വെസ്റ്റ് ബംഗാളിലെ ആദിവാസി സമൂഹത്തിൽ തിരിച്ചറിവിന്റെ പ്രകാശം തെളിച്ച സന്യാസിനിമാർ

മരിയ ജോസ്

വികസനം എത്തിനോക്കാത്ത ഉൾപ്രദേശം. കണ്ണെത്താ ദൂരത്തോളം വ്യാപിച്ചുകിടക്കുന്ന തേയില തോട്ടങ്ങൾ. വാഹനങ്ങളുടെ ശല്യമോ മറ്റ് ശബ്ദങ്ങളോ ഒന്നുമില്ലാത്ത പ്രശാന്തസുന്ദരമായ പ്രദേശം. പകൽവെളിച്ചത്തിൽ കാണാൻ ഭംഗിയാണെങ്കിലും നേരം ഇരുളുന്നതോടെ അവസ്ഥ മാറും. കാട്ടാനയും മറ്റു വന്യമൃഗങ്ങളും സ്വൈര്യവിഹാരം നടത്തുന്ന ഇടമായി ഇവിടം മാറും. കറണ്ടില്ല, മതിയായ വാഹനങ്ങളില്ല, വിദ്യാഭ്യാസ സ്ഥാപനങ്ങളോ, ആശുപത്രികളോ ഒന്നും ഇല്ല.

മിഷൻ പ്രവർത്തനത്തിനായി ആദ്യമായി വെസ്റ്റ് ബംഗാളിലെത്തിയ സി. ഡോ. റാണി റോസ് എസ്.എ.ബി.എസ്, അന്ന് താൻ കണ്ട കാഴ്ചകൾ പറഞ്ഞുതുടങ്ങിയത് ഇങ്ങനെയാണ്. ഗൈനക്കോളജി ഡോക്ടറായ സി. റാണി റോസ്, പതിനഞ്ചു വർഷങ്ങൾക്കു മുമ്പാണ് ഇവിടെ എത്തിയത്. അന്നു മുതൽ താൻ കണ്ട, അനുഭവിച്ചറിഞ്ഞ മാറ്റങ്ങളെക്കുറിച്ച് ലൈഫ് ഡേയുമായി പങ്കുവയ്ക്കുകയാണ് സിസ്റ്റർ.

ജസ്യൂട്ട് വൈദികരുടെ സഹായത്തോടെ

തേയില തോട്ടങ്ങൾ തിങ്ങിനിറഞ്ഞ സ്ഥലം. അങ്ങനെയൊരു സ്ഥലത്തെ ആളുകളുടെ പ്രധാന വരുമാന മാർഗ്ഗം അതു തന്നെ ആയിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. തേയില തോട്ടങ്ങളിൽ ജോലി ചെയ്യുന്നവരുടെ വരുമാനം, ഒരു ശരാശരി മലയാളിക്ക് ഊഹിക്കാവുന്നതേയുള്ളൂ. വളരെ കുറഞ്ഞ ശമ്പളം. കൂടുതൽ കഷ്ടപ്പാട്. അതിനാൽ തന്നെ, തീർത്തും ദരിദ്രമായ ഒരു സമൂഹമായിരുന്നു വെസ്റ്റ് ബംഗാളിലേത്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള ശ്രമത്തിനിടയിൽ കറണ്ടും ശുദ്ധജലവും ഗതാഗതസൗകര്യവും ഒക്കെ അവർക്ക് ആർഭാടമായേ തോന്നിയിരുന്നുള്ളൂ. അങ്ങനെയുള്ളവരുടെ ഇടയിലേയ്ക്കാണ് പ്രകാശം പരത്തിക്കൊണ്ട് ജസ്യൂട്ട് വൈദികർ കടന്നുവരുന്നത്.

അവർ ആ തേയില തോട്ടങ്ങളിൽ ജോലി ചെയ്യുന്ന ക്രൈസ്തവർക്കായി ഒരു ദേവാലയം സ്ഥാപിച്ചു. ദേവാലയ നിർമ്മാണം കഴിഞ്ഞു. ആ ദേവാലയത്തിൽ വൈദികരെ സഹായിക്കാൻ ശുശ്രൂഷികൾ ആവശ്യമാണല്ലോ. പതിവുള്ളതു പോലെ, വൈദികർ അൾത്താര ബാലന്മാരാകാൻ യോഗ്യതയുള്ളവരെ തിരഞ്ഞു. അച്ചന്മാർ വിളിച്ചപ്പോൾ കുട്ടികളെത്തി. പതിവുപോലെ, ബൈബിൾ വായിക്കുന്നതിനായി ഒരാളെ ഏൽപിച്ചു. ബൈബിൾ കയ്യിൽ കൊടുത്തതോടെ അവരുടെ ഭാവം മാറി. അന്നുവരെ കണ്ടിട്ടില്ലാത്ത എന്തോ വസ്തു കണ്ട് പേടിച്ചു നിൽക്കുന്നതു പോലെ. ‘ബൈബിൾ ആണ്, വായിക്കണം’ എന്ന് കാര്യം പറഞ്ഞു മനസിലാക്കി. കേട്ടപാതി അവർ പറഞ്ഞു: “ഞങ്ങൾക്ക് വായിക്കാൻ അറിയില്ല, എഴുതാനും.”

