മരത്തിന്റെ കമ്പുകളാൽ മേഞ്ഞ പള്ളി 

ഫാ. ഷിജോ പനക്കപതാലിൽ

എട്ട് വർഷമായി ടാൻസാനിയയിൽ സേവനം ചെയ്യുകയാണ് ദിവ്യകാരുണ്യ മിഷനറി സഭയിലെ ഫാ. സെബി കാച്ചപ്പിള്ളി. അദ്ദേഹത്തിന്റെ മിഷൻ അനുഭവങ്ങളിലൂടെ.

ടാൻസാനിയയിലെ കർമമേഖലകളിലേക്കിറങ്ങിയപ്പോൾ, വളരെ സവിശേഷതകൾ നിറഞ്ഞ ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, ജീവിതരീതികൾ, വിശുദ്ധ കുർബാന, പ്രാർത്ഥനകൾ, ഭക്ഷണരീതികൾ ഒക്കെ അടുത്തറിയുന്നതിന്റെ കൗതുകം ആയിരുന്നു ആദ്യം അച്ചന് അനുഭവിക്കാൻ സാധിച്ചത്. ഏറെ ആകർഷിച്ചത് വിശുദ്ധ കുർബാനയായിരുന്നു. പ്രാർത്ഥനകളെ, പാട്ടുകളെ, വിശുദ്ധകുർബാനയെ മുഴുവനായും ആഘോഷമാക്കുന്ന ഒരുകൂട്ടം ജനത. നമ്മുടെയൊക്കെ നാട്ടിൽ തിരുനാളുകൾക്കാണ് ചെണ്ടയും പീപ്പിയും ബാന്റ്സെറ്റും വലിയ  ഗായകസംഘവുമൊക്ക ഉള്ളത്. അങ്ങനെ നോക്കുമ്പോൾ ഇവർക്ക് എല്ലാദിവസങ്ങളിലും തിരുനാൾ ആണ്, പ്രത്യേകിച്ച് ഞായറാഴ്ചകളിൽ.

പാട്ടുകൾ പാടാനും നൃത്തം ചവിട്ടാനും ഉള്ള കഴിവ് രക്തത്തിൽ അലിഞ്ഞു ചേർന്നിട്ടുള്ളവരാണ് ഈ രാജ്യക്കാർ. അത് അവർ പ്രകടിപ്പിക്കുന്നതാകട്ടെ വിശുദ്ധ കുർബാനകളിലും. 15 മുതൽ 30 പേർ വരെയുള്ള ഗായകസംഘം. ഒരേ ഡ്രസ്കോഡ്. വിശുദ്ധ കുർബാനയുടെ തുടക്കം മുതൽ അവസാനം വരെ ഉള്ള എല്ലാ പാട്ടുകൾക്കും താളം അനുസരിച്ചുള്ള ചെറിയ നൃത്തച്ചുവടുകൾ. സന്തോഷം പ്രകടിപ്പിക്കാൻ പ്രത്യേകതരം ശബ്ദവ്യതിയാനങ്ങൾ.

വിശുദ്ധ കുർബാനയിലെ കാഴ്‍ചസമർപ്പണവും പ്രത്യേകതകൾ നിറഞ്ഞത് തന്നെ. പാവപ്പെട്ടവനെന്നോ, പണക്കാരനെന്നോ, സ്ത്രീയെന്നോ പുരുഷനെന്നോ കുട്ടികളെന്നോ വ്യത്യാസമില്ലാതെ പള്ളിയിൽ വന്നിരിക്കുന്ന എല്ലാവരും നിരയായി വന്ന് അൾത്താരയുടെ മുൻപിൽ വച്ചിരിക്കുന്ന നേർച്ചപാത്രത്തിൽ തങ്ങളെകൊണ്ട് പറ്റുന്നത് സമർപ്പിക്കുന്നു. ഇല്ലായ്മയിൽനിന്നാണെങ്കിലും ഉള്ളതിൽ ഒരുപങ്ക് തമ്പുരാന് കൊടുക്കുന്ന യഥാർഥ സമർപ്പണ മനോഭാവം.

