ഇരുണ്ട മുറിക്കുമുന്നിലെ സുവിശേഷ പ്രഘോഷണം

സി. അനിത വര്‍ഗ്ഗീസ് എസ്.ജെ.

മൂന്ന് മക്കളുടെ പിതാവായ ഇരുപതുകാരനായ പപ്പു എന്ന ചെറുപ്പക്കാരന്‍. എല്ലിച്ച് ഒട്ടിയ കവിള്‍ത്തടങ്ങള്‍, പുറത്തേക്ക് ഉന്തിയ ക്ഷീണിച്ച രണ്ടു കണ്ണുകള്‍, മെല്ലിച്ച് വളഞ്ഞ ശരീരം. ആരെയും കരളലയിയ്ക്കുന്ന രൂപം. ഞങ്ങളുടെ ആശ്രമ ശുശ്രൂഷകള്‍ക്കിടയില്‍ ഒരുപറ്റം ചെറുപ്പക്കാര്‍ രോഗബാധിതനായ ഈ യുവാവിനെയും കൂട്ടി പ്രാര്‍ത്ഥിക്കുവാന്‍ ദിവ്യകാരുണ്യ ഈശോയുടെ മുന്നിലിരുത്തി. നീണ്ട പ്രാര്‍ത്ഥനയ്ക്ക് ശേഷം ഈ യുവാവിനോട് സംസാരിച്ചപ്പോള്‍ മനസ്സിലായി ക്ഷയരോഗബാധിതനായ ഈ ചെറുപ്പക്കാരന്‍ മരണത്തിന്റെ വക്കോളമെത്തിയിരിക്കുകയാണെന്ന്. സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന മരുന്ന് വാങ്ങാന്‍ പോകാന്‍ പോലും പൈസയില്ലാതെ ദാരിദ്ര്യം മാത്രം കൈമുതലായി ജീവിയ്ക്കുന്ന അസ്ഥിപഞ്ജരം.

ദിവസം മുഴുവന്‍ ജോലിചെയ്ത് കിട്ടുന്ന പൈസ മുഴുവന്‍ മദ്യഷാപ്പില്‍ ഡെപ്പോസിറ്റ് ചെയ്യുന്ന പപ്പുവിന്റെ മദ്ധ്യവയസ്‌കനായ പിതാവ്. ജീവിക്കുവാന്‍ സഹായമായി ഉണ്ടായിരുന്ന ഏക ആശ്രയമായ റേഷന്‍കാര്‍ഡ് പോലും ജന്മികളുടെ കൈയ്യില്‍ കൊടുത്ത് പൈസ വാങ്ങി മദ്യപിക്കുന്ന പിതാവിനെക്കുറിച്ചറിഞ്ഞപ്പോള്‍ മനസ്സില്‍ എന്തോ വലിയൊരു തേങ്ങല്‍. ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട ഒരു മകന്റെ കദനം നിറഞ്ഞ ജീവിതകഥ.

എല്ലാ കാര്യത്തിലും ഞങ്ങളെ സഹായിച്ചുകൊണ്ടിരുന്ന ഇരുപത്തിയഞ്ച് യുവജനങ്ങളടങ്ങുന്ന ഒരു ചെറിയ സംഘടന ഞങ്ങള്‍ രൂപീകരിച്ചിട്ടുണ്ടായിരുന്നു. അവരിലെ ലീഡര്‍മാരെയും കൂട്ടി ഞങ്ങള്‍ ഈ മകനെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. ഒരു മലയാളി നേഴ്‌സിന്റെ സഹായത്തോടെ രോഗിയായ ആ മകന്റെ ചികിത്സയ്ക്കും ഭക്ഷണത്തിനും വേണ്ട ഏര്‍പ്പാടുകള്‍ ചെയ്ത് ആശുപത്രിയില്‍ അഡ്മിറ്റാക്കി ഞങ്ങള്‍ ആശ്രമത്തിലേയ്ക്ക് തിരിച്ചെത്തി. രാത്രിയില്‍ ഈ മകനെയും കുടിയനായ അവന്റെ പിതാവിനെയും ദൈവസന്നിധിയില്‍ സമര്‍പ്പിച്ച് ഞങ്ങള്‍ രാത്രിയുടെ യാമങ്ങളില്‍ ഈ കുടുംബത്തിനു വേണ്ടി ദൈവസന്നിധിയില്‍ വിലപിച്ചു.

