ഡോങ്കി വാട്ടറിന്റെ നാട്ടിലെ മിഷനറിമാർ

കീര്‍ത്തി ജേക്കബ്

കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ലോകം സാക്ഷ്യം വഹിച്ച ഒരു സംഭവമാണ്, പരിശുദ്ധ പിതാവ്, ഫ്രാന്‍സിസ് മാര്‍പാപ്പ സൗത്ത് സുഡാന്‍ രാഷ്ട്രീയ നേതാക്കളുടെ കാല് ചുംബിച്ചത്. വത്തിക്കാനില്‍, തന്നെ സന്ദര്‍ശിച്ച നേതാക്കളുടെ മുന്നില്‍ മുട്ടുകുത്തി അവരുടെ പാദങ്ങൾ ചുംബിച്ചശേഷം, വര്‍ഷങ്ങളായി നേതാക്കള്‍ തമ്മില്‍ പുലര്‍ത്തുന്ന വിദ്വേഷവും വൈരവും വെടിയണമെന്ന് പാപ്പാ അഭ്യര്‍ത്ഥിക്കുകയായിരുന്നു. അതാകട്ടെ, അവിടുത്തെ ജനത്തിന്റെ സമാധാനത്തിനുവേണ്ടിയും. ആ ജനതയെ ഓര്‍ത്ത് എത്ര വേദനിച്ചിട്ടാവും അത്രയും താഴ്ന്ന്, അത്രയും ആഗ്രഹത്തോടെ പാപ്പാ അങ്ങനെയൊരു അഭ്യര്‍ത്ഥന നടത്തിയതെന്ന് നാമെല്ലാം ചിന്തിച്ചിട്ടുണ്ടാവും. അതിനുള്ള ഉത്തരം തുടര്‍ വായനയില്‍ നമുക്ക് ലഭിക്കും…

കഴിഞ്ഞ ഒന്നരവര്‍ഷമായി സൗത്ത് സുഡാനിലെ വൗ എന്ന സംസ്ഥാനത്ത്, സലേഷ്യന്‍ സിസ്റ്റേഴ്‌സിനോട് ചേര്‍ന്ന് മിഷനറി പ്രവർത്തനം ചെയ്യുകയാണ് ഹോളി ഫാമിലി കോണ്‍ഗ്രിഗേഷന്‍, മണ്ണുത്തി ജനറലേറ്റ് അംഗങ്ങളായ, സി. റൂബി ജോസഫ്, സി. ബെറ്റി ലൂയിസ്, സി. സുധറോസ് , സി. റീന എന്നീ നാല് സന്യാസിനികള്‍. ഇക്കാലയളവില്‍ തങ്ങള്‍ കണ്ടും കേട്ടും അനുഭവിച്ചുമറിഞ്ഞ, നമ്മെ സംബന്ധിച്ച് വിചിത്രമെന്നും പ്രാകൃതമെന്നും പോലും തോന്നിയേക്കാവുന്ന, കുറേ യാഥാര്‍ത്ഥ്യങ്ങള്‍ ലൈഫ്‌ഡേയുമായി പങ്കുവയ്ക്കുകയാണ് നഴ്‌സ് കൂടിയായ സി. സുധ റോസ്.