അതോടൊപ്പം തന്നെ ശനിയാഴ്ച പള്ളിമുറിയിൽ വന്ന് അച്ചന് അടുത്ത ഒരു ആഴ്ചത്തേയ്ക്ക് വേണ്ട സാധനങ്ങൾ എന്തൊക്ക ആണെന്ന് മനസിലാക്കി അത് ഞായറാഴ്ചകുർബാനയിൽ കാഴ്ചകളായി സമർപ്പിക്കുന്ന കരുതലിന്റെ, സ്നേഹത്തിന്റെ വലിയ മാതൃകയും അവർക്കുണ്ട്.അത് ചിലപ്പോ അരിയൊ,  തക്കാളിയോ ഉരുളക്കിഴങ്ങോ, സബോളയൊ, കോഴിയോ, ഗോതമ്പുപൊടിയോ, ചോളമോ, പാലോ, സോപ്പോ, സോപ്പുപൊടിയോ എണ്ണയോ എന്തുമാകാം. തങ്ങളെ ആത്മീയമായി വളർത്തുന്ന ഇടയനെ പരിപാലിക്കുന്ന ആട്ടിൻപറ്റം!

സെബിയച്ചൻ ഇപ്പോൾ ദാർ എസ് സലാം അതിരൂപതയിൽ ക്വഏമ്പേ  എന്ന ഇടവകയിൽ ആണ് സേവനം ചെയ്യുന്നത്. പഴയ ഇടവകയിൽ നിന്നും മാറി ഈ ഇടവകയിലേക്ക് വന്ന ആദ്യ ദിനം തന്നെ തികച്ചും ദൈവാനുഗ്രഹം നിറഞ്ഞ ഒന്നായിരുന്നു. ഒരു കുരിശുപള്ളിയെ സ്വതന്ത്ര ഇടവകയായി ഉയർത്തിയശേഷം ആദ്യ വികാരിയായിട്ടാണ് അങ്ങോട്ട്‌ ചെല്ലുന്നത്. അറുനൂറോളം കുടുംബങ്ങൾ ഉള്ള ഒരു ഇടവക. കഴിഞ്ഞ 35 വർഷമായി ഇടവകയാകാൻ പ്രാർത്ഥിച്ചു കാത്തിരിക്കുന്ന ഒരുപറ്റം വിശ്വാസികളുടെ അടുത്തേക്കാണ് ചെല്ലുന്നത്. പഴയ ഇടവകയിൽ നിന്നും ഏകദേശം ആയിരം കിലോമീറ്റർ അകലെയാണ് പുതിയ ഇടവക. ബസിനാണ് യാത്ര. രാവിലെ 6 മണിക്ക് കേറിയാൽ വൈകിട്ട് ഒരു 8 മണി ഒക്കെ ആകുമ്പോൾ എത്തേണ്ടതാണ്. 

പക്ഷേ, കനത്ത മഴമൂലം വഴി എല്ലാം ബ്ലോക്ക്‌ ആയത്കൊണ്ടും സാധാരണ പോകുന്ന വഴി മഴയത്ത് തകർന്നതിനാലും  അല്പം  ചുറ്റിവളഞ്ഞു പോകേണ്ടി വന്നു. അല്പം എന്ന് പറഞ്ഞാൽ ഒരു 200 കിലോമീറ്റർ!  അങ്ങനെ 8 മണിക്ക് എത്തേണ്ട ഞാൻ എത്തിയപ്പോൾ രാത്രി 12 ആയി. ബസ് ഇറങ്ങിയപ്പോൾ കണ്ട കാഴ്ച അച്ചനെ ശരിക്കും അത്ഭുതപ്പെടുത്തി. ആ  പാതിരാത്രിയിലും തങ്ങളുടെ ഇടയനെ സ്വീകരിക്കാൻ റോഡിൽ അച്ചൻ വരുന്ന ബസും കാത്ത് നിൽക്കുന്ന അനേകം വിശ്വാസികൾ. അവിടെനിന്നും പള്ളിയിൽ എത്തിയപ്പോൾ അവിടെയും കുറെ പേർ. അത്താഴം ഒക്കെ തയ്യാറാക്കി കഴിക്കാതെ  അച്ചൻ വരുന്നതുവരെ കാത്തിരിക്കുന്ന ദൈവജനം. പിന്നെ അവരെ അടുത്തറിയാൻ തുടങ്ങി. വന്നിട്ട് മൂന്നാല് മാസങ്ങൾകൊണ്ട് എല്ലാ  ഭവനങ്ങളും സന്ദർശിച്ചു.