രാവിലെ പ്രാര്‍ത്ഥനയും വിശുദ്ധബലിയും കഴിഞ്ഞ് ഈ മകന്റെ വീട്ടിലേയ്ക്ക് ഞങ്ങള്‍ യാത്രയായി. ഒരു ചെറിയ കുടിലിന് മുന്നില്‍ ഈച്ചയില്‍ പൊതിഞ്ഞ് മുഷിഞ്ഞ് കീറിയ വസ്ത്രമണിഞ്ഞ മൂന്ന് കുട്ടികള്‍ കളിച്ചു കൊണ്ടിരുന്നു. ഞങ്ങളെ കണ്ടപ്പോഴേ പേടിച്ചരണ്ട കുഞ്ഞുങ്ങള്‍ ഉള്ളിലേക്ക് ഓടി. കുട്ടികളുടെ പേടിച്ചരണ്ട കരച്ചില്‍ കേട്ട് കുട്ടികളുടെ അമ്മ പുറത്തുവന്നു. ഉള്ളില്‍ ഞങ്ങളെ സ്‌നേഹത്തോടെ കയറ്റി ഇരുത്തി. ആടിനെ കെട്ടിക്കൊണ്ടിരിയ്ക്കുന്ന ആ മുറിയില്‍ ഞങ്ങള്‍ക്കു ലഭിച്ച സ്വീകരണം ഒരിയ്ക്കലും മറക്കാനാവാത്തതാണ്. ആട്ടിന്‍മൂത്രത്തിന്റെയും ആട്ടിന്‍കാഷ്ഠത്തിന്റെയും അസഹനീയ ഗന്ധം. ആരു വീട്ടില്‍ വന്നാലും വെള്ളം കൊടുക്കുക അവരുടെ ഒരു ആചാരമായിരുന്നതിനാല്‍ വെള്ളം തന്നു. ഞങ്ങളെ അവര്‍ ഹൃദ്യമായി സ്വീകരിച്ചു. ഇതിനകം പുറത്തുനിന്നും കയറിവന്ന പപ്പുവിന്റെ കുടിയനായ പിതാവിനോട് സ്‌നേഹത്തോടുകൂടി ഞങ്ങള്‍ സംസാരിച്ചു. അവര്‍ കേള്‍ക്കാത്ത പാപികളെ സ്‌നേഹിക്കുന്ന ഈശോയെക്കുറിച്ചും ഈശോയെ സ്‌നേഹിച്ചാല്‍ നമ്മുടെ ജീവിതത്തില്‍ സമാധാനം ലഭിയ്ക്കും എന്ന ആ വലിയ സത്യത്തെയും മണിക്കൂറുകളോളം നീണ്ടുനിന്ന ഞങ്ങളുടെ സംസാരത്തിനിടയില്‍ അവര്‍ക്ക് ഞങ്ങള്‍ മനസ്സിലാക്കി കൊടുത്തു.