എല്ലാവരും കാണുകയും അറിയുകയും ചെയ്യുന്നതുപോലെ ദരിദ്രരാഷ്ട്രമാണ് സൗത്ത് സുഡാന്‍. എന്നാല്‍ ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ സമ്പത്തുള്ള രാഷ്ട്രവും ഇതു തന്നെയാണ്. കാരണം പ്രകൃതിവിഭവങ്ങളാല്‍ സമ്പന്നമാണ് ഇവിടം. പക്ഷേ എങ്ങനെയാണ് ഫലപ്രദമായ രീതിയില്‍ അവ ഉപയോഗിക്കേണ്ടത് എന്നതിനെക്കുറിച്ച് ഇവിടുള്ളവര്‍ക്ക് അറിയില്ല. അതേസമയം ഇവിടുള്ള സമ്പത്തിനെക്കുറിച്ച് പല വന്‍കിട രാജ്യങ്ങള്‍ക്കും നല്ല ധാരണയുണ്ട്. അവര്‍ ഇവിടുത്തെ അധികാരികളെ പ്രലോഭിപ്പിച്ച്, ജനങ്ങളെ ചൂഷണം ചെയ്ത്, പല പ്രോജക്ടുകളുടെയും പേരില്‍ സ്വര്‍ണ്ണം, പെട്രോളിയം തുടങ്ങിയവ കൈക്കലാക്കി മടങ്ങുന്നു. ഇവിടുത്തെ ജനതയോ കഴിക്കാന്‍ ഭക്ഷണമോ, ധരിക്കാന്‍ വസ്ത്രമോ പോലും ഇല്ലാതെ നരകിക്കുകയും ചെയ്യുന്നു.

ക്രമസമാധാന പാലനത്തിനായി യുഎന്‍ ആര്‍മി പോലും രംഗത്തുണ്ടെങ്കിലും തുടര്‍ച്ചയായി യുദ്ധങ്ങള്‍ ഉണ്ടാവുന്ന ഒരു രാജ്യമാണ് സൗത്ത് സുഡാന്‍. വെട്ടും കുത്തും കൊലയുമായി ആഭ്യന്തര കലഹങ്ങള്‍ ഒഴിയാത്തതിനാല്‍ എപ്പോഴും മരണം മുന്നില്‍ കണ്ടുകൊണ്ട് ജീവിക്കുന്ന ഒരു ജനത. കൊച്ചുകുട്ടികള്‍ മുതല്‍ വൃദ്ധര്‍ വരെയുള്ളവരുടെ കണ്ണുകളില്‍ നിഴലിക്കുന്നത് പ്രത്യാശയ്ക്ക് പകരം നിരാശ മാത്രം. അതുകൊണ്ടു തന്നെ നാളേയ്ക്കുവേണ്ടി അവര്‍ ഒന്നും കരുതി വയ്ക്കുന്നില്ല. ഇന്നില്‍ മാത്രം ജീവിക്കും. ഇന്ന് അറുന്നൂറ് പൗണ്ടാണ് കിട്ടിയതെങ്കില്‍ അത് ഇന്നു തന്നെ തീര്‍ക്കുക എന്നതാണ് അവരുടെ പോളിസി!

സൗത്ത് സുഡാന്‍ പൗണ്ടിന്റെ മൂല്യത്തകര്‍ച്ചയാണ് രാജ്യത്തെ ദാരിദ്രത്തിലേയ്ക്ക് തള്ളിവിടുന്ന മറ്റൊരു പ്രധാന പ്രശ്‌നം. അതുകൊണ്ടുതന്നെ വസ്തുക്കള്‍ക്ക് വില കൂടുതലും ആളുകള്‍ക്ക് ലഭിക്കുന്ന വരുമാനം തീര്‍ത്തും കുറവുമാണ്. ഒരു ദിവസത്തെ വരുമാനമായി ശരാശരിക്കാര്‍ക്ക് ലഭിക്കുന്നത് മുന്നൂറ് മുതല്‍ അറുനൂറ് പൗണ്ട് വരെയാണ്. അറുനൂറ് പൗണ്ടുമായി കടയില്‍ ചെന്നാല്‍ വാങ്ങാന്‍ സാധിക്കുന്നത് നാല് തക്കാളിയോ കുറച്ച് അരിയോ മാത്രമാണ്. പട്ടിണി വരുന്ന വഴിയേക്കുറിച്ച് കൂടുതല്‍ വിശദീകരണം ആവശ്യമില്ലല്ലോ.