ദൈവത്തിനും പള്ളിക്കും തങ്ങളുടെ സമ്പത്തിന്റെ ഒരു ഓഹരി കൊടുക്കാൻ ഇവർ എന്നും സദാ തയ്യാറാണ്. സമ്പത്ത് മാത്രമല്ല കഴിവും ആരോഗ്യവും എല്ലാം അവർ നൽകുമെന്ന് മനസിലായത് പുതിയ ഇടവകയുടെ വെഞ്ചരിപ്പും മറ്റും വന്നപ്പോൾ ആണ്.  ഇടവക ജനങ്ങളുടെ സഹകരണത്തിന്റെ മറ്റൊരു മുഖമാണ് അവിടെ കാണാൻ കഴിഞ്ഞത്. പള്ളിയുടെ വലിപ്പം ഒക്കെ ഇത്തിരി കൂട്ടി മുഖവാരമൊക്കെ പണിതു.  തങ്ങളാൽ കഴിയുന്ന സാമ്പത്തിക സഹായം കൊണ്ട് മാത്രം അവസാനിപ്പിക്കാതെ  പണികളിൽ സഹായിക്കാൻ  ഒത്തിരി ആളുകൾ കടന്നു വന്നു. അപ്പച്ചന്മാരും അമ്മച്ചിമാരും യുവജനങ്ങളും തങ്ങളുടെ ഇടവക ദൈവാലയം പണിതുയർത്താൻ അഹോരാത്രം പണിപ്പെട്ടു. കല്ലുചുമക്കാനും മണലെടുക്കാനും വെള്ളം ചുമക്കാനും എല്ലാവരും ഒന്നിനൊന്നു ഉത്സാഹം കാണിച്ചു. പണിതുമടുക്കുമ്പോൾ പള്ളിയിൽ നിന്നു തന്നെ ഒരേ പാത്രത്തിൽ ഒരുമിച്ച് ഉണ്ട്, സന്തോഷം പങ്കുവച്ച്  വൈകിട്ട് ഭവനങ്ങളിലേക്ക്  മടങ്ങുമ്പോൾ ദൈവാലയനിർമ്മിതിക്ക് തങ്ങളാൽ ആകുന്നത് ചെയ്യാൻ സാധിക്കുന്നതിന്റെ ചാരിതാർഥ്യം ഏവരുടെയും മുഖത്തു ദർശിക്കാൻ കഴിഞ്ഞിരുന്നു.

രണ്ടു സബ്‌സ്റ്റേഷൻ ആണ് ഈ പള്ളിയുടെ കീഴിൽ ഉള്ളത് ഏകദേശം നൂറോളം കുടുംബങ്ങൾ ഉള്ള രണ്ടു പള്ളികൾ. പള്ളിയെന്നു പറഞ്ഞാൽ അത് ഒരുപക്ഷേ, അലങ്കാരമാകും. കുറച്ചു ആസ്ബസ്റ്റോസ് ഷീറ്റുകൾ എടുത്ത് നാലു സൈഡിലും വച്ചിരിക്കുന്നു. മരത്തിന്റെ മൂന്നാല് കമ്പിട്ട് മുകളിൽ അലുമിനിയം ഷീറ്റ് ഇട്ടിരിക്കുന്നു.  അത് ദ്രവിച്ചുതുടങ്ങി. ഒരു മഴയോ കാറ്റോ ഉണ്ടായാൽ അന്ന് പിന്നെ കുർബാന ചൊല്ലാൻ പറ്റില്ല.

വലിയ ആഗ്രഹങ്ങൾ ഒന്നുമില്ല ഇവർക്ക്. നനയാതെ കയറിനിന്നു തങ്ങളുടെ തമ്പുരാനെ ആരാധിക്കാൻ ഒരു കുഞ്ഞു ദൈവാലയം. അതിനുള്ള നിതാന്തപരിശ്രമത്തിൽ ആണിവർ.

ഇങ്ങനെ ഹൃദയസ്പർശിയായ ജീവിതാനുഭവങ്ങൾ. തീർച്ചയായും ഇവിടത്തെ ജീവിതം വെല്ലുവിളി നിറഞ്ഞതാണ്. പക്ഷേ, ഇവരുടെ നിഷ്കളങ്കമായ വിശ്വാസവും വിശുദ്ധ കുർബാനയ്ക്കായി കടന്നുചെല്ലുമ്പോൾ അവരുടെ മുഖത്തുള്ള ആനന്ദവും കാണുമ്പോൾ പൗരോഹിത്യസംതൃപ്തിയും ദൈവം നടത്തുന്ന വഴികളെ ഓർത്തുള്ള നന്ദിയും മാത്രം.

ഫാ. ഷിജോ പനക്കപതാലിൽ