അതിനുശേഷം ആ പിതാവിന്റെ കൈകളില്‍പിടിച്ച് ഞങ്ങള്‍ പറഞ്ഞു. ഇന്നു മുതല്‍ കുടിക്കരുത്. അപ്പച്ചന്‍ ഞങ്ങളുടെ സ്വന്തം അപ്പച്ചനാണ്. ഞങ്ങള്‍ അപ്പച്ചന്റെ ഭേട്ടികളാണ് (പെണ്‍മക്കള്‍). ഇത്രയും പറഞ്ഞ് ഞങ്ങള്‍ അപ്പച്ചന്റെ കൈകള്‍ ഞങ്ങളുടെ തലയില്‍വെച്ചിട്ട് പറഞ്ഞു. ഇനിമുതല്‍ കുടിക്കില്ല എന്ന് ഞങ്ങള്‍ക്ക് വാക്ക് തരണം. എന്തോ വലിയൊരു ദിവ്യശക്തി ആ മകനില്‍ ഒഴുകിയിറങ്ങി. ആ മകന്റെ കണ്ണില്‍നിന്നും കണ്ണീര്‍ക്കണങ്ങള്‍ അടര്‍ന്നുവീണു. പുതിയൊരു പൊന്‍വെളിച്ചം ആ മകന്റെ ജീവിതത്തിലേയ്ക്ക് വീശി. ഇല്ല മക്കളെ, എന്ന് പറഞ്ഞ് ആ പിതാവ് ഈറനണിഞ്ഞ കണ്ണുകള്‍ തുടച്ചു. പിന്നീട് ഞങ്ങള്‍ ആ കുടുംബത്തിന്റെ കടംവീട്ടാന്‍ സഹായിക്കുകയും റേഷന്‍ കാര്‍ഡ് തിരിച്ചെടുക്കുകയും ചെയ്തു. രോഗം മാറിയ പപ്പുവിനും ഭാര്യയ്ക്കും ഞങ്ങളുടെ തന്നെ മറ്റൊരു മഠത്തില്‍ ജോലി കൊടുത്തു. ഈ വീട്ടിലെ മാറ്റത്തിന്റെയും ഉയര്‍ച്ചയുടെയും സൗഖ്യത്തിന്റെയും സന്തോഷത്തിന്റെയും നല്ല വാര്‍ത്ത കാട്ടുതീ പോലെ ആ ഗ്രാമങ്ങളില്‍ പടര്‍ന്നു. ഞങ്ങളുടെ പ്രേഷിതജീവിതത്തിലെ വലിയൊരു അത്ഭുതമായി ഞങ്ങള്‍ക്കത് അനുഭവപ്പെട്ടു. മത്തായി 25:37-40 “സത്യം സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു, എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരില്‍ ഒരുവന് നിങ്ങള്‍ ഇത് ചെയ്തുകൊടുത്തപ്പോള്‍ എനിക്ക് തന്നെയാണ് ചെയ്തത്” എന്ന വചനഭാഗം ഞങ്ങളുടെ മനസ്സില്‍ തെളിഞ്ഞു.

നമ്മുടെ അനുദിനജീവിതത്തിലൂടെ വലിയ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്ന ദിവ്യകാരുണ്യ ഈശോയുടെ സൗഖ്യം പകരുന്ന ആ ദിവ്യസ്‌നേഹം മറ്റുള്ളവരിലൂടെ നമുക്ക് അനുഭവവേദ്യമായി തീരട്ടെ. പാപത്തെ വെറുത്ത് പാപികളെ സ്‌നേഹിക്കാനും അവരെ ദൈവമക്കാളായി കണ്ടുകൊണ്ട് അവര്‍ക്കു വേണ്ടി നിരന്തരം ദൈവസന്നിധിയില്‍ മടുപ്പുകൂടാതെ നിലവിളിക്കാനുള്ള കൃപയ്ക്കായി നമുക്കോരോരുത്തര്‍ക്കും പ്രാര്‍ത്ഥിക്കാം. ദൈവസ്‌നേഹത്തില്‍ നിന്നും അകന്നു ജീവിക്കുന്ന ഓരോ മക്കളെയും നമ്മിലുള്ള ദിവ്യസ്‌നേഹത്തിന്റെ കരസ്പര്‍ശനം കൊണ്ട് നമുക്ക് തലോടാം. അങ്ങനെ അവസാന വിധിനാളില്‍ മത്തായി 25:37-40 ലെ മുന്‍ വിവരിച്ച വചനഭാഗത്തിലൂടെ കരുണ തുളുമ്പുന്ന ഈശോയുടെ സ്‌നേഹസ്വരം നമുക്കോരോരുത്തര്‍ക്കും കേള്‍ക്കാന്‍ ഇടയാകട്ടെ എന്ന് ആശംസിക്കുന്നു…

സിസ്റ്റര്‍ അനിത വര്‍ഗ്ഗീസ് എസ്.ജെ. സാഗര്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.