ചൂടു കൂടുതലുള്ള ദേശമാണിത്. ഓഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലാണ് മഴ ലഭിക്കുക. ആ സമയത്ത് ആളുകള്‍ കൃഷി ചെയ്യും. അതില്‍ നിന്ന് കിട്ടുന്ന വിഭവങ്ങള്‍ ഉപയോഗിച്ച് കുറച്ചുനാള്‍ ജീവിക്കും. ശേഷം, വീണ്ടും പട്ടിണിയിലേയ്ക്ക്. കന്നുകാലി വളര്‍ത്തലാണ് മറ്റൊരു ഉപജീവനമാര്‍ഗം. പശുവാണ് ഇവിടുള്ളവരെ സംബന്ധിച്ച് ഏറ്റവും വലിയ ധനം. മനുഷ്യനേക്കാളും വിലകൊടുക്കുന്നതും പശുവിനാണ്. ഒരാളെ കൊലപ്പെടുത്തിയാലും പകരം ചോദിക്കുന്നത്, നിശ്ചിത എണ്ണം പശുക്കളെയാണ്, അല്ലെങ്കില്‍ അയാളെ കൊല്ലും. നിസാര കാര്യങ്ങളുടെ പേരില്‍ തര്‍ക്കമുണ്ടായി, സഹോദരന്‍ സഹോദരനെ കൊല്ലുന്നതു പോലുള്ള, നടുക്കുന്ന കാഴ്ചകളും പതിവാണ്. ക്ഷമ എന്ന വാക്ക് നിഘണ്ടുവില്‍ ഇല്ലാത്ത ഒരു ജനതയാണ് ഇവിടുള്ളതെന്ന് പല അനുഭവങ്ങളിലൂടെ ഞങ്ങള്‍ മനസിലാക്കിയിട്ടുണ്ട്. കൊല്ലരുതെന്നും ക്ഷമിക്കണമെന്നും പറഞ്ഞു കൊടുത്താല്‍ അവര്‍ അത് സ്വീകരിക്കാന്‍ തയാറല്ല. കണ്ണിനു പകരം കണ്ണ്, പല്ലിന് പകരം പല്ല് എന്ന നയമാണ് അവരെ ഇപ്പോഴും നയിക്കുന്നത്.

വെള്ളത്തിനും ക്ഷാമമാണ്. ഭൂമി കുഴിച്ച് വെള്ളം കണ്ടെത്താനുള്ള ചിലവ് ഇവര്‍ക്ക് താങ്ങാവുന്നതല്ല. അതുകൊണ്ട് നൈല്‍ നദിയുടെ പോഷകനദിയായ ജൂര്‍ നദിയില്‍ നിന്ന് ടാങ്കില്‍ വെള്ളം കൊണ്ടുവരികയാണ് പതിവ്. ചില കുട്ടികള്‍ ആ വെള്ളം രാവിലെ തന്നെ ചെറിയ ജാറുകളിലും ടാര്‍ വീപ്പകളിലും ശേഖരിച്ച്, കഴുതകളുടെ പുറത്തുവച്ച് വില്‍പ്പനയ്ക്കായി കൊണ്ടുനടക്കും. ‘ഡോങ്കി വാട്ടര്‍’ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇങ്ങനെ തെരുവുകളില്‍ ജീവിക്കുന്ന കുട്ടികള്‍ ബഹുഭൂരിപക്ഷവും ആക്രമണസ്വഭാവമുള്ളവരാണ്. പലപ്പോഴും അവര്‍ കലഹിക്കുന്നത് കാണാം; അതും അക്രമാസക്തമായ രീതിയില്‍. ജലക്ഷാമം പരിഹരിക്കുന്നതിനായി പല പ്രോജക്ടുകളുടെ ഭാഗമായി ഞങ്ങള്‍ അവര്‍ക്ക് ഹാന്‍ഡ് പമ്പ് ഒരുക്കി നല്‍കിയിരുന്നു. വരള്‍ച്ച രൂക്ഷമാവുന്ന അവസരങ്ങളില്‍ ആടുമാടുകള്‍ പോലും പരസ്പരം സഹായിച്ച് ഹാന്‍ഡ് പമ്പ് പ്രവര്‍ത്തിപ്പിച്ച് വെള്ളം കുടിക്കുന്ന കാഴ്ചയും കരളലിയിക്കുന്നതാണ്.