നിരക്ഷരരുടെ ഒരു വലിയ സമൂഹം. അതിനിടയിലാണ് തങ്ങൾ എത്തിയത് എന്ന ബോധം അച്ചന്മാരെ, ഒരു സ്കൂൾ തുടങ്ങുവാൻ പ്രേരിപ്പിച്ചു. ആ സ്കൂളിന്റെ പ്രവർത്തനവും നിർമ്മാണവും, തുടർന്നുള്ള അധ്യാപനവും ഒക്കെയായി ബന്ധപ്പെട്ടാണ് ഇരുപതു വർഷങ്ങൾക്ക് മുമ്പ് എസ്.എ.ബി.എസ് സന്യാസിനിമാർ വെസ്റ്റ് ബംഗാളിൽ എത്തുന്നത്. തുടർന്നുള്ള മിഷൻ പ്രവർത്തനത്തിൽ വൈദികർക്കൊപ്പം ആയിരുന്നുകൊണ്ട് ബംഗാളിലെ ആദിവാസി സമൂഹത്തിനിടയിൽ, വളരെയേറെ മാറ്റങ്ങൾ കൊണ്ടുവരുവാൻ അവർക്ക് കഴിഞ്ഞു. “അന്ന് കണ്ട ബംഗാൾ അല്ല ഇന്ന്. വളരെയേറെ മാറ്റങ്ങൾ വന്നിരിക്കുന്നു” – സി. റാണി തങ്ങളുടെ പ്രവർത്തനങ്ങളെ വിവരിച്ചു തുടങ്ങി.

മലേറിയയെ തുടച്ചുനീക്കിയ സന്യാസ സമൂഹം

ഒരു സമയത്ത് മലേറിയ അതിരൂക്ഷമായി പടർന്നുപിടിച്ചു കൊണ്ടിരുന്ന സ്ഥലമായിരുന്നു വെസ്റ്റ് ബംഗാൾ. 1992-ൽ ജസ്യൂട്ട് അച്ചന്മാർ ഇവിടെയെത്തുമ്പോൾ ധാരാളം ആളുകൾ മലേറിയ ബാധിച്ചു മരിച്ചിരുന്നു. വളരെ വൃത്തിഹീനമായ സാഹചര്യം. മലിനജലം കെട്ടിക്കിടക്കുന്ന അവസ്ഥ. ഇതൊക്കെ മലേറിയ പടർന്നു പിടിക്കുന്നതിനും അനേകം ജീവനുകൾ ഇല്ലാതാകുന്നതിനും കാരണമായിരുന്നു. പലരും സെറിബ്രൽ മലേറിയ എന്ന തീവ്രരോഗത്തിന് കീഴടങ്ങി. ഒപ്പംതന്നെ, അന്ന് സ്‌കൂളിന്റെ പണിക്കായി എത്തിയ നിർമ്മാണ തൊഴിലാളികളിൽ പലരും മലേറിയ ബാധിതരായി മരണമടഞ്ഞു. കാര്യങ്ങളുടെ ഗുരുതരാവസ്ഥ മനസിലാക്കിയ വൈദികർ 2000-ൽ ഇവിടെ ഒരു ആശുപത്രി സ്ഥാപിക്കുകയും അതിന്റെ ചുമതല എസ്.എ.ബി.എസ് സിസ്റ്റർമാരെ ഏൽപ്പിക്കുകയും ചെയ്തു.

