുക്കോരോരുത്തര്‍ക്കും തിരഞ്ഞെടുക്കാം. അങ്ങനെ ഈശോ നമ്മിലും നമ്മുടെ ചുറ്റിലും വളരട്ടെ. ഒത്തിരി സ്‌നേഹത്തോടെ,

സിസ്റ്റര്‍ അനിത വര്‍ഗ്ഗീസ് എസ്.ജെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.