ഇവിടെ സ്ത്രീകള്‍ക്ക് സമൂഹത്തില്‍ ഒട്ടും തന്നെ പ്രാധാന്യം ഇല്ല. ജോലി ചെയ്യാനും മക്കള്‍ക്ക് ജന്മം നല്‍കാനുമുള്ള ഉപകരണം മാത്രമാണ് സ്ത്രീകള്‍ എന്നാണ് കരുതപ്പെടുന്നത്. പക്ഷേ ഇവിടുള്ള മറ്റൊരു പ്രത്യേകത, വിവാഹ സമയത്ത് സ്ത്രീകള്‍ക്കാണ് ധനം ലഭിക്കുക എന്നതാണ്. പുരുഷന്റെ വീട്ടുകാര്‍ സ്ത്രീയ്ക്ക് ധനമായി പശുക്കളെയോ ആടുകളേയോ പുരുഷധനമായി നല്‍കണം. രണ്ട് പുരുഷന്മാര്‍ ഒരു സ്ത്രീയ്ക്കുവേണ്ടി ആഗ്രഹം പ്രകടിപ്പിച്ചാല്‍ കൂടുതല്‍ പശുക്കളെ നല്‍കുന്ന വ്യക്തിയ്ക്ക് സ്ത്രീയെ നല്‍കും. സ്വകാര്യമായി അഹങ്കരിക്കാം എന്നതിലപ്പുറം പുരുഷധനത്തിന്റെ യാതൊരു ഗുണ’വും പിന്നീട് സ്ത്രീകള്‍ക്ക് കിട്ടുന്നില്ല എന്നതും ശ്രദ്ധേയം.

ബഹുഭാര്യത്വമാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. ഒരാള്‍ക്ക് അഞ്ചും ആറും ഭാര്യമാരും എല്ലാവരിലും കൂടിയായി മുപ്പതോളം മക്കളും ഉണ്ടാവും. എന്നാലോ, മക്കളെ നോക്കുക, വളര്‍ത്തുക തുടങ്ങിയ ചുമതലകള്‍ ഭാര്യമാര്‍ക്കും മൂത്ത കുട്ടിയ്ക്കും ആയിരിക്കും. അവര്‍ ജോലി ചെയ്ത് ബാക്കിയുള്ളവരെ വളര്‍ത്തണം. ഭര്‍ത്താക്കന്മാര്‍ ഓരോരോ ഭാര്യമാരുടെ വീടുകളില്‍ മാറിമാറി ജീവിച്ച് മുന്നോട്ടുപോകുക മാത്രം ചെയ്യും.
നടുക്കുന്ന മറ്റൊരു ആചാരമാണ് ‘അപ്പന്റെ അന്ത്യാഭിലാഷം’ എന്ന പേരില്‍ ഇവിടെ നടക്കുന്നത്. ഒരു അപ്പന് മൂന്നു ഭാര്യമാര്‍ ഉണ്ടെന്നിരിക്കട്ടെ. മരണ സമയത്ത് ഈ അപ്പന്‍ പറയുകയാണ്, എനിക്ക് ഏതെങ്കിലും ഒരു ഭാര്യയില്‍ രണ്ട് കുട്ടികള്‍ കൂടി വേണമെന്ന് ആഗ്രഹമുണ്ടെന്ന്. എങ്കില്‍ ആ വ്യക്തിയുടെ മൂത്ത മകന്റെ കടമയാണ്, ആ സ്ത്രീയില്‍ അപ്പനുവേണ്ടി രണ്ട് കുട്ടികള്‍ക്ക് ജന്മം നല്‍കുക എന്നത്. അതിനുശേഷം മാത്രമേ ഈ മകന് സ്വന്തമായി ഭാര്യയെ കണ്ടെത്താനും സ്വീകരിക്കാനും അനുവാദമുള്ളൂ. ഇത്തരം പ്രാകൃത രീതികള്‍ കാരണം ലൈംഗികരോഗങ്ങളും ഇവിടുത്തെ ജനതയുടെ ഇടയില്‍ കൂടുതലായി കണ്ടുവരുന്നു.