ആശുപത്രി തുടങ്ങിയെങ്കിലും ആദ്യമൊക്കെ അവിടെ ആളുകൾ വരുന്നതിന് മടി കാണിച്ചിരുന്നു. അതിനു കാരണം, അവരുടെയിടയിലെ അന്ധവിശ്വാസം തന്നെയായിരുന്നു. പനി വന്നാൽ ഭൂതം കൂടിയതാണെന്നും മറ്റും പറഞ്ഞു മന്ത്രവാദിയുടെ അടുക്കൽ കൊണ്ടുപോവുക ഇവരുടെയിടയിലെ പതിവായിരുന്നു. ഇത്തരം ആചാരങ്ങൾ കൊണ്ടു തന്നെ പലപ്പോഴും, അതീവ ഗുരുതരാവസ്ഥയിലാണ് ആദ്യകാലങ്ങളിൽ ആളുകൾ ആശുപത്രിയിൽ എത്തിയിരുന്നത്. ഇത്തരം സാഹചര്യങ്ങളിൽ അവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കുക എന്നത് ബുദ്ധിമുട്ടേറിയ ഒന്നായിരുന്നു.

മലേറിയ പടർന്നുപിടിക്കുന്നത് രൂക്ഷമായതോടെ അതിനെതിരായ ബോധവൽക്കരണവും മറ്റും സിസ്റ്റർമാരുടെ നേതൃത്വത്തിൽ ശക്തമാക്കി. അവർ ഗ്രാമങ്ങളും വീടുകളും കയറിയിറങ്ങി. മലേറിയയുടെ ലക്ഷണങ്ങളേയും കാരണങ്ങളേയും കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കി. കൊതുകിനെ ഇല്ലായ്മ ചെയ്യുന്നതിനുള്ള മാർഗ്ഗങ്ങളും മറ്റും നിർദ്ദേശിച്ചു. അതിനായി തന്നെ നിരവധി വീടുകളിൽ കയറിയിറങ്ങി. കൂടാതെ, ഗവണ്മെന്റിന്റെ ഭാഗത്തു നിന്ന് നല്ല സഹകരണവും ഉണ്ടായി. വയ്യാതെ വീടുകളിൽ കഴിയുന്നവരെ ആശുപത്രിയിലെത്തിച്ച്‌ ചികിത്സ നൽകി. അങ്ങനെ പതിയെപ്പതിയെ മലേറിയ പത്തി താഴ്ത്തിത്തുടങ്ങി. സിസ്റ്റർമാരുടെ പ്രവർത്തനം ഫലം കണ്ടു. വൈകാതെ തന്നെ മലേറിയയെ ഈ പ്രദേശത്തു നിന്നും പൂർണ്ണമായും തുടച്ചുനീക്കുവാൻ ഈ സന്യാസിനികളുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾക്ക് കഴിഞ്ഞു.

നിരക്ഷരരെ അക്ഷരദീപത്തിന്റെ പ്രകാശത്തിലേയ്ക്ക് കൈപിടിച്ചു നടത്തിയ മിഷൻ പ്രവർത്തനം

വെസ്റ്റ് ബെംഗാളിൽ അധികവുമുണ്ടായിരുന്നത് എഴുത്തും വായനയും അറിയാത്ത ആളുകളായിരുന്നുവെന്ന് പറഞ്ഞല്ലോ. എന്നാൽ, ആ അവസ്ഥ തൊണ്ണൂറുകളിലോ എൺപതുകളിലോ ആയിരുന്നു എന്ന് കരുതരുത്. 2009-ൽ അതായിരുന്നു അവസ്ഥ. മുമ്പ് അതിനേക്കാൾ മോശവും. സിസ്റ്റർ സംസാരം തുടർന്നു. ഇവിടെയുള്ള ആളുകൾക്ക് പഠിക്കണമെന്നോ അതുകൊണ്ടുള്ള നേട്ടം എന്തെന്നോ ഒന്നും അറിയില്ലായിരുന്നു. അവരുടെ ലോകം ആ തേയില തോട്ടങ്ങളിൽ ഒതുങ്ങിയിരുന്നു. എന്നാൽ, മിഷനറിമാരുടെ വരവോടെ ഈ അവസ്ഥയ്ക്ക് മാറ്റം വന്നുതുടങ്ങി. എങ്കിൽ തന്നെയും ഇവിടുത്തെ കുട്ടികൾക്ക് പഠിക്കുന്നതിനോട് അത്ര താല്പര്യം ഇല്ല. വല്ല ജോലിയും ഏൽപ്പിക്കുകയാണെങ്കിലോ, ഓടിനടന്ന് ചെയ്യും. പഠിക്കാൻ അത്ര ഉത്സാഹം പോരാ – സിസ്റ്റർ പറഞ്ഞു.