ഇത്രയും മക്കളെ വളര്‍ത്തുക എന്നത് പല ആളുകള്‍ക്കും അപ്രായോഗികമായതിനാല്‍, തെരുവുവാസികളാണ് കുട്ടികളിലധികവും. അതും പല പ്രായത്തിലുള്ളവര്‍. നാലു വയസ് മുതല്‍ ഒമ്പത് വയസു വരെയുള്ളവര്‍, പത്ത് തൊട്ട് പതിനഞ്ച് വരെയുള്ള വേറൊരു തരക്കാര്‍. അതിന് മുകളിലേയ്ക്ക് ഇരുപത്, ഇരുപത്തൊന്ന് വരെ പ്രായമുള്ള മറ്റൊരു കൂട്ടര്‍. ഇവരില്‍ പലരുടെയും കൈകളില്‍ ഇളയ പൊടിക്കുഞ്ഞുങ്ങളും കാണും. ഇവിടുത്തെ പ്രധാന കൃഷിയായ നിലക്കടല വില്‍ക്കലാണ് ഈ കുട്ടികളുടെ തെരുവിലെ ജോലി. അതിനുപുറമേ പിടിച്ചു പറിക്കലും ചെറിയ ചെറിയ മോഷണങ്ങളും. മുതിര്‍ന്ന കുട്ടികള്‍ പെട്രോള്‍ ചെറിയ കുപ്പികളിലാക്കി വില്‍ക്കാനിരിക്കും. അവരാകട്ടെ, ഈ പെട്രോളിന്റെ മണം ആസ്വദിച്ച്, ലഹരി പിടിച്ച് അതിന് അടിമകളുമാണ്. ആസക്തി മൂത്ത് പെട്രോള്‍ കുടിക്കുന്ന കുട്ടികളെ വരെ ഞങ്ങള്‍ കണ്ടിട്ടുണ്ട്.

കുട്ടികളെ അവരുടെ ദുശീലങ്ങളില്‍ നിന്ന് മോചിപ്പിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും പരിമിധികള്‍ പലതുണ്ട്. ഒന്നാമത്തെ പ്രശ്‌നം ഭാഷയാണ്. ഇവിടുത്തെ ഭാഷ ലോക്കല്‍ അറബികാണ്. എങ്കിലും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്നത് ഗോത്രഭാഷകളായ ഡിങ്ക, ബലന്‍ഡ, ബോര്‍ പോലുള്ള ബുദ്ധിമുട്ടുള്ള ഭാഷകളാണ്. അതുകൊണ്ട് കുട്ടികളുടെ ഇടയിലേയ്ക്ക് ഇറങ്ങിച്ചെല്ലാന്‍ തടസം നേരിടുന്നുണ്ട്. വളരെക്കുറച്ച് കുട്ടികള്‍ മാത്രമേ വിദ്യാഭ്യാസ മേഖലയിലേയ്ക്ക് കടന്നു വന്നിട്ടുള്ളു. പെണ്‍കുട്ടികള്‍ തീരെയില്ല. 2008 കാലഘട്ടമൊക്കെ മുതലാണ് കുട്ടികള്‍ പഠിക്കാനൊക്കെ തുടങ്ങിയത്. ഇപ്പോള്‍ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളാകട്ടെ, നല്ല പ്രായമുള്ളവരുമാണ്. കാരണം പലരും പത്തു വയസൊക്കെ ആകുമ്പോഴായിരിക്കും സ്‌കൂളിലേയ്ക്ക് വരുന്നത്.

തുടരും

കീർത്തി ജേക്കബ്ബ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.