എങ്കിലും ഉൾഗ്രാമങ്ങളിൽ നിന്നുമുള്ള കുട്ടികളെ സ്‌കൂളിൽ എത്തിച്ചു പഠിപ്പിക്കുവാൻ ഇവർ ശ്രമിക്കുന്നു. പെൺകുട്ടികൾക്കായി പ്രത്യേക ഹോസ്റ്റൽ സൗകര്യവും മറ്റും ഏർപ്പെടുത്തി അവരുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ സിസ്റ്റർമാർ ശ്രദ്ധിക്കുന്നു. തീരെ പാവപ്പെട്ട വീടുകളിലെ കുട്ടികൾക്ക്, അവർക്ക് അർഹമായ ആനുകൂല്യങ്ങളും മറ്റും ലഭ്യമാക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുവാനും ഈ സന്യാസിനിമാർ ശ്രദ്ധിച്ചു പോരുന്നു. ഇതിന്റെയൊക്കെ ഫലമായി ഇപ്പോൾ പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ച കുട്ടികളുണ്ട്. ഇവരൊക്കെ പുറത്ത് നഗരങ്ങളിൽ ജോലിക്കും മറ്റും പോകാൻ തുടങ്ങിയിരിക്കുന്നു. അതിന്റേതായ നേരിയ വ്യത്യാസങ്ങൾ കാണുന്നുമുണ്ട്.

നിശബ്ദമായ ദൈവവചന പ്രഘോഷണം

സിസ്റ്ററെ ഇവിടെ പ്രാർത്ഥനാ മുറിയുണ്ടോ? ചോദ്യം കേട്ട സിസ്റ്റർ ഒരു നിമിഷം നിന്നു. തിരിഞ്ഞു നോക്കി. ഒരു ഹൈന്ദവ സ്ത്രീയാണ്. പല മന്ത്രവാദികളുടെയും ഇടയിൽ പോയി ചികിൽസിച്ചു. അവസാനം ഇവിടെ എത്തിയതാണ്. ഇവിടെയെത്തിയപ്പോൾ മുതൽ വല്ലാത്ത ഒരു ശാന്തത അനുഭവപ്പെടുന്നു. അവർ പറയുമ്പോൾ സിസ്റ്ററിന്റെ മുഖത്ത് ഒരു ചെറിയ പുഞ്ചിരി ഉണ്ടായിരുന്നു. നിശബ്ദമായി നിന്നുകൊണ്ട് ദൈവത്തെ പ്രഘോഷിക്കാൻ പറ്റിയതിലുള്ള സംതൃപ്തിയായിരുന്നു ആ മുഖത്ത്. ഇത് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ഈ ആശുപത്രിയിൽ എത്തുമ്പോൾ ഒരു ശാന്തി, സമാധാനം അനുഭവപ്പെടുന്നു എന്ന്. രോഗം ഒക്കെ സൗഖ്യപ്പെട്ടു കഴിഞ്ഞു അവർ വന്നു പറയും ” സിസ്റ്ററിന്റെ ദൈവത്തിൽ എനിക്കും വിശ്വാസമാണ്” എന്ന്. ഒരു സന്യാസിയുടെ ജീവിതം ധന്യമാകുവാൻ അതു തന്നെ ധാരാളം.

ഇവിടെ ദൈവത്തെക്കുറിച്ചും ദൈവസ്നേഹത്തെക്കുറിച്ചും അധികമൊന്നും ആരും ആരോടും പറയുന്നില്ല. മറിച്ച്‌, തങ്ങളുടെ ജീവിതം കൊണ്ട് കാണിച്ചുകൊടുക്കുകയാണ് ഈ സന്യാസിനിമാർ. പാവങ്ങളുടെ ഇടയിൽ അവരുടെ ആരോഗ്യം മെച്ചപ്പെടുത്താനും സുരക്ഷതമായ ജീവിതം നയിക്കുവാനുമുള്ള നിർദ്ദേശങ്ങളും പ്രവർത്തനങ്ങളും സേവനങ്ങളുമായി ഓടുകയാണ് ഇവർ. അതിന് ഇവരെ നിർബന്ധിക്കുന്നത് ദൈവസ്നേഹം തന്നെ.

ഇനിയും ധാരാളം സ്വപ്നങ്ങളുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസം കൂടുതൽ മെച്ചപ്പെടുത്തുക, ക്യാൻസർ രോഗികളെ പരിപാലിക്കാൻ പാലിയേറ്റിവ് കെയർ സംവിധാനം അങ്ങനെ പലതും. അതിനൊക്കെ പിന്നിൽ ഇവർക്ക് ഒരു ലക്ഷ്യം മാത്രം. കർത്താവ് ഏൽപിച്ച ജനത്തെ അവിടുത്തേയ്ക്കായി നേടുക. അത്ര തന്നെ. അതിനായുള്ള ഇവരുടെ പ്രവർത്തനങ്ങളിൽ നമുക്കും പ്രാർത്ഥനയിലൂടെ പിൻബലം നൽകാം.